മകൾക്കൊപ്പം കശ്മീരിലേക്ക് അമ്മയുടെ ബുള്ളറ്റ് യാത്ര;ഇടയ്ക്കൊരു നോട്ടിസ്, ഇതാണ് സംഭവിച്ചത്

bullet-trip1
SHARE

വർഷങ്ങളായി മനസ്സിലുള്ളൊരു സ്വപ്നയാത്രയിലായിരുന്നു കഴിഞ്ഞ മാസം പയ്യന്നൂർ സ്വദേശിനിയും കാനായി നോർത്ത് യുപി സ്കൂളിലെ അധ്യാപികയുമായ അനീഷ മധുസൂദനൻ. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ മകൾ മധുരിമയ്ക്കൊപ്പമായിരുന്നു അനീഷയുടെ യാത്ര. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു, ഹിമാചൽ പ്രദേശ്, ചണ്ഡിഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ 28 ദിവസത്തെ യാത്രയായിരുന്നു അനീഷയുടെയും മധുരിമയുടേതും. അനീഷ പറയുന്നു ആ യാത്രയെക്കുറിച്ച്, യാത്രയുടെ പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നെത്തിയ കാരണം കാണിക്കൽ നോട്ടിസിനെക്കുറിച്ച്... 

മകൾക്കൊപ്പമുള്ള യാത്ര

28 ദിവസത്തെ യാത്രയായിരുന്നു ഞങ്ങളുടേത്. 3 വർഷം മുൻപേ മനസ്സിൽ ഇങ്ങനെയൊരു കശ്മീർ യാത്രയുണ്ട്. അവധിക്കാലത്തു പോകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ കോവി‍ഡ് വന്ന് ആ യാത്ര മുടങ്ങി. ഈ ബുള്ളറ്റ് യാത്രയ്ക്ക് ഒരു സഹയാത്രികയ്ക്കായി കുറച്ചു നാൾ മുൻപേ തിരക്കുന്നുണ്ട്. എന്നാൽ ഒരു കൂട്ട് കിട്ടിയിരുന്നില്ല. ഇതിനിടെ മകൾക്കു ലൈസൻസ് ലഭിച്ചു. ‘എങ്കിൽപ്പിന്നെ മകളെയും ഒപ്പം കൂട്ടിക്കോ..’ എന്നു ഭർത്താവ് മധുസൂദനന്റെ നിർദേശം ലഭിച്ചതോടെ അവളെയും കൂട്ടി. അവൾക്കും നല്ല താൽപര്യമായിരുന്നു ഈ യാത്ര. 

bullet-trip

മകൾ വരുന്നുവെന്നു തീരുമാനിച്ചതോടെ ഒരുപാട് സന്തോഷവും. മറ്റു ജില്ലകളിൽനിന്നുള്ളവരും യാത്രാ സമയത്തു കൂടെയുണ്ടായിരുന്നു. കാസർകോട് സ്വദേശിയായ ഹൈദർ എന്നൊരാൾ ഈ സമയത്ത് യാത്ര ചെയ്യുന്ന മറ്റുള്ളവരെക്കുറിച്ചുള്ള വിവരം നൽകിയിരുന്നു. കശ്മീർ യാത്രയ്ക്കു മുന്നോടിയായി ഇക്കഴിഞ്ഞ ജനുവരിയിൽ മകളെയും കൂട്ടി മൈസൂരുവിലേക്കു ബുള്ളറ്റ് യാത്ര നടത്തിയിരുന്നു. മുൻപുള്ള ദീർഘയാത്ര അതായിരുന്നു. വയനാട്ടിൽ കുറച്ചു സുഹൃത്തുക്കളുണ്ടായിരുന്നു. പയ്യന്നൂരിൽനിന്നു വയനാട്ടിലെത്തി അവിടെനിന്നായിരുന്നു മൈസൂരുവിലേക്കുള്ള യാത്ര. 

സുരക്ഷയ്ക്കായിരുന്നു പ്രധാന്യം

ഓരോ ദിവസവും എവിടെയെത്തുന്നുവോ അവിടെനിന്നാണു താമസ സൗകര്യം കണ്ടെത്തിയിരുന്നത്. ഒരു ദിവസം എവിടെ വരെ സഞ്ചരിക്കും എന്നു മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്തതിനാൽ താമസസ്ഥലം മുൻകൂട്ടി കണ്ടെത്തുകയോ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. മകളും ഒപ്പമുണ്ടായിരുന്നതിനാൽ സുരക്ഷയ്ക്കായിരുന്നു ഏറെ പ്രധാന്യം. ജമ്മു വരെയുള്ള യാത്രയിൽ ടൗണുകളായിരുന്നതിനാൽ താമസസൗകര്യത്തിനൊന്നും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കശ്മീർ കഴിഞ്ഞതിനു ശേഷമായിരുന്നു ഓടിയെത്താൻ ചെറിയ ബുദ്ധിമുട്ട്. അവിടെ താമസസൗകര്യം കണ്ടെത്താൻ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്നിരുന്നു. 

bullet-trip3

വാഹനത്തിനു വേണ്ട എല്ലാ അറ്റകുറ്റപണികളും മുൻകൂട്ടി ചെയ്തിരുന്നു. യാത്രയ്ക്കിടെ ബുള്ളറ്റിനു മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. 12–ാമത്തെ ദിവസമാണ് യാത്ര ജമ്മുവിലെത്തിയത്. പിന്നീടു റോഡ് മോശമായതു ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. യാത്ര തീരെ പറ്റാത്ത സമയത്ത് ഞങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവരുടെ സഹായത്തോടെ യാത്ര തുടരേണ്ട അവസ്ഥയും വന്നിട്ടുണ്ട്. ഓക്സിജൻ ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ താമസിക്കേണ്ടതായും വന്നു.

കാരണം കാണിക്കൽ നോട്ടിസിനെക്കുറിച്ച്...

സംസ്ഥാനം വിട്ടുപോകുന്നതിനു വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുമതി വാങ്ങാത്തതിനെ തുടർന്ന് അനീഷയ്ക്കു പയ്യന്നൂർ എഇഒ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. അതിനെക്കുറിച്ച് അനീഷ പറയുന്നു: എച്ച്എമ്മുമായി യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു. അതു പ്രകാരമുള്ള കത്ത് നൽകിയതിനു ശേഷമായിരുന്നു ഞങ്ങളുടെ യാത്ര. മറ്റെന്തെങ്കിലും നിയമവശങ്ങളുണ്ടോ എന്ന് ഒരുപാട് അന്വേഷിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച് ആരുമൊന്നും പറഞ്ഞിരുന്നില്ല. ഇങ്ങനെ അനുമതി വാങ്ങണമെന്ന് അറിയാത്തതിനാലാണ് അതു ചെയ്യാതിരുന്നത്. 

പത്രങ്ങളിൽ വാർത്ത വന്നതോടെ എച്ച്എം മുഖേനെ എഇഒ ഇക്കാര്യം അറിയിച്ചിരുന്നു. മാനസികമായി അതേറെ വിഷമമുണ്ടാക്കി. പിന്നീടുള്ള യാത്രയെയും അതു ബാധിച്ചു. കശ്മീരിൽനിന്നു തിരിച്ച് ന്യൂഡൽഹിയിലെത്തി യാത്ര അവസാനിപ്പിച്ച് അവിടെനിന്നു ട്രെയിനിൽ നാട്ടിലേക്കു മടങ്ങാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ അതിനിടെ ഇത്തരമൊരു പ്രശ്നമുണ്ടായതിനാൽ ചണ്ഡിഗഢിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. അവിടെനിന്നു ട്രെയിനിലാണു മടങ്ങിയത്. 30 ദിവസത്തെ യാത്രയാണു കരുതിയിരുന്നത്. എന്നാൽ അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നാട്ടിലെത്തി കാരണം കാണിക്കൽ നോട്ടിസ് കൈപ്പറ്റി കൃത്യസമയത്തിനുള്ളിൽ അതിനു വേണ്ട മറുപടി നൽകിയിട്ടുണ്ട്. 

അടുത്ത യാത്ര

മനസ്സിൽ അതിയായ ആഗ്രഹമുണ്ട്, ഇനിയൊരു യാത്രയെക്കുറിച്ച്. ഈ യാത്രയ്ക്കൊപ്പം ഭൂട്ടാനും നേപ്പാളുമൊക്കെ മനസ്സിലുണ്ടായിരുന്നു. എന്നാൽ അതു സാധിച്ചില്ല. അതൊക്കെ മനസ്സിൽ ശേഷിക്കുന്നുണ്ട്. ഇനിയുള്ള യാത്രയിൽ ഇതുപോലുള്ള പിഴവുകളൊന്നും ഉണ്ടാകാതെ നോക്കും. 

English Summary: Unforgettable Journey of a Mother to Kashmir Along with her Daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA