ADVERTISEMENT

ഇന്ത്യയുടെ സുവര്‍ണ്ണ നഗരമാണ് രാജസ്ഥാനിലെ ജയ്സാൽമീർ. താർ മരുഭൂമിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളില്‍ ഒന്നാണ്. സംസ്കാര സമ്പന്നമായ ചരിത്രവും രാജാക്കന്മാരുടെ കാലത്ത് നിര്‍മിച്ച നൂറുകണക്കിന് കോട്ടകളുമെല്ലാം ജയ്സാല്‍മീറിനെ ആകര്‍ഷകമാക്കുന്നു. ഇവിടെ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കാഴ്ചയാണ് ജയ്സാൽമീർ കോട്ട.

ലോകത്തിലെ തന്നെ ഏറ്റവും ഭീമാകാരമായ കോട്ടകളില്‍ ഒന്നാണിത്. ആകെ ഏകദേശം 460 മീറ്റര്‍ നീളവും 230 മീറ്റർ വീതിയുമുണ്ട് ഇതിന്. 4.6 മീറ്റർ ഉയരമുള്ള മതിലാണ് കോട്ടയുടെ അടിത്തറ. സുവർണ്ണ കോട്ട എന്നാണ് ഈ കോട്ടയുടെ ഓമനപ്പേര്. താർ മരുഭൂമിയിലെ ത്രികൂട എന്ന് പേരുള്ള ഒരു കുന്നിന്മേല്‍, മഞ്ഞ നിറത്തിലുള്ള മണല്‍ക്കല്ലുപയോഗിച്ചാണ് പ്രൗഡഗംഭീരമായ ഈ കോട്ട പണിതിരിക്കുന്നത്. വൈകുന്നേരം അസ്തമന സമയങ്ങളില്‍ കോട്ടയ്ക്ക് മേല്‍ സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ സ്വര്‍ണം ഉരുക്കിയൊഴിച്ചതു പോലെയാണ് ആ കാഴ്ച അനുഭവപ്പെടുക. അങ്ങനെ കിട്ടിയതാണ് കോട്ടയ്ക്ക് ഈ ഓമനപ്പേര്. ഹൃദയം നിറയ്ക്കുന്ന ഈ കാഴ്ച ഒരുനോക്കു കാണാനായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 

Jaisalmer-fort
dgcampillo/Shutterstock

ഒന്‍പതു നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ കോട്ടയ്ക്ക്. 1156 ൽ ഭാട്ടി രജപുത്തായിരുന്ന റാവൽ ജയ്സാൽ ആണ് ഈ കോട്ട നിര്‍മ്മിച്ചത്. ഇന്നും ആളുകള്‍ താമസിക്കുന്ന ലോകത്തിലെ ചുരുക്കം ചില പുരാതന കോട്ടകളില്‍ ഒന്നുകൂടിയാണിത്. ജയ്സാൽമീർ നഗരത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോഴും ഈ കോട്ടയ്ക്കകത്താണ് താമസിക്കുന്നത്.

കോട്ടയിലേക്ക് കടക്കാനായി നാല് പ്രവേശന കവാടങ്ങളുണ്ട്‌. കോട്ടക്കുള്ളില്‍ 99 കൊത്തളങ്ങൾ ഉൾക്കൊള്ളുന്നു, അതിൽ 92 എണ്ണം 1633-47 കാലഘട്ടത്തിൽ നിർമിച്ചതാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത 7 ജൈന ക്ഷേത്രങ്ങളും ഇതിനുള്ളില്‍ കാണാം. മൂന്നാമത്തെ ജൈന തീർഥങ്കരനായിരുന്ന സംഭവനാഥനായി സമര്‍പ്പിച്ച ഒരു ക്ഷേത്രവും ഇക്കൂട്ടത്തിലുണ്ട്. അറുന്നൂറോളം വിഗ്രഹങ്ങളും പുരാതന ശിലാലിഖിതങ്ങളും ഈ ക്ഷേത്രത്തിനുള്ളില്‍ കാണാം. വിഷ്ണു, ലക്ഷ്മി എന്നിവരെ പ്രതിഷ്ഠിച്ച ലക്ഷ്മീനാഥ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. മഴവെള്ളം കെട്ടി നില്‍ക്കാതെ നാലുപാടും ഒഴുക്കി വിടുന്നതിനുള്ള സംവിധാനവും കോട്ടക്കുള്ളിലുണ്ട്. 

ഉത്തരേന്ത്യയില്‍ പണ്ടുകാലത്ത് ധനവാന്മാരായിരുന്ന വ്യാപാരികള്‍ നിര്‍മിച്ചിരുന്ന ആഡംബര ഭവനങ്ങളായ ഹവേലികളും കോട്ടക്കുള്ളില്‍ ധാരാളമുണ്ട്. ഇതില്‍ ചിലവയ്ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. എണ്ണമറ്റ മുറികളും ബഹുനിലകളും അലങ്കാരപ്പണികള്‍ നിറഞ്ഞ ജനാലകളും മരം കൊണ്ടുള്ള കൊത്തുപണികളും വിശാലമായ മട്ടുപ്പാവുകളുമെല്ലാമായി അതിമനോഹരമാണ് ഇവ ഓരോന്നും. ഇവയില്‍ പലതും ഇന്ന് മ്യൂസിയങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടത്തില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വ്യാസ് ഹവേലിയില്‍ ഇന്നും കുടുംബത്തിലെ പിന്‍തലമുറക്കാര്‍ വസിക്കുന്നുണ്ട്. 

ജനസംഖ്യ കൂടുന്നതു കാരണമുള്ള പ്രശ്നങ്ങള്‍ ഇന്ന് കോട്ടയിലെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ധാരാളമായി അനുഭവപ്പെടുന്നുണ്ട്. ജലക്ഷാമം, അപര്യാപ്തമായ നാഗരിക സൗകര്യങ്ങൾ, ഉപേക്ഷിക്കപ്പെട്ട വീടുകൾ, ത്രികുട കുന്നിന് ചുറ്റുമുള്ള ഭൂകമ്പങ്ങൾ തുടങ്ങിയവ ഇന്ന് ഇവിടുത്തെ ജനത നേരിടുന്ന ചില പ്രശ്നങ്ങളാണ്. രാജ്യത്തെ മറ്റ് കോട്ടകളിൽ നിന്ന് വ്യത്യസ്തമായി, ദുർബലമായ അവശിഷ്ട പാറകള്‍ നിറഞ്ഞ താഴ്‌വാരത്തിലാണ് ജയ്സാൽമീർ കോട്ട നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കോട്ട ഇപ്പോള്‍ നാശത്തിന്‍റെ വക്കിലാണ്. ഒപ്പം, ദിനംപ്രതി കൂടിവരുന്ന ടൂറിസ്റ്റുകളുടെ എണ്ണവും കോട്ടയുടെ നാശം ത്വരിതഗതിയിലാക്കുന്നു.

കോട്ടയുടെ സംരക്ഷണത്തിനായി വേൾഡ് മോണുമെന്‍റ്സ് ഫണ്ടും യുകെ ആസ്ഥാനമായുള്ള ചാരിറ്റി സ്ഥാപനമായ ജയ്സാൽമീര്‍ ഇന്‍ ജെപ്പേഡിയും ചേർന്ന് ഇവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ഏറ്റെടുത്തിട്ടുണ്ട്. മുൻ ഇൻറ്റാക് ചെയർമാൻ എസ്.കെ. മിശ്ര, ജയ്സാൽമർ കോട്ടയുടെ സംരക്ഷണത്തിനായി ഒരു മില്യൺ ഡോളറിലധികം സംഭാവന നൽകിയിരുന്നു. എങ്കിലും നാഗരിക സൗകര്യങ്ങളുടെ വികസനത്തിന്‍റെ ഉത്തരവാദിത്തമുള്ള വിവിധ സർക്കാർ വകുപ്പുകൾ, പ്രാദേശിക മുനിസിപ്പാലിറ്റി, കോട്ടയുടെ പരിപാലന ചുമതലയുള്ള ആർക്കിയോളജിക്കൽ സർവേ എന്നിവയ്ക്കിടയിലുള്ള ഏകോപിത നടപടികളുടെ അഭാവം കോട്ടയുടെ പരിപാലനത്തിനും പുനസ്ഥാപനത്തിനും ഒരു പ്രധാന തടസ്സമാണ്. 

English Summary: Jaisalmer- The Royal Desert City Of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com