ADVERTISEMENT

കൂര്‍ഗിലെ കാപ്പിത്തോട്ടങ്ങള്‍ക്കിടയില്‍ നിന്നു മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍. ഇളംനീല നിറത്തിലുള്ള സ്വെറ്ററും ഷോര്‍ട്ട്സും ഷൂസുമണിഞ്ഞ്‌ ജിപ്സിക്ക് മുകളില്‍ കയറിയിരിക്കുന്ന ചിത്രങ്ങള്‍ കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ടൂര്‍ ഗൈഡായ റിഷ്വിനുമുണ്ട്.

മലയാള സംവിധായകൻ പ്രിയദര്‍ശന്‍റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. 2017ൽ പുറത്തിറങ്ങിയ 'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. സത്യൻ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ മോളിവുഡ് രംഗപ്രവേശം. ഈ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് 'പരിണയം' എന്ന പേരിൽ ഈയിടെ പുറത്തിറങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ പൃഥ്വിരാജിന്‍റെ 'ബ്രോ ഡാഡി'യെന്ന ചിത്രമാണ് കല്യാണി അഭിനയിച്ച് പൂര്‍ത്തിയാക്കിയത്.

കൂര്‍ഗിലെ മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും കല്യാണി പങ്കുവച്ചിട്ടുണ്ട്. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ച് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് കര്‍ണാടകയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തായി, പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന കുടക് അഥവാ കൂര്‍ഗ്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. മണ്‍സൂണ്‍ കാലം കഴിയുന്നതോടെ എങ്ങും പച്ചപ്പ്‌ നിറഞ്ഞ് കുടക് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങുന്നു.

കാപ്പിപ്പൂക്കളുടെ മനംമയക്കുന്ന സുഗന്ധവും സുഗന്ധവ്യഞ്ജന തോട്ടങ്ങളും ഏതു ഋതുവിലും സുഖകരമായ കാലാവസ്ഥയും നിറഞ്ഞ  കുടക് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്ന മനോഹര അനുഭവങ്ങളാണ്. മഞ്ഞണിഞ്ഞ മലകള്‍ക്കും തോട്ടങ്ങൾക്കും ഇടയിലൂടെയുള്ള ട്രെക്കിങ്ങും വിനോദസഞ്ചാരികളെ മോഹിപ്പിക്കുന്ന അനുഭവമാണ്. 

കുടകിലാണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടും കാവേരി നദിയുടെ തുടക്കമായ തലക്കാവേരിയുമെല്ലാമുള്ളത്. കൂടാതെ, അബ്ബി വെള്ളച്ചാട്ടം, മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങൾ നിൽക്കുന്ന ഗദ്ദിഗെ, മടിക്കേരി കോട്ട, രാജാക്കന്മാര്‍ വൈകുന്നേരങ്ങളിൽ വന്നിരിക്കുമായിരുന്ന രാജാസീറ്റ്, ആനസവാരി, ഏറുമാടം , മാൻ പാർക്ക് , എന്നിവ ഒരുക്കിയ നിസർഗധാം ദ്വീപ്‌, ഹാരങ്കി ഡാം, ദുബാരെ ആനക്യാമ്പ്, നാംഡ്രോലിങ്ങ് സന്യാസ മഠം എന്നിവയുമെല്ലാം ഇവിടെഎത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. 

English Summary: Kalyani Priyadarshan Gypsy Ride in Coorg Estate 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com