നയാഗ്രയെക്കാൾ സുന്ദരി അതിരപ്പിള്ളി കാരണം പറഞ്ഞ് നടൻ രാജീവ്

rajeev-trip
SHARE

‘യാത്രകൾ ഒരുപാടു പ്രിയമാണ്, പ്രത്യേകിച്ച് സ്വയം ഡ്രൈവ് ചെയ്തുള്ള യാത്ര. ദൂരം എത്രയാണെങ്കിലും ഡ്രൈവിങ്ങിൽ ഒരിക്കലും മടുപ്പു തോന്നാറില്ല. കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഒപ്പമുള്ള യാത്രകളാണ് എന്റെ ജീവിതത്തെ കളറാക്കുന്നത്’ – മിനിസ്ക്രീനിലെ താരം രാജീവ് പരമേശ്വരൻ ഇഷ്ട യാത്രകളെക്കുറിച്ച് മനോരമ ഒാൺലൈനിനോടു സംസാരിക്കുന്നു.

ലോക്ഡൗണ്‍ ഇളവിൽ കിടിലന്‍ ട്രിപ്പ് നടത്തി

2020 നഷ്ടങ്ങളുടെയും യാതനകളുടെയും കാലമായിരുന്നു. എല്ലാവരെയും പോലെ ജോലി സംബന്ധമായി എനിക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ലോക്ഡൗണില്‍ വീട്ടുകാരും കുട്ടികളുമൊക്കെയായി കുറെയധികം സമയം ചെലവഴിക്കാനായി എന്നും പറയാം. സ്വന്തമായി കുറേ കാര്യങ്ങള്‍ ചെയ്യാനും വായിക്കാനും സമയം കണ്ടെത്തി. പഴയ യാത്രകളുടെ ഒാർമകളും അനുഭവങ്ങളുമൊക്കെ ഒാർത്തെടുക്കുവാനും കുടുംബവുമായി പങ്കുവയ്ക്കാനും സാധിച്ചു. യാത്ര പോകുവാനും ഒരുപാട് കൊതിച്ചു. എവിടെയും പോകാനാകാതെ വീട്ടില്‍ത്തന്നെയിരിക്കുമ്പോള്‍ ആര്‍ക്കായാലും മുഷിപ്പുണ്ടാകും. എനിക്കുമുണ്ടായിരുന്നു. കുട്ടികള്‍ക്കായിരുന്നു ബോറടി കൂടുതല്‍.

11

ലോക്ഡൗണിൽ ഇളവുകൾ വന്നപ്പോൾ ഒരു യാത്ര പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. പഴനിയായിരുന്നു ലക്ഷ്യം. പഴനി എത്താറായപ്പോഴെക്കും വഴിയിലൊക്കെ ഭയങ്കര തിരക്കായിരുന്നു .ഉത്സവമോ മറ്റോ ആയിരുന്നുവെന്ന് തോന്നുന്നു. പൊള്ളാച്ചി മുതല്‍, ആളുകള്‍ പഴനിയിലേക്ക് നടന്നു പോകുന്ന കാഴ്ചയായിരുന്നു. തിക്കിലും തിരക്കിലും സാവധാനം അവിടെ എത്തിച്ചേർന്നു. 

09

മക്കളോടു പഴനി എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നതെങ്കിലും കൊടൈക്കനാല്‍ യാത്ര കൂടി എന്റെയും ഭാര്യയുടെയും മനസ്സിലുണ്ടായിരുന്നു. അങ്ങനെ പഴനിയില്‍നിന്നു ഞങ്ങള്‍ നേരേ കൊടൈക്കനാലിലേക്ക് തിരിച്ചു. അവിടെ എന്റെ സുഹൃത്തിന്റെ  റിസോര്‍ട്ടുണ്ട്, താമസം അവിടെയായിരുന്നു. വലിയ പ്ലാനിങ് ഉള്ള യാത്രയായിരുന്നില്ല എങ്കിലും നല്ല അനുഭവങ്ങൾ അതു സമ്മാനിച്ചു.

മുറ്റത്തെ മരത്തില്‍നിന്ന് ആപ്പിള്‍ പറിച്ചു കഴിച്ചത്

മരത്തിൽനിന്ന് ആപ്പിള്‍ പറിച്ചു കഴിക്കാൻ സാധിച്ചു. എന്റെ വീട്ടുമുറ്റത്തുനിന്നോ ആപ്പിള്‍ തോട്ടത്തില്‍നിന്നോ അല്ല, പ്രോഗ്രാമിന്റെ ഭാഗമായി ഷിക്കാഗോയിൽ പോയപ്പോഴായിരുന്നു മറക്കാനാവാത്ത ആ അനുഭവം. കടകളിലെ ആപ്പിളോ വിഡിയോകളിൽ കണ്ട ആപ്പിള്‍ തോട്ടങ്ങളോ ഒക്കെയായിരുന്നു ഷിക്കാഗോയില്‍ എത്തുന്നതുവരെ എനിക്ക് ആപ്പിളുമായുള്ള ബന്ധം. ഞാന്‍ ആദ്യമായിട്ടാണ് ആപ്പിൾമരം നേരിട്ടു കാണുന്നത്. പ്രോഗ്രാം നടക്കുന്ന സ്ഥലത്തിനടുത്ത് ഒരു വീടിന്റെ മുറ്റത്ത് ആപ്പിൾ മരം നിൽക്കുന്നു. നിറയെ ആപ്പിളാണ്. അതിൽനിന്ന് ഒരെണ്ണം ഞാൻ പറിച്ചു കഴിച്ചു. ജ്യൂസി ആപ്പിൾ പോലെ മധുരമുള്ളതായിരുന്നു.

നയാഗ്രയെക്കാൾ സുന്ദരി അതിരപ്പിള്ളി

ഷോയുടെ ഭാഗമായ യാത്രയിൽ നയാഗ്ര വെള്ളച്ചാട്ടവും മറ്റു പല കാഴ്ചകളും കാണാനുള്ള ഭാഗ്യമുണ്ടായി. നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ അതിമനോഹരമായ മറ്റൊന്ന് ഞാൻ എവിടെയും കണ്ടിട്ടില്ല. നമ്മുടെ നാട്ടിലെ മനോഹരമായ സ്ഥലങ്ങളുടെ അത്രയൊന്നും ഭംഗി എവിടെച്ചെന്നാലും കാണാനാവില്ല. നമ്മുടെ നാടിന്റെ കാഴ്ചകൾ കണ്ടു തീർക്കാൻ തന്നെ ഒത്തിരി സമയം വേണം. അതെല്ലാം കണ്ടിട്ടു വേണം ലോകം ചുറ്റാൻ. പ്രോഗ്രാമിന്റെ ഭാഗമായി വയനാട്ടിലും ഇടുക്കിയിലുമെല്ലാം സഞ്ചരിക്കാനായി. 

athiapally

കൊൽക്കത്തയുടെ ഓർമകൾ

ഇന്ത്യൻ യാത്രകളിൽ മറക്കാനാവാത്തത് കൊൽക്കത്ത, മുംബൈ, ഗോവ എന്നിവിടങ്ങളാണ്. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമകളെല്ലാം കൊൽക്കത്തയിലേതാണ്. എന്റെ ചെറുപ്രായത്തിൽ അവിടെ താമസിച്ചിട്ടുണ്ട്. അച്ഛന് അവിടെയായിരുന്നു ജോലി. ശ്രീരാമകൃഷ്ണ മഠവും ട്രാമും ഹൂഗ്ലീ നദിയുടെ തീരവുമെല്ലാം ഇന്നും മാഞ്ഞു പോകാത്ത ഓർമകളാണ്. കൊൽക്കത്ത ചരിത്രമുറങ്ങുന്ന സാംസ്കാരിക നഗരമാണ്. കൊൽക്കത്തയിലെ ഒാരോ വഴിക്കും ചരിത്രം പറയാനുണ്ട്.

10

മുംബൈ നഗരം അങ്ങനെയല്ല, അത് അക്ഷരാർഥത്തിൽ മഹാനഗരം തന്നെയാണ്. മറൈൻ ഡ്രൈവും സിറ്റി ലൈഫും നമ്മളെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും. ഗോവ യാത്ര കുടുംബത്തോടൊപ്പമായിരുന്നു. ഈ മൂന്നു നഗരങ്ങളും വ്യത്യസ്ത വൈബാണ് സമ്മാനിക്കുന്നത്. 

മണാലി റോഡ് ട്രിപ്

മണാലിയിലേക്ക് നടത്തിയ റോഡ് ട്രിപ്പും മറക്കാനാവാത്തതാണ്. ഞാനും കുടുംബവും നിർമാതാവ് സുദീപ് കാരാട്ടും കുടുംബവും ഒത്തുചേർന്ന ഒരു യാത്ര. ഡൽഹി വരെ വിമാനത്തിലായിരുന്നു. അവിടെനിന്നു റോഡ് മാർഗം മണാലിയിലേക്ക്. ആ യാത്ര അതിഗംഭീരമാണ്. നല്ല മഞ്ഞുവീഴ്ചയുള്ള സമയത്തായിരുന്നു ഞങ്ങൾ പോയത്. അതുകൊണ്ട് കാഴ്ചകൾ അത്രയും മനോഹരമായിരുന്നു. മോൾ ചെറിയ കുട്ടിയായിരുന്നതുകൊണ്ട് യാത്ര അത്ര അടിച്ചുപൊളിക്കാൻ പറ്റിയില്ലെങ്കിലും ആ യാത്ര എന്നും ഓർമയിൽ തങ്ങിനിൽക്കുന്നതാണ്.

ഡ്രൈവിങ് എത്ര ദൂരമെങ്കിലും മടുക്കില്ല

ഡ്രൈവ് ചെയ്യാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. അങ്ങനെ വാഹനമോടിച്ച്  സ്ഥലങ്ങൾ കാണാൻ ഭയങ്കര ഇഷ്ടമാണ്. ഫ്ലൈറ്റിലോ ട്രെയിനിലോ ഒക്കെ ആണെങ്കിൽ നമുക്ക് എത്തിച്ചേരേണ്ട ഡെസ്റ്റിനേഷനിൽ ചെന്നിറങ്ങാൻ മാത്രമേ സാധിക്കൂ. എന്നാൽ സ്വയം വാഹനമോടിച്ച് പോകുമ്പോഴുള്ള ഫീൽ മറ്റൊന്നാണ്. ഇഷ്ടമുള്ളിടത്ത് നിർത്തി കാണാനുള്ളതെല്ലാം കണ്ടാസ്വദിച്ച് യാത്ര തുടരാം. 

എന്റെ ഒരു സുഹൃത്ത് പുണെ വരെ കാറോടിച്ചുപോയത് കേട്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. അവൻ ഒറ്റയ്ക്കാണു പോയത്. അതൊരു രസമുള്ള യാത്രയായാണ് എനിക്ക് തോന്നിയത്. അങ്ങനെ ഇന്ത്യ മുഴുവനും ഒറ്റയ്ക്കല്ലെങ്കിലും ഫാമിലിയെയോ കൂട്ടുകാരെയോ കൂട്ടി ഒരു ട്രിപ്പ് പോകണം എന്നത് എന്റെ മോഹമാണ്.

English Summary: Celebrity Travel, Rajeev Parameshwar Shares MemorableTravel Experience 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA