ADVERTISEMENT

കൊറോണയെ ഭയന്നാണ് ജീവിതം മുന്നോട്ടു പോകുന്നത്. സ്വതന്ത്രരായി പാറിപ്പറന്നു നടന്നിരുന്ന നമ്മളെ കൊറോണ മാസ്ക് ധരിപ്പിച്ച് നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കി. നിയന്ത്രണങ്ങളില്ലാത്ത ആ പഴയ കാലത്തേക്ക് ഇനി തിരിച്ചു പോകുമോ എന്നറിയാതെ ആശങ്കയിലാണ് ലോകം. പുതിയൊരു പുലരിക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

Ameya-3

അമേയയുടെ ചിന്തകളും ഇതെല്ലാമാണ്. മോഡലിങ്ങിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. പ്രീസ്റ്റ്, വൂൾഫ്, ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്ക് എന്ന സൂപ്പർഹിറ്റ് വെബ് സീരിസിലൂടെയാണ് താരം പ്രേക്ഷകഹൃദയം കീഴടക്കിയത്. യാത്രാപ്രേമിയായ അമേയ സംസാരിക്കുന്നു.

യാത്രയോടുള്ള പ്രണയം

എനിക്കു യാത്രകൾ വളരെ പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ ഏറ്റവുമധികം ആസ്വദിക്കുന്നതും യാത്രകളാണ്. ടെൻഷനും പ്രയാസങ്ങളും സങ്കടവും ഉണ്ടായാലും ഒരു ചെറിയ യാത്രയിലൂടെ അതെല്ലാം ഇല്ലാതാകും. എത്ര ടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്തും ഒന്നു ഡ്രൈവ് ചെയ്താൽ ഞാൻ പെട്ടെന്ന് അതിൽ നിന്നെല്ലാം റിലീഫ് ആവും. കുട്ടിക്കാലം മുതൽ യാത്രകളോട് വല്ലാത്തെൊരു ഇഷ്ടമാണ്. ഇപ്പോൾ ആ ഇഷ്ടം നൂറിരട്ടിയായി. യാത്ര ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊരു കാര്യത്തിൽനിന്നും എനിക്ക് കിട്ടാറില്ല. 

Ameya-4

കോവിഡ് ഇല്ലായിരുന്നുവെങ്കിൽ നോർത്ത് ഈസ്റ്റ് കണ്ടു തീർത്തേനേ

ഇന്ത്യയ്ക്ക് പുറത്ത് ദുബായിലേക്കു മാത്രമാണ് യാത്ര ചെയ്തിട്ടുള്ളത്. കുറെയധികം സ്ഥലങ്ങൾ കാണണമെന്ന് ആഗ്രഹമുണ്ട്. വിദേശത്തേക്കു പോകുന്നതിനു മുമ്പ് ഇന്ത്യയെ കണ്ടറിയണം എന്നതാണ് ലക്ഷ്യം. കഴിഞ്ഞ വർഷം കൊറോണ വന്നില്ലായിരുന്നുവെങ്കിൽ നോർത്ത് ഈസ്റ്റ് മുഴുവൻ  കാണണമെന്ന് പ്ലാൻ ഉണ്ടായിരുന്നു. എല്ലാം പെട്ടെന്നല്ലേ തകിടം മറിഞ്ഞത്. റിസ്ക് എടുത്തുള്ള യാത്രയോട് താൽപര്യം ഇല്ലായിരുന്നു. അങ്ങനെ നമ്മൾ യാത്ര ചെയ്താൽ അത് മറ്റുള്ളവരോട് ചെയ്യുന്ന തെറ്റായിട്ടാണ് എനിക്ക് തോന്നുന്നത്. ഇത്തരമൊരു മോശം സാഹചര്യത്തിൽ നമ്മളിൽനിന്ന് ഒരാൾക്ക് രോഗം പകരുന്നത് അത് അത്ര സുഖമുള്ള ഏർപ്പാടല്ല.

Ameya-2

എല്ലാവരും ജോലിക്ക് പോലും പോകാനാവാതെ വീടുകളിലേക്ക് ചുരുങ്ങിയ ആ സമയത്ത് യാത്ര ചെയ്യാൻ എനിക്ക് മനസ്സുവന്നില്ല. കൊറോണ കാരണം നമുക്കുചുറ്റും കഷ്ടപ്പെടുന്ന ഒരു സമൂഹമുണ്ട്. ഇപ്പോഴും ദുരിതക്കയത്തിൽനിന്നു കയറാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, അതൊക്കെ ചിന്തിച്ചപ്പോൾ എങ്ങോട്ടു പോകാനും എനിക്ക് തോന്നിയില്ല. കോവിഡ് സാഹചര്യം മാറിയിട്ട് യാത്രയൊക്കെ സുഗമമായി ചെയ്യാൻ പറ്റുന്ന സമയത്ത് അടുത്ത വർഷമെങ്കിലും നോർത്ത് ഈസ്റ്റ് ചുറ്റിയടിക്കണമെന്നാണ് മോഹം.

Ameya

കൊറോണ കാരണം കുറച്ചു ഉപകാരങ്ങളും ഉണ്ടായി എന്നു പറയാം കുറേയധികം സിനിമ കണ്ടുതീർക്കാനുള്ള സമയം കിട്ടി. ലോക്ഡൗൺ കാലം മുഴുവനും ഞാൻ വീട്ടിൽ തന്നെ ചെലവഴിച്ചു. ത്രില്ലർ ചിത്രങ്ങളോട് ഇഷ്ടക്കൂടുതലുണ്ട്. കുറേ സിനിമകൾ അങ്ങനെ കണ്ടു തീർത്തു. 

ഡ്രൈവിങ് ഹരമാണ്

ഒത്തിരി ആഗ്രഹിച്ചാണ് പുതിയ വാഹനം എടുത്തത്. ഒറ്റയ്ക്ക് വാഹനം ഓടിച്ചു പോകുന്നതിന്റെ സുഖം ഒന്നു വേറേ തന്നെയാണ്. ഈയടുത്ത് മൂന്നാറിലേക്ക് പോയതാണ് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള യാത്ര. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് പോയത്.  എറണാകുളത്ത് താമസിച്ചിരുന്ന സമയത്ത് മിക്കവാറും മൂന്നാർ ട്രിപ്പ് നടത്താറുണ്ട്. മൂന്നാറിനെ ഏറെക്കുറെ പൂർണമായും കണ്ട എനിക്ക് ഈ യാത്ര പുതിയ അനുഭവമായിരുന്നു. 

എന്റെ സുഹൃത്തും ഫൊട്ടോഗ്രഫറുമായ ജിക്സൺ ചേട്ടന്റെ മൂന്നാറിലുള്ള റിസോർട്ടായ ഫോറസ്റ്റ് കൗണ്ടിയിലായിരുന്നു താമസം. നാല് ദിവസം ശരിക്കും അടിച്ചുപൊളിച്ചു. കഴിഞ്ഞവർഷം യാത്ര പോകാൻ സാധിക്കാത്തതിന്റെ  ക്ഷീണം ഈ യാത്രയിൽ തീർത്തു. ട്രെക്കിങ്ങും ക്യാംപിങ്ങും സുഹൃത്തുക്കളുമൊക്കെയായി അടിപൊളി ട്രിപ് ആയിരുന്നു. 

Ameya-6

ആസ്മ ഉണ്ടായിട്ടും പുല്ലുപോലെ പോലെ കർദുംലാ പാസ് കയറി

ആസ്മ ഉണ്ടായിട്ടും ഞാൻ പുല്ലു പോലെ പോലെ കർദുംലാ പാസ് കയറി. സാധാരണ ആളുകൾക്ക് പോലും അത്രയും ഉയരത്തിൽ കൊടുംതണുപ്പിൽ കയറുമ്പോൾ മൂക്കിൽനിന്നു രക്തം വരികയും ശ്വാസംമുട്ടുകയും ചെയ്യാറുള്ളതാണ്. എന്നാൽ ശ്വാസംമുട്ടലിന്റെ പ്രശ്നമുള്ള ഞാൻ ഒരു കുഴപ്പവുമില്ലാതെ കയറി. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രയാണ് ലേ ലഡാക്ക്.

വലിയ പ്ലാനിങ് ഒന്നുമില്ലാതെ നടത്തിയ യാത്രയായിരുന്നു അത്. എന്റെ സുഹൃത്ത് പോകുന്നുണ്ട് എന്ന് കേട്ടപ്പോൾ വളരെ പെട്ടെന്ന് മേക്ക് മൈ ട്രിപ്പ് വഴി  ടിക്കറ്റ് ബുക്ക് ചെയ്ത് ഡൽഹിയിൽ ചെന്നിറങ്ങി. അവിടെനിന്നു ലേയിലേക്ക് പോയതാണ്. എല്ലാം പെട്ടെന്നായിരുന്നു. എന്നാലും പുറപ്പെടും മുമ്പ് ഞാൻ ഡോക്ടറെ കണ്ട് അത്യാവശ്യം വേണ്ട സജ്ജീകരണങ്ങൾ ഒക്കെ എടുത്തിരുന്നു.

ameya7

ലേയിൽ എത്തിക്കഴിഞ്ഞപ്പോഴാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടറബിൾ റോഡായ കർദുംലാ പാസു കൂടി കണ്ടേക്കാം എന്ന ആഗ്രഹം പൊട്ടിമുളച്ചത്. എനിക്ക് പോലും ഉറപ്പില്ലായിരുന്നു ആ ലക്ഷ്യത്തിൽ എത്തിച്ചേരുമെന്ന്. പക്ഷേ ഞാൻ അവിടെ കയറി. ഓക്സിജൻ സിലിണ്ടറും ചുമന്നുകൊണ്ടുള്ള ആ യാത്ര മറക്കാനാവില്ല. ആ യാത്രയിലുടനീളം യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. 

ചെറുപ്പത്തിൽ ഡൽഹിയിലായിരുന്നു താമസം. അതുകൊണ്ട് കുറെ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇന്ത്യ ചുറ്റണം എന്ന ആഗ്രഹം ഇന്നും സാധ്യമാക്കാനായിട്ടില്ല. സമയം പോലെ അവിടെയൊക്കെ പോയി കണ്ടു വരണം.

ameya-8

ഓസ്ട്രേലിയ, ചൈന, കാനഡ അങ്ങനെ നീളുന്നു മറ്റ് യാത്രാ സ്വപ്നങ്ങൾ. കാനഡ എന്റെ ഡ്രീം ഡെസ്റ്റിനേഷനാണ്. അവിടെ പോയി പഠിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. പക്ഷേ ചില കാരണങ്ങൾ കൊണ്ട് നടന്നില്ല. അവിടെ വരെ പോയി കണ്ടു വരണമെന്ന ആഗ്രഹം ഇപ്പോഴും അവശേഷിക്കുന്നു. 

ജീവിതം ഒന്നേ ഉള്ളൂ, ആ ജീവിതത്തിൽ കാണാനാവുന്ന അത്രയും കാഴ്ചകൾ കണ്ടാസ്വദിക്കുക, പുതിയ മനുഷ്യരെ കണ്ടുമുട്ടുക, കുറെയേറെ അനുഭവങ്ങൾ സമ്പാദിക്കുക. പറ്റാവുന്നിടത്തോളം യാത്ര ചെയ്യണം എന്നതാണ് ആഗ്രഹം. 

English Summary: Memorable Travel Experience by Ameya Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com