ബോംബ് പേടിച്ച് രക്ഷപ്പെടാൻ നിർമിച്ച ബ്രിട്ടിഷ് പാത; ‘എസ്‍കേ‌പ് റോഡിലൂടെ’ ഒരു കാനനയാത്ര

escap-road
SHARE

മറവിയിൽ ആണ്ടുപോയ ചരിത്രത്തിനു പിറകെ സഞ്ചരിച്ചാൽ അറിവിന്റെ പുതിയ വഴികൾ തുറക്കുന്നതു കാണാം. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് അടച്ച മൂന്നാർ – കൊടൈക്കനാൽ എസ്കേപ് റോഡിനും പറയാനുണ്ട്  ഒട്ടേറെ ചരിത്രകഥകൾ. എസ്കേപ് റോഡിലേക്കുള്ള ചരിത്രത്തിന്റെ യാത്ര തുടങ്ങുന്നത് 1864ൽ ആണ്. ഉദ്യോഗസ്ഥർക്കു താമസിക്കാനുള്ള മിലിട്ടറി കന്റോണ്മെന്റ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം അന്വേഷിക്കുകയായിരുന്നു ബ്രിട്ടിഷ് സൈന്യം. 

Escape-Road2

അന്നത്തെ ആർമി ഓഫിസറായ കേണൽ ഡഗ്ലസ് ഹാമിൽട്ടന്റെ കണ്ണിൽപ്പെട്ടത് പഴനി കുന്നുകളിലെ ബെരിജാം മേഖലയായിരുന്നു. മിലിട്ടറി കന്റോൺമെന്റ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ പ്രദേശമാണിതെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. കൊടൈക്കനാലെന്ന ഈ പ്രദേശത്തേക്ക് സമ്പന്നരായ ഒട്ടേറെ കുടുംബങ്ങൾ താമസിക്കാനെത്തി. ബെരിജാം തടാകവും തണുപ്പുള്ള കാലാവസ്ഥയുമായിരുന്നു ഇവിടേക്കുള്ള പ്രധാന ആകർഷണം. 

Berijam-Lake1
By Vigcky/shutterstock

ഡഗ്ലസ് ഹാമിൽട്ടന്റെ പേരിൽ ഒരു മിലിട്ടറി ഔട്ട്‌പോസ്റ്റും ഇവിടെയുണ്ടായിരുന്നു. ഫോർട്ട് ഹാമിൽട്ടൻ എന്നായിരുന്നു പേര്. പേരിൽ ‘കോട്ട’ ഉണ്ടെങ്കിലും സംഗതി ഒരു ചെറിയ കുടിലായിരുന്നു! പ്രദേശത്ത് കൃത്രിമമായി ഒരു തടാകവും 1867ൽ നിർമിക്കപ്പെട്ടു. അന്നത്തെ മധുര കലക്ടർ വീർ ലെവിൻ വിരമിച്ചപ്പോൾ ലഭിച്ച ഫണ്ടില്‍നിന്ന് അദ്ദേഹം നൽകിയ പണമാണ് തടാകത്തിന്റെ നിർമാണത്തിനു സഹായകമായത്. ആ പണം ഉപയോഗിച്ച് അണക്കെട്ടും റിസർവോയറും ഒരുക്കുകയായിരുന്നു. 

പാതകൾ കൂട്ടിമുട്ടിയതിന്റെ ചരിത്രം

1902ൽ കണ്ണന്‍ദേവൻ കമ്പനിയുടെ നേതൃത്വത്തിൽ മൂന്നാറിനെയും ടോപ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കുണ്ടള റോഡ് നിർമിച്ചു. ഇതോടൊപ്പം തേയിലയും മറ്റും കൊണ്ടുപോകാനുള്ള ചെറു ചരക്കു തീവണ്ടികൾക്കു സഞ്ചരിക്കാൻ മോണോറെയിൽ പാതയും നിർമിക്കപ്പെട്ടു. 1915ഓടെ തമിഴ്നാട്ടിലെ ബത്തലഗുണ്ടിൽനിന്ന് കൊടൈക്കനാലിലേക്കു ലോ ഘട്ട് റോഡ് നിർമിക്കപ്പെട്ടു. 1925ൽ ബെരിജാം തടാകത്തിനു സമീപത്തുനിന്നു ടോപ് സ്റ്റേഷനിലേക്കു രണ്ടാം ഘട്ട റോഡും നിർമിച്ചു. ചെളി നിറഞ്ഞ് ഇടുങ്ങിയ ഈ റോഡിലൂടെ കൊച്ചിയിലെത്താൻ 12 മണിക്കൂറിലേറെ സമയം വേണമായിരുന്നു. 

Berijam-Lake
By apurik_parv\shuttersock

ബെരിജാം ലേക്കിൽനിന്ന് കൊച്ചിയിലേക്ക് ഏകദേശം 257 കിലോമീറ്റർ ആണ് ദൂരം. 8375 അടി ഉയരത്തിലുള്ള വന്തരവ് കൊടുമുടിയോട് ചേർന്ന് പരമാവധി 8140 അടി വരെ ഉയരത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. ഇന്ത്യയിൽതന്നെ ഏറ്റവും ഉയരത്തിലൂടെ കടന്നുപോകുന്ന റോഡുകളിൽ ഒന്നാണ് ഇത്. മഴ കനത്ത സമയങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ വഴി. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച സമയത്ത് ജപ്പാനും ജർമനിയും ഇറ്റലിയും ഉൾപ്പെടുന്ന അച്ചുതണ്ട് ശക്തികൾക്കായിരുന്നു മുൻതൂക്കം. ബ്രിട്ടിഷ് ശക്തികേന്ദ്രമായിരുന്ന മദ്രാസിൽ ജപ്പാന്റെ നേതൃത്വത്തിൽ ഇടയ്ക്ക് ചെറിയ ബോംബിങ്ങുകളുണ്ടായി. അതോടെ പല കുടുംബങ്ങളും മലയോര പ്രദേശങ്ങളിലേക്കു പലായനം ചെയ്തു. ഇതിൽ പലരും കൊടൈക്കനാലിലേക്കും എത്തി. 

കിഴക്കൻ തീരത്തിനും പടിഞ്ഞാറൻ തീരത്തിനും നടുവിലായി നിലകൊള്ളുന്ന പശ്മിഘട്ടത്തിനെ മറയാക്കി ആക്രമണത്തിൽനിന്നു രക്ഷപ്പെടാമെന്നായിരുന്നു തന്ത്രം. ബെരിജാം തടാകം വഴി ടോപ് സ്റ്റേഷനിലേക്കും അവിടെനിന്നു മൂന്നാർ വഴി കൊച്ചിയിലെത്തി കപ്പൽ മാർഗം ഇംഗ്ലണ്ടിലേക്കും രക്ഷപ്പെടാനുള്ള പദ്ധതി ബ്രിട്ടിഷുകാർ അന്നു തയാറാക്കി. ഇതിന്റെ ഭാഗമായി റോഡുകള്‍ മെച്ചപ്പെടുത്താൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു. കൊടൈക്കനാലിൽനിന്നു ടോപ് സ്റ്റേഷനിലേക്കുള്ള ഈ റോഡിന് അങ്ങനെയാണ് എസ്കേപ് റോഡ് എന്ന പേരു വന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ബ്രിട്ടിഷ് സിവിൽ എൻജിനീയറിങ് വിഭാഗം റോഡ് നവീകരിച്ചു. ചെറു മോട്ടർ കാറുകൾക്കു സഞ്ചരിക്കാവുന്ന തരത്തിൽ എസ്കേപ് റോഡ് മാറി. എന്നാല്‍ യുദ്ധത്തിൽ ഭയന്നതു പോലെ തിരിച്ചടികൾ ഉണ്ടായില്ല. അതോടെ മദ്രാസിലേക്കുള്ള ചരക്കു നീക്കത്തിനായി പിൽക്കാലത്ത് ഈ റോഡ് ഉപയോഗിക്കപ്പെട്ടു. 

ട്രെക്കിങ്ങിനൊപ്പം കേൾക്കാം റോഡിന്റെ ചരിത്രവും

പാമ്പാടുംചോല ദേശീയോദ്യാനത്തില്‍ വനംവകുപ്പ് നടത്തുന്ന ട്രക്കിങ്ങിനെത്തുന്നവർക്ക് എസ്കേപ് റോഡിലൂടെ അൽപദൂരം സഞ്ചരിക്കാനുള്ള ഭാഗ്യം ലഭിക്കും. 1990 വരെ ഇതിലൂടെ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു. തൊണ്ണൂറുകളിൽ കേരളവും തമിഴ്നാടും റോഡിനായി നടത്തിയ നിയമയുദ്ധങ്ങൾക്കൊടുവിലാണ് ഇതിലൂടെയുള്ള യാത്ര പൂർണമായും നിരോധിക്കപ്പെട്ടത്. ട്രെക്കിങ്ങിനെത്തുന്ന സഞ്ചാരികൾക്ക് ഇതിലൂടെ മൂന്നു കിലോമീറ്റർ ദൂരം സഞ്ചരിക്കാം. കാടിന്റെ വന്യഭംഗി ആസ്വദിച്ചു നടക്കുന്നതിനിടയിൽ വിവിധ ജീവികളെയും പക്ഷികളെയും കാണാൻ സാധിക്കും. കൊടൈക്കനാലിൽ ഫൗണ്ടേഷൻ റോഡ് വരെ തടസ്സങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാം. അവിടെനിന്ന് ബെരിജാം ലേക്കിലേക്ക് പോകാനായി കൊടൈക്കനാൽ ഡിഎഫ്ഒയുടെ അനുമതി വേണം.  

ബെരിജാം തടാകം മുതൽ പാമ്പാടുംചോല പാർക്ക് വരെയുള്ള വഴി പൂർണമായും കാടുപിടിച്ചുകിടക്കുകയാണ്. പാമ്പാടുംചോല നാഷനൽ പാർക്കിലെ ട്രെക്കിങ് പാക്കേജിൽ ഈ റോഡിലൂടെ അൽപദൂരം നമുക്കു സഞ്ചരിക്കാൻ സാധിക്കും. പഴയ കാല മൈൽക്കുറ്റികളും യാത്രയ്ക്കിടെ കാണാം. കാട്ടാനകളെയും കാട്ടുപോത്തുകളെയും പുലിയെയുമൊക്കെ ട്രെക്കിങ്ങിനിടെ പ്രതീക്ഷിക്കാം. മലയണ്ണാൻ വിഭാഗത്തിൽപ്പെട്ട, അപൂർവമായ നീലഗിരി മാർട്ടിനെയും പാമ്പാടുംചോല നാഷനൽ പാർക്കിൽ കാണാൻ സാധിക്കും. വനം വകുപ്പ് നടത്തുന്ന ട്രക്കിങ്ങിൽ ഒരാൾക്കു 300 രൂപയാണ് ഈടാക്കുന്നത്. സാധാരണഗതിയിൽ 4മുതൽ 5 മണിക്കൂർകൊണ്ടു ട്രക്കിങ് പൂര്‍ത്തിയാക്കാൻ സാധിക്കും. 

English Summary: History of Escape Road Built by the British

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA