ADVERTISEMENT

തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളിലുള്ള മറ്റൊരു മനോഹര കാഴ്ചയാണ് ഫ്രോഗ് ഹില്‍ വ്യൂ പോയിന്‍റ്. നിലത്ത് ഇരിക്കുന്ന ഒരു തവളയുടെ ആകൃതിയില്‍, കാണപ്പെടുന്ന കുന്നാണിത്. ഗൂഡല്ലൂര്‍-ഊട്ടി റോഡില്‍ സ്ഥിതിചെയ്യുന്ന ഫ്രോഗ് ഹില്‍ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണമാണ്.  

ഗൂഡല്ലൂരിൽ നിന്ന് ഏകദേശം 8 കിലോമീറ്ററും ഊട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നും 43 കിലോമീറ്ററും കൂനൂരിൽ നിന്ന് 62 കിലോമീറ്ററും കോത്തഗിരിയിൽ നിന്ന് 72 കിലോമീറ്ററും  മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് കിലോമീറ്ററും കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് 138 കിലോമീറ്ററും അകലെയായാണ് ഫ്രോഗ് ഹില്‍ സ്ഥിതിചെയ്യുന്നത്.  ഊട്ടിയിൽ നിന്നും കൂനൂരിൽ നിന്നും ഇവിടേക്ക് സ്വകാര്യ ടാക്സികൾ സര്‍വീസ് നടത്തുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള ധാരാളം വിനോദസഞ്ചാരികള്‍ ഫ്രോഗ് ഹില്‍ കാണാനായി ഇവിടേക്ക് എത്താറുണ്ട്. പ്രഭാതസമയങ്ങളിലാണ് കൂടുതല്‍ പേരും എത്തുന്നത്. എന്നാല്‍ ഇവിടേക്കുള്ള യാത്ര അത്ര എളുപ്പമല്ല. ബസുകളുടെയും ഹെവി ട്രക്കുകളുടെയും തിരക്ക് കൂടുതലുള്ള ഇടുങ്ങിയ കയറ്റ പാതയായതിനാല്‍ ഇവിടെ ഗതാഗത പ്രശ്നങ്ങൾക്ക് കുപ്രസിദ്ധമാണ്. കൂടാതെ, നിരവധി ഹെയർപിൻ വളവുകൾ നിറഞ്ഞ ഈ ഇടുങ്ങിയ ട്രാക്കിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ വോൾവോ ബസുകളും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ഒന്നോ രണ്ടോ മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ട്രാഫിക് ബ്ലോക്കുകൾ സ്ഥിരമാണ് ഇവിടെ. 

ഫ്രോഗ് ഹില്‍ വ്യൂ പോയിന്‍റില്‍ സഞ്ചാരികള്‍ക്ക് പ്രത്യേക ഫീസൊന്നുമില്ല എന്നതാണ് മറ്റൊരു കാര്യം. ഏതു സമയത്തു വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കുകയുമാവാം. അതിസുന്ദരമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ചുറ്റുമുള്ള കോടമഞ്ഞണിഞ്ഞ പ്രദേശങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും സമീപമുള്ള ചെറിയ ഗ്രാമങ്ങളുടെയും മനോഹാരിത ഇവിടെ നിന്നും ആസ്വദിക്കാം. 

സന്ദനമലൈ മുരുകന്‍ ക്ഷേത്രമാണ് ഈ പ്രദേശത്തെ മറ്റൊരു ആകര്‍ഷണം. കാട്ടിനുള്ളില്‍, ചുറ്റും വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ ഈ ക്ഷേത്രവും കാണേണ്ടതു തന്നെയാണ്. ചുറ്റും സുഗന്ധവ്യഞ്ജനത്തോട്ടങ്ങള്‍ ആയതിനാല്‍ അവയുടെ സുഗന്ധം തണുപ്പില്‍ അലിഞ്ഞ്‌ മൂക്കിലേക്ക് പതിയെ ഒഴുകിയെത്തുമ്പോള്‍ സ്വര്‍ഗ്ഗാരാമത്തിലാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും. കേരളീയ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ച നുമ്പലക്കോട്ടയാണ് മറ്റൊരു കാഴ്ച. ബെട്ടേരയസാമിയുടെ ഒരു പുരാതന ദേവാലയമാണിത്.

പൈക്കര (22 കിലോമീറ്റർ), ഗ്ലെൻമോർഗൻ അണക്കെട്ട് (18 കിലോമീറ്റർ), സിനിമാ ഷൂട്ടിംഗ് സ്ഥലം (23 കിലോമീറ്റർ), പൈൻ വനം (34 കിലോമീറ്റർ), ഗോൾഫ് കോഴ്സ് (44 കിലോമീറ്റർ), നീഡിൽ റോക്ക് (1 കി.മീ) എന്നിവയാണ് ഫ്രോഗ് ഹില്ലിനരികില്‍ ഉള്ള മറ്റു കാഴ്ചകള്‍. മണ്‍സൂണ്‍ കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

English Summary: Frog Hill View Point, Ooty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com