ADVERTISEMENT

'ദി ലോഡ് ഓഫ് ദി റിംഗ്സ്' സീരീസിലുള്ള സിനിമകള്‍ കണ്ടവര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത കാഴ്ചയാണ് അവയിലെ ഹോബിറ്റുകളുടെ ഇത്തിരിക്കുഞ്ഞന്‍ വീടുകള്‍. അത്തരമൊരു വീട് സ്വയം നിര്‍മിച്ച്, അതില്‍ താമസിച്ച് ഇന്‍റര്‍നെറ്റില്‍ മുഴുവന്‍ വൈറലായിരിക്കുകയാണ് നാഗാലാ‌‍ന്‍ഡിലെ അസാഖോ ചേസ് എന്ന 29- കാരന്‍. ഏഷ്യയിലെ ആദ്യ ഹരിതഗ്രാമമായ ഖോനോമയില്‍ സ്ഥിതിചെയ്യുന്ന ഈ വീട്, ഇതിനോടകം തന്നെ ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഈ വീട് സഞ്ചാരികള്‍ക്ക് താമസത്തിനായി തുറന്നു കൊടുക്കാനുള്ള ഒരുക്കത്തിലാണ് അസോഖ്. അതിനായുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. താമസക്കാര്‍ക്കായുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി, സെപ്റ്റംബര്‍ 12 മുതല്‍ അതിഥികളെ സ്വീകരിക്കാനാണ്‌ പദ്ധതി.

കാടിന് നടുവിലെ വീട്

പതിനാലടി വീതിയും പത്തടി ഉയരവുമുള്ള ഈ വീട് ഏകദേശം രണ്ടുമാസം കൊണ്ടാണ് അസാഖോ പൂര്‍ത്തീകരിച്ചത്. കാടിന് നടുവില്‍ നിര്‍മിച്ച വീടിന് ഓവല്‍ ആകൃതിയില്‍ ഉള്ള വാതിലും ജനലുമാണ് ഉള്ളത്. ചുറ്റും മനോഹരമായ പച്ചപ്പാണ്. 'ലോഡ് ഓഫ് റിംഗ്സ്' സിനിമകള്‍ ഏറെ ഇഷ്ടമാണ് അസാഖോയ്ക്ക്. എന്നാല്‍ അവയില്‍ ഉള്ളതു പോലെയുള്ള ഹോബിറ്റ് ഹോള്‍ വീട് നിര്‍മ്മിക്കാന്‍ താന്‍ ഒരിക്കലും ചിന്തിച്ചിരുന്നേയില്ല എന്ന് അസാഖോ പറയുന്നു. ഒറ്റയ്ക്ക് താമസിക്കാനായി കാടിന് നടുവില്‍ കെട്ടിയ ഈ വീട് ഇന്‍റര്‍നെറ്റിലും ടൂറിസ്റ്റുകള്‍ക്കിടയിലും തരംഗമാകുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ല.

ആൽഡർ മരം ഉപയോഗിച്ച്, സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ കുഞ്ഞന്‍ വീട്ടിനുള്ളില്‍ ഏകദേശം അഞ്ച് മുതൽ ഏഴ് വരെ ആളുകൾക്ക് താമസിക്കാനാകും. അതിഥികൾക്ക് വേണമെങ്കില്‍ ഇവിടെയുള്ള അടുക്കളയിൽ പാചകം ചെയ്യാം. ഇതിനുപുറമെ, വെള്ളവും വൈദ്യുതിയും പാശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റും ഇവിടെയുണ്ട്. 5 മിനിറ്റ് അകലെയായി ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

വീടിനോട് ചേർന്ന് പുതിയ ജൈവ പച്ചക്കറികൾ വളർത്തുന്ന ഒരു തോട്ടമുണ്ട്. ഇവിടം സന്ദർശിക്കുന്ന ആളുകൾക്ക് ഈ തോട്ടങ്ങളില്‍ നിന്ന് പച്ചക്കറികൾ പറിച്ചെടുക്കുകയും അവ ഉപയോഗിച്ച് വിഭവങ്ങള്‍ പാചകം ചെയ്തു കഴിക്കുകയും ചെയ്യാം.

 

English Summary: Hobbit Home Built By Nagaland Man Becomes State’s New Attraction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com