ADVERTISEMENT

രണ്ടു വര്‍ഷം മുന്‍പു വരെ ബൈക്കില്‍ ലേ-ലഡാക്ക് പോകണമെന്ന് മനു ബാബു പറയുമ്പോള്‍ ഏതൊരു ട്രാവല്‍ ഫ്രീക്ക് ആയ ചെറുപ്പക്കാരന്റെയും സ്വപ്നം എന്നതില്‍ കവിഞ്ഞ് ആ യാത്രയ്ക്ക് പ്രത്യേകിച്ചൊരു മാനം ഉണ്ടായിരുന്നില്ല. എന്നാല്‍ 2019 മെയ് 5ന് നടന്ന ഒരു അപകടം മനുവിന്റെ പ്ലാനുകളെയെല്ലാം തകിടം മറിച്ചു. അപകടത്തിൽ മനുവിന് നഷ്ടപ്പെട്ടത് സ്വന്തം വലതുകാൽ ആയിരുന്നു. മുട്ടിനു മുകളിൽ നിന്നു കാൽ മുറിച്ചു കളയേണ്ടി വന്നതോടെ ബൈക്കിൽ പറന്നു നടന്നിരുന്ന മനു വീട്ടിലെ കിടക്കയിലേക്ക് ചുരുങ്ങി. എങ്കിലും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ മനു ഒരുക്കമല്ലായിരുന്നു. മുറിയിലെ ജനൽക്കമ്പികളിൽ കെട്ടിയിരുന്ന പ്രയർ ഫ്ലാഗ് കാണുമ്പോഴൊക്കെ ഹിമാലയത്തിന്റെ മഞ്ഞുമൂടിയ വഴികളിലൂടെ ബൈക്കോടിപ്പിച്ചു പോകുന്ന സ്വന്തം രൂപം മനു സ്വപ്നം കണ്ടു. 

manu-trip4

കാലിലെ മുറിവുണങ്ങി ക്രച്ചസിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങിയതും മനു ഒന്നുറപ്പിച്ചു.... ലേ–ലഡാക്ക് കാണണം, അതും ബൈക്കിൽ തന്നെ പോയി കാണണം. ആ ചെറുപ്പക്കാരന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ പ്രതിസന്ധികളെല്ലാം അവസരങ്ങളായി മാറുകയായിരുന്നു. ഒടുവിൽ ആഗ്രഹിച്ച പോലെ, മനു ബൈക്കിൽ ലഡാക്ക് കാണാൻ പുറപ്പെടുകയാണ്. അടുത്ത മാസം ആദ്യ വാരം കൊച്ചിയിലെ ഡ്രീം റൈഡേഴ്സിനൊപ്പമാണ് മനുവിന്റെ യാത്ര. സ്വപ്നയാത്രയെക്കുറിച്ചും അതിനു വേണ്ടി നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും മനു ബാബു മനസു തുറക്കുന്നു.   

കുഞ്ഞുയാത്രകളിൽ തുടങ്ങിയ ഹരം

എപ്പോഴാണ് ഈ യാത്രപ്രേമം തലയ്ക്ക് പിടിച്ചതെന്നു ചോദിച്ചാല്‍ കൃത്യമായൊരു മറുപടി പറയാന്‍ അറിയില്ല. കോട്ടയത്തു നിന്ന് പാലക്കാട്ടേക്ക് അച്ഛന്റെയും അമ്മയുടെയും ഒപ്പം ചെറുപ്പത്തിൽ ട്രെയിനിൽ പോയത് ഇപ്പോഴും ഓർമയുണ്ട്. വലുതായപ്പോൾ പല തരത്തിൽ യാത്രകൾ ചെയ്യുന്നവരെക്കുറിച്ച് അറിയാൻ തുടങ്ങി. നാട്ടിലെ കൂട്ടുകാർക്കൊപ്പം കുഞ്ഞുയാത്രകൾ പോകാൻ തുടങ്ങി. വയസ് 18 തികഞ്ഞപ്പോള്‍ ആദ്യം സ്വന്തമാക്കിയത് പഴയൊരു ബൈക്കായിരുന്നു. പിന്നെ അതിലായി യാത്ര. മനസ് ആഗ്രഹിക്കുന്നയിടങ്ങളിലേക്ക് ബൈക്കോടിച്ചങ്ങു പോകും. പഠനത്തിനൊപ്പം പാർട് ടൈം ജോലി ചെയ്ത് സ്വന്തമായി പുതിയൊരു ബൈക്ക് വാങ്ങി. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ കുറേയേറെ സ്ഥലങ്ങൾ ഈ ബൈക്കിൽ കറങ്ങിയിട്ടുണ്ട്. അങ്ങനെ പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനങ്ങള്‍ വേണമെന്നു തന്നെയില്ല. കൂട്ടിന് സുഹൃത്തുക്കളും ഉണ്ടെങ്കില്‍ യാത്ര കളറായി.  

manu-trip2

മറക്കാനാകാത്ത പൊള്ളാച്ചി യാത്ര

ഓരോ സ്ഥലത്തും പോകുന്നത് ഓരോ അനുഭവങ്ങളാണ്. ഞാനെപ്പോഴും കൂട്ടുകാരോട് ഇങ്ങനെ യാത്ര പോകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. ട്രാവൽ വ്ലോഗൊക്കെ സ്ഥിരമായി കാണാറുണ്ട്. ഫോണിൽ കാണുന്നതിനെക്കാൾ നല്ലത് നേരിൽ കാണുന്നതാണല്ലോ. കൂട്ടുകാരോട് ഇങ്ങനെ ഒരു സ്ഥലമുണ്ട്, പോയാലോ എന്നു ചോദിക്കും. മിക്കവാറും അവർ വരും. അങ്ങനെയാണ് യാത്രകൾ. ഒറ്റയ്ക്കു പോകുന്ന യാത്രകൾ കുറവാണ്. ആരെയെങ്കിലും കൂട്ടി പോകുന്നതാ എനിക്കിഷ്ടം. ഒരിക്കൽ പ്ലസ്ടുവിന് കൂടെ പഠിച്ച കൂട്ടുകാരുടെ ഒപ്പം ബൈക്കിൽ പൊള്ളാച്ചിയിലേക്ക് പോയി. ഇവിടെ നിന്ന് അതിരപ്പിള്ളി, വാൽപ്പാറ കേറി പൊള്ളാച്ചിയിലേക്ക്. അതൊരു കിടിലൻ അനുഭവമായിരുന്നു. ഞങ്ങൾ എട്ടു പേരുണ്ടായിരുന്നു. രണ്ടു ദിവസമായിരുന്ന യാത്ര. രാത്രി വാൽപ്പാറയിൽ താമസിച്ചു.

യാത്രകൾക്ക് സഡൻ ബ്രേക്കിട്ട അപകടം

വ്ലോഗർ അരുൺ സ്മോക്കിയുടെ വിഡിയോ കണ്ടപ്പോൾ മുതലാണ് ലഡാക്ക് മനസിൽ കയറിയത്. എല്ലാ യാത്രികരുടെയും ഒരു ഡ്രീം റൂട്ട് ആണല്ലോ ലഡാക്ക്. വണ്ടിക്കും യാത്രയ്ക്കും വേണ്ടി പണം സ്വരുക്കൂട്ടി വയ്ക്കും. ഐടിഐയിൽ പഠിക്കുന്നതിനൊപ്പം പാർട് ടൈം ആയി ഒരു കടയിൽ നിന്നിരുന്നു. അവിടെ നിന്നു കിട്ടുന്ന ശമ്പളത്തിന്റെ ഒരു പങ്ക് യാത്രകൾക്ക് മാറ്റി വയ്ക്കും. 

manu-trip3

ലഡാക്ക് യാത്രയ്ക്കായി ഒരുങ്ങുന്ന സമയത്താണ് അപകടമുണ്ടായതും കിടപ്പിലായതും. ഒരു ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങി വരുന്ന വഴിയിൽ മുണ്ടക്കയം ചോറ്റി ഭാഗത്ത് വച്ചാണ് അപകടം നടന്നത്. ഏതോ വിവാഹ പാർട്ടി കഴിഞ്ഞുവരുന്ന ഒരു ടീമായിരുന്നു കാറിൽ. അവർ അമിതവേഗത്തിലായിരുന്നു. വണ്ടിയിൽ വന്നിടിച്ചിട്ടും നിറുത്താതെ അവർ പോയി. കൂട്ടുകാർ കൂടെ ഉണ്ടായിരുന്നതുകൊണ്ട് വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, കാൽ‍ മുറിക്കേണ്ടി വന്നു.

വീണ്ടും വാൽപ്പാറയിലേക്ക്

കാൽ മുറിച്ചതിനു ശേഷം കുറച്ചു മാസങ്ങൾ വീടും ആശുപത്രിയുമായി കഴിഞ്ഞു. മുറിവുണങ്ങിയപ്പോൾ ക്രച്ചസിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങി. എല്ലാ കാര്യത്തിലും കട്ട സപ്പോർട്ടായി കൂട്ടുകാർ ഉണ്ടായിരുന്നു. അപകടത്തിനു ശേഷം വാക്കറിന്റെ സഹായത്തോടെ നടന്നു തുടങ്ങിയപ്പോൾ വീണ്ടും യാത്രകൾ പോയിത്തുടങ്ങി. മുൻപ് ബൈക്കിൽ പോയ വാൽപ്പാറയിലേക്ക് പിന്നീട് പോയത് ട്രാവലറിൽ ആയിരുന്നെന്നു മാത്രം. എന്നെ ഉഷാറാക്കാനാണ് കൂട്ടുകാർ ആ യാത്ര പ്ലാൻ ചെയ്തത്. വേറൊരു റൂട്ട് വഴിയാണ് കേറിപ്പോയത്. 

മൂന്നാറിൽ നിന്ന് മറയൂർ കേറി വാൽപ്പാറയിലേക്ക് പോയി, അതിരപ്പിള്ളി വഴി തിരിച്ചിറങ്ങുകയായിരുന്നു. ആ യാത്ര പുതിയൊരു അനുഭവമായിരുന്നു. യാത്രകൾ ചെയ്യാനുള്ള ആത്മവിശ്വാസം വർധിച്ചു. ആകെ ഒരു പ്രശ്നമുള്ളത് ക്രച്ചസ് ഒക്കെയായി പോകുമ്പോൾ ആളുകൾ എന്നെ ഇങ്ങനെ തുറിച്ചു നോക്കും, ഏതോ അന്യഗ്രഹജീവിയെപ്പോലെ. ഞാനത് ഗൗനിക്കാറില്ല. പിന്നെ, കൂട്ടുകാർ എപ്പോഴും ഒപ്പം കാണും. 

manu-trip

വൈറലാക്കിയത് കൂട്ടുകാർ

കൂട്ടുകാരാണ് ഞാൻ ഫുട്ബോൾ കളിക്കുന്നതും ഡാൻസ് കളിക്കുന്നതും ഒറ്റക്കാലിൽ ബൈക്കോടിപ്പിക്കുന്നതുമെല്ലാം വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തത്. അതു വൈറലായി. സമൂഹമാധ്യമങ്ങളിൽ എന്റെ വിഡിയോകൾ വൈറലായപ്പോൾ മനോരമ ഓൺലൈനിൽ ഒരു ഫീച്ചർ വന്നിരുന്നു. അതിന്റെ തുടർച്ചയായി നിരവധി സുമനസുകളുടെ സഹായം ലഭിച്ചു. അതുവഴി തിരുവനന്തപുരം ഓട്ടോബോക്ക് ആർട്ടിഫിഷ്യൽ ലിംപ് സെന്ററിൽ നിന്ന് മികച്ചൊരു കൃത്രിമക്കാൽ വയ്ക്കാൻ സാധിച്ചു. അതിനുശേഷം നടത്തവും യാത്രകളും കുറച്ചുകൂടെ ആയാസരഹിതമായി. വീടിന് അടുത്തുള്ള ആദിത്യ പ്ലാസ്റ്റിക് എന്ന കമ്പനിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അലമാരിയുടെയും സോഫയുടെയുമൊക്കെ അടയിൽ വയ്ക്കുന്ന ബുഷ് നിർമിക്കുന്ന ഒരു കമ്പനിയാണ് അത്. വീട്ടിൽ നിന്നു നടന്നു പോയി വരാം. 

സാധിക്കില്ലെന്നു കരുതി മാറി നിൽക്കരുത്

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന എന്റെ വിഡിയോകൾ കണ്ടിട്ടാണ് എറണാകുളത്തെ റൈഡേഴ്സിന്റെ ഒരു ക്ലബ് ഡ്രീം റൈഡേഴ്സ് എന്നെ വിളിക്കുന്നത്. ലഡാക്കിലേക്ക് പോകുന്നുണ്ട്, കൂടെ വരുന്നോ എന്ന് ചോദിച്ച്! എനിക്ക് നൂറു സമ്മതം. കോവിഡും ലോക്ഡൗണുമൊക്കെ കാരണം ആ യാത്ര മാറ്റി വയ്ക്കപ്പെടുകയായിരുന്നു. ഒടുവിൽ ഓഗസ്റ്റിൽ ആദ്യവാരം പോകാൻ തയാറായി ഇരിക്കുകയാണ്. നാൽപതു പേരുടെ സംഘമായാണ് യാത്ര. ഒരു അപകടം സംഭവിച്ചാൽ, നമ്മെക്കൊണ്ട് ഇനിയൊന്നും പറ്റില്ല എന്നു പറഞ്ഞു മാറി നിൽക്കുന്ന ഒരുപാടു പേരുണ്ട്. ഞാൻ അവരോടു ചോദിക്കുന്നത് ഒരു കാര്യമാണ്, എന്തുകൊണ്ട് നിങ്ങൾക്ക് പറ്റുന്നില്ല? ഒന്നും സാധിക്കില്ലെന്നു കരുതിയ ഞാൻ ഇത്രയൊക്കെ ചെയ്യുന്നില്ലേ? നമ്മെക്കൊണ്ട് പറ്റില്ല എന്നു പറഞ്ഞു മാറി ഇരുന്നാൽ അതൊരിക്കലും സാധിക്കാൻ പോകുന്നില്ല. ഞാൻ ലഡാക്കിൽ പോയി വരുന്നത് ഒന്നോ രണ്ടോ പേർക്കെങ്കിലും പ്രചോദനം ആയി അവർ എന്തെങ്കിലും ചെയ്യാൻ മുന്നോട്ടു വന്നാൽ, എന്റെ യാത്രയുടെ ഏറ്റവും വലിയ വിജയം അതായിരിക്കും. 

 

English Summary: Disabled man to Ride Bike to Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com