ADVERTISEMENT

വര്‍ഷങ്ങളായിട്ട് മനസില്‍ ഇടംനേടിയ സ്ഥലമാണ് മേഘമല. ജീവിത ശൈലികൊണ്ടും സംസ്കാരം കൊണ്ടും വളരെ വ്യത്യസ്തമായ കാഴ്ചകളാണ് ഈ മലനിരകള്‍ ഒരു പ്രകൃതി സ്നേഹി എന്ന നിലയില്‍ എക്കാലവും എനിക്ക് സമ്മാനിച്ചത്. 12 വർഷങ്ങൾ പഴക്കമുള്ള ആ മേഘമല യാത്രയിലേക്കാണ് ഇത്തവണ നിങ്ങളെ പോകുന്നത് 

meghamalai-trip2

സുഹൃത്തുക്കളുടെ ഒത്തുകൂടൽ, ജോലി ചെയ്യുന്ന റേഡിയോ സ്റ്റേഷനിൽ നിന്നു പിരിഞ്ഞുപോകുന്നവർ, ഇവർക്ക് ജീവിതത്തിൽ മറക്കാനാവാത്ത ദിവസം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഘമല യാത്രയ്ക്ക് തയാറായത്.

meghamalai-trip8

ഇന്റർനെറ്റോ ഗൂഗിൾ മാപ്പോ ഒന്നും വ്യാപകമല്ലാത്ത കാലത്തു എങ്ങനെ അവിടെ എത്തിച്ചേരണം, താമസിക്കാൻ സംവിധാനങ്ങളുണ്ടോ യാതൊരു അറിവും ഇല്ല. നിരന്തരം ഉള്ള ലാ‍ന്‍ഡ് ഫോൺ വിളികൾക്കു അവസാനം ഒരു കച്ചി തുരുമ്പു കിട്ടി. അവിടെ ആകെ ഉണ്ടായിരുന്ന ഒരു ചായക്കടയുടെ ലാ‍ന്‍ഡ് ഫോൺ നമ്പർ കിട്ടി. ശരിക്കും ഈ നമ്പർ ആയിരുന്നു ആ സ്വർഗത്തിലേക്കുള്ള യാത്രയ്ക്ക് സഹായകമായത്. ആ ഫോൺ വിളി തമിഴ്നാട്ടിലെ കാടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മലയുടെ മുകളിലെ ചായക്കടയിൽ എത്തിച്ചു.

meghamalai-trip

"സർ സൊല്ലുങ്കെ സർ" .. അതായിരുന്നു മേഘമല മുരുകൻ

മേഘമല ഒരു വിനോദ സഞ്ചാര കേന്ദ്രം അല്ലാതിരുന്നതുകൊണ്ടുതന്നെ താമസിക്കാൻ ഒരു പഞ്ചായത്തു കോട്ടേജ് മാത്രമേ ഉള്ളൂ .അതിൽ വേണമെങ്കിൽ റൂം തരാം എന്നും പറഞ്ഞു. മേഘമലയിലേക്കുള്ള ആദ്യ വാതിൽ അവിടെ തുറക്കുന്നു. ഞങ്ങളുടെ സൗഹൃദ വലയം ആരംഭിച്ച സമയം മുതല്‍ എല്ലാ യാത്രകളിലും ഞങ്ങളോടൊപ്പം ചേരുന്ന വാഹനത്തിൽ യാത്ര പുറപ്പെട്ടു.

റിസ്കില്ലെങ്കിൽ പിന്നെ യാത്രയ്ക്ക് എന്ത് രസം

നാല് മൊട്ട ടയറുകളും കാറിനകത്ത് കുത്തി ഞെരുങ്ങി 10  പേരുമായി രാവിലെ 10 മണിയോടെ സ്വന്തം നാടായ വര്‍ക്കലയില്‍നിന്നും യാത്ര തിരിച്ചു. ഉച്ചയോടെ മുണ്ടക്കയത്തും വൈകുന്നേരത്തോടെ കുമിളിയിലും രണ്ടു തവണ വാഹനം പഞ്ചറായതു കാരണം ഊണും ചായകുടിയുമൊക്കെ കൃത്യസമയത്ത് നടന്നു. 

meghamalai-trip7

ഏകദേശം 5.30 ഓടെ കുമിളി തേനി ഹൈവേയിലെ ചിന്നമാനൂരില്‍ എത്തി. അവിടെനിന്നും വലത്തേക്കുള്ള ചെറിയ റോഡാണ് മേഘമലയ്ക്ക്. ആ കുഞ്ഞു പാതയിലൂടെ മലയുടെ അടിവാരത്ത് ചെക്ക് പോസ്റ്റിലത്തെിയപ്പോഴേക്കും സമയം 6.15 ആയിരുന്നു. കാടായതിനാൽ വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെ പ്രവേശനമില്ല. ഞങ്ങളെ കയറ്റിവിടാന്‍ തീരെ താത്പര്യം കാണിക്കാതിരുന്ന ഉദ്യോഗസ്ഥരെ അവസാനം എങ്ങനേലും സമ്മതിപ്പിച്ചു. നിങ്ങള്‍ സ്വന്തം റിസ്ക്കില്‍ പോകണം അതായിരുന്നു അവരുടെ മറുപടി.  രാവിലെ പണിക്കാരേയും കൊണ്ട് തോട്ടങ്ങളില്‍പോയ വണ്ടികള്‍ തിരിച്ചിറങ്ങിവരുന്ന സമയമാണിത്. അവയെല്ലം പോയി കഴിഞ്ഞതിനുശേഷം മാത്രം കയറ്റിവിടാം. ട്രാക്ടറിലും ജീപ്പിലും ലോറിയിലുമായി നിരവധി തൊഴിലാളികള്‍ മുകളില്‍നിന്നും താഴെ എത്തി. അവസാനം 7 .30 മണിയോടുകൂടി വണ്ടികളെല്ലാം എത്തിയെന്ന് ഉറപ്പുവരുത്തിയശേഷം ഞങ്ങളെ കടത്തിവിട്ടു. 

meghamalai-trip12

കിലോമീറ്ററുകള്‍ നീളുന്ന വിജനമായ പാത. വഴി ചോദിക്കാന്‍ പോലും ആരേയും കാണാനില്ല. സ്ഥലസൂചിക ബോര്‍ഡുപോലുമില്ല. ചുരം കയറി തുടങ്ങിയപ്പോള്‍ കാടിന്റെയും ഇരുട്ടിന്റെയും തണുപ്പും ഘനവും കൂടിവന്നു. വഴിയില്‍ ആവിപറക്കുന്ന ആനപിണ്ഡങ്ങള്‍ കണ്ടുതുടങ്ങി. മനുഷ്യ സഞ്ചാരത്തിന്റെ സമയം കഴിഞ്ഞതിനാല്‍ അവ റോഡിലേക്ക് ഇറങ്ങാന്‍ സാധ്യത കൂടുതലാണ്. പെട്ടെന്നാണ് മരച്ചില്ലകള്‍ ഒടിക്കുന്ന ശബ്ദംകേട്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. അതാ നില്‍ക്കുന്ന കാടിനകത്ത് ഒരു ഒറ്റയാന്‍, ഞങ്ങളെ കണ്ടതും അവന്‍ ഒന്നു ചെവി കൂര്‍പ്പിച്ചു. ‌ഞങ്ങള്‍ വേഗം വണ്ടി മുന്നോട്ട് എടുത്തു. പിന്നീടുള്ള ഓരോ വളവും വളയുമ്പോഴും എല്ലാവരുടേയും ഹൃദയമിടിപ്പിന്റെ അളവ് കൂടിയിരുന്നു. 

meghamalai-trip3

1980 കാലഘട്ടങ്ങളിലാണ് അവസാനമായി ആ വഴികളിൽ ടാർ പുരണ്ടത് ,നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം പോകുന്ന വഴിയിൽ പഴയ ടാറിന്റെ സ്മാരകം എന്ന നിലയിൽ അങ്ങിങ്ങു കുറച്ചു മെറ്റൽ കഷ്ണങ്ങൾ കാണാം. എന്തായാലും മണിക്കൂറിൽ 10 കിലോമീറ്ററിനു താഴെ എന്ന വേഗത്തിൽ ആണ് വാഹനം സഞ്ചരിച്ചിരുന്നത്. 18 ഹെയര്‍പിന്‍ വളവുകള്‍ താണ്ടിവേണം ഈ തേയിലക്കുന്നുകളിലേക്ക് എത്തിച്ചേരാൻ. ഓരോ ഹെയര്‍പിന്‍ വളവിലും ഓരോ പേരുണ്ട് എന്നതാണ് മറ്റൊരു ആകർഷണം. കുറിഞ്ഞി, മുല്ല, മരുത, വെഞ്ചി, വഞ്ചി, തുമ്പ, വാക, താഴമ്പൂ, പിച്ചി, കൂവളം, അണിച്ചം, ഇരുവച്ചി, കെണ്റൈ, വൈകൈ, മല്ലിക എന്നിങ്ങനെ പൂക്കളുടെ പേരുകളാണ് ഓരോ ഹെയര്‍പിന്നിനും. റോഡ്‌ പോലും ഇല്ലാത്ത കല്ലും മണ്ണ് നിറഞ്ഞ ഈ വളവുകൾക്കു പൂവിന്റെ പേരിട്ടവൻ ആരാണെങ്കിലും സമ്മതിക്കണം .

meghamalai-trip4

ഏകദേശം 11 മണിയോടെ മേഘമലയിലെ ഹൈവേയ്സ് ഡാമിനരികിലത്തെി. റോഡില്‍ ആദ്യമായി ഒരുവെട്ടം കണ്ട സന്തോഷത്തില്‍ ഞങ്ങളെല്ലാം സമാധാനിച്ചു. ആ യാത്രയിൽ അടുത്ത ടയറും പഞ്ചറായി. പുറത്തു എല്ലു തുളയുന്ന തണുപ്പ്. ഡാമിന് ചുറ്റുമുള്ള പ്രകാശം ഇല്ലാതായാൽ കൂരാകൂരിരുട്ടാണ്. ചന്ദ്രനും നക്ഷത്രങ്ങളും പോലും കണ്ണടച്ചിരിക്കുന്നു. ജനവാസമോ കടകളൊ ഒന്നമില്ലാത്ത ചുറ്റുവട്ടം. ഞങ്ങള്‍ വാഹനത്തിന്റെ ടയർ മാറ്റാൻ വളരെ പ്രയാസപ്പെട്ടിരുന്നു. സഹായത്തിന് ആരെയും കിട്ടിയില്ല, വല്ലാതെ വിഷമിച്ചു. ആനയോ പുലിയോ തൊട്ടടുത്തത്തെിയാല്‍ പോലും കാണാന്‍ കഴിയില്ല അത്രയ്ക്കും ഇരുട്ടായിരുന്നു. ഇന്നുവരെ ഒരു യാത്രയിലും ഇത്രയും പേടിപ്പിക്കുന്ന രംഗം ഉണ്ടായിട്ടില്ല. എന്ത് ചെയ്യണം, എങ്ങോട്ട് പോകണമെന്നു തീരുമാനിക്കാന്‍ പറ്റാത്ത അവസ്ഥ. 

meghamalai-trip5

ഭാഗ്യം! ദൈവ ദൂതന്മാരെപോലെ രണ്ടുപേര്‍ ഒരു പഴയകെട്ടിടത്തിലെ വെളിച്ചത്തിനു മുന്നിൽ ഇരുന്നു ചീട്ടു കളിക്കുന്നതു കണ്ടു. ഹൈവെയ്സി ഡാമിലെ പണിക്കാരായിരുന്നു. അവരെ ഞങ്ങള്‍ സഹായത്തിനായി കൂട്ടുപിടിച്ചു. ടയർ മാറ്റിയതിനു ശേഷം യാത്ര തുടർന്നു. അവിടെനിന്നും ഞങ്ങളുടെ താമസ സ്ഥലത്തേക്കു 2 കിലോമീറ്ററോളം ദൂരം ഉണ്ടായിരുന്നു. ടയറിന്റെ അവസ്ഥ വളരെ മോശമായതുകൊണ്ടും കല്ലുകള്‍ നിറഞ്ഞ പാത ആയതിനാലും എല്ലാവരും വാഹനത്തില്‍ കയറാതെ വാഹനത്തിനു പുറകെ നടക്കുവാന്‍ തീരുമാനിച്ചു. സൂക്ഷിച്ചു നടക്കണം, ഇന്നലെ രാത്രി വഴിയില്‍ ആനയുണ്ടായിരുന്നു. ഇത് കേട്ട് തിരിഞ്ഞു നോക്കുമ്പോഴേക്കും സിനിമയില്‍ കാണുന്ന രംഗം പോലെ എല്ലാരും വാഹനത്തിൽ കയറി. എന്തായാലും അവസാനം ഒരു മണിയോടുകൂടി ഞങ്ങള്‍ ആപത്തൊന്നും കൂടാതെ താമസ സ്ഥലത്തത്തെി. വല്ലാതെ ക്ഷീണിതരായതിനാലും തണുത്തു വിറച്ചിരുന്നതിനാലും അധികം താമസിയാതെ എല്ലാവരും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി.

meghamalai-trip1

തണുപ്പിന്റെ കാഠിന്യത്തില്‍ രാവിലെ കണ്ണുതുറക്കുമ്പോള്‍ ശരീരം ആകെ തണുത്തു വിറച്ചിരിക്കുകയായിരുന്നു. മേഘമല ഉണരും മുമ്പ് തന്നെ ക്യാമറയും എടുത്തു പുറത്തേക്കിറങ്ങി. പിന്നീടുള്ളതെല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നു. കണ്‍മുന്നില്‍ പരന്ന് കിടക്കുന്ന നീല ജലാശയം. അതിലേക്ക് ചാഞ്ഞ് ഇറങ്ങിക്കിടക്കുന്ന വന്‍മല നിരകളിലെല്ലാം തേയില തോട്ടങ്ങള്‍ പടര്‍ന്നു കിടക്കുന്നു. മഞ്ഞലകള്‍ പൊങ്ങുന്ന ആ ജലാശയത്തെ ലക്ഷ്യമാക്കി മുന്നോട്ട്് നടന്നു. തണുത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന മരങ്ങളിലെ ഇല ചാര്‍ത്തുകളില്‍നിന്നും മഞ്ഞിന്‍തുള്ളികള്‍ ഇറ്റിറ്റ് താഴേക്ക് വീഴുന്നു. താഴെ പുല്‍നാമ്പുകളില്‍ മഞ്ഞിന്‍തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അന്തരീക്ഷമാകെ മഞ്ഞ് പടര്‍ന്നു കിടക്കുന്നു. വേദനിപ്പിക്കുന്ന മുള്ളുവേലിയെ പോലും പ്രണയിക്കാന്‍ തോന്നിപ്പിക്കുന്നു. 

meghamalai-trip11

പതുക്കെ തണുത്തുറഞ്ഞ മെത്തപോലെ കിടക്കുന്ന ആ പുല്‍മേടിലൂടെ നടന്ന് തടാകത്തിലേക്ക് കാല്‍വച്ചതും ജലത്തിലെ കഠിന തണുപ്പ്  ഞരമ്പുകളിലേക്ക് ഓടിക്കയറി ശരീരമാസകലം വിറച്ചു. തല്‍ക്ഷണം കാല്‍ തിരിച്ചെടുത്ത് ആ ആഘാതത്തില്‍നിന്നും രക്ഷപ്പെട്ടു. അധികം ആരും അടർത്തിയെടുക്കാത്ത ആ പ്രകൃതി സൗന്ദര്യം ഒരു നുള്ളുപോലും ബാക്കിവെക്കാതെ എന്റെ കാമറ ഒപ്പിയെടുത്തു.

meghamalai-trip9

ഒരു പഞ്ചർക്കടക്കാരനെ ദൈവമായി കണ്ട യാത്രയായിരുന്നു ഞങ്ങളുടേത്. ആകെ ഉണ്ടായിരുന്ന ഒരു സ്റ്റെപ്പിനിയും പഞ്ചറായിരുന്നു. ആ മല മുകളിൽ ഞങ്ങളെ അദ്ഭുതപ്പെടുത്തിയതും അതായിരുന്നു. അന്ന് ആ മലയുടെ മുകളിൽ ആകെ ഉണ്ടായിരുന്നത്. ഒരു പഞ്ചായത്തു ഗസ്റ്റ് ഹൗസും , ചായ കടയും , പിന്നെ പഞ്ചർ കടയും. എന്തായാലും രാവിലെ തന്നെ  സ്റ്റെപ്പിനി പഞ്ചർ ഒട്ടിക്കാൻ പോയി. ഒടുവിൽ 250 രൂപയ്ക്കു അവിടന്ന് അതിലും നല്ല ഒരു ടയർ അദ്ദേഹം സമ്മാനിച്ചു..

thoovanam-dam

അവിടെയുള്ള മുരുകന്റെ ചായക്കടയില്‍നിന്നും പ്രഭാത ഭക്ഷണം കഴിച്ച് പഞ്ചായത്തു ഗസ്റ്റ് ഹൗസിനു പിന്നിലുള്ള തൂവാനം ഡാമും കണ്ടു , മുഴുവിപ്പിക്കാത്ത ഒരു സ്വാപനം പോലെ മടക്കയാത്രക്കൊരുങ്ങി.

യാത്ര തിരിക്കാം

meghamalai-trip13

ഇന്ന് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേഘമല അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് . പഞ്ചായത്തു ഗസ്റ്റ് ഹൗസിൽ കുടുംബവുമായി താമസിക്കുവുന്നതാണ് . 

ദൂരം: കുമിളിയില്‍നിന്ന് 75 കി.മീ, കുട്ടിക്കാനം 122 കി.മി മൂന്നാര്‍ 120 കി.മീ, കോട്ടയം 184, എറണാകുളം 207.

മേഘമലയില്‍ കാണേണ്ട സ്ഥലങ്ങള്‍: ഹൈവേയ്‌സ്  ലേക്ക്, മണലാര്‍, തൂവാനം ഡാം, അപ്പര്‍ മണലാര്‍, വെണ്ണിയാര്‍, വട്ടപ്പാറൈ, മഹാരജാമേട്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

മേഘമല പഞ്ചായത്ത്  ഗസ്റ്റ് ഹൗസ്  സൗന്ദർ : 09488987858

English Summary: Interesting Things to Know about Meghamalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com