ADVERTISEMENT

ഹൈറേഞ്ച് യാത്രകൾ മിക്ക സഞ്ചാരികൾക്കും പ്രിയമാണ്. മഞ്ഞുള്ള താഴ്‌‌‌വരയും ചെങ്കുത്തായ മലഞ്ചെരിവുകളും എല്ലാം മനസ്സിലേക്ക് കടന്നു വരുമ്പോൾ ആദ്യം ആലോചിക്കുന്നത് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളായിരിക്കും. അതേ സൗന്ദര്യം നൽകുന്ന മനോഹരമായ സ്ഥലങ്ങൾ വേറെയുമുണ്ട്. 

ഏർക്കാട്, തമിഴ്നാട്

തമിഴ്നാട്ടിലെ മലനിരകളുടെ റാണിയാണ് ഏർക്കാട്. ഷേർവരായൻ മലനിരകളുടെ ഭാഗമായി പൂർവഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഏർക്കാട് ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാൽ പിന്നെ ആളുകൾ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ്. തെക്കിന്റെ രത്നം എന്നറിയപ്പെടുന്ന ഇവിടം കാടുകൾ കൊണ്ടും മലനിരകള്‍ കൊണ്ടും സമ്പന്നമായ ഒരിടമാണ്. ഇവിടുത്തെ കാലാവസ്ഥ ഹിമാലയത്തിന്റെ അതേ പ്രതീതിയാണ് യാത്രികർക്ക് സമ്മാനിക്കുന്നത്. 

Yercaud
By Ganesh Palanivel/shutterstock

ബിഗ് ലേക്ക് എന്നറിയപ്പെടുന്ന ഏർക്കാട് ലേക്കാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ഏർക്കാടിന്റെ ഹൃദയഭാഗത്തായി പച്ചപ്പുകൾ കൊണ്ട് ചുറ്റും പൊതിഞ്ഞ് സ്ഥിതി ചെയ്യുന്ന ഈ തടാകം മനോഹരമായ ഒരു കാഴ്ച തന്നെയാണ്. സഞ്ചാരികൾക്കായി തടാകത്തിൽ ബോട്ടിങ്ങും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

കൂർഗ്, കർണാടക

ഇന്ത്യയുടെ സ്കോട്ട്‌ലൻഡ് എന്നാണ് പശ്ചിമഘട്ടത്തിലെ കിഴക്കൻ ചെരിവിൽ സ്ഥിതിചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ അറിയപ്പെടുന്നത്. കുടക് എന്നും അറിയപ്പെടുന്ന കൂർഗിന്റെ പ്രകൃതി ഭംഗി ഏതു കാലാവസ്ഥയിലും ആസ്വദിക്കാം. സാഹസിക പ്രേമികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടമാണിത്. നിത്യഹരിത വനങ്ങളും സമതല പ്രദേശവും കോടമഞ്ഞ് മൂടിയ മലനിരകളും കാപ്പി, തേയിലത്തോട്ടങ്ങളും കൊണ്ട് ആകര്‍ഷകമായ പ്രദേശമാണ് ഇവിടം. 

Coorg

സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. നിരവധി സുഖവാസ കേന്ദ്രങ്ങളാണ് കുടക് കേന്ദ്രീകരിച്ചുള്ളത്. ബാരെപ്പോലെ നദി, കാവേരി നദി എന്നിവിടങ്ങളില്‍ റിവര്‍ റാഫ്റ്റിംഗിന് സൗകര്യമുണ്ട്.കാപ്പി പൂവിടുന്ന സമയത്ത് കുടകില്‍ മുഴുവന്‍ കാപ്പിപ്പൂവിന്റെ സുഗന്ധം നിറയും. 

അരക്കു താഴ്‍‍‍‍വര, ആന്ധ്രാപ്രദേശ്

പ്രകൃതി ഭംഗി കൊണ്ടും ആന്ധ്രയുടെ പതിവു ചൂടില്‍ നിന്നും മാറി തണുപ്പിന്റ കുളിരണിഞ്ഞ നാട്. തണുപ്പുള്ള പ്രദേശമായതുകൊണ്ടും ആന്ധ്രയുടെ ഊട്ടി എന്ന പേരിലും പ്രശസ്തമാണ് അരക്കു വാലി. സമുദ്ര നിരപ്പില്‍ നിന്നും 600 മീ. മുതല്‍ 900 മീ.വരെ ഉയരത്തിലാണ് അരക്കു താഴ്‍‍‍‍വര സ്ഥിതി ചെയ്യുന്നത്. 

arakku
By Hamzaah/shutterstock

കാപ്പിത്തോട്ടങ്ങളുടെ മനോഹാരിതയും ചുരങ്ങളില്‍ നിന്നുള്ള ഇറക്കവും കയറ്റവുമൊക്കെ സഞ്ചാരികള്‍ക്ക് അനന്യമായ ദൃശ്യവിസ്മയം ഒരുക്കുന്നു. ചുരങ്ങളിലൂടെയുള്ള യാത്രയില്‍ റോഡിനിരുവശവും നിബിഡവനമാണ്.തണുപ്പു നിറഞ്ഞ കാലാവസ്ഥയായതിനാൽ പലപ്പോഴും അരക്കു താഴ്‍‍‍‍വരയെ ഹിമാലയൻ പ്രദേശങ്ങളോടാണ് ഉപമിക്കാറ്.

പീരുമേട്, കേരളം

തേക്കടിയിലേക്കുള്ള യാത്രയിലെ ഒരു ചെറിയ മലയോര പ്രദേശമാണ് പീരുമേട്. സമുദ്ര നിരപ്പില്‍ നിന്ന് 915 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്. 

പീര്‍ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിന്റെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങളും പുല്‍മൈതാനങ്ങളും, പൈന്‍ മരങ്ങളും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. പാഞ്ചാലിമേട്, പരുന്തും പാറ വാഗമണ്‍ എന്നിവ പീരുമേടിലേയ്ക്കുള്ള യാത്രയിൽ കാണാം. ത്രില്ലിങ് ട്രെക്കിംഗ് വഴികളാൽ സമ്പന്നമാണിവിടം. 

ഊട്ടി, തമിഴ്നാട്

ഹിൽ സ്റ്റേഷനുകളുടെ രാജ്ഞി എന്നും അറിയപ്പെടുന്ന ഊട്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ഊട്ടിയുടെ മുഖമുദ്രയായ നീലഗിരി മൗണ്ടൻ റെയിൽവേയാണ് ഇവിടുത്തെ ഏറ്റവും മികച്ച ആകർഷണം. പൈതൃക ട്രെയിനിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. 

ooty

ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെയുള്ള യാത്രയാണിത്.ഊട്ടിയുടെ കാലാവസ്ഥ ഏറ്റവും മനോഹരമായി സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. പെട്ടെന്ന് കേരളത്തിൽ നിന്നും പോയി വരാവുന്ന,  ഒരു ഹിമാലയൻ അനുഭവം സാധ്യമാകുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഊട്ടി മലയാളികളുടെ യാത്രാ ലിസ്റ്റിൽ നമ്പർവൺ സ്ഥലമാണ്. 

English Summary:  Best Hill Stations To Visit In India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com