ബുള്ളറ്റ് യാത്രയ്ക്ക് കേരളത്തിനരികെ ഒരു അടിപൊളി റോഡ്

kolli-hills3
SHARE

വാഹനങ്ങൾ ഇല്ലാത്ത കാലത്ത് തമിഴ്നാട്ടുകാരുടെ പേടി സ്വപ്നമായിരുന്നു കൊല്ലിമല. മലയുടെ മുകളിലെത്താൻ എഴുപതു വളവുകൾ താണ്ടണം. അക്കാലത്തു നാമക്കലിൽ നിന്നുള്ള ലോറികൾ മാത്രമായിരുന്നു അതുവഴി കടന്നു പോയിരുന്നത്. അവരുടെ വാഹനങ്ങൾക്കു മുന്നിൽ കാട്ടുമൃഗങ്ങൾ പ്രത്യക്ഷപ്പെടുന്നതു പതിവായിരുന്നു. ജീവൻ അപകടത്തിലാകാതെ രക്ഷപെട്ടവരാണു കൊല്ലിമലയ്ക്കു ‘മരണത്തിന്റെ മല’ യെന്നു പേരിട്ടത്. കാലം മാറിയപ്പോൾ ഭയത്തിന്റെ മലനിര സാഹസിക സഞ്ചാര പാതയായി മാറി. എഴുപതു വളവുകളിലൂടെ കാടിനെ കണ്ടറിയാൻ ആളുകൾ കൊല്ലിമലയിലെത്തുന്നു. തണുപ്പാസ്വദിച്ച് സുഖകരമായ യാത്ര. ബൈക്ക് റൈഡർമാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ.

kolli-hills2

കൊച്ചിയിൽ നിന്നു കൊല്ലിയിലേക്കു 380 കി.മീ. ഹരി, അൽത്താഫ് എന്നിവർക്കൊപ്പം പുലർച്ചെ അഞ്ചിനു കളമശ്ശേരിയിൽ നിന്നു പുറപ്പെട്ടു. പാലക്കാട് പുതുശ്ശേരിക്കു സമീപം രാമശ്ശേരിയിയിലാണു പിന്നീടു നിർത്തിയത്. രാമശ്ശേരി ഇഡലി കഴിച്ചു. ദോശയുടെ രൂപമുള്ള ഇഡലിക്കു തേങ്ങയരച്ചുണ്ടാക്കിയ ചട്ണിയും സാമ്പാറും. ബ്രേക് ഫാസ്റ്റ് രുചികരമായി. കേരളത്തിന്റെ അതിർത്തി കടന്നപ്പോൾ ഗതാഗത തിരക്കു കുറഞ്ഞു. കുണ്ടും കുഴിയുമില്ലാത്ത റോഡ്. കണ്ണെത്താദൂരം നെൽപാടങ്ങളും തെങ്ങിൻ തോട്ടങ്ങളും.

നാമക്കൽ എത്തിയപ്പോൾ ഉച്ചയായി. റസ്റ്ററന്റിൽ കയറി ‘നാട്ടുകോഴി ബിരിയാണി’ കഴിച്ചു. ബിരിയാണിയുടെ സുഗന്ധവുമായി കൊല്ലി ചെക്ക്പോസ്റ്റിൽ എത്തിയപ്പോൾ സമയം 3.00. ചെക്പോസ്റ്റിൽ കാര്യമായ പരിശോധനയില്ല. 1/70 ഹെയർപിൻ സൈൻബോർഡ് കണ്ടു. അവിടെ തുടങ്ങുന്നു ഹെയർപിൻ വളവുകൾ.

മലമ്പാതയിലേക്കു പ്രവേശിച്ചപ്പോൾ കോടമഞ്ഞും തണുത്ത കാറ്റും. റൈഡിങ് ആവേശം അനുഭൂതിക്കു വഴിമാറി. ട്രാൻസ്പോർട്ട് ബസ്സുകളും ചരക്കു ലോറികളും ഹോൺ മുഴക്കി കടന്നു പോയി.

kolli-hills

ഒരു മണിക്കൂർ യാത്രയ്ക്കൊടുവിൽ എഴുപതു ഹെയർപിന്നുകൾ താണ്ടി 4300 അടി ഉയരത്തിൽ ‘സെമ്മേട്’ എത്തി. കൊല്ലിമലയുടെ നെറുകയിലെ പട്ടണമാണു സെമ്മേട്. കൊല്ലിയിലെ പ്രധാന മാർക്കറ്റാണ് ഈ സ്ഥലം. അവിടെ കാഴ്ചകളിലേക്ക് ഇറങ്ങുന്നതിനു മുൻപ് താമസിക്കാനുള്ള സ്ഥലം അന്വേഷിച്ചു. വാടക മുറികൾ ഒട്ടേറെയുണ്ടെങ്കിലും വൃത്തിയും സൗകര്യവുമുള്ളതു കണ്ടെത്താൻ കുറച്ചു നേരം നടക്കേണ്ടി വന്നു. മിക്ക ഹോട്ടലിലും റസ്റ്ററന്റ് ഇല്ല. ഒടുവിൽ, 1500 രൂപ വാടകയിൽ വ്യൂ പോയിന്റിനു സമീപം ഒരു മുറി കിട്ടി. അവിടെയിരുന്ന് ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് തയാറാക്കി. ആഗയാ ഗംഗൈ വാട്ടർഫാൾസ്‌ (ആകാശഗംഗ), റോക്ക്പ്പില്ലർ വ്യൂപോയിൻറ്, ബോട്ട്ഹോബ്സ്. മറ്റു സ്ഥലങ്ങൾ – ബൊട്ടാണിക്കൽ ഗാർഡൻ, അരപലേശ്വരാർ ടെംപിൾ, സിദ്ധർകേവ്സ് (ഫ്രോസ്റ്ട്രീക്കിങ്), മിനിഫാൾസ്.

വസലൂർപെട്ടി

ആദ്യം വ്യൂ പോയിന്റിലേക്കു തിരിച്ചു. സായാഹ്നമെങ്കിലും ഗ്രാമവീഥിയിൽ ആളുകൾ കുറവായിരുന്നു. സന്ദർശകർക്ക് താഴ്‌വര ആസ്വദിക്കാൻ ‘വ്യൂ പോയിന്റ്’, വാച് ടവർ എന്നിവയുണ്ട്. അപകട സാധ്യതയുള്ള സ്ഥലമെങ്കിലും 1300 മീറ്റർ ഉയരമുള്ള സ്ഥലത്തു സുരക്ഷാ ഉദ്യോഗസ്ഥരില്ല. അവിടെ നിന്നാൽ നാമക്കൽ ജില്ല മുഴുവൻ കാണാം. മിന്നാമിനുങ്ങുകളെ പോലെ വൈദ്യുത ദീപങ്ങളാൽ അലംകൃതമായിരുന്നു നാമക്കൽ. അന്നു രാത്രി ക്യാംപ് ഫയർ ഒരുക്കി. പാട്ടും നൃത്തവും കഴിഞ്ഞ് ഉറക്കത്തിലേക്കു കടന്നു.

പിറ്റേന്നു രാവിലെ ആറിനു വില്ലേജ് റൈഡിനിറങ്ങി. കൊല്ലിമലയിലെ റോഡിനിരുവശങ്ങളിലും കുരുമുളകു തോട്ടമാണ്. പാടത്തു നെല്ലും, ചോളവും പഴവർഗങ്ങളും പച്ചക്കറിയും കൃഷി.

kolli-hills1

കൃഷിസ്ഥലം നിറയെ മയിലുകൾ. വിരുന്നിനിറങ്ങിയ പോലെ കൂട്ടത്തോടെ നടക്കുന്നു. പാടത്തു മേഞ്ഞു നടന്നു തീറ്റ ശേഖരിക്കുകയാണ്. കൃഷി സ്ഥലത്ത് ജോലിക്കാർ എത്തിയതോടെ അവ കാടിനുള്ളിൽ മറഞ്ഞു.

കൃഷിഭൂമിയിൽ നിന്നു റോക്ക്പില്ലർ വ്യൂപോയിന്റിൽ എത്തി. മലനിര മഞ്ഞുമൂടി കിടക്കുന്നു, താഴ്‌വര ഈറനണിഞ്ഞു പച്ചപുതച്ചിരുന്നു. കുറച്ചു ഫോട്ടോ എടുത്ത ശേഷം വസലൂർപെട്ടിയിലേക്കു നീങ്ങി. തടാകവും ബോട്ട് സവാരിയുമാണു വസലൂർപെട്ടിയിലെ വിനോദങ്ങൾ സെമ്മേടു നിന്നു പത്തു കി.മീ. തടാകം ചെറുതാണ്. പെഡൽ ബോട്ട് സവാരിയാണ് പ്രധാനം. രാവിലെ പത്തിനാണു ബോട്ട് സവാരി ആരംഭിക്കുക. ഒരാൾക്ക് 40 രൂപ. തടാകത്തിനു സമീപത്തു ചിൽഡ്രൻസ് പാർക്ക്. തടാകം സന്ദർശിക്കുന്നവർ സമീപത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ വിശ്രമിച്ചതിനു ശേഷമേ മടങ്ങാറുള്ളൂ.

ആകാശഗംഗ

സെമ്മേടിലെ താമസ സ്ഥലം ഒഴിവാക്കി ആകാശഗംഗ കാണാനായി തിരിച്ചു.കൊല്ലിമലയിൽ ‘മസ്റ്റ് സീ’ സ്ഥലമാണ് ആകാശഗംഗ വെള്ളച്ചാട്ടം (‘ആഗായഗംഗൈ’) കൊല്ലിമലയിലെ പ്രധാന ശിവക്ഷേത്രമായ അരപലേശ്വരർ ക്ഷേത്രത്തിന്റെ സമീപത്തുള്ള 1050 പടികളിലൂടെയാണ് ആകാശഗംഗയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ആകാശഗംഗ സന്ദർശനത്തിന് ഒരാൾക്കു 10 രൂപ. രാവിലെ എഴു മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണു പ്രവേശനം.

ക്ഷേത്രത്തിനു സമീപത്ത് ഒരു ചായക്കടയിൽ കയറി. രുചികരമായ നെയ്യ് റോയ്സ്റ്റ് കഴിച്ചു. കുടിവെള്ളവുമായി നടന്നു. നീലാകാശത്തിനു കീഴെ സൂര്യന്റെ തലോടൽ ശിരസ്സിൽ ഏറ്റുവാങ്ങിയാണു നടത്തം. പടിക്കെട്ടിന്റെ ഇരുവശത്തും മലയാണ്. താഴ്‌വര അതിമനോഹരം.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA