ADVERTISEMENT

കിഴക്കൻ ലഡാക്കിലെ ഉംലിംഗ ചുരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് നിർമിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO). ഗതാഗതയോഗ്യമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ റോഡ് എന്ന റെക്കോര്‍ഡ് ഇനി 19,300 അടി ഉയരത്തില്‍ നിര്‍മിച്ച ഈ റോഡിനു സ്വന്തം. 

എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാൾ ഉയരത്തിലാണ് ഈ റോഡ്‌. ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടി ഉയരത്തിലും നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ എവറസ്റ്റ് കൊടുമുടിക്ക് 29,000 അടി ഉയരമുണ്ട്.

ഹിമാലയത്തിന്‍റെ ഭാഗമായ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി, 17,700 അടി ഉയരമുള്ള സിയാച്ചിൻ ഹിമാനിയേക്കാള്‍ ഉയരത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു ഉയരമേറിയ റോഡായ ലേയിലെ ഖർദുങ് ലാ ചുരം 17,582 അടി ഉയരത്തിലാണ് ഉള്ളത്. ബൊളീവിയയിലായിരുന്നു ഇതുവരെ  ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ്‌ ഉണ്ടായിരുന്നത്. ഇന്ത്യയിലെ പുതിയ റോഡ്‌ നിര്‍മിച്ചതോടെ ഉട്ടുരുങ്കു അഗ്നിപര്‍വതതിലൂടെ കടന്നുപോകുന്ന18,953 അടി ഉയരമുള്ള ബൊളീവിയന്‍ റോഡിന്‍റെ റെക്കോര്‍ഡ് തകര്‍ന്നു.

കിഴക്കൻ ലഡാക്കിലെ ചുമർ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഉംലിംഗ ചുരത്തിലെ 52 കിലോമീറ്റർ നീളമുള്ള ടാര്‍മാക് സ്ട്രെച്ചിലൂടെയാണ് പുതിയ റോഡ് നിർമിച്ചിരിക്കുന്നത്. ലേയെയും ചിംസുലെ, ഡെംചോക് പ്രദേശങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ്‌ പ്രാദേശികരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. 

ദുര്‍ഘടമായ ഭൂപ്രകൃതിയും കുറഞ്ഞ താപനിലയും കാരണം ഉംലിംഗ്ല പാസ് പോലുള്ള സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം വളരെ ബുദ്ധിമുട്ടേറിയതാണ്. ശൈത്യകാലത്ത് താപനില -40 ഡിഗ്രി വരെ താഴുന്ന പ്രദേശമാണ് ഇവിടം. ഇവിടെയുള്ള ഓക്സിജന്‍റെ അളവാകട്ടെ, സാധാരണ സ്ഥലങ്ങളേക്കാൾ ഏതാണ്ട് 50 ശതമാനം കുറവുമാണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെല്ലാം അതിജീവിച്ചാണ് ബിആര്‍ഒ ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 

2017 മുതലാണ്‌ ഈ റോഡിന്‍റെ നിര്‍മാണം ആരംഭിച്ചത്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ മറ്റൊരു അഭിമാന നേട്ടമാണ് ഈ റോഡിന്‍റെ പൂര്‍ത്തീകരണം. 

English Summary: Highest Motorable Road in the World in Eastern Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com