ADVERTISEMENT

കൊറോണ വൈറസ് മൂലം കഴിഞ്ഞ കുറച്ചു കാലങ്ങളായി യാത്രകള്‍ മുടങ്ങിയിരിക്കുകയാണ്. ഈയിടെയായി പുറത്തുവരുന്ന വാര്‍ത്തകളും യാത്രക്ക് അനുകൂലമല്ല. കേരളക്കരയില്‍ നിന്നും പടിയടച്ചു പിണ്ഡം വച്ച നിപ്പ വൈറസിനെ വീണ്ടും കണ്ടെത്തിയതോടെ ആശങ്കയിലാണ് ജനങ്ങൾ. ഇതിനിടയില്‍  പെട്ടുപോയതോ, ഒരു കാലത്ത് കര്‍ഷകരുടെ മിത്രമായി അറിയപ്പെട്ടിരുന്ന വവ്വാലുകളും! ഇപ്പോള്‍ എവിടെ വച്ചു കണ്ടാലും ആളുകള്‍ പേടിയോടെ മാത്രം നോക്കുന്ന ഒരു ജീവിയായി വവ്വാല്‍ മാറിക്കഴിഞ്ഞു. എന്നാല്‍, ഈ കുഞ്ഞന്‍ പക്ഷികളെ കാണാനായി മാത്രം സഞ്ചാരികള്‍ പറന്നെത്തുന്ന സ്ഥലങ്ങള്‍ ഉണ്ടെന്ന കാര്യം അറിയാമോ?  

ഒഡീഷയിലെ ബാറ്റ് ഐലന്‍ഡ് ആണ് ഈ സ്ഥലം. പേരുപോലെത്തന്നെ നൂറു കണക്കിന് വവ്വാലുകള്‍ നിറഞ്ഞ ഒരു ദ്വീപാണ് ഇത്. മഹാനദിയില്‍, ഹിരാക്കുഡ് ഡാം റിസര്‍വോയറിനരികില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ്‌ കാഴ്ചക്ക് അതിസുന്ദരമാണ്. ഇപ്പോള്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഒഡീഷ സംസ്ഥാന സർക്കാരിന്‍റെ വനം -പരിസ്ഥിതി വകുപ്പ് ആരംഭിക്കുന്ന ഹിരാക്കുഡ് ക്രൂയിസിന്‍റെ ഭാഗമായി ആളുകൾക്ക് ദ്വീപ് സന്ദർശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 

കോവിഡ് ലോക്ഡൗണിന് ശേഷം ഇക്കോടൂറിസം പുനരാരംഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ദ്വീപിന്‍റെ സംരക്ഷണത്തിനായി നിലവില്‍ 12 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി തുടക്കത്തില്‍ രാത്രി താമസത്തിനായി ഡെബ്രിഗഡ് ഇക്കോടൂറിസത്തിൽ കമ്മ്യൂണിറ്റികൾ നടത്തുന്ന 14 കോട്ടേജുകള്‍ ഉണ്ടാകും. കൂടാതെ വിവിധ തരം യാത്രാ പാക്കേജുകള്‍ വേറെയും ഉണ്ടാകും. പദ്ധതി ഒക്ടോബർ മുതൽ ആരംഭിക്കാനാണ് സാധ്യത.

bat-island1
By Gideon Ikigai/shutterstock

ഹിരാക്കുഡ് അണക്കെട്ടിൽ നിന്ന് 10 കിലോമീറ്ററും ഡെബ്രിഗഡ് പരിസ്ഥിതി ടൂറിസത്തിൽ നിന്ന് ഒരു കിലോമീറ്ററും അകലെയായി, മഹൂതലു ഗ്രാമത്തിനടുത്തായാണ് ബാറ്റ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഹിരാക്കുഡ് ഡാമിൽ നിന്ന് 20 മിനിറ്റ് ബോട്ട് യാത്ര ചെയ്യണം ദ്വീപിലെത്താൻ. ഏകദേശം 20 മുതൽ 25 വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മഹൂതലു ഗ്രാമത്തിൽ താമസിക്കുന്നു. വേനൽക്കാലത്ത്, അണക്കെട്ടിലെ വെള്ളം വറ്റുമ്പോള്‍ മഹൂതലുവും ബാറ്റ് ദ്വീപും ഒറ്റ ദ്വീപായി മാറുന്നു. 

രണ്ട് ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന ബാറ്റ് ഐലന്‍ഡ്  ആയിരത്തിലധികം വവ്വാലുകളുടെ താമസകേന്ദ്രമാണ്. വവ്വാലുകളെ ഒരു നിശ്ചിത അകലത്തിൽ നിന്ന് മാത്രം കാണാൻ ഇക്കോ ടൂറിസ്റ്റുകളെ അനുവദിക്കും. യാത്രയില്‍ കൂടെ പരിശീലനം ലഭിച്ച ഇക്കോ ഗൈഡുകളുണ്ടാകും, വവ്വാലുകളെ ശരിക്ക് കാണാൻ ബൈനോക്കുലറുകളും നൽകും.

 

English Summary: Bat Island in Odisha set to lure Tourists Interested in Eco Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com