വർഷം മുഴുവനും മഞ്ഞ്, മീൻപിടുത്തം, ട്രെക്കിങ്; കാണാൻ ഏറെയുണ്ട് ഇവിടെ

arunachal-pradesh1
SHARE

'ഓർക്കിഡ് സ്റ്റേറ്റ് ഓഫ് ഇന്ത്യ' എന്നും 'സസ്യശാസ്ത്രജ്ഞരുടെ പറുദീസ' എന്നും അറിയപ്പെടുന്ന അരുണാചല്‍ പ്രദേശിലുമുണ്ട് മനംമയക്കുന്ന കാഴ്ചകൾ. മഞ്ഞുകാലത്ത് വെള്ളത്തൊപ്പിയിട്ട പര്‍വതങ്ങളുടെ കാഴ്ചകള്‍ ശ്വാസം നിലച്ചു പോകുന്നത്ര സുന്ദരമാണ്. പ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ അരുണാചല്‍ പ്രദേശ് മിക്ക സിനിമകൾക്കും ലോക്കേഷനായിട്ടുണ്ട്.

സിറോ വാലി

അരുണാചൽ പ്രദേശിലെ സിറോ വാലി, ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള മനോഹര ഇടമാണ്.അപതാനി ഗോത്രത്തിന്റെ ആവാസ കേന്ദ്രമായ ഇൗ താഴ്‌വരയിൽ പച്ചനിറത്തിലുള്ള നെൽവയലുകള്‍ നിറഞ്ഞിടമാണ്.

arunachal-pradesh3

പ്രായമായ സ്ത്രീകളാണ് അപതാനികളിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന വിഭാഗം എന്ന് പറയാം. വലിയ മൂക്കുത്തിയും മുഖത്ത് പച്ച കുത്തിയതും ഒക്കെ കണ്ടാല്‍ ആരായാലും ഒന്നു നോക്കിപ്പോകും! എന്നാല്‍ പുതിയ തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ ആചാരം പതിയെ മാഞ്ഞു തുടങ്ങിയിട്ടുണ്ട്.

നംദഫ ദേശീയ ഉദ്യാനം

അരുണാചൽ പ്രദേശില്‍ വന്യജീവി പ്രേമികൾക്കായുള്ള ഇടമാണ് നംദഫ ദേശീയ ഉദ്യാനം. ഏറ്റവും വലിയ സംരക്ഷിത പ്രദേശവും ഇന്ത്യയിലെ മൂന്നാമത്തെ വലിയ ദേശീയ ഉദ്യാനവുമാണിത്. 1985 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് 200 മീറ്റർ മുതൽ 4571 മീറ്റർ വരെ ഉയരത്തിലാണ്. ഹിമ പുള്ളിപ്പുലി, ചുവന്ന പാണ്ട,പുള്ളിപ്പുലി എന്നിവയുൾപ്പെടെ നിരവധി വന്യജീവികളും ഇവിടെയുണ്ട്. ഫോട്ടോഗ്രാഫി, ജംഗിൾ ക്യാമ്പിങ്, ജംഗിൾ സഫാരി, എന്നിവയ്ക്കായി നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.

സേല പാസ്

വർഷം മുഴുവനും മഞ്ഞുമൂടുന്ന സേല പാസ് അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. 13,700 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പർവതനിരയായ സേല പാസ് വിനോദസഞ്ചാരികളുടെ പ്രിയയിടമാണ്. ബുദ്ധമതക്കാർ പവിത്രമായി കണക്കാക്കുന്നയിടമാണ് സേല പാസ്. ഇതിന് ചുറ്റും 101 തടാകങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ടിബറ്റന്‍ ബുദ്ധമത വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള സെലാ ലേക്ക് എന്നൊരു തടാകവും മലമ്പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നുണ്ട്.

arunachal-pradesh4

ട്രെക്കിങ്

അരുണാചൽപ്രദേശിലെ പര്‍വതപ്രദേശങ്ങളിലൂടെ ട്രെക്കിങ് നടത്തുന്നത് മനോഹരമായ അനുഭവമാണ്. സാഹസികര്‍ക്കും ഫോട്ടോഗ്രഫി പ്രേമികള്‍ക്കും ഏറ്റവും പറ്റിയ റൂട്ടുകളാണ് ഇവിടെയുള്ളത്. ബോംഡില-തവാങ് പ്രദേശത്ത് ട്രെക്കിങ് ചെയ്യാന്‍ നിരവധി പേര്‍ ആണ് എത്തുന്നത്.  തവാങ് ചുവിന് ചുറ്റുമുള്ള പ്രദേശം ട്രെക്ക് ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്. കാട്ടിലൂടെ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ചു നടക്കണമെന്നുണ്ടെങ്കില്‍ ജോങിൽ നിന്നും മാഗോയിലേക്ക് ട്രെക്കിംഗ് നടത്താം.  

arunachal-pradesh

മെയ്, ഒക്ടോബർ മാസങ്ങളാണ് ട്രെക്കിങ്ങിന് ഏറ്റവും അനുയോജ്യം. ബോംഡില-സെപ്പ, അലോംഗ്-മെചുക, ഡാപോറിജോ-തക്‌സിംഗ്, പാസിഗട്ട്-ട്യൂട്ടിംഗ്, പാസിഗട്ട്-മരിയാങ്, ഡാപോറിജോ-അലോംഗ്, റാംലിംഗം, ചക്കു വഴി ബോംഡില-ഡൈമറ എന്നിവയാണ് ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ് റൂട്ടുകള്‍.

സോളംഗ് ഫെസ്റ്റിവല്‍

അരുണാചലിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രാദേശിക സംസ്കാരങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മികച്ച ഒരു അവസരമാണ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നടക്കുന്ന സോളംഗ് ഫെസ്റ്റിവൽ. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. കാട്ടുപോത്തിനെ ബലി നല്‍കിക്കൊണ്ടാണ് ഉത്സവാരംഭം. ഉത്സവ വേളയിൽ ഇറച്ചി ഉപയോഗിച്ചുണ്ടാക്കിയ വിവിധ വിഭവങ്ങള്‍ക്കൊപ്പം അപോംഗ് അഥവാ റൈസ് ബിയർ കൂടി വിളമ്പുന്നു.

മാധുരി തടാകം

ഹിന്ദി ഭാഷ സംസാരിക്കാത്ത അരുണാചൽ പ്രദേശിലെ ഈ തടാകത്തിന് ‘മാധുരി’ എന്ന് പേരിടുന്നത് എങ്ങനെയെന്നാണോ ചിന്ത? ബോളിവുഡ് നടി മാധുരി ദീക്ഷിത് ഈ തടാകം സന്ദർശിച്ചതില്‍ പിന്നെയാണ് 'സംഗസ്റ്റർ സോ' തടാകത്തിന് ആ പേര് കിട്ടിയത്. മുൻകാലങ്ങളിൽ ഉണ്ടായ ഭൂകമ്പത്തിന്റെയും ഫ്ലാഷ് വെള്ളപ്പൊക്കത്തിന്റെയും ഫലമായി ഉണ്ടായ തടാകമാണിത്. ഇന്തോ-ചൈന അതിർത്തിയോട് ചേർന്നുള്ള ബം ലാ പാസിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തടാകം സന്ദർശിക്കണമെങ്കില്‍ ഇന്ത്യൻ സൈന്യത്തിന്റെ അനുമതി വേണം.

മീന്‍പിടിത്തം

അരുണാചൽ പ്രദേശിലെ ആംഗ്ലിംഗും  ഫിഷിംങ് വിനോദങ്ങളും പ്രശസ്തമാണ്. ഇവിടെ ഒഴുകുന്ന അഞ്ചു നദികള്‍ മീന്‍പിടിത്തത്തിന് ഏറെ പേരു കേട്ടതാണ്. സിയാങ് നദിയും സുബാൻസിരി നദിയുമാണ്‌ ഇതിന് ഏറ്റവും പ്രശസ്തം. ട്രൌട്ട്, പിടിക്കാന്‍ ഏറെ വിഷമമുള്ള മഹ്സീര്‍ എന്നീ മത്സ്യങ്ങളെയാണ് ഇവിടെ ഫിഷിങ് പ്രേമികള്‍ വലയിടുന്നത്. മീൻപിടുത്തം ആസ്വദിക്കുന്നതോടൊപ്പം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഓർമകൾ കൂടെക്കൂട്ടുകയും ചെയ്യാം.

English Summary:  Beautiful Places to Visit in Arunachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA