ജന്മന ചലനശേഷിയില്ല, പ്രതിസന്ധികളെ അതിജീവിച്ച് അമൽ എത്തിയത് റോഹ്താങ് ചുരം വരെ

amal-travel3
SHARE

ഇത് അമൽ. 90 ശതമാനം വൈകല്യവുമായി ജനിച്ചവൻ. ഇന്ന് നൂറല്ല, നൂറ്റിപ്പത്ത് ശതമാനവും പ്രചോദനമാണവൻ . സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ച അന്നു മുതൽ ജീവിതം ആശുപത്രിയിലായിരുന്നു.‌‌‌‌‌‌‌ തുടർച്ചയായി ശസ്ത്രക്രിയകൾ നടത്തി. ഇരുത്തിയാൽ മറിഞ്ഞു വീഴുന്ന അവസ്ഥ. ഇൗ രോഗാവസ്ഥയിൽ നിന്നും ഹിമാലയത്തിലെ റോഹ്താങ് ചുരത്തിൽ വരെ യാത്ര നടത്തിയ അമലിന്റെ അതിജീവനത്തിന് ഹിമാലയത്തോളം വലുപ്പമുണ്ട്. ടീം സഫാരിക്കൊപ്പം കുളുവിലെ ബ്യാസ് നദിയിലും തേജസിനി നദിയിലും അമൽ റിവർ റാഫ്റ്റിങ് നടത്തി. 2 ഷോർട്ട് ഫിലിമിലും അഭിനയിച്ചു. പത്താംക്ലാസുകാരനായ അമൽ പുളിക്കൽ വി.സി. ഹൗസിലെ മുഹമ്മദ് ഇഖ്ബാലിന്റെയും ഫെമിനയുടെയും മകനാണ്. സമയും ഹിമയുമാണ് അമലിന്റെ സഹോദരിമാർ

അമലിന്റ ചെറുപ്പനാളുകളെക്കുറിച്ച് പിതാവ് ഇഖ്ബാൽ പറയുന്നു

ഞങ്ങളുടെ ആദ്യത്തെ കുട്ടിയാണ്. ഏഴാം മാസമായിരുന്നു ജനനം. ജന്മനാ പ്രശ്നങ്ങൾ. തിരിച്ചു കിട്ടില്ലെന്ന് എല്ലാവരും വിധിയെഴുതി. ചുരുണ്ടു കൂടിയ ശരീരം, കൈയും കാലുകളും പിണഞ്ഞു കിടക്കുന്നു. അന്നു മുതൽ ഞങ്ങളുടെ ജീവിതം ആശുപത്രിയിൽ നിന്നും ആശുപത്രികളിലേക്കായിരുന്നു. എങ്ങനെയും കുട്ടിയെ ആരോഗ്യവാനാക്കണമെന്ന ഒറ്റ ചിന്തമാത്രമെ എനിക്കും ഫെമിനയ്ക്കും ഉണ്ടായിരുന്നുള്ളു. ലഭ്യമായ ചികിത്സകളെല്ലാം ചെയ്തു. ബെംഗളൂരുവിൽ വച്ച് 15 തവണയാണ്  കൊച്ചുശരീരം കീറിമുറിച്ച് ശസ്ത്രക്രിയ നടത്തിയത്. കൈയിലും കാലിലും പേശികൾ വളർത്തിയെടുക്കണം.

amal-travel1

പിണഞ്ഞു കിടക്കുന്ന ശരീരം നേരെയാക്കണം ഇതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ചെറുപ്പത്തിൽ അമൽ സംസാരിക്കില്ലായിരുന്നു. എന്നിട്ടും ഞങ്ങൾ അവനെ സ്കൂളിൽ അയച്ചു. പഠന വൈകല്യമുണ്ടായിരുന്നു. നാലാം ക്ലാസിൽ എത്തിയപ്പോഴാണ് ചെറുതായെങ്കിലും സംസാരിച്ചു തുടങ്ങിയത്. ഫിസിയോ തെറാപ്പി ചെയ്യുമ്പോൾ അമൽ വേദന കൊണ്ട് പുളയുമായിരുന്നു കണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ലെന്നു മാതാവ് ഫെമിന പറഞ്ഞു. എന്നാൽ മറ്റ് കുട്ടികളെ പോലെ ആകണമെന്ന അതിതീവ്ര ആഗ്രഹം അവന്റെ മനസ്സിലുണ്ടായിരുന്നു വേദന കടിച്ചു പിടിച്ച് അവൻ അത് പൂർത്തിയാക്കുമായിരുന്നു.

∙പഠന വൈകല്യത്തെ മറികടന്ന് ഒന്നാമനായി

കണക്ക് അമലിന് മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. അമലിനെ പഠിപ്പിക്കുവാനായി ഞങ്ങൾ ഞങ്ങളുടെതായ ശ്രമങ്ങൾ നടത്തി. ഓർമ ശക്തി ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അക്ഷരങ്ങൾ പഠിപ്പിച്ചു. വായിക്കാൻ പഠിപ്പിച്ചു. പുസ്തകങ്ങൾ നൽകി. ലൈബ്രറി കൗൺസിൽ നടത്തുന്ന വായന മത്സരങ്ങളിൽ അവൻ ഒന്നാമനായി. പിന്നീട് പങ്കെടുത്ത ക്വിസ് മത്സരങ്ങളിലെല്ലാം ജേതാവായി. സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതൊക്കെ മറികടക്കാൻ പരിശീലിച്ചു.

amal-travel

പ്രസംഗ മത്സരങ്ങളിൽ ഒന്നാമനായി. ശാസ്ത്ര മേളയിൽ പ്രോജക്ടുകൾ അവതരിപ്പിച്ചു. അവന്റെ ശരീരത്തിലെ വൈകല്യങ്ങളെക്കുറിച്ചും അത് മറികടക്കാനുള്ള മാർഗങ്ങളുമായിരുന്നു ശാസ്ത്രമേളയിലെ അമലിന്റെ പ്രോജക്ടുകൾ. ശ്വസന പ്രശ്നങ്ങൾ ആദ്യ കാലത്ത് ഉണ്ടായിരുന്നു. എന്നാൽ നിരന്തര പരിശ്രമത്തിലൂടെയും പ്രാണായാമത്തിലൂടെയും അവയെല്ലാം മറികടന്നു. ഇപ്പോൾ  പാട്ട് പാടാനും സാധിക്കും.

∙പഞ്ചഗുസ്തിക്കാരൻ

ഫിസിയോ തെറാപ്പിയിലൂടെ തളർന്ന വലംകൈയെ കരുത്തുറ്റതാക്കി. പിന്നെ പഞ്ചഗുസ്തി മത്സരത്തിൽ ആയി ശ്രദ്ധ. സംസ്ഥാന തലത്തിൽ മത്സരിക്കാൻ കഴിഞ്ഞു. എല്ലാ ഇനങ്ങളിലും ജനറൽ വിഭാഗത്തിൽ തന്നെയാണ് പങ്കെടുക്കുന്നത്.

∙മലപ്പുറത്തു നിന്ന് മസ്ക്കറ്റിലേക്ക്

പുളിക്കൽ എഎംഎംഎൽപി സ്കൂളിൽ നിന്നും ജെഡിടി ഇസ്‌ലാം സ്കൂളിലേക്ക് മാറി.ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഇ.അഹമ്മദ് മോഡൽ പാർലമെന്റിൽ ഔട്ട് സ്റ്റാൻറ്റിങ് ഡിപ്ലോമെൻസി അവാർഡ് നേടി. ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളോട് മത്സരിച്ചാണ് അമൽ വിജയം സ്വന്തമാക്കിയത്.

amal-travel2

മസ്ക്കറ്റിൽ നടന്ന മോഡൽ യുഎൻ പാർലമെന്റിൽ പങ്കെടുക്കാൻ അവസരം കിട്ടി. മസ്ക്കറ്റിൽ വച്ച് ഐക്യരാഷ്ട്ര സഭയിലേക്ക് ക്ഷണം ലഭിച്ചു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ  അത് നടന്നില്ല.

∙അമൽ എന്ന സഞ്ചാരി

യാത്രകൾ അമലിന് പ്രിയപ്പെട്ടതാണ്. 9 സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. നീലഗിരി, മൈസൂർ, ആഗ്ര, മണാലി , പഞ്ചാബ് , ഹരിയാനയിലെല്ലാം പോയിട്ടുണ്ട്. കാറിലും ട്രെയിനിലുമാണ് യാത്ര.പുഴയിലൂടെയുള്ള റാഫ്റ്റിങ് വീഡിയോകൾ കണ്ടു തുടങ്ങിയപ്പോൾ റാഫ്റ്റിങ് ചെയ്യാനായി ആഗ്രഹം. ശാരീരിക പ്രശ്നങ്ങൾ ഒന്നും തടസമായി വന്നില്ല. മനസ്സ് ഉറപ്പുള്ളതായാൽ മാത്രം മതി. ടീം സഫാരിക്കൊപ്പം കാസർകോട്ടെ തേജസ്വിനി പുഴയിലും കുളുവിലെ ബ്യാസ് നദിയിലും അവനെയും കൊണ്ട്  റാഫ്റ്റിങ് നടത്തി. വർഷം മുഴുവൻ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന റോഹ്താങ് ചുരത്തിലും അമൽ എത്തി. കുത്തബ് മീനാറിലെ അലൈൻ ദർബാസിയിലൂടെ വോക്കറിൽ നടന്നു.

∙അമലിന്റെ ജീവിതം ഹ്രസ്വ ചിത്രമായി

ഒന്നര വർഷത്തെ അടച്ചുപൂട്ടലിൽ പുറത്തിറങ്ങാൻ കഴിയാതായതോടെ യാത്രകൾ കുറഞ്ഞു. ആയുസ്സ് മുഴുവൻ വീടിന്റെ അകത്തളങ്ങളിൽ കഴിയുന്നവരുടെ അവസ്ഥ ലോകത്തെ അറിയിക്കാൻ മുഹമ്മദ് ഇഖ്ബാൽ തീരുമാനിച്ചു. ഭിന്ന ശേഷിക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഇഖ്ബാൽ തന്നെയാണ്.

കോവിഡ് ബോധവൽക്കരണവും ചിത്രത്തിലൂടെ നൽകാൻ ശ്രമിക്കുന്നുണ്ട്. അമലാണ് പ്രധാന വേഷത്തിൽ എത്തുന്നത്. നടൻ വിനോദ് കോവൂരും ചിത്രത്തിലുണ്ട്. വൈകല്യത്തിലൂടെ ബോഡി ഷെയിമിങ്ങിനെ നേരിടുന്ന അവസ്ഥയിലും സാമൂഹിക പ്രശ്നങ്ങള തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന വ്യക്തിയെയാണ് അമൽ അവതരിപ്പിക്കുന്നത്. കോവിഡ് ബോധവൽക്കരണം ലക്ഷ്യമിട്ട് പുറത്തിറക്കിയ മുറിക്കുട്ടിയിലും  അമൽ അഭിനയിച്ചിട്ടുണ്ട്.

∙മോട്ടിവേഷൻ സ്പീക്കർ 

അമൽ ഇൻസ്പെയർ യൂ ട്യൂബ് ചാനലിലൂടെ തന്റെ കഥ അമൽ ലോകത്തോട് പറയുന്നുണ്ട്. പരിശ്രമമുണ്ടെങ്കിൽ എന്തിനെയും ചങ്കൂറ്റത്തോടെ നേരിടാൻ കഴിയുമെന്നും അമൽ പറയുന്നു.തന്നെപ്പോലുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകളെടുക്കും.  

∙അമൽ ഫൗണ്ടേഷൻ

അധ്യാപകരും സുഹൃത്തുക്കളും ചേർന്ന് അമൽ ഫൗണ്ടേഷൻ എന്ന സംഘടന ആരംഭിച്ചിട്ടുണ്ട്. അമലിന്റെ അതിജീവന മാർഗങ്ങൾ മൊഡ്യൂളുകളായി സൂക്ഷിച്ചിട്ടുണ്ട്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളുടെ അതിജീവനത്തിന് ഇവ സഹായകമാണ്. ഈ കുട്ടികളെ എങ്ങനെ പരിചരിക്കണമെന്നും എങ്ങനെ പരിശീലനം നൽകണമെന്നും അമലിന്റെ പരീക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഇവർ പറഞ്ഞു നൽകും.

ചാരിറ്റിബിൾ സംഘടനയായി  റജിസ്ട്രർ ചെയ്ത് ഭിന്നശേഷി ക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനുള്ള തയാറെടുപ്പിലാണിവർ. മകന്റെ പരിചരണത്തിനായി ഗൾഫിലെ ജോലി ഇക്ബാൽ ഉപേക്ഷിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചക്രക്കസേരമുതൽ ശുചി മുറിവരെ ഇക്ബാൽ രൂപകൽപന ചെയ്തിട്ടുണ്ട്. അമലിനെ സ്കൂൾ കൊണ്ടുപോകുമ്പോൾ സഹായത്തിനായി ഇഖ്ബാലും മുഴുവൻ സമയം ചെലവിടും. ശുചിമുറിയിൽ ഒറ്റക്ക് പോവാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനായി ഫൗണ്ടേഷന്റെ സഹായത്തോടെ പ്രത്യേക വീൽ ചെയർ തയാറാക്കി. ഇതിന്റെ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.സെറിബൽ പാൾസി ബാധിച്ചവർക്കും സാധാരണ ജീവിതം സാധ്യമാണെന്നും. കാലഹരണപ്പെട്ട ചികിത്സയ്ക്കു പകരും ആധുനിക ചികിത്സ ലഭ്യമാക്കണമെന്നും അമൽ പറയുന്നു.

English Summary: Challenging Travel Life of Amal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA