ADVERTISEMENT

നാലുപാടും പരന്നുകിടക്കുന്ന മനോഹരമായ പുല്‍മേടുകള്‍. അവയ്ക്കിടയില്‍ അവിടവിടെയായി കാണുന്ന കോടമഞ്ഞണിഞ്ഞ മലനിരകള്‍. 360 ഡിഗ്രിയില്‍ നീലഗിരിയുടെ മുഴുവന്‍ സൗന്ദര്യവും മനസ്സിലേക്ക് ആവാഹിക്കാം. അതിനുള്ള അവസരമാണ് തമിഴ്നാട്ടിലെ സൂചിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. 

ഗൂഡല്ലൂരിൽ നിന്നും ഊട്ടിക്ക് പോകുന്ന വഴിയില്‍, ഏകദേശം എട്ടു കിലോമീറ്റര്‍ അകലെ നാഷണല്‍ ഹൈവേ 67-ലാണ് നീലഗിരിയുടെ ഭാഗമായ സൂചിമല. സൂചിയുടെ ആകൃതിയില്‍, കോണ്‍ രൂപത്തിലായതിനാലാണ് ആ പേര്. ആകാശം മുട്ടേ ഉയര്‍ന്നു നില്‍ക്കുന്ന യൂക്കാലി മരങ്ങള്‍ക്കിടയിലൂടെ ഇവിടേക്കുള്ള യാത്ര തന്നെ സുന്ദരമായ ഒരു അനുഭൂതിയാണ്. മലയിലേക്ക് കയറുന്നിടത്ത് വണ്ടി നിര്‍ത്താനുള്ള സൗകര്യമുണ്ട്. ഏറ്റവും മുകളിലേക്ക് കയറിയാല്‍ ചുറ്റും വിളഞ്ഞു നില്‍ക്കുന്ന പാടങ്ങളും തീപ്പെട്ടിക്കൂടുപോലെ വീടുകളും പാറക്കൂട്ടങ്ങളുമെല്ലാം കാണാം. 

needle-rock-view-point1
By Nesru Markmedia|Shutterstock

പുലര്‍കാലത്താണ് സൂചിമല ഏറ്റവും സുന്ദരിയാകുന്നത്. മഞ്ഞില്‍ കുളിച്ച്, മേഘങ്ങള്‍ പറന്നകലുന്ന താഴ്‍‍‍വാരങ്ങളും പച്ചപ്പട്ടു പുതച്ച മലനിരകളും നോക്കി നില്‍ക്കാം. തെളിഞ്ഞ ദിനങ്ങളില്‍ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ ആദ്യമായി ഭൂമിയെത്തൊടുന്നത് ഹൃദയം നിറയെ ആസ്വദിച്ചു കാണാം. അസ്തമയമാണ് ഇവിടുത്തെ മറ്റൊരു സുന്ദരകാഴ്ച. കൂടാതെ മുതുമല വന്യജീവി സങ്കേതവും ഇവിടെ നിന്നും നോക്കിയാല്‍ കാണാനാവും. 

വനംവകുപ്പിന്‍റെ നിയന്ത്രണത്തിലാണ് സൂചിമല വിനോദസഞ്ചാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 2013 ഫെബ്രുവരി മുതലാണ് ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയത്. ടിക്കറ്റ് എടുത്തു വേണം യാത്ര. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുമണി വരെ ഇവിടം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാത്രിസമയങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്ന സ്ഥലമായതിനാല്‍ സഞ്ചാരികള്‍ക്ക് സന്ധ്യ വരെയേ പ്രവേശനം ഉള്ളു. മണ്‍സൂണ്‍ സമയത്തും മറ്റും താപനില കുറയുന്നതിനാല്‍ സഞ്ചാരികള്‍ ചൂട് പകരുന്ന വസ്ത്രങ്ങളും കയ്യില്‍ കരുതണം. നിരവധി സിനിമകള്‍ക്കും സൂചിമല ലൊക്കേഷനായിട്ടുണ്ട്.

English Summary: Needle Rock View Point - Places to visit in Gudalur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com