കേരളം മുതല്‍ ഹിമാലയം വരെ സ്വപ്‌ന ബുള്ളറ്റ് യാത്ര

Ledakh-trip
SHARE

സൗഹൃദങ്ങള്‍ കൊണ്ടു മാത്രം പൂര്‍ണമാകുന്ന ചില യാത്രകളുണ്ട് നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍. അത്തരത്തിലൊന്നായിരുന്നു അര്‍ജ്ജുനും ഹാരിയും ജിയോയും ചേര്‍ന്ന് കേരളം മുതല്‍ ഹിമാലയം വരെ നടത്തിയ ആ സ്വപ്‌ന ബുള്ളറ്റ് യാത്ര. യാത്രാവിലക്കുകളുടേയും നിയന്ത്രണങ്ങളുടേയും കാലത്ത് കോവിഡ് നല്‍കിയ ഇടവേളയില്‍ നടത്തിയ ആ യാത്രയുടെ ഓര്‍മകളാണ് ലോക സൗഹൃദദിനത്തില്‍ ഈ മൂവര്‍ സംഘം പങ്കുവക്കുന്നത്.

മുന്നൊരുക്കം

അര്‍ജുന്‍ രാജു, ഹാരി ജോഷി, ജിയോ പുളിക്കന്‍... ഈ മൂവര്‍ സംഘമാണ് കഴിഞ്ഞ മാര്‍ച്ച് നാലിന് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തില്‍ നിന്നും വടക്കേ അറ്റത്തുള്ള ലഡാക്ക് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ റൈഡുകളില്‍ പങ്കെടുത്ത് പരിചയപ്പെട്ട മൂവരും ഇഷ്ടങ്ങള്‍ ഒത്തുവന്നതോടെ യാത്രകളും ഒന്നാക്കി മാറ്റുകയായിരുന്നു.

ഒഴിവു ദിവസങ്ങളില്‍ വണ്‍ഡേ ട്രിപ്പും ഗോവയിലേക്കും കന്യാകുമാരിയിലേക്കുമെല്ലാം ഒന്നിലേറെ ദിവസങ്ങള്‍ നീണ്ട യാത്രകളും മൂവരും ഒന്നിച്ചു തന്നെ നടത്തി. ഇതിനിടെയാണ് ബുള്ളറ്റില്‍ ഓള്‍ ഇന്ത്യ ട്രിപ്പ് എന്ന ആശയം സ്വാഭാവികമായും വരുന്നത്. ഓരോ സംസ്ഥാനങ്ങളിലും താമസിച്ചുകൊണ്ട് അവിടുത്തെ സംസ്‌ക്കാരവും ഭക്ഷണവും ദേശങ്ങളും കണ്ടുകൊണ്ട് ഒട്ടും തിരക്കില്ലാത്ത യാത്രകളായിരുന്നു ആദ്യം സ്വപ്‌നം കണ്ടത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് എല്ലാ പദ്ധതികളേയും തൂത്തെറിഞ്ഞു.

കോവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം ലഭിച്ച ഇടവേളയിലാണ് വീണ്ടും ലഡാക് യാത്ര ഇവര്‍ പൊടിതട്ടിയെടുക്കുന്നത്. അര്‍ജ്ജുന്റേയും ജിയോയുടേയും ഹിമാലയനും ഹാരിയുടെ 500 ബുള്ളറ്റിനും ദീര്‍ഘയാത്രക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തി. യാത്രക്കിടെ പണിമുടക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ മാറ്റി. ക്ലച്ച് കേബിളും ബ്രേക്ക് കേബിളും കൂടുതലായി ഒരെണ്ണം ചെയ്തുവെച്ചിരുന്നു. സ്‌പെയര്‍പാര്‍ട്‌സും ടൂള്‍സും എയര്‍ കംപ്രസറുമെല്ലാം കൂടെ കരുതി. മാര്‍ച്ച് നാലിന് ചാലക്കുടിക്കാരന്‍ ഹാരിയും തൃശൂക്കാരന്‍ ഹാരിയുമാണ് യാത്ര തുടങ്ങിയത്. ജോലി ചെയ്തിരുന്ന കൊയമ്പത്തൂരില്‍ നിന്നും അര്‍ജ്ജുന്‍ കൂടി ചേര്‍ന്നതോടെ ത്രീ മെന്‍ ആര്‍മി പൂര്‍ണ്ണമായി. 

Ledakh-trip1

യാത്ര

പകല്‍ സമയത്ത് മാത്രമായിരുന്നു റൈഡ്. ശരാശരി 400 മുതല്‍ 500 കിലോമീറ്ററാണ് ഒരു ദിവസം യാത്ര ചെയ്തിരുന്നത്. വൈകുന്നേരത്തിന് മുമ്പേ ഓണ്‍ലൈനില്‍ റൂമുകള്‍ ബുക്കു ചെയ്യും. പിറ്റേന്ന് രാവിലെ നേരത്തെ തന്നെ യാത്ര തുടരും. ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍ തുടങ്ങി യാത്രക്കിടെ ഇഷ്ടപ്പെട്ട പല സ്ഥലങ്ങളിലും താമസിച്ചുകൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടു. ടെന്റ് കയ്യിലുണ്ടായിരുന്നെങ്കിലും അടിക്കേണ്ട ആവശ്യം പോലും വന്നില്ല. ഭൂരിഭാഗം സ്ഥലങ്ങളിലും 750-1000 രൂപക്കുള്ളിലായിരുന്നു റൂമിന്റെ വാടക.

ആകെ 25 ദിവസങ്ങളെടുത്ത യാത്രക്കിടെ 10,000കിലോമീറ്ററിലേറെ ഓരോരുത്തരും പിന്നിട്ടു. മൊത്തം ചിലവില്‍ വലിയ പങ്ക് വന്നത് ഇന്ധന ചിലവ് തന്നെയാണ്. ഓരോരുത്തര്‍ക്കും 24,000 മുതല്‍ 27,000 രൂപ വരെ പെട്രോളിന് ചിലവായി. ഗ്ലൗസും നീ പാഡുകളും ജാക്കറ്റും സണ്‍ഗ്ലാസും ഹെല്‍മെറ്റും ബൂട്ടും തുടങ്ങി സുരക്ഷാ ഉപകരണങ്ങള്‍ നേരത്തെ തന്നെയുണ്ടായിരുന്നതുകൊണ്ട് അതിനായി പ്രത്യേകം ചിലവ് വന്നില്ല.  

യാത്രക്കിടെ അപകടങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ആര്‍ക്കും കാര്യമായൊന്നും ഉണ്ടായില്ല. പരമാവധി സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടു മാത്രമുള്ള യാത്രയായതുകൊണ്ട് ചെറിയ വീഴ്ച്ചകള്‍ സംഭവിച്ചപ്പോള്‍ പോലും പരിക്കേറ്റില്ലെന്നും ഇവര്‍ പറയുന്നു. കോവിഡ് കാലമായിരുന്നതുകൊണ്ട് യാത്രയുടെ ഇടക്കുവെച്ച് പരിശോധനകളും മറ്റും പ്രതീക്ഷിച്ചിരുന്നു. മുന്‍കരുതലെന്ന നിലയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും കയ്യില്‍ കരുതിയിരുന്നു. എന്നാല്‍ അതൊന്നും ആവശ്യം വന്നില്ല. പലയിടത്തും പൊലീസുകാര്‍ പരിശോധിച്ചെങ്കിലും എങ്ങോട്ടു പോകുന്നു എവിടെ നിന്നു വരുന്നു തുടങ്ങിയ വിശേഷങ്ങളില്‍ പരിശോധന ഒടുങ്ങി.

ചണ്ഡീഗഡില്‍ വച്ച് അര്‍ജ്ജുന്റെ ബൈക്കിന് ഫ്യുവല്‍ ഇന്‍ജക്ഷന്‍ കേടായി. പെട്രോളടിച്ചപ്പോള്‍ മണ്ണ് കയറിയതാണ് കുഴപ്പമായത്. ചണ്ഡീഗഡില്‍ എത്തിയത് ഞായറാഴ്ച്ചയായതുകൊണ്ടുതന്നെ സ്‌പെയര്‍ ലഭിച്ചില്ല. പിറ്റേന്ന് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ നന്നാക്കി യാത്ര തുടരുകയും ചെയ്തു. ഇതുപോലുള്ള ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ യാത്രയുടെ ആവേശത്തില്‍ അലിഞ്ഞു പോവുകയും ചെയ്തു. എങ്കിലും ലഡാക്ക് എന്ന ലക്ഷ്യത്തിലെത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. മറിച്ച് പുതിയൊരു ലക്ഷ്യസ്ഥാനമായിരുന്നു ഇവരുടെ യാത്രക്കുണ്ടായിരുന്നത്. അപ്രതീക്ഷിതമായിരുന്നുവെന്ന് മാത്രമല്ല വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു അവിടെ ഇവരെ കാത്തിരുന്നത്.

അപ്രതീക്ഷിത കാഴ്ചകള്‍

അപ്രതീക്ഷിതമായ സംഭവങ്ങളും അനുഭവങ്ങളുമാണ് ഓരോ യാത്രകളുടേയും ഊര്‍ജ്ജം. ഈ മൂവര്‍ സംഘത്തിന്റെ യാത്രയിലും അത് വ്യത്യസ്തമായിരുന്നില്ല. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി കസോളില്‍ എത്തിയപ്പോഴായിരുന്നു ഇതിലൊന്ന്. പാര്‍വ്വതി വാലിയിലെ ഹിമാലയന്‍ ഗ്രാമമായ ടോഷിലേക്ക് നടത്തിയ ട്രക്കിംങ് ഹിമാലയന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് സമ്മാനിച്ചത്. കൂട്ടത്തില്‍ ഹിമാലയന്‍ ഓഫ് റോഡിംങിന്റെ അധിക അനുഭവവും കിട്ടി.

ലേയിലെത്തിയപ്പോഴേക്കും മഞ്ഞു വീഴ്ച്ച രൂക്ഷമായതോടെ ലഡാക്കെന്ന സ്വപ്‌ന ലക്ഷ്യം ഇവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെയാണ് ഋഷികേശും ഹരിദ്വാറുമെല്ലാം ലക്ഷ്യസ്ഥാനങ്ങളാവുന്നത്. ഋഷികേശില്‍ ബംഗി ജംപിംങും റിവര്‍ റാഫ്റ്റിംങുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങളായി. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയാണ് കേരളത്തിലേക്കുള്ള മടക്കം ആരംഭിക്കുന്നത്.

സൗഹൃദത്തിന്റെ കരുത്ത്

പ്രതിസന്ധികളെ പകുത്തെടുക്കുന്ന സൗഹൃദം നല്‍കുന്ന കരുത്ത് തിരിച്ചറിയാനും ഈ യാത്രകൊണ്ടായെന്ന് ഇവര്‍ പറയുന്നു. അത്യാവശ്യം വന്നാല്‍ സ്വയം ചെയ്യാനുള്ള പരിശീലനമെന്ന നിലക്ക് യാത്രക്ക് മുമ്പ് തന്നെ ബുള്ളറ്റിന്റെ ടയറുകള്‍ അഴിച്ചും ഫിറ്റ് ചെയ്തും നോക്കിയിരുന്നു. ഹാരിക്കും പിന്നെ അര്‍ജുനും ജിയോക്കും ചേര്‍ന്ന് പരിക്കാവുന്ന പ്രശ്‌നങ്ങളേ യാത്രക്കിടെ ഭൂരിഭാഗം തവണയും ഉണ്ടായുള്ളൂ.

ഒരുമിച്ചു യാത്ര ചെയ്തതിന്റെ ഗുണങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട് ഇവര്‍. ടൂള്‍സായാലും വാഹനത്തിന്റെ എക്‌സ്ട്രാ പാര്‍ട്‌സായാലും മൂന്നു പേര്‍ക്കും വെവ്വേറെ എടുക്കേണ്ട. ദീര്‍ഘയാത്രയില്‍ അപ്പോള്‍ തന്നെ ഭാരം ഒരുപടി കുറഞ്ഞു. സ്റ്റാന്റേഡ് 500 ബുള്ളറ്റിന് മൈലേജ് കുറവായതിനാല്‍ പെട്രോള്‍ പമ്പുകള്‍ കുറവുള്ള പ്രദേശങ്ങളില്‍ ഇന്ധന ടാങ്കായത് മറ്റു രണ്ടു പേരുടേയും ഹിമാലയനുകളായിരുന്നു. യാത്രക്കിടെ റൂം വാടകയും ഭക്ഷണചിലവുമെല്ലാം മൂന്നായി പകുത്തുപോവുകയും ചെയ്തു. 400ഉം 500ഉം കിലോമീറ്ററുകള്‍ നീണ്ട ഹൈവേ യാത്രകളില്‍ സംസാരിക്കാനും ഇടക്കൊരു ചായകുടിക്കാനും കൂട്ടരില്ലെങ്കില്‍ എത്രത്തോളം വിരസമായിരിക്കും ആ യാത്രകളെന്നാണ് ഇവര്‍ ചോദിക്കുന്നത്.

25 ദിവസം നീണ്ട യാത്രക്കൊടുവില്‍ മാര്‍ച്ച് 30നാണ് അര്‍ജുനും ഹാരിയും ജിയോയും തിരിച്ചെത്തുന്നത്. 18 സംസ്ഥാനങ്ങളിലൂടെ നീണ്ട അഖിലേന്ത്യാ യാത്രയില്‍ നിന്നും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു ഈ ദിവസങ്ങള്‍കൊണ്ട് ഇവര്‍ നേടിയത്. ഒപ്പം മറ്റൊന്നിനും പകരം വക്കാനാവാത്തതാണ് സൗഹൃദമെന്ന തിരിച്ചറിവും.

English Summary: Friends sharing Ladakh Bullet trip experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA