ADVERTISEMENT

വിനോദയാത്ര എന്നാല്‍ പലര്‍ക്കും പലതാണ്. ചിലര്‍ക്ക് സമൂഹമാധ്യമങ്ങള്‍ ചിത്രങ്ങളെക്കൊണ്ട് നിറയ്ക്കാനുള്ള ഒരു ഉപാധിയാകുമ്പോള്‍ മറ്റു ചിലര്‍ക്കത് ആത്മാവും മനസ്സും പുതുക്കിയെടുക്കാനുള്ള വഴിയാണ്. കൂടുതല്‍ അറിവുകള്‍ തേടി യാത്ര ചെയ്യുന്നവരുമുണ്ട്. എന്തുതന്നെയായാലും, ആള്‍ത്തിരക്ക് ചിലപ്പോൾ യാത്രക്കിടയിലെ രസംകൊല്ലിയാണ്. പ്രത്യേകിച്ച് കൊറോണ പടർന്നു പിടിക്കുന്ന ഇൗ സാഹചര്യത്തിൽ. ജനക്കൂട്ടമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ഥലങ്ങളും അനുഭവങ്ങളും ഒന്നു ശരിക്കാസ്വദിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, അധികം പേരൊന്നും കടന്നുചെന്നിട്ടില്ലാത്ത ഒട്ടേറെ മനോഹര സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ബഹളങ്ങള്‍ ഇഷ്ടമില്ലാത്ത സഞ്ചാരികള്‍ക്ക് ഏറെ അനുയോജ്യമായ അത്തരം ചില ഇടങ്ങള്‍ പരിചയപ്പെടാം.

അരക്കു താഴ്‌വര, ആന്ധ്രാപ്രദേശ്

ആന്ധ്രാ–ഒഡീഷ അതിര്‍ത്തിക്കടുത്തായാണ് അരക്കു താഴ്‌‍‍‍വര. വിശാഖപട്ടണത്തു നിന്നും 115 കി.മി ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സമുദ്ര നിരപ്പിൽ നിന്നു 600 മീ. മുതൽ 900 മീ.വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം 'ആന്ധ്രാപ്രദേശിന്‍റെ ഊട്ടി' എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ സുന്ദരമായ കാലാവസ്ഥയും പച്ചപുതച്ച മലനിരകളും, മഞ്ഞണിഞ്ഞ താഴ്‌‍‍‍വരകളുമെല്ലാം ആരുടേയും മനംമയക്കും.

Araku-Valley

ഇരുവശത്തും കൊടുംവനങ്ങള്‍ നിറഞ്ഞ പാതയിലൂടെയാണ് ഇവിടേക്കുള്ള യാത്ര തന്നെ. കൂടാതെ നിരവധി ടണലുകളും പാലങ്ങളും കാപ്പിത്തോട്ടങ്ങളുമെല്ലാം വഴിയോരങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതും കാണാം. കാടിന്‍റെ നിശ്ശബ്ദത ആസ്വദിച്ചു കൊണ്ട് ട്രെക്കിങ്ങിന് അനുയോജ്യമായ നിരവധി റൂട്ടുകള്‍ ഇവിടെയുണ്ട്. അരക്കിൽ നിന്ന് 29 കി.മി ദൂരത്തിലായാണ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബോറ ഗുഹകൾ സ്ഥിതിചെയ്യുന്നത്.

യുസ്മാര്‍ഗ്, കശ്മീര്‍

കശ്മീർ താഴ്‌‍‍‍വരയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു ഹിൽസ്റ്റേഷനാണ് യുസ്മാർഗ്. 'ജീസസിന്റെ പുൽത്തകിടി' എന്നാണ് ഈ പേരിനര്‍ത്ഥം. ശ്രീനഗറിൽ നിന്ന് 47 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മനോഹരമായ ഭൂപ്രകൃതിയും പുല്‍ത്തകിടികളും പൈന്‍ തോട്ടങ്ങളും ആകാശത്തെ നെഞ്ചിലേറ്റി നില്‍ക്കുന്ന തടാകങ്ങളും കൊണ്ട് നിറഞ്ഞതാണ്. 

നീല നിറമുള്ള ജലത്തിന് പേരുകേട്ട നീലനാഗ് എന്ന ചെറിയ തടാകത്തിലേക്കുള്ള 4 കി.മീ ട്രെക്കിങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. സാങ്-ഇ-സഫേദ് താഴ്‌വരയിലേക്കുള്ള 10 കിലോമീറ്റർ ട്രെക്കിങ്ങും അവിസ്മരണീയമായ അനുഭവമാണ്. വേനൽക്കാലത്ത് പോലും മഞ്ഞുമൂടിക്കിടക്കുന്ന ഒരു തടാകമുണ്ട് ഈ താഴ്വരയില്‍. കൂടാതെ, കുതിരസവാരി, മത്സ്യബന്ധനം, സ്കീയിങ് എന്നിവയും ഇവിടുത്തെ പ്രധാന വിനോദങ്ങളാണ്. 

Nako--Himachal-Pradesh

നാകോ, ഹിമാചല്‍‌പ്രദേശ്

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ട്രാൻസ്-ഹിമാലയൻ പ്രദേശത്ത് ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നാകോ. നാകോ തടാകം, 1025 -ല്‍ നിര്‍മിച്ച നാകോ മഠം, വിവിധ ബുദ്ധമത കേന്ദ്രങ്ങള്‍, ചാന്‍ഗോ ഗോമ്പ എന്നിവ ഇവിടത്തെ പ്രധാന കാഴ്ചകളാണ്. കൂടാതെ ട്രെക്കിങ്ങിന് അനുയോജ്യമായ നിരവധി ഇടങ്ങളും ഇവിടെയുണ്ട്. അടുത്തുള്ള ചാക്കോ, ഹാംഗോ, ടാഷിഗാങ് ഗ്രാമങ്ങളിലേക്ക് ട്രെക്കിങ് പാതകളുണ്ട്. 

മുന്‍സിയാരി, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലാണ് മുൻസിയാരി സ്ഥിതിചെയ്യുന്നത്. 'മഞ്ഞുള്ള സ്ഥലം' എന്നാണ് മുൻസിയാരി എന്ന പേരിന്‍റെ അര്‍ത്ഥം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2,200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷന്‍ വിവിധ ഹിമാലയന്‍ ട്രെക്കിങ്ങുകളുടെ തുടക്കസ്ഥലം കൂടിയാണ്. 

munsiyari

ഗോരിഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മുൻസിയാരിയില്‍ ഈയടുത്ത കാലത്തായി ടൂറിസം പതിയെ വളര്‍ന്നു കൊണ്ടിരിക്കുന്നു. 

ഹാഫ്ലോംഗ്, ആസാം

ആസാമിലെ ഒരേയൊരു ഹില്‍സ്റ്റേഷനാണ് ഹാഫ്ലോംഗ്. ദിമ ഹസാവോ ജില്ലയിലാണ് ഹാഫ്ലോംഗ് പട്ടണം സ്ഥിതിചെയ്യുന്നത്. നിരവധി മനോഹരമായ തടാകങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ വനങ്ങളും നിറഞ്ഞ ഈ മനോഹരമായ ഹിൽ സ്റ്റേഷന്‍ പ്രകൃതി സ്നേഹികളുടെയും ക്യാമ്പിങ് പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ്.  

സമുദ്രനിരപ്പിൽ നിന്ന് 600 മീറ്ററിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹാഫ്ലോംഗില്‍ ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവയ്ക്ക് അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. ഗുവാഹത്തിയിൽ നിന്നും സിൽചറിൽ നിന്നും ഇവിടേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. 

English Summary: Offbeat Spots to Visit in India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com