ADVERTISEMENT

തെങ്കാശി∙ കൊല്ലം ജില്ലയിൽ നിന്നും അകലെയല്ലാതെ ഊട്ടിയ്ക്ക് സമാനമായ കാലാവസ്ഥയുള്ള അധികമാരും അറിയപ്പെടാത്ത ഒരു വിനോദ സഞ്ചാര കേന്ദ്രം തിരുനെൽവേലി ജില്ലയിലുണ്ട്. കോവിഡിന്റെ ഒന്നാം വരവിൽ അടച്ച ഈ ടൂറിസം കേന്ദ്രം കഴിഞ്ഞദിവസം മുതൽ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നൽകി. കളക്കാട് – മുണ്ടൻതുറൈ ടൈഗർ റിസർവിന്റെ ഭാഗമായ "മാഞ്ചോലയാണ്" സാഹസിക വിനോദ സഞ്ചാരികൾക്കും ഹണിമൂൺ യാത്രികർക്കും ഇഷ്ടപ്പെടുന്ന ആ സ്ഥലം.

∙ മാഞ്ചോലയ്ക്കുളള വഴി

കേരള അതിർത്തിയായ കൊല്ലം ആര്യങ്കാവിൽ നിന്നും 62 കിലോമീറ്റർ യാത്ര ചെയ്താൽ അംബാസമുദ്രം കഴിഞ്ഞുള്ള കല്ലടകുറിച്ചിയിലെത്താം. ഇവിടെ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ മണിമുത്താറും ഇവിടെ നിന്നും 20 കിലോമീറ്റർ അകലെയാണ് മാഞ്ചോലയെന്ന പ്രകൃതി കനിഞ്ഞു നൽകിയ സ്ഥലം. മാഞ്ചോലയിൽ നിന്നും 48 കിലോമീറ്റർ തകർന്നു കിടക്കുന്ന പാതയിൽക്കൂടി സഞ്ചരിച്ചെത്തുമ്പോൾ ഊട്ടിയും തോറ്റുപോകുന്ന കാലവസ്ഥയുള്ള കുതിരവെട്ടിയിൽ എത്താം. കൊല്ലം ജില്ലയിലെ തെന്മല ശെന്തുരുണി വന്യമ‍ൃഗ സങ്കേതത്തിനോട് ചേർന്നാണ് കളക്കാട് മുണ്ടൻതുറെ ടൈഗർ റിസർവ്.

∙യാത്രയിൽ 5 പോയിന്റുകൾ

manjolai-hills3
By Alexander Chandrasekaran/shutterstock

കുതിരവെട്ടിയിലേക്കുള്ള യാത്രയിൽ 5 പ്രധാന പോയിന്റുകളുണ്ട്. മണിമുത്താർ, മാഞ്ചോല, കാക്കാച്ചി, നാലുമുക്ക്, ഊത്ത് എന്നിവയാണത്. മാഞ്ചോലയും കാക്കാച്ചിയും ഊത്തുമൊക്കെ സ്വകാര്യ കമ്പനിയുടെ തേയിലത്തോട്ടങ്ങളും ഫാക്ടറികളുമാണ്. 

സമുദ്ര നിരപ്പിൽ നിന്നു 1000-1500 മീറ്റർ ഉയരെയാണു കുതിരവെട്ടി. മാഞ്ചോല എസ്റ്റേറ്റ് എന്നാണു പൊതുവേ അറിയപ്പെടുന്നതെങ്കിലും കുതിരവെട്ടിയാണു അവസാന പോയിന്റ്. മണിമുത്താറിൽ നിന്നു കുതിരവെട്ടിയിലേക്കു ദുർഘടപാതയാണ്. ഇപ്പോൾ ഉച്ചയ്ക്ക് ശേഷം  കോടമഞ്ഞു നിറയും.

∙ബസ് സർവ്വീസുണ്ട്

തേയിലത്തോട്ടങ്ങൾക്കും നിബിഡ വനങ്ങൾക്കും മലനിരകൾക്കും നടുവിൽ ഒരു രാത്രി തങ്ങാം, അല്ലെങ്കിൽ പകൽ മുഴുവൻ കറങ്ങിയിട്ട് തിരികെ പോകാം.  മാഞ്ചോലയിലേക്കും കുതിരവെട്ടിയിലേക്കും പോകാൻ വനംവകുപ്പിന്റെ മുന്‍കൂറുള്ള അനുമതി വേണം. തകർന്നു കിടക്കുന്ന പാതവഴിയുള്ള യാത്രയ്ക്ക് സ്വന്തം വാഹനം ഇല്ലെങ്കിലും പേടിക്കണ്ട മണിമുത്താറിൽ നിന്നും അംബാസമുദ്രത്തിൽ നിന്നും തമിഴ്നാട് സർക്കാർ ബസുകൾ ദിവസം 4 സർവീസ് ഇവിടേക്ക് നടത്തുന്നുണ്ട്.( സ്വന്തം വാഹനമെങ്കിൽ ഓഫ് റോഡിന് അനുയോജ്യമായ വാഹനം തിരഞ്ഞെടുത്താൽ നന്ന്).

manjolai-hills1

∙താമസിക്കാൻ കുതിരവെട്ടി ഗസ്റ്റ് ഹൗസ്

കുതിരവെട്ടിയിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ വലിയ ആഡംബരമില്ലാതെ താമസിക്കാം. ഇവിടുത്തെ താമസത്തിനും മുന്‍കൂട്ടി ഓൺലൈൻ ബുക്കിങ് നടത്തണം. ഇവിടെ 2 മുറികളുണ്ട്. ഒരു മുറിയിൽ 2 പേർക്ക് തങ്ങാനാണ് അനുമതിയുള്ളത്. ഒരു മുറിയ്ക്ക് തികുതിയടക്കം 3460 രൂപയാണ് ചാർജ്. നേരത്തെ ഭക്ഷണം ഇവിടെ ലഭിക്കില്ലായിരുന്നു. കോവിഡിന് ശേഷം ഭക്ഷണം തയാറാക്കി നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്(അന്വേഷിച്ച് ഉറപ്പു വരുത്തുണം). കുതിരവെട്ടിയിൽ കടകളില്ല. കുതിരവെട്ടിക്കു തൊട്ടുമുന്‍പുള്ള ഊത്തിൽ ആഹാരസാധനങ്ങൾ ലഭിക്കും. അല്ലെങ്കില്‍ കരുതിക്കൊണ്ട് പോകണം. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ സാധിക്കില്ല. കുതിരവെട്ടിയിലെ വനംവകുപ്പിന്റെ വാച്ച് ടവറിൽ നിന്നാൽ പാപനാശം പട്ടണവും മണിമുത്താർ ഡാമുമൊക്കെ മഞ്ഞും മഴയുമില്ലെങ്കിൽ കാണാം. ഈ ഭാഗത്ത് ബിഎസ്എൻഎൽ മൊബൈൽ ഫോണിന് കവറേ‍ജ് ഉള്ളതിനാൽ ഫോണ്‍ വിളിയും നടക്കും.  ഓൺലൈൻ ബുക്കിങിന്. www.kmtr.co.in, മൊബൈൽ 09488912270.

പോകുന്ന വഴിയിൽ മനോഹര കാഴ്ചകള്‍

കല്ലടക്കുറിച്ചിയിൽ നിന്നും എത്തുന്നത് മണിമുത്താർ ഡാം സൈറ്റിലാണ്. മണിമുത്താർ അണക്കെട്ടും കണ്ണിനു കുളിർമയാകും. പശ്ചിമഘട്ട മലനിരയിൽ പെയ്ത മഴയിൽ അണക്കെട്ട് നിറഞ്ഞു കിടക്കുകയാണ്. ഇവിടെ നിന്നു ഹെയർ പിൻ വളവുകളും കുത്തനെയുള്ള കയറ്റങ്ങളും കടന്നു യാത്ര തുടരാം. മുകളിലേക്കു ചെല്ലുംതോറും കാട് ഇരുണ്ടു തുടങ്ങും. മാഞ്ചോലയിൽ ചെറിയൊരു ചായക്കടയുണ്ട്. ചായയും ലഘുഭക്ഷണവും കിട്ടും. 

തൊഴിലാളികളുടെ ആരാധനാലയങ്ങളായ പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയും യാത്രയിൽ കാണാം. തേയില നുള്ളുന്ന സ്ത്രീകളെയും തൊഴിലാളികളായ പുരുഷന്മാരെയും ലോറികളിൽ കൊണ്ടുപോകുന്നതിന്റെയും വരുന്നതിന്റെയും ദൃശ്യങ്ങളാണെങ്ങും. ഊത്ത് എന്ന സ്ഥലത്താണു പിന്നെയൊരു കട. 

∙കര്‍ശന നിയന്ത്രണം

ഇവിടേക്കുള്ള യാത്രയ്ക്ക് കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. 2 ഡോസ് കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റോ, 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റോ ആവശ്യമാണ്. ടൈഗർ റിസർവിലേക്ക് പ്രവേശിക്കുമ്പോൾ പാലിക്കേണ്ടുന്ന എല്ലാ നിബന്ധനകളും ഇവിടേയും ബാധകമാണ്. രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ആന, പുലി, കടുവ എന്നിവ ഇറങ്ങുന്ന വനമേഖല ആയതിനാൽ സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങുന്നതും വനംവകുപ്പ് നിരുത്സാഹപ്പെടുത്തുന്നുണ്ട്.

മാഞ്ചോല, കാക്കാച്ചി, ഊത്ത് എന്നിവിടങ്ങളിൽ തേയിലത്തോട്ടങ്ങളും ഫാക്ടറികളും കാണാം. കാടിന്റെ വശ്യമായ സൗന്ദര്യം നുകർന്നു പകൽ മുഴുവൻ ചുറ്റിയടിച്ച ശേഷം മടക്കയാത്രയിൽ പാപനാശവും സന്ദർശിക്കാം. സാഹസിക യാത്രയും കാട്ടിനുള്ളിലെ താമസവും ഇഷ്ടപ്പെടുന്നവർക്കു പോകാൻ പറ്റിയ സ്ഥലം. ഭയമില്ലെങ്കിൽ കുടുംബമായും ഇവിടെയെത്താം.

English Summary: Manjolai Hill Station - Tirunelveli - Tamilnadu tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com