ADVERTISEMENT

ഹിമാലയത്തിന്‍റെ കുളിരും ഹരിതസമൃദ്ധിയും വഴിഞ്ഞൊഴുകുന്ന അതിമനോഹരമായ ഒരു കൊച്ചു പട്ടണമാണ് ഉത്തരാഖണ്ഡിലെ പോദി ഗധ്വാള്‍ ജില്ലയിലുള്ള ലാന്‍സ്ഡൗണ്‍. പുലര്‍കാലങ്ങളില്‍ മഞ്ഞിന്‍റെ കമ്പളം പുതച്ച്, ആകാശത്തെ ധ്യാനിച്ച്‌ നില്‍ക്കുന്ന മലനിരകളും ഓക്ക്, പൈന്‍, ദേവതാരു മരങ്ങളുമെല്ലാം അതിരിടുന്ന ഈയിടം കാലങ്ങളായി സഞ്ചാരികളുടെ  പറുദീസയാണ്. ശാന്തതയും സമാധാനവും നുകര്‍ന്ന്, നഗരത്തിന്‍റെ കാതടപ്പിക്കുന്ന ഇരമ്പങ്ങളില്‍ നിന്നും വീണ്ടും ഇങ്ങോട്ടേക്ക് ഓടിയെത്താന്‍ ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ച ആരും കൊതിച്ചുപോകും.

പ്രധാന പട്ടണത്തിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ഉമ്രി ഖൽ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'സെക്ലൂഡ്' എന്ന ഹോംസ്റ്റേ സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് ഈ മനോഹാരിത മുഴുവന്‍ അതിന്‍റെ പൂര്‍ണതയില്‍ അനുഭവിക്കാനുള്ള മികച്ച അവസരമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബഹളങ്ങളില്‍ നിന്നെല്ലാം അകലെയാണ് ഇവിടം. എന്നാൽ ആഡംബരത്തിനും സൗകര്യങ്ങള്‍ക്കും യാതൊരു കുറവുമില്ല താനും. മികച്ച വൈഫൈ, ആധുനിക സൗകര്യങ്ങൾ, മികച്ച ഭക്ഷണം എന്നിവയെല്ലാം സഞ്ചാരികള്‍ക്കായി ഒരുക്കുന്ന ഈ വീട് എഴുത്തുകാർക്കും കലാകാരന്മാർക്കും ഏറെ അനുയോജ്യമായ സ്ഥലമാണ്. പ്രകൃതിസൗന്ദര്യത്തിന്‍റെ പരകോടിയില്‍, ഹിമാലയത്തിനരികില്‍ കുളിരും മഞ്ഞും ആസ്വദിച്ച് ശാന്തമായി ഇരിക്കുന്നതിനേക്കാള്‍ ഭാവന ഉണര്‍ത്തുന്ന മറ്റെന്താണ് ഉള്ളത്!

അറ്റാച്ച്ഡ് ബാത്ത്റൂമുകള്‍ ഉള്ള രണ്ട് കിടപ്പുമുറികളാണ് സെക്ലൂഡിന്‍റെ ഗ്രൗണ്ട് ഫ്ലോറില്‍ ഉള്ളത്. എഴുത്തുകാര്‍ക്കായി ഒരുക്കിയ  'റൈറ്റ്ഹൗസ് അപ്പാർട്ട്മെന്‍റ്' ആണിത്. ഒരു ഓപ്പണ്‍ കിച്ചന്‍, ഡൈനിങ് സ്പേസ്, വിശാലമായ ടെറസ് എന്നിവയും ഇവിടെയുണ്ട്. മുകളിലെ നിലയില്‍ രണ്ട് കിടപ്പുമുറികളും ബാത്ത്റൂമുകളും ഷെയേര്‍ഡ് ലോഞ്ചും ബാൽക്കണിയുമാണ് ഉള്ളത്. തേക്ക് കൊണ്ട് നിര്‍മ്മിച്ച പുസ്തക ഷെൽഫുകളിൽ ഭംഗിയായി നിരത്തിയിരിക്കുന്ന പുസ്തകങ്ങളുടെ ഒരു ശേഖരവും സെക്ലൂഡിലുണ്ട്.

Seclude-Homestays
Image From Seclude Homestay official site

വെറുതേ വീട്ടിനുള്ളില്‍ ഇരിക്കാന്‍ ആഗ്രഹം ഇല്ലാത്തവര്‍ക്ക് ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികളും ഒരുക്കിയിട്ടുണ്ട്. ഫോറസ്റ്റ് പിക്നിക്, ഇന്ത്യന്‍ സൈന്യം പരിപാലിക്കുന്ന ഭുള്ള തടാകത്തിലെ ബോട്ടിംഗ്, ട്രെക്കിങ് മുതലായവ താല്പര്യമനുസരിച്ച് തിരഞ്ഞെടുക്കാം. മലനിരകള്‍ക്കിടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞ കാട്ടുപാതകളിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും. 

വീടിനകത്ത് തന്നെ കഴിയാന്‍ ആഗ്രഹിക്കുന്നവർക്ക്, ലുഡോ, ചെസ്സ് മുതലായ ഗെയിമുകളും ഒരുക്കിയിരിക്കുന്നു. അതിഥികളുടെ കാര്യങ്ങള്‍ നോക്കാനായി മൂന്നുപേര്‍ എപ്പോഴും ഇവിടെ കാണും. മികച്ച ഭക്ഷണം പാകം ചെയ്തു കഴിക്കാനും കഴിയും . ആവശ്യപ്പെടുന്നവര്‍ക്ക് ബാർബിക്യൂ ഡിന്നർ പോലെയുള്ള സ്പെഷ്യല്‍ സൗകര്യങ്ങളും ഒരുക്കി നല്‍കും. 

ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയർപോർട്ടിൽ നിന്ന് 13 കിലോമീറ്ററും ഡൽഹിയിൽ നിന്ന് 7 മണിക്കൂർ ഡ്രൈവുമാണ് സെക്ലൂഡിലേക്കുള്ളത്. യാത്രക്കാര്‍ക്ക് https://seclude.in/ എന്ന വെബ്സൈറ്റ് വഴി മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളും തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളുമാണ് ലാന്‍സ്ഡൗണ്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ടിഫിന്‍ ടോപ്പ്, സെന്‍റ് ജോണ്‍സ് ചര്‍ച്ച്, ഭീം പക്കോറ, തര്‍കേശ്വര്‍ മഹാദേവ് ക്ഷേത്രം തുടങ്ങി വേറെയും നിരവധി ആകര്‍ഷണങ്ങള്‍ ലാന്‍സ്ഡൗണിലുണ്ട്. കൂടാതെ, വന്യജീവികളോട് താല്‍പ്പര്യമുണ്ടെങ്കില്‍, ടൂര്‍ ഓപ്പറേറ്റര്‍മാരെ സമീപിച്ചാല്‍ ജംഗിള്‍ സഫാരി പോലെയുള്ള ആക്റ്റിവിറ്റികളിലും പങ്കെടുക്കാം. 

English Summary: Lansdowne - Gorgeous Views Of The Himalayas and seclude homestay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com