ADVERTISEMENT

നീലനിറമാർന്ന തടാകത്തിലൂടെ ഒരു ചെറു വഞ്ചിയിൽ സഞ്ചരിക്കാം,ചുറ്റും പ്രകൃതി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കാഴ്ചകൾ കണ്ട്, സംസ്കാരങ്ങളും പൈതൃകവും ചരിത്രവും എല്ലാം അറിഞ്ഞുകൊണ്ട് ഒരു യാത്ര. ലോകമെമ്പാടും അതിഗംഭീരമായ നിരവധി തടാകങ്ങൾ ഉണ്ട്. പലതും പ്രകൃതിയുടെ വരദാനങ്ങളും അതിലേറെ കലാചാരുത നിറഞ്ഞതുമാണ്. ഒരു യാത്രയ്ക്കിടയിൽ മനോഹരമായ തടാകത്തിലൂടെ ബോട്ടിലോ വഞ്ചിയിലോ സഞ്ചരിക്കുന്നത് യാത്രയെ പൂർണതയിലെത്തിക്കും. ലോകത്തെ ഏറ്റവും മനോഹരമായ ചില തടാകങ്ങളെ പരിചയപ്പെടാം. 

ഇൻലെ തടാകം, മ്യാൻമർ

മനോഹാരിത കൊണ്ട് ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു ശുദ്ധജലതടാകമാണ് മ്യാൻമാറിലെ ഇൻലെ തടാകം. പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തിന് പേരുകേട്ടതാണ് ഇന്‍ലെ തടാകം. ഇതിനരികില്‍ വസിക്കുന്ന ആളുകളെ 'ഇന്ത' എന്നാണു വിളിക്കുന്നത്. ആഴമില്ലാത്ത വെള്ളത്തിൽ മത്സ്യം പിടിക്കുന്നതിനായി ഇവര്‍ക്ക് സവിശേഷമായ രീതികളുണ്ട്. കാണേണ്ട ഒരു കാഴ്ച തന്നെയാണ് അത്. അവര്‍ ഈ വെള്ളത്തില്‍ മീന്‍ പിടിക്കുന്ന കാഴ്ച ആശ്ചര്യത്തോടെ മാത്രമേ കാണാനാവൂ. 

Inle-Lake--Myanmar2
By Volodymyr Dvornyk/shutterstock

ബോട്ടിന്‍റെ ഒരറ്റത്ത് ഒറ്റക്കാലിൽ നിന്നുകൊണ്ട്, മറ്റേക്കാല്‍ കൊണ്ട് തുഴ പിടിച്ചാണ് മത്സ്യത്തൊഴിലാളികൾ മീന്‍ പിടിക്കുന്നത്. വെള്ളത്തിന് ആഴമില്ലാത്തതിനാല്‍ വല ഉപയോഗിച്ചുള്ള സാധാരണ മത്സ്യബന്ധന രീതി ഇവിടെ ഉപയോഗിക്കാൻ കഴിയില്ല. തടാകത്തില്‍ നിറയെ ഞാങ്ങണകളും ചെടികളുമുള്ളതിനാല്‍ മീന്‍ പിടിക്കാന്‍ വളരെ പ്രയാസമാണ്. ബോട്ടിന്‍റെ ഒരു അറ്റത്ത് നിൽക്കുമ്പോൾ, വെള്ളത്തിനുള്ളിലേക്ക് കൂടുതല്‍ വ്യക്തമായി കാണാന്‍ പറ്റും. 

ദാൽ തടാകം, ഇന്ത്യ

നമ്മുടെ സ്വന്തം ദാൽ തടാകത്തെ കുറിച്ച് പ്രശംസിക്കാൻ ചിലപ്പോൾ വാക്കുകൾ മതിയാവാതെ വരും.ഭൂമിയിലെ സ്വർഗമായ കശ്മീരിന്റെ ഹൃദയത്തിൽ ഹിമാലയം തീർത്തിരിക്കുന്ന ഈ മനോഹര തടാകത്തിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയമാണ്.

Dal-Lake--India
By sansana jirawan/shutterstock

ദാൽ തടാകത്തിലൂടെ ശിക്കാര എന്ന ചെറു വഞ്ചിയിൽ സഞ്ചരിക്കുന്ന ഓർമകൾ എന്നും സഞ്ചാരികളുടെ മനസ്സിൽ തങ്ങി നിൽക്കും. തടാകത്തിന് ചുറ്റുമുള്ള കാഴ്ചകൾ ശിക്കാര യാത്രയെ കൂടുതൽ മനോഹരമാക്കുന്നു.

കവാഗുച്ചി തടാകം, ജപ്പാൻ

Lake-Kawaguchi--Japan
By Sean Pavone/shutterstock

ജപ്പാനിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ തടാകമാണ് കവാഗുച്ചി, ഫ്യൂജി പർവതത്തിനൊപ്പം, ജപ്പാന്റെ ഒരു പ്രതീകമായി അറിയപ്പെടുന്ന കവാഗുച്ചി ജപ്പാനിലെ രണ്ടാമത്തെ വലിയ തടാകമാണ്. അതിന്റെ തീരത്ത് മനോഹരമായ ഹോട്ടലുകളിൽ രാവുറങ്ങാമുള്ള അവസരവുമുണ്ട്. ചെറി പുഷ്പങ്ങൾ വിടരുന്ന കാലത്ത് തടാകക്കരയിൽ നിന്നുകൊണ്ട് പിങ്ക് നിറത്തിനൊപ്പം സ്വർണവർണ്ണത്തിൽ സൂര്യനുദിച്ചു വരുന്ന കാഴ്ചയും ആസ്വദിക്കാം. ഏപ്രിൽ പകുതിയോടെയാണ് ഇവിടം  സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

ഖോവ്സ്ഗൽ തടാകം, മംഗോളിയ

മംഗോളിയയിലെ കാഴ്ചകൾക്കൊപ്പം സഞ്ചാരികൾ‌ക്ക് പ്രിയപ്പെട്ടയിടമാണ് ഖോവ്സ്ഗൽ തടാകം. റഷ്യൻ അതിർത്തിക്ക് സമീപമാണ് ഇൗ തടാകം സ്ഥിതിചെയ്യുന്നത്. ലോകത്തിലെ പതിനേഴു പുരാതന തടാകങ്ങളിൽ ഒന്നാണത്. കസ്തൂരിമാൻ, തവിട്ട് കരടി  മനോഹരമായ വന്യജീവികളെയും നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.

English Summary: Most Beautiful Lakes in Asia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com