മാലദ്വീപിലേക്ക് ഇനി എന്തിന് പോകണം? വാട്ടര്‍ വില്ലകള്‍, റിസോർട്ടുകൾ; ‌മുഖച്ഛായ മാറ്റാൻ ലക്ഷദ്വീപ്

island
maldives and Minicoy island
SHARE

സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് മാലദ്വീപ്. കടൽക്കാഴ്ചകൾ ആസ്വദിച്ചുള്ള താമസമാണ് ഇവിടുത്തെ ഹൈലൈറ്റ്. മാലദ്വീപിലെ മിക്ക റിസോർട്ടുകളും വിദൂരകാഴ്ചയിൽ, മാലയിലെ മുത്തുകൾ പോലെയാണ്. ഈ വിനോദസഞ്ചാരകേന്ദ്രം ലോക പ്രശസ്തമായതും  മനോഹരവും അത്യാഡംബരപൂർണവുമായ റിസോർട്ടുകളുടെ പേരിലാണ്. മാലദ്വീപിന്റെ അതേ സൗന്ദര്യത്തിൽ കടൽക്കാഴ്ച ആസ്വദിച്ചുകൊണ്ട് റിസോർട്ടുകളിൽ താമസിക്കണോ? ഇനി യാത്ര ലക്ഷദ്വീപിലേക്കാകാം. ഇന്ത്യയിലാദ്യമായി വാട്ടര്‍ വില്ലകള്‍ ലക്ഷദ്വീപിൽ തുറക്കാനൊരുങ്ങുന്നു. ലക്ഷദ്വീപ് ഇനി മാലദ്വീപിന്റെ മുഖച്ഛായയിലേക്ക്.

ഇന്ത്യയിലെ ‘മാലദ്വീപ്’

ലക്ഷദ്വീപിന്റെ പ്രകൃതിദത്തവും മനോഹരവുമായ ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് വാട്ടര്‍ വില്ലകള്‍ സ്ഥാപിക്കുന്നത്. വിനോദസഞ്ചാര വികസനത്തിനൊപ്പം സമുദ്ര സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കാനുമുള്ള പദ്ധതിയാണിത്. നീതി ആയോഗിന്റെ കീഴിലുള്ള ആങ്കർ പ്രോജക്ടുകളായിട്ടാണ് ഈ ദ്വീപുകളിൽ പരിസ്ഥിതി ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതെന്നു ഭരണകൂടം വ്യക്തമാക്കി. പദ്ധതിയുടെ ഓരോ ഘട്ടത്തിലും സ്വീകരിക്കപ്പെടുന്ന ശാസ്ത്രീയ സമീപനം പ്രദേശവാസികളുടെ ഉപജീവനമാർഗങ്ങൾ തടസപ്പെടുത്താതെയായിരിക്കുമെന്നും പവിഴപ്പുറ്റുകളും പരിസ്ഥിതിയും സംരക്ഷിക്കുമെന്നും ഭരണകൂടം അവകാശപ്പെടുന്നുണ്ട്.

Minicoy-Island
Minicoy island (Dari nimam/shutterstock)

ലക്ഷദ്വീപിൽ നടപ്പാക്കുന്ന പുതിയ ഭരണപരിഷ്കാരങ്ങളുടെ പേരിൽ കുറച്ചുനാളുകളായി പ്രതിഷേധങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് വിനോദസഞ്ചാര മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ  ഭരണകൂടം തയാറാകുന്നത്. ലക്ഷദ്വീപിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമമായിട്ടാണ് ഇതിനെ ചിലർ കാണുന്നതെങ്കിൽ പ്രദേശവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണിതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. 

ചെലവ് 800 കോടി

മാലദ്വീപ് മാതൃകയിലുള്ള മൂന്ന് പ്രീമിയം വാട്ടർ വില്ലകളായിരിക്കും ലക്ഷദ്വീപിൽ നിർമിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഈ മൂന്ന് പ്രീമിയം പ്രോജക്ടുകൾ കടമത്ത്, മിനിക്കോയ്, സുഹേലി എന്നീ ദ്വീപുകളിലായിരിക്കും. . 800 കോടി രൂപ മുടക്കി 370 ഇക്കോ ടൂറിസം വില്ലകളും വാട്ടര്‍ വില്ലകളും നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. 

maldives-1
Maldives

മിനിക്കോയിയിൽ നിർമിക്കാനുദ്ദേശിക്കുന്ന പ്രോജക്ടിൽ 150 പേർക്കു താമസ സൗകര്യം ഉണ്ടായിരിക്കും. ഏകദേശം 319 കോടി രൂപ ചെലവ് വരുന്ന പ്രോജക്ടാണിത്. സുഹേലിയിലേത് 110 മുറികളുള്ള  സംരംഭമാണ്. ഇതിന് കണക്കാക്കുന്ന ചെലവ് 247 കോടി രൂപ. കദാമത്തിലേത് 240 കോടി രൂപ ചെലവിൽ പണിയുന്ന 110 വില്ലകളുടെ പ്രോജക്ടാണ്. 

ലോകോത്തര സൗകര്യങ്ങളില്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലകളാണ് നിര്‍മിക്കുകയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ നിര്‍മിക്കുന്ന വില്ലകള്‍ ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. 75 വര്‍ഷത്തിനുള്ളില്‍ മുടക്കിയ തുക പൂര്‍ണമായും തിരിച്ചുകിട്ടുകയാണു ലക്ഷ്യം. അത്യാ‍ഡംബരങ്ങൾ നിറഞ്ഞ താമസസൗകര്യങ്ങൾക്കൊപ്പം സഞ്ചാരികൾക്കായി വിവിധ തരത്തിലുള്ള സാഹസിക പ്രവർത്തനങ്ങളും ഇത്തരം റിസോർട്ടുകളിൽ ഒരുക്കുന്നുണ്ട്. പ്രകൃതിസൗന്ദര്യത്തിനൊപ്പം ലക്ഷ്വറി റിസോർട്ടുകൾ കൂടി വരുന്നതോടെ വിനോദസഞ്ചാര ഭൂപടത്തിൽ ദ്വീപിന്റെ മുഖച്ഛായ തന്നെ മാറും എന്ന പ്രതീക്ഷയിലാണ് അധികൃതർ.

English Summary: Maldives Style Water Villas Soon in Lakshadweep For Tourists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA