ADVERTISEMENT

ഏകാന്ത യാത്രയുടെ ഉന്മാദ നിമിഷങ്ങൾ തേടി അറിയാനാടുകളിലേക്ക് സിയാദ് എറിയാടൻ യാത്ര ചെയ്തു തുടങ്ങിയിട്ട് കാലം കുറച്ചായി. കോളജ് കാലത്തിനു ശേഷം യാത്രകളിൽ ഹരം പിടിച്ചു തുടങ്ങിയപ്പോൾ മനസ്സു പറയുന്നിടങ്ങളിലേക്ക് യാത്ര പോകാൻ തുടങ്ങി. വർഷത്തിൽ ഒരിക്കൽ എങ്കിലും തീർത്തും അറിയാത്തൊരിടത്തേക്കു പോകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ മുൻയാത്രകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരുന്നു ഇത്തവണത്തെ നോർത്ത് –ഈസ്റ്റ്, ബംഗ്ലാദേശ് യാത്ര. മുൻ യാത്രകളിൽ പൊതു ഗതാഗതത്തെയാണ് ആശ്രയിച്ചിരുന്നതെങ്കിലും ഇത്തവണ സ്വന്തം മട്രിക്സ് സൈക്കിളിലായിരുന്നു (ബൈക്ക് പാക്കിങ്) ബംഗ്ലാദേശ് ചുറ്റിയത്. ഒന്നും രണ്ടുമല്ല 78ലേറെ ദിവസങ്ങളെടുത്ത് നാടിന്റെ മുക്കും മൂലയും കണ്ട്, മനുഷ്യരെയും ജീവിതങ്ങളും അടുത്തറിഞ്ഞായിരുന്നു സിയാദിന്റെ ആ യാത്ര. 

ziyadh-cycle-trip2

സിയാദ് എറിയാടൻ– മലപ്പുറം കോട്ടയ്ക്കൽ സ്വദേശി. ബിബിഎം ഗ്രാജ്വേഷനു ശേഷം സ്വന്തമായി ബിസിനസ് ചെയ്യുന്നു. കുട്ടിക്കാലം മുതൽ യാത്രകൾ ഏറെ പ്രിയമായിരുന്നു. സമീപ പ്രദേശങ്ങളിലേക്കുള്ള കുഞ്ഞുയാത്രകൾ. പിന്നീട് സ്വന്തം വരുമാനമൊക്കെ ആയതോടെ യാത്രകളുടെ ദൂരവും സ്വഭാവവും മാറിവന്നു. കോവിഡിനു തൊട്ടുമുൻപ് ഇന്തൊനേഷ്യയിൽ പോയി. അടുത്ത യാത്രയെക്കുറിച്ച് ആലോചിച്ചപ്പോൾ ബംഗ്ലാദേശും നോർത്ത് ഈസ്റ്റുമായിരുന്നു മനസ്സിൽ. സ്ഥലങ്ങൾ കാണുന്നതോടൊപ്പം ആളുകളെയും അവരുടെ ജീവിതവും അറിയാനുള്ള യാത്രകളാണ് സിയാദിനെ മോഹിപ്പിച്ചിട്ടുള്ളതെല്ലാം.

മിഷൻ ബംഗ്ലാദേശ്

യാത്രകളെല്ലാം അത്രമേൽ ആഗ്രഹിച്ചിടങ്ങളിലേക്കാകും. വായിച്ച പുസ്തകങ്ങളിലും കേട്ട കഥകളിലുമുള്ള നാടുകൾ സ്വപ്നം പോലെ മനസ്സിലുണ്ടാകും. വർഷത്തോളം കാത്തിരുന്നാണ് പലയാത്രകളും. ബംഗ്ലോദേശ് അങ്ങനെ മനസ്സിൽ കയറിപ്പറ്റിയതാണ്. ഒപ്പം മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. മൂന്നു വർഷമായി എക്സോട്ടിക് ആയ അലങ്കാര ചെടികളുടെ ഓൺലൈൻ ബിസിനസ് ചെയ്യുന്നുണ്ട് സിയാദ്. succulantgallery.com എന്ന വെബ്സൈറ്റ് വഴിയാണ് വിൽപന. പല സ്ഥലങ്ങളിൽ നിന്ന് എത്തിച്ച ഭംഗിയുള്ള കള്ളിമുൾ ചെടികളും സക്കുലന്റ് പ്ലാന്റ് വിഭാഗങ്ങളുമാണ്. നോർത്ത് ഈസ്റ്റ് ബംഗ്ലാദേശ് യാത്രയിൽ ഇത്തരം ചെടികളുടെ മാതൃചെടികൾ ശേഖരിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. 

  ഒഡീഷയിൽ നിന്നായിരുന്നു സൈക്കിൾ യാത്രയുടെ തുടക്കം. 2018 മുതൽ ഒപ്പമള്ള സ്വിസ് മെയ്ഡ് സൈക്കിളിലായിരുന്നു സഞ്ചാരം.ഒരു കാലത്ത് നമ്മുടെ രാജ്യത്തിന്റെ ഭാഗമായിരുന്നു ബംഗ്ലാദേശിലെ ജീവിതം കാണുകയായിരുന്നു ലക്ഷ്യം. ഒഡീഷയിൽ നിന്നു കൊൽക്കത്തയിലെത്തിയെങ്കിലും ഏഴു ദിവസത്തോളം വീസ കാത്തുനിൽക്കേണ്ടി വന്നു. വീസ കിട്ടിയതോടെ നേരെ ബംഗ്ലാദേശിലേക്ക്... അടുത്ത 30 ദിവസങ്ങൾ ബംഗ്ലാദേശിന്റെ ഗ്രാമഭംഗികളിലലിഞ്ഞ്...

ziyadh-cycle-trip

ബംഗ്ലാദേശ് ഡേയ്സ്

‘ഈ യാത്രയിലുടനീളം ടെന്റ് മാത്രമേ ഉപയോഗിക്കൂ, ഒരു ഹോട്ടലിൽ പോലും മുറിയെടുക്കി’ല്ലെന്നു നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശ് സിയാദിന്റെ തീരുമാനത്തെ മാറ്റിക്കളഞ്ഞു. ഒറ്റ ദിവസം പോലും ടെന്റിലുറങ്ങാൻ സാധിച്ചില്ല. സ്ഥലങ്ങളേക്കാൾ ആകർഷിച്ചത് അവിടത്തെ ആളുകളുടെ ആചാര്യമര്യാദകളും ആതിഥേയത്വവുമായിരുന്നു. ബംഗ്ലദേശ് അത്ര സുരക്ഷിതമല്ലെന്ന പല മുന്നറിയിപ്പുകൾ കേട്ട് മനസ്സിൽ മുൻവിധിയുമായി ചെറുതല്ലാത്ത ആശങ്കയോടെയാണ് അന്നാട്ടിലേക്കെത്തിയത്. എന്നാൽ ‘മലബാറിലേക്കാൾ ഹൃദ്യമായ ആതിഥ്യമര്യാദകൾ’ കൊണ്ടവർ മനസ്സുകീഴടക്കി കളഞ്ഞെന്നു സിയാദ് പറയുന്നു. സ്വയം കാഴ്ച കാണാനിറങ്ങിയ സൈക്കിൾ യാത്രികൾ അന്നാട്ടുകാർക്കൊരു കൗതുക കാഴ്ചയായിരുന്നു. പലയിടങ്ങളിലും ടെന്റുറപ്പിക്കാൻ തുടങ്ങുമ്പോൾ ആളുകൾ വന്നു അവരോടൊപ്പം ചേരാൻ വിളിച്ചുകൊണ്ടുപോയി. ഒപ്പം അവിടെയൊരു വിവാഹത്തിൽ പങ്കെടുത്തതും മനോഹരമായ ഓർമയായി. ആളുകളെ ഏറ്റവും അടുത്ത് കാണാനും അറിയാനും ബൈക്ക് പാക്കിങ് ആണ് ഏറ്റവും മെച്ചമെന്ന് സിയാദ് പറയുന്നു. തിരിച്ച് ഗുവാഹത്തി വരെ സൈക്കിളിൽ വന്നു. അവിടെ വച്ച് സൈക്കിൾ പാക്ക് ചെയ്ത് നാട്ടിലേക്ക് ട്രെയിൻ പിടിച്ചു.

യാത്രകൾ 

ziyadh-cycle-trip3

മുൻപ് ഇന്തൊനീഷ്യ വിസിറ്റ് ചെയ്തതും ഗംഭീര അനുഭവമായി പറയും സിയാദ്. 3400 കിലോമീറ്ററിലേറെ നടന്നും പൊതുവാഹനങ്ങളെ ആശ്രയിച്ചുമായിരുന്നു യാത്ര. ജാവ ഐലൻഡ് മൊത്തം കറങ്ങി. തീർത്തും അപരിചിത ഭാഷയുള്ള ട്രൈബൽ വിഭാഗങ്ങൾക്കൊപ്പം നാലുദിവസം താമസിച്ചത് പ്രത്യേക അനുഭവമായി. ഓരോ വർഷവും ഒരു രാജ്യമെങ്കിലും കാണുക എന്നാണ് ആഗ്രഹം. ഒരു ദിവസം ആഗ്രഹം തോന്നി,  ഉടൻ പായ്ക്ക് ചെയ്തെടുത്ത് ഇറങ്ങിപ്പുറപ്പെടുന്നതല്ല സിയാദിന്റെ  രീതി. സഞ്ചാരപ്രിയനാണെങ്കിലും സ്ഥിരം യാത്രകളില്ല. 

കുടുംബവും ബിസിനസും വായനയുമൊക്കെയായി നാട്ടിൽ തന്നെ കൂടും. അതിനിടയിലാകും എപ്പോഴെങ്കിലും പുതിയൊരു സ്ഥലം മനസ്സിൽ കയറിപ്പറ്റുക. മാസം തോറും ചെറിയൊരു ഫണ്ട് യാത്രകൾക്കായി നീക്കി വയ്ക്കും. യാത്ര തീരുമാനമായാൽ  പതിയെ ആവശ്യമായ സാധനങ്ങൾ ചർച്ചേസ് ചെയ്തും തയാറെടുപ്പുകൾ നടത്തിയും ഒരുക്കം. 

സൈക്കിൾ യാത്രയിൽ ഏറ്റവും മിനിമം ലഗേജുണ്ടാവുകയുള്ളൂ. രണ്ടു ജോഡി വസ്ത്രങ്ങൾ, നൈറ്റ് ഡ്രസ്, ടെന്റ്, ടൂൾസ് തുടങ്ങി എട്ടു പത്തു കിലോയിൽ താഴെയായിരുന്നു ലഗേജ്. യാത്രയിൽ ഓരോ സ്ഥലത്തെയും രുചികൾ അറിഞ്ഞാസ്വദിച്ചായിരുന്നു യാത്ര. 600–700 രൂപയായിരുന്നു സാധാരണ ഒരു ദിവസത്തെ ചെലവ്. മത്സ്യങ്ങളുടെ വൈറൈറ്റി രുചികൾ ഏറെ ആസ്വദിച്ചു. ഇംഗ്ലിഷും ഹിന്ദിയും യാത്രയിൽ വലിയ സഹായം ചെയ്തില്ലെന്നാണ് സിയാദിന്റെ അനുഭവം. ത്രിപുര, ആസാം, നാഗാലാൻഡ് വഴി ബറാക് വാലിയിലൂടെയുള്ള യാത്രയിൽ മിക്കയിടത്തും ഹിന്ദി പോലും മനസിലാവാത്ത ആളുകളുണ്ടായിരുന്നു. ട്രൈബൽ മേഖലയിലൂടെയുള്ള യാത്രയിൽ ഓരോ ഗോത്രങ്ങൾക്കിടയിലും  വ്യത്യസ്ത ഭാഷകൾ.. കിലോമീറ്ററുകൾക്കുള്ളിൽ ഭാഷകൾ മാറും. ഇത്തരം ആളുകൾക്കിടയിൽ ആംഗ്യഭാഷ തന്നെയായിരുന്നു ശരണം. നാഗന്മാർ, റിയാങ്ങുകൾ തുടങ്ങി വിവിധ ഗോത്രങ്ങളിലെ ആളുകളോടൊപ്പം അവരുടെ വീടുകളിൽ താമസിക്കാനും അവസരമുണ്ടായി. 

കുടുംബം

പിതാവ് എറിയാടൻ വീട്ടിൽ സക്കീർ ഹുസൈൻ, അമ്മ സൗദ, ഭാര്യ സഹല, മകൻ എയ്സാൻ എന്നിവരുടെ സ്നേഹം തന്നെ സിയാദിന് കട്ട സപ്പോർട്ട്. ഓരോ യാത്രയും ഓരോ തീർഥാടനം പോലെ, ഒരു പഠനം പോലെ കാണുന്ന സിയാദ് ഈ കോവിഡ് കാലത്തും അടുത്ത ഡെസ്റ്റിനേഷൻ മനസിൽ പാകപ്പെടുത്തുന്നുണ്ട്. നഗരവും ഗ്രാമവും ചുറ്റി, മണ്ണിനെയും മനുഷ്യരെയുമറിഞ്ഞ് യാത്ര പോകാൻ..

 

English Summary: Interview with Siyadh, Solo cycle Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com