ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ; ഒന്നു പിടിവിടൂ വൈറസുകളെ: രശ്മി പറയുന്നു

Reshmi-55
SHARE

ചിരിയുടെ അമിട്ടുപൊട്ടിച്ച് കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യതാരം രശ്മിയെ അറിയാത്ത മലയാളികളില്ല. കോമഡി മാത്രമല്ല മിമിക്രിയിലും മോണോആക്ടിലും ജഗജില്ലിയാണ് താരം. ഇൗ കൊറോണക്കാലത്തെ സങ്കടത്തിലും സന്തോഷം ഇരട്ടിയാക്കി രശ്മിയെ തേടിയെത്തി ഹാസ്യ നടിക്കുള്ള ടെലിവിഷൻ പുരസ്കാരം. തുടർച്ചയായി രണ്ടാം തവണയാണ് അവാർഡ് കരസ്ഥമാക്കുന്നത്. ആ സന്തോഷത്തിന്റെ നിറവിലാണ് രശ്മി. അഭിനയവും ജീവിതവുമായി സഞ്ചരിക്കുന്ന രശ്മിയുടെ വിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

പിടിവിടുന്ന ലക്ഷണമില്ല

"കൊറോണ, കോവിഡ്, നിപ്പ എന്തൊക്കെ പേരുകളാണ്, കുട്ടികൾ പോലും നാക്കുളുക്കാതെ പറയും. മാസ്ക് വയ്ക്കാതെ പുറത്തേക്കിറങ്ങിയാൽ നമ്മളെ കൊറോണയും പൊലീസും പിടിക്കും. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്". നർമലഹരിയിലാണെങ്കിലും വേദന ഉള്ളിലൊതുക്കിയാണ് രശ്മി പറയുന്നത്. ഇന്നുവരെ കേട്ടിട്ടില്ലാത്ത പുതിയ രോഗങ്ങളിലൂടെ എത്ര പേരുടെ ജീവനാണ് പൊലിഞ്ഞത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, എല്ലാവരെയും പോലെ കൊറോണക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ രശ്മിക്കും നേരിടേണ്ടി വന്നു.

reshi-anil-4

കൊറോണയുടെ ആദ്യ  ലോക്ഡൗൺ സമയം ശരിക്കും സന്തോഷത്തിന്റെ നാളുകളായിരുന്നു. മറ്റൊന്നുമല്ല തിരക്കിട്ട ജീവിതത്തിൽ നിന്നു കുട്ടികളോടൊപ്പം ഒരുമിച്ച് കഴിയാൻ കിട്ടിയ അവസരമായിരുന്നു. രണ്ടാം വരവ് ശരിക്കും ജീവിതത്തെ പിടിച്ചു കുലുക്കി. പോക്കറ്റിന്റെ കനവും കുറഞ്ഞു. ഷൂട്ടില്ല, വരുമാനമില്ല വല്ലാത്ത അവസ്ഥയായിരുന്നു. എന്റെ വീടിന്റെ പണി നടക്കുന്ന സമയവും പിന്നെ പറയേണ്ടതില്ലലോ. ശരിക്കും ബുദ്ധിമുട്ടി. പതിയെ പഴയ ജീവിതത്തിലേക്കുള്ള യാത്രയിലാണിപ്പോൾ.

reshi-anil-1

മുഖം മറച്ച ജീവിതം

രണ്ടു കണ്ണുകളിലൂടെ മാത്രമേ ഇപ്പോൾ എല്ലാവരോടും സ്നേഹം പങ്കിടാൻ സാധിക്കുകയുള്ളൂ. കൊറോണയെ തടയുവാനായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതോടെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ പഴയെപോലെ കാണാനും കെട്ടിപ്പിടിക്കാനുമൊക്കെ സാധിക്കില്ല. സാമൂഹിക അകലം പാലിക്കേണ്ടേ. ഇൗ കാലഘട്ടം എന്നു മാറുമോ എന്തോ?

reshmi-trip

പണ്ട് മിക്കവർക്കും പൊടിയടിച്ചും മറ്റും ജലദോഷം സർവസാധനരണമായിരുന്നു, ഇപ്പോൾ മാസ്ക് ധരിക്കുന്നതിനാൽ പരിധി വരെ പൊടി അലർജി മൂലമുള്ള രോഗത്തിന് കുറവുണ്ട്. നമ്മുടെ ഒാരോത്തരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെുത്തുന്നത്. എല്ലാവരും കൃത്യമായി പാലിക്കണം. എല്ലാവരും ജാഗ്രതയോടെ തന്നെ മുന്നോട്ടു പോകണം.

യാത്രയും ഹോട്ടലും വീടിനുള്ളിലാണ്

കൊറോണക്കാലം പഴയ യാത്രകളുടെ ഒാർമപ്പെടുത്തലിന്റെ നാളുകൾ കൂടിയായിരുന്നു. വീടിനുള്ളിൽതന്നെ ആയതിനാൽ വീട്ടുകാരും കുട്ടികളും ഒരുമിച്ച് മുമ്പ് പോയ യാത്രയുടെ സുന്ദര നിമിഷങ്ങൾ എല്ലാവരും പരസ്പരം സംസാരിച്ചു. സത്യത്തിൽ പോയ സ്ഥലങ്ങളെക്കുറിച്ചും താമസത്തെക്കുറിച്ചുമൊക്കെ ഒരുപാട് ഒാർത്തെടുക്കാൻ സാധിച്ചു. പിന്നെ കുറെയധികം പാചക പരീക്ഷണങ്ങളും നടത്തി. സത്യത്തിൽ യാത്രയും ഹോട്ടലുമൊക്കെ വീടിനുള്ളിലായിരുന്നു.

reshi-anil-3

കിട്ടിയ അവസരത്തിൽ വാൽപാറയ്ക്കു പോയി

ആദ്യത്തെ ലോക്ഡൗണിൽ ഇളവുകൾ വന്നതോട കുടുംബവുമൊത്ത് നേരെ വാൽപാറയ്ക്കു പോയി. നീണ്ട നാളുകൾക്ക് ശേഷമുള്ള യാത്രയായിരുന്നു. ശരിക്കും ആഘോഷിച്ചു. തമിഴ്നാടിന്റെ സ്വന്തമാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മലയാളികളാണ്. കാടും മലകളും ഹെയർപിൻ വളവുകളും ചുരവും താണ്ടി കിടിലൻ യാത്രയായിരുന്നു. 

reshmi-trip4

കേരളത്തിൽ നിന്നും  പ്രധാനമായും മൂന്നു വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാം. പാലക്കാട് – പൊള്ളാച്ചി – ആളിയാർ വഴി, ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ വഴി. അല്ലെങ്കിൽ മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി വാൽപ്പാറ. ചാലക്കുടി- അതിരപ്പിള്ളി- മലക്കപ്പാറ വഴി വാൽപ്പാറ പോകുന്നതാണ് ഏറ്റവും സുന്ദരമായ വഴി. യാത്ര ആരംഭിക്കുമ്പോൾ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളും കാണാം. അതിരപ്പിള്ളി കഴിഞ്ഞു വാഴച്ചാലിലെത്തി കുറച്ചു സമയം അവിടെ ചെലവഴിക്കാം. തുടർന്നുള്ള യാത്ര  വനത്തിലൂടെയാണ് ഏതു സമയവും ആനയിറങ്ങുന്ന വഴി. 

reshmi-trip5

വന്യ മൃഗങ്ങളുടെ സ്വൈര്യ വിഹാരങ്ങൾക്ക് തടസ്സമാകാതിരിക്കുവാൻ രാത്രിയാത്രാ നിരോധനമുണ്ടിവിടെ. മലക്കപ്പാറ വരെ കൊടുംകാട്ടിലൂടെയുള്ള യാത്ര അവിസ്മരണീയമായിരിക്കും. കെഎസ്ആർടിസി ചാലക്കുടിയിൽ നിന്നും മലക്കപ്പാറ വരെ സർവീസ് നടത്തുന്നുണ്ട്. ആനവണ്ടിയിൽ വാൽപാറയിലേക്ക് യാത്രതിരിച്ചാലും ഗംഭീരമായിരിക്കും. യാത്രാപ്രേമികൾ ഒരിക്കലെങ്കിലും കാണേണ്ടയിടമാണ് വാൽപാറ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട യാത്രയായിരുന്നു അത്.

reshmi-trip2

യാത്ര ഇഷ്ടമാണ്

എനിക്കേറ്റവും ഇഷ്ടപ്പെട്ട യാത്രകൾ ക്ഷേത്രത്തിലേക്കുള്ളതാണ്. കേരളത്തിനകത്തുള്ള ഒരുപാട് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോ‍ഡ് വരെ ഏകദേശം മിക്കയിടത്തും പോയിട്ടുണ്ട്. കുട്ടികൾക്ക് അവധി ആകുമ്പോഴാണ് യാത്ര രസകരമാകുന്നത്. ലൊക്കേഷനിലേക്ക് കുട്ടികളെയും ഒപ്പം കൂട്ടും. തിരുവനന്തപുരത്താണെങ്കിൽ ഷൂട്ട് കഴിഞ്ഞാൽ നേരെ വിടുന്നത് കന്യാകുമാരിയിലേക്കാണ്. 

reshmi-trip3

സൂര്യാസ്തമയം കാണാൻ ഈ കടലോളം മനോഹരമായ മറ്റിടങ്ങൾ കുറവാണ്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും സംഗമിക്കുന്ന ഈ ത്രിവേണി സംഗമ ഭൂമിയിൽ കന്യാകുമാരി കടൽത്തീരത്തെ സായന്തനം ഒരിക്കലും മറക്കാനാവില്ല. ശാന്ത സുന്ദരമായ ആ തീരം അന്നത്തെ യാത്രയുടെ മുഴുവൻ ആലസ്യത്തേയും ആ ഒറ്റകാഴ്ചകൊണ്ട് മായ്ചുകളയും. വിവേകാനന്ദ പാറയും മഹാത്മാഗാന്ധി മെമ്മോറിയലും തിരുവള്ളുവരുടെ പ്രതിമയുമെല്ലാം കന്യാകുമാരിയിലെ ആ യാത്രയിൽ പുതുകാഴ്ചകള്‍ സമ്മാനിക്കും. യാത്രകള്‍ ഒരുപാട് നടത്തിയിട്ടുണ്ട്. തിരുവനന്തപുരം എറണാകുളം അങ്ങനെ ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന ഒരുപാടിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ആദ്യത്തെ വിദേശ യാത്ര

കെനിയയിലേക്കുള്ള യാത്രയായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ വിദേശ യാത്ര. അതിയായ ആവേശത്തോടെയായിരുന്നു യാത്രക്ക് തയാറെടുത്തത്. മലയാളി സമാജത്തിന്റെ ഷോയുടെ ഭാഗമായിരുന്നു യാത്ര. കണക്ടിങ് ഫ്ളൈറ്റായിരുന്നു. പന്ത്രണ്ട് മണിക്കൂർ യാത്രയിൽ വേരുറച്ചെന്നു തന്നെ പറയാം. വിമാന യാത്രയിലെ അമിതാവേശവും ആഗ്രഹവും അവിടെ അവസാനിച്ചു. കെനിയയിൽ എത്തിയപ്പോൾ ശരിക്കും അമ്പരന്നു. ഇതെന്താ ചേട്ട നമ്മൾ നാട്ടിൽ തന്നെയാണോ തിരിച്ചെത്തിയതെന്ന് പറഞ്ഞുപോയി. ശരിക്കും കേരളവുമായി സാമ്യം തോന്നുന്നയിടമായിരുന്നു കെനിയ. നിറയെ മരങ്ങളും ചെടികളും നിറഞ്ഞ ഭൂമി. 

reshi-anil-2

ഷോ കഴിഞ്ഞുള്ള ഒരു ദിവസം കെനിയയിലെ കാഴ്ചകൾ ആസ്വദിക്കാനായി ഇറങ്ങി. വൈല്‍ഡ് ലൈഫ് സഫാരിയാണ് ഏറെ ആകർഷിച്ചത്. മസായ്മാര വൈൽഡ് സഫാരി ശരിക്കും വിസ്മയിപ്പിച്ചു. മൃഗങ്ങളെ അവയുടെ വിഹാരകേന്ദ്രങ്ങളില്‍ നേരിട്ടുകാണുക ഒരു അപൂര്‍വ അനുഭവമായിരുന്നു. പുലിയും സിംഹവും ഉൾപ്പടെ മിക്ക മൃഗങ്ങളെയും അടുത്തു കാണാൻ സാധിച്ചു. കാലാവസ്ഥ മാറുമ്പോൾ മൃഗങ്ങൾ കൂട്ടമായി മാറാ നദി കടന്ന് ടാന്‍സാനിയയിലെ സെറീന്‍ഗെറ്റി നാഷനല്‍ റിസര്‍വിന്റെ ഭാഗത്തേക്കു നടത്തുന്ന യാത്രയാണ് മസായ്മാരയുടെ മറ്റൊരു സവിശേഷത. മൃഗങ്ങളുടെ ന‍ദി കടന്നുള്ള പലായനം മണിക്കൂറുകളോളം ഞങ്ങൾ കണ്ടു നിന്നു.

അഭിനേത്രി ആയില്ലായിരുന്നെങ്കിൽ

അഭിനയം കുട്ടിക്കാലം മുതൽ ഇഷ്ടമായിരുന്നു. 3ാം ക്ലാസിൽ മോണോ ആക്ടിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ചു പിന്നീടു നാടകം എഴുതിയും അഭിനയിച്ചും സംവിധാനം ചെയ്തും സ്കൂൾ യുവജനോത്സവങ്ങളിൽ താരമായി. കെപിഎസിയുടെ തമസ്സ്, അശ്വമേധം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.നാടകത്തിലൂടെയാണ് സിനിമാ സീരിയൽ രംഗത്തേക്ക് കടന്നുവരുന്നത്. ഇതിനിടെ ബിഎഡും പാസായിരുന്നു. 2006ൽ വിവാഹശേഷം അഭിനയരംഗത്തു നിന്ന് അധ്യാപനത്തിലേക്കു വഴിമാറി. പിന്നീട് അഭിനയത്തിലേക്ക് എത്തി. നടി ആയില്ലായിരുന്നുവെങ്കിൽ അധ്യാപിക ആകുമായിരുന്നു.

എന്നാണ് യാത്ര സാധ്യമാകുക

കൊറോണ വൈറസിന്റെ വ്യാപനം എന്നു അവസാനിക്കുമെന്നു ഒരുപിടിയുമില്ല. എന്തായാലും ആരോഗ്യ മന്ത്രാലയം പറയുന്നതുപോലെ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സാനിറ്റൈസർ ഉപയോഗിച്ചും വളരെ ശ്രദ്ധയോടെ മുന്നോട്ടു പോകാം. എല്ലാം പഴയ പോലെ സുരക്ഷിതമായി തന്നെ യാത്ര ചെയ്യാനാകുമെന്നും പ്രതീക്ഷിക്കാം. ജീവിതം പഴയ നിലയിലാകട്ടെ, പ്രാർത്ഥിക്കാം.

English Summary: Memorable Travel Experience by Comedy Actress  Reshmi Anil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA