ADVERTISEMENT

ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ നിയന്ത്രണങ്ങള്‍ പാലിച്ചുള്ള യാത്രകളും തുടങ്ങികഴിഞ്ഞു. പല വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും പ്രവേശനം നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ ഇൗ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് അറിയേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാം.

നീലഗിരി 

കേരളത്തിലും തമിഴ്‍നാട്ടിലും കർണാടകയിലുമായി സ്ഥിതി ചെയ്യുന്ന പർവത നിരയായ നീലഗിരി പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണ്. നീലക്കുറിഞ്ഞികൾ പൂക്കുന്ന നീലഗിരി മലനിരകൾ  നാടുകാണി ചുരം കയറി ഗൂഡല്ലൂർ വഴി ഊട്ടിയിലേക്ക് പോകുമ്പോൾ ഏറ്റവും മനോഹരമായി കണ്ടാസ്വദിക്കാനാകും.

ഊട്ടിയിലേക്കോ കൂനൂരിലേക്കോ പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നീലഗിരിയിൽ പ്രവേശിക്കുകയാണെങ്കിൽ സഞ്ചാരികൾക്ക് ഇ-പാസ് ആവശ്യമാണ്. ഒപ്പം ആർ ടി പിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. 

സിക്കിം

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു വാക്സിനേഷൻ സ്വീകരിച്ച സഞ്ചാരികൾക്ക് സിക്കിം സന്ദർശനം അനുവദിച്ചിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ചെക്ക്പോസ്റ്റുകളിൽ കാണിച്ചതിന് ശേഷം പ്രവേശിക്കാം. രണ്ടു ഡോസ് പ്രതിരോധ കുത്തിവയ്പ്പെടുത്ത സഞ്ചാരികൾക്ക് കിഴക്കൻ സിക്കിമിലെ റാംപോ, തെക്കൻ സിക്കിമിലെ മെല്ലി വഴി സംസ്ഥാനത്ത് പ്രവേശിക്കാം.

coorg
By Photo_T/shutterstock

കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട് 50% ജീവനക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഹോട്ടലുകൾ, ഹോംസ്റ്റേകൾ, എന്നിവ പ്രവർത്തിപ്പിക്കാൻ സിക്കിം സർക്കാർ അനുമതി നൽകിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഷോപ്പിങ് മാളുകൾ, ഷോറൂമുകൾ, ഷോപ്പുകൾ എന്നിവ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാനും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്.

കൂർഗ്, കർണാടക

കർണാടകയിലെ പല ജില്ലകളും ലോക്ഡൗൺ മാറിയെങ്കിലും കൂർഗിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ജൂലൈ 19ന് ശേഷം മാത്രമേ കൂർഗ് വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുകയുള്ളൂ. കാപ്പിയുടെ സുഗന്ധമുള്ള മഞ്ഞിന്റെ ഈ നാട്ടിലേക്ക് പോകാൻ കുറച്ചുദിവസങ്ങൾ സഞ്ചാരികൾ കാത്തിരിക്കേണ്ടി വരും.

മൂന്നാർ

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്നതിന്  72 മണിക്കൂറിനുള്ളിൽ എടുത്ത ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണം. ഒപ്പം കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് ഇ-പാസിനും അപേക്ഷിക്കണം. മൂന്നാറിൽ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഇപ്പോൾ നൽകിയിട്ടുണ്ട്. മുൻകൂറായി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

മഹാബലേശ്വറും പഞ്ചഗാനിയും, മഹാരാഷ്ട്ര

ഇവിടേക്ക് പ്രവേശിക്കാൻ കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല. അല്ലാതെ തന്നെ നിങ്ങൾക്ക് മഹാബലേശ്വറും പഞ്ചാഗ്നിയും കാണാം. എന്നാൽ ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ, ഫാം ഹൗസ് എന്നിവിടങ്ങളിൽ രാത്രി താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിർബന്ധമായും ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അല്ലെങ്കിൽ ആർ ടി പി സി ആർ പരിശോധന നടത്തണം. 72 മണിക്കൂറിനുള്ളിൽ ചെയ്യണമെന്നില്ല.

kashmir
By Vishal_Thakur/shutterstock

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലേക്ക് യാത്ര ചെയ്യുന്നവർ സ്മാർട്ട് സിറ്റി പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും എത്തിച്ചേരുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത  റാപ്പിഡ് ആന്റിജൻ ടെസ്റ്റ്  അല്ലെങ്കിൽ ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കുകയും വേണം. കുറച്ച് നിയന്ത്രണങ്ങളോടെ ഉത്തരാഖണ്ഡ് ലോക്ഡൗൺ ജൂലൈ 13 വരെ നീട്ടിയിരിക്കുകയാണിപ്പോൾ. 

ഉത്തരാഖണ്ഡിലെ പ്രശസ്തമായ പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന വാലി ഓഫ് ഫ്ളവേഴ്സ് സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിന് ആണ് ടൂറിസത്തിനായി തുറക്കാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ തുറക്കാൻ വൈകുകയായിരുന്നു. സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ 72 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വാലി ഓഫ് ഫ്ളവേഴ്സ് ഡയറക്ടർ അമിത് കൻവർ പറയുന്നു.

ഹിമാചൽ പ്രദേശ്

ജൂൺ 14 മുതൽ ഹിമാചൽ പ്രദേശ് സർക്കാർ കൊവിഡ് -19 നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് യാത്രക്കാർക്ക് സംസ്ഥാനത്ത് പ്രവേശിക്കാൻ ആർടി-പിസിആർ പരിശോധന നെഗറ്റീവ് റിപ്പോർട്ടുകൾ ആവശ്യമില്ല. ഷോപ്പുകൾ ഇപ്പോൾ രാവിലെ 9 മുതൽ രാത്രി 8 വരെ തുറക്കാനും റെസ്റ്റോറന്റുകൾ രാത്രി 10 വരെ തുറന്നിരിക്കാനും അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് സഞ്ചാരികൾക്ക് പ്രവേശിക്കുന്നതിനായുള്ള നിർബന്ധിത ഇ-പാസും സർക്കാർ നീക്കം ചെയ്തു.

ലഡാക്ക്

ലഡാക്ക് വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്.എന്നാൽ അവിടേക്ക് യാത്ര ചെയ്യുന്നവർ  ആർ‌ടി-പി‌സി‌ആർ പരിശോധന നിർബന്ധമാണ്. ലേയിലേക്കോ കാർഗിലിലേക്കോ എത്തുന്നതിനുമുമ്പ് 96 മണിക്കൂറിനുള്ളിൽ പരിശോധന നടത്തണം. ലേയിൽ എത്തുമ്പോൾ സഞ്ചാരികൾക്ക് റാറ്റ്  പരിശോധനയും നടത്തേണ്ടിവരും.

ജമ്മു കശ്മീർ

ജമ്മു കശ്മീരിലേക്ക് പോകുന്ന എല്ലാ യാത്രക്കാർക്കും ആർ‌ടി-പി‌സി‌ആർ പരിശോധന ആവശ്യമാണ്. സംസ്ഥാനത്തെ റെസ്റ്റോറന്റുകളിലും ബാറുകളിലും വാക്സിനേഷൻ ലഭിച്ച ഉപഭോക്താക്കൾക്കോ ​​48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ അല്ലെങ്കിൽ റാറ്റ് ടെസ്റ്റ് നടത്തുന്നവർക്കോ പ്രവേശിക്കാം. കതുവ, പൂഞ്ച്, രാജൗരി, ജമ്മു, സാംബ, ബന്ദിപോര, ബാരാമുള്ള, ബുഡ്ഗാം, ഗണ്ടർബാൽ, ഷോപിയൻ തുടങ്ങിയ ജില്ലകളിലെ വാരാന്ത്യ കർഫ്യൂ ജമ്മു കശ്മീർ നീക്കിയിട്ടുണ്ടെങ്കിലും ദിവസവും രാത്രി 8 മുതൽ രാവിലെ 7 വരെ  രാത്രി കർഫ്യൂ ഇപ്പോഴും നിലവിലുണ്ട്.

English Summary: Planning A Getaway In The Hills? Know The Entry Rules For these Destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com