ഇന്ത്യൻ റെയിൽ‌വേ മാസാണ്; ആഴക്കടലിന്റെ വിസ്മയം തീര്‍ത്ത് ബെംഗളൂരു റെയില്‍വേ സ്റ്റേഷന്‍!

aquarium-at-bengaluru-station
Image Source: ANI Twitter ·
SHARE

ട്രെയിന്‍ കാത്ത് മണിക്കൂറുകളോളം റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ടോ? അത്രത്തോളം ബോറടിപ്പിക്കുന്ന പരിപാടികള്‍ വേറെ അധികമില്ല. എന്നാല്‍ ഇനി ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍, തങ്ങളുടെ ട്രെയിന്‍ അല്‍പ്പം കൂടി വൈകി വന്നിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകും! അത്തരമൊരു വിസ്മയലോകമാണ് ഇപ്പോള്‍ ഇവിടെ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. കടലിനടിയിലെ മായാലോകം കണ്മുന്നിലേക്ക് തുറന്നിടുന്ന ഭീമന്‍ അക്വേറിയം ബെംഗളൂരു സ്റ്റേഷനില്‍ തുറന്നു. 

വിവിധ തരത്തിലുള്ള മത്സ്യങ്ങളും കടല്‍സസ്യങ്ങളുമെല്ലാം ഈ അക്വേറിയത്തിനുള്ളിലുണ്ട്. യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവം പകരാനും സ്റ്റേഷനിലെ കാത്തിരിപ്പ് സമയം ആനന്ദകരമാക്കാനും ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർ‌എസ്ഡിസി) ആണ് കെ‌എസ്‌ആർ ബെംഗളൂരു സ്റ്റേഷനിൽ ഈ അക്വേറിയം ഒരുക്കിയത്. റെയിൽ‌വേയുടെ ആദ്യത്തെ മൂവബിള്‍ ഫ്രഷ്‌വാട്ടര്‍ ടണല്‍ അക്വേറിയമായ ഇത്, വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

എച്ച്‌എൻ‌ഐ അക്വാട്ടിക് കിംഗ്‌ഡവുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള ഒരു ജല പാർക്ക് വികസിപ്പിച്ചതെന്ന് ഐ‌ആർ‌എസ്ഡിസി പ്രസ്താവനയിൽ പറഞ്ഞു. ആമസോൺ നദിയിലെ ആവാസവ്യവസ്ഥയാണ് ഇതിന്‍റെ വികസനത്തിന്‍റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചത്. 

12 അടി നീളമുള്ള ഈ സമുദ്രസാമ്രാജ്യം, കടലിനടിയിലെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ആളുകളെ സഹായിക്കും. യാത്രക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതോടൊപ്പം തന്നെ ഇന്ത്യൻ റെയിൽ‌വേയ്ക്ക് വരുമാനം നേടിക്കൊടുക്കാനും അക്വേറിയം സഹായിക്കും. ഇതിനുള്ളിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് ₹ 25 നിരക്ക് ഈടാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, നിലവില്‍ ഒരു സമയത്ത് 25 പേര്‍ക്ക് മാത്രമേ അക്വേറിയത്തിനുള്ളിലേക്ക് പ്രവേശനമുള്ളു. 

പ്രവേശന കവാടത്തിനരികെ സന്ദര്‍ശകരെ ചിരിച്ചു വണങ്ങി സ്വാഗതം ചെയ്യുന്ന ഒരു ഭീമന്‍ ഡോള്‍ഫിനെ കാണാം. ഇതാണ് 3D സെൽഫി ഏരിയ. രണ്ട് മുതൽ മൂന്ന് അടി വരെ നീളമുള്ള അലിഗേറ്റർ ഗാർ, തിരണ്ടികള്‍, മൂന്നര അടി വരെ നീളമുള്ള ഈലുകൾ, സ്രാവുകൾ, കൊഞ്ചുകള്‍, ഒച്ചുകൾ, ചെമ്മീൻ തുടങ്ങി നിരവധി ജലജീവികള്‍ ഇവിടെയുണ്ട്. പ്രകൃതിദത്ത പാറകള്‍, ഡ്രിഫ്റ്റ് വുഡ്, കൃത്രിമ പവിഴ പാറകള്‍ എന്നിവ കൊണ്ട് അക്വേറിയത്തിനകം അലങ്കരിച്ചിരിക്കുന്നു.

ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനും ട്രെയിന്‍ യാത്ര സുരക്ഷിതവും തടസ്സരഹിതവുമായ അനുഭവമാക്കി മാറ്റുന്നതിനുമായി കെ‌എസ്‌ആർ ബെംഗളൂരു, പൂനെ, ആനന്ദ് വിഹാർ, ചണ്ഡിഗഡ് , സെക്കന്തരാബാദ് എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകളിലെ ഫെസിലിറ്റി മാനേജ്മെന്‍റ് ചുമതല നല്‍കിയിട്ടുള്ളത് ഐആർ‌എസ്ഡിസിക്കാണ്. റെയിൽ‌വേ സ്റ്റേഷനുകളിൽ‌ "വാട്ടർ-ഫ്രം എയർ" വാട്ടർ വെൻഡിംഗ് മെഷീനുകൾ, ഫിറ്റ് ഇന്ത്യ സ്ക്വാറ്റ് കിയോസ്കുകൾ, മികച്ച റേറ്റിംഗുള്ള ഈറ്റ് റൈറ്റ് സ്റ്റേഷനുകൾ, ഡിജിറ്റൽ ലോക്കർ, ജനറിക് മെഡിസിൻ ഷോപ്പുകൾ, മൊബൈൽ -ചാർജിംഗ് കിയോസ്‌ക്കുകൾ, ഒരു സ്റ്റാർട്ടപ്പിന്‍റെ റീട്ടെയിൽ സ്റ്റോർ, ഫുഡ് ട്രക്ക് മുതലായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പിന്നിലും ഇവരാണ്.

താമസിയാതെ, 90 സ്റ്റേഷനുകളുടെ ഫെസിലിറ്റി മാനേജ്മെന്‍റ് കൂടി ഘട്ടം ഘട്ടമായി ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് ഐആർ‌എസ്ഡിസി.

English Summary: Bengaluru Station Gets Railways' First Movable Freshwater Tunnel Aquarium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA