ADVERTISEMENT

നല്ല കിടിലന്‍ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ട്രെക്കിങ് നടത്താന്‍ ഇഷ്ടമുള്ളവരാണ് മിക്ക സഞ്ചാരികളും. കേരളത്തിലെ മൂന്നാറും മീശപ്പുലിമലയുമെല്ലാം മഞ്ഞുകാലത്ത് സഞ്ചാരികളെക്കൊണ്ട് നിറയാറുണ്ട്. ഇന്ത്യയില്‍ മരംകോച്ചുന്ന തണുപ്പ് ആസ്വദിക്കാനായി ഒട്ടനവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന പ്രദേശമാണ് ദ്രാസ്. 

ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിലെ സോജി ലാ പാസിനും കാർഗിൽ ടൗണിനും ഇടയിലുള്ള എൻ‌എച്ച് 1ലാണ് ദ്രാസ് പട്ടണം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3,300 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. ശ്രീനഗറിൽ നിന്ന് 140 കിലോമീറ്ററും സോനമാർഗിൽ നിന്ന് 63 കിലോമീറ്ററും ദൂരത്തിലുള്ള ദ്രാസ് പട്ടണത്തിന്  "ലഡാക്കിലേക്കുള്ള കവാടം" എന്ന ഓമനപ്പേരു കൂടിയുണ്ട്. മഞ്ഞുകാലത്ത് -45 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടെ താപനില താഴാറുണ്ട്. 1995 ലെ ശൈത്യകാലത്ത് ഇത് -60 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു.

dras
Dari PradeepGaurs/shutterstock

തണുപ്പു കൂടുതലാണെങ്കിലും അതിമനോഹരമാണ് ദ്രാസ് താഴ്‌‌വര പ്രദേശം. ഇവിടുത്തെ കാഴ്ചകള്‍ കാണാനും കുളിര് ആസ്വദിക്കാനുമായി ഒട്ടനവധി സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടേക്ക് എത്തിച്ചേരുന്നത്. തവിട്ടു നിറമുള്ള മലനിരകളില്‍ മഞ്ഞു പടരുന്നതും വയലേലകള്‍ക്കിടയിലൂടെ ഒഴുകുന്ന ദ്രാസ് നദിയും ഹരിതാഭ നിറഞ്ഞ താഴ്‌‌വാരത്തില്‍ അങ്ങിങ്ങായി തീപ്പെട്ടിക്കൂടുപോലെ കാണുന്ന ചെറിയ വീടുകളും ആകാശത്തേക്ക്  എന്ന പോലെ കയറിപ്പോകുന്ന റോഡുകളും തട്ടുതട്ടായുള്ള കൃഷിയിടങ്ങളും അവക്കിടയിലെ ഗ്രാമക്കാഴ്ചകളുമെല്ലാം മനസ്സിലേക്ക് പകര്‍ന്നു നല്‍കുന്ന അനുഭൂതി കുറച്ചൊന്നുമല്ല. ടൂറിസ്റ്റുകള്‍ക്ക് കാണാനായി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

കാർഗിൽ യുദ്ധത്തിനു ശേഷം 1999 മുതൽക്കാണ് ദ്രാസ് ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കപ്പെട്ടത്. തുടക്കത്തിൽ യുദ്ധമേഖല കാണാനായി എത്തുന്ന സന്ദർശകരുമായി തുടങ്ങിയ ടൂറിസം പരിപാടികള്‍ പിന്നീട് പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പുതിയ മുഖമായി മാറി.

കണ്ണിനു കുളിരേകും കാഴ്ചകള്‍

ദ്രാസില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയായി ഭീംബേഡ് എന്ന പേരില്‍ ഒരു കല്ലുണ്ട്. ഇത് മഹാഭാരതകഥയിലെ ഭീമനുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നു. ഈ കല്ലിനു ചുറ്റുമുള്ള മണ്ണിന് ഔഷധശക്തിയുണ്ടെന്നും കരുതപ്പെടുന്നു. 

ഇവിടുത്തെ മറ്റൊരു കാഴ്ചയാണ് മസ്ജിദ് ഇ ജരിഫ എന്ന് പേരുള്ള മുസ്ലിം പള്ളി. വര്‍ണ്ണാഭമായ തൂണുകളും ചിത്രപ്പണികള്‍ നിറഞ്ഞ ചുവരുകളും ഈ കെട്ടിടത്തെ മനോഹരമാക്കുന്നു. ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പള്ളി ദ്രാസ് പട്ടണത്തില്‍ എവിടെ നിന്നു നോക്കിയാലും കാണാം. 

dras1
Dari PradeepGaurs/shutterstock

ഇത് കൂടാതെ ലൈന്‍ ഓഫ് കണ്ട്രോള്‍ കാണാനാകുന്ന മാന്‍മാന്‍ ടോപ്‌,  മഞ്ഞുമലകള്‍ നിറഞ്ഞ ഗോംചാന്‍ താഴ്വര, ഇന്ത്യയില്‍ ഒറ്റ പോലീസ് കേസ് പോലുമില്ലാത്ത ഗ്രാമമായ ഡോംഗ്ചിക്, മുസ്ലിം ആരാധനാകേന്ദ്രമായ നിങ്ഗൂര്‍ പള്ളി, അമര്‍നാഥ് യാത്രാപാതയിലുള്ള മിനാമാര്‍ഗ് താഴ്വര, പാല്‍ പോലെ വെളുത്ത വെള്ളമുള്ള ലേസര്‍ ലാ,  വന്യജീവികള്‍ വിഹരിക്കുന്ന ചോര്‍ക്യാറ്റ് വനം, കാട്ടുപൂക്കള്‍ നിറഞ്ഞ മുഷ്കു താഴ്വര, ടോലോലിംഗ് വെള്ളച്ചാട്ടം, ടൈഗര്‍ ഹില്‍ തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെ വേറെയുമുണ്ട്. 

കാര്‍ഗില്‍ യുദ്ധവീരന്മാരുടെ സ്മരണക്കായി നിര്‍മിച്ച വാര്‍ മെമ്മോറിയല്‍ ആണ് ഇവിടത്തെ ശ്രദ്ധേയമായ മറ്റൊരു കാഴ്ച. ടോലോലിംഗ് മലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 

ട്രെക്കിങ് പ്രേമികള്‍ക്ക് ഇഷ്ടംപോലെ റൂട്ടുകള്‍

സഞ്ചാരികള്‍ക്ക് ട്രെക്കിംഗ് നടത്താനായുള്ള നിരവധി റൂട്ടുകളും ഇവിടെയുണ്ട്.  ഗാംഗ്സൽ ട്രെക്ക്, ദ്രാസ് -ലേസര്‍ലാ-സാലിസ്കോട്ട് ട്രെക്ക്, ഡ്രാസ്-ഗുറസ് ട്രെക്ക് എന്നിവ പ്രശസ്തമാണ്. അമർനാഥിലെ വിശുദ്ധ ഗുഹയിലേക്കുള്ള ട്രെക്കിംഗ് ദ്രാസിൽ നിന്നാണ് ആരംഭിക്കുന്നത്. ഇത് പൂര്‍ത്തിയാവാന്‍ ഏകദേശം നാല് മുതൽ അഞ്ച് ദിവസം വരെ എടുക്കും. 15,060 അടി ഉയരത്തിലുള്ള ചുരം കടന്നാണ് ഈ യാത്ര.

ദ്രാസിലെ ജനത

ഡാർഡ്, ബാൾട്ടി സമുദായത്തിൽ പെട്ടവരാണ് ദ്രാസിലെ ജനത. ഷൈനയാണ് ഇവരുടെ ഭാഷ. താഴ്‌വരയിലാകെ ഇവരുടെ ചെറിയ ചെറിയ വീടുകള്‍ ചിതറിക്കിടക്കുന്നതു കാണാം. ഇവരിലെ സ്ത്രീകള്‍ കഠിനാധ്വാനികളാണ്. വിളകളും കുട്ടികളെയും മറ്റും ഒരു കൊട്ടയിലേറ്റി സഞ്ചരിക്കുന്ന സ്ത്രീകളെ ഇവിടെയെങ്ങും കാണാം.  

മലകയറിയെത്തുന്ന നാടോടികള്‍

എല്ലാവര്‍ഷവും വേനൽക്കാലത്ത്, നാടോടികളായ പർവത ഗോത്രക്കാരായ ഗുജ്ജാറുകളും ബക്കർവാളുകളും തങ്ങളുടെ കന്നുകാലികൾക്ക് മേച്ചിൽസ്ഥലം തേടി സോജി ലായിലൂടെ ദ്രാസ് താഴ്വരയിലേക്ക് യാത്ര നടത്തുന്നു. താഴ്വരയുടെ ഏറ്റവും ഉയർന്ന ഭാഗത്തുള്ള പുൽമേടുകളിൽ അവർ ക്യാമ്പുകൾ സ്ഥാപിക്കും. മനോഹരമായ എംബ്രോയിഡറി വസ്ത്രങ്ങൾ ധരിച്ച നാടോടികള്‍ രസകരമായ കാഴ്ചയാണ്. പലപ്പോഴും ഇവര്‍ക്കൊപ്പം ഗാഡി നായ്ക്കളുടെ അകമ്പടിയും കാണാം. 

പോളോ കളിയുടെ വേദി

സ്പോര്‍ട്സ് പ്രേമികളുടെ പ്രിയപ്പെട്ട കായിക ഇനങ്ങളില്‍ ഒന്നായ പോളോയുടെ നിരവധി മത്സരങ്ങൾക്ക് ദ്രാസ് ആതിഥേയത്വം വഹിക്കാറുണ്ട്. കുതിരസവാരി എന്നത് ദ്രാസ് സ്വദേശികളുടെ ഒരു അമൂല്യമായ പാരമ്പര്യത്തിന്‍റെ ഭാഗം കൂടിയാണ്. ജമ്മു കശ്മീരിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ലളിത് സൂരി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ആവിഷ്കരിച്ച ടൂർണമെന്റിൽ രാജ്യാന്തര, പ്രാദേശിക പോളോ കളിക്കാർ മത്സരിക്കാറുണ്ട്.

English Summary: Dras Coldest Inhabited Place India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com