ADVERTISEMENT

അത്യപൂര്‍വവും അങ്ങേയറ്റം സുന്ദരവുമായ നിരവധി കാഴ്ചകള്‍ നിറഞ്ഞ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഹരിദ്വാറും ഋഷികേശും കൂടാതെ ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങളുമെല്ലാമുള്ള ഇവിടം 'ദേവഭൂമി' എന്നാണറിയപ്പെടുന്നത്. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന ഹിമാലയന്‍ താഴ്‍‍‍വരപ്രദേശങ്ങള്‍ ഇവിടെ നിരവധിയുണ്ട്. 

നൈനിറ്റാൾ, മസൂറി, ഗംഗോത്രി, യമുനോത്രി, ഡെറാഡൂൺ എന്നീ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളും റിവര്‍ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് പോലുള്ള സാഹസിക വിനോദങ്ങളുമെല്ലാം കാലങ്ങളായി ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇപ്പോഴിതാ ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു അപൂര്‍വ കാഴ്ച കൂടി കാണാനുള്ള അവസരമുണ്ട്; ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ചതും 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നതുമായ പുരാതന ഗർതാങ് ഗാലി മരപ്പാലമാണ് സഞ്ചാരികളെ കാത്തിരിക്കുന്ന ആ ഏറ്റവും പുതിയ അനുഭവം.

bridge1

ഉത്തരകാശി ജില്ലയിലെ നെലോംഗ് താഴ്‌വരയിലുള്ള ഈ പാലം 59 വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സഞ്ചാരികൾക്കായി വീണ്ടും തുറന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. 2015 ൽ നെലോംഗ് താഴ്‌‌‌വരയില്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും പാലം തുറന്നിരുന്നില്ല. 136 മീറ്റർ നീളമുള്ള പാലം 64 ലക്ഷം രൂപ മുടക്കി ജൂലൈയില്‍ നവീകരിച്ചു. സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ ഈ പാലത്തിലൂടെ യാത്ര ചെയ്യാനും സാധിക്കും.

ഒന്നര നൂറ്റാണ്ടു മുമ്പ് പെഷവാറിൽ നിന്നുള്ള പത്താനുകളാണ് ഗർതാങ് ഗാലി നിർമിച്ചത്. ടിബറ്റുമായി കച്ചവടത്തിനായി നിർമിച്ച ഈ പാലം, കമ്പിളി, തുകൽ വസ്ത്രങ്ങൾ, ഉപ്പ്, ശർക്കര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ബഡാഹട്ടിലേക്ക് കൊണ്ടുപോകാനാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. അത്തരം കച്ചവടവും അനുബന്ധ പ്രവർത്തനങ്ങളും ഉത്തരകാശിയിലെ ബൂട്ടിയ സമുദായത്തിന്‍റെ ഉപജീവനമാർഗ്ഗമായിരുന്നു. ഭയഗാട്ടിക്ക് സമീപമുള്ള കുത്തനെയുള്ള പാറക്കെട്ടില്‍, ഇരുമ്പും മരവും ഉപയോഗിച്ച് നിര്‍മ്മിച്ച പാലമാണ് ഇത്. നെലോംഗ് താഴ്‌വരയുടെ, മനം കവരുന്ന ദൃശ്യങ്ങള്‍ ഇവിടെ നിന്നും നോക്കിയാല്‍ കാണാം. 

കോവിഡ് മാർഗനിർദ്ദേശങ്ങൾ പ്രകാരം, ഒരു സമയം പത്ത് പേർക്ക് മാത്രമേ പാലത്തിലൂടെ കടന്നുപോകാൻ അനുവാദമുള്ളൂവെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് മയൂർ ദീക്ഷിത് അറിയിച്ചു. പാലം വീണ്ടും തുറന്നത് സംസ്ഥാനത്തെ സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്ക് ഒരു പുതിയ മാനം നൽകിയിരിക്കുകയാണ് എന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു.ഈ പാലത്തിന് ചരിത്രപരവും തന്ത്രപരവുമായ പ്രാധാന്യമുണ്ട്, പുരാതന കാലം മുതൽ ഇന്ത്യക്ക് അയൽരാജ്യങ്ങളുമായുള്ള ഊഷ്മളമായ വ്യാപാര ബന്ധത്തിന്‍റെ പ്രതീകമാണ് പാലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉത്തരകാശിയില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. പാലം സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികൾ ഭൈരവഘട്ടി ചെക്ക് പോസ്റ്റിൽ രജിസ്റ്റർ ചെയ്യണം. എല്ലാവരും കോവിഡ് മാർഗനിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കണം. ഒരു മീറ്റർ അകലം പാലിച്ചുകൊണ്ട് ഒരു സമയം പരമാവധി 10 പേർക്കാണ് പാലത്തിലൂടെ നടക്കാനാവുക. പാലത്തിനു മുകളില്‍ കയറിയാല്‍ ചാടുന്നതിനും നൃത്തം ചെയ്യുന്നതിനും വിലക്കുണ്ട്. സുരക്ഷയ്ക്കായി പാലത്തിന്‍റെ റെയിലിംഗിൽ നിന്ന് താഴേക്ക് നോക്കുന്നതും പുകവലിക്കുന്നതും മറ്റ് കത്തുന്ന വസ്തുക്കള്‍ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.

English Summary: Uttarkashi’s ancient Gartang Gali Bridge opens to Tourists after 59 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com