ADVERTISEMENT

സജ്ഞയ് ലീല ബൻസാലിയുടെ 'പദ്മാവത്' എന്ന ചിത്രം കണ്ടവര്‍ക്കാര്‍ക്കും അതിലെ രംഗങ്ങള്‍ മറക്കാനാവില്ല.  സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ൽ അവധ് ഭാഷയിൽ രചിച്ച 'പദ്മാവത്' എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചത്. ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് രജപുത്ര രാജാവായിരുന്ന രത്തൻ സിങ്ങിന്‍റെ ഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും അതേത്തുടർന്നുണ്ടാകുന്ന ഭീകര യുദ്ധവുമൊക്കെയാണ് ഈ സിനിമയിലുള്ളത്. 

ഈ സിനിമ പുറത്തിറങ്ങിയതോടെ വിവാദങ്ങള്‍ക്കൊപ്പം ചൂടുപിടിച്ച ചര്‍ച്ചകളില്‍ കടന്നുവന്ന ഒന്നാണ് രാജസ്ഥാനിലെ ചിത്തോർഗഢ് കോട്ട. ചിറ്റൂർ എന്നും അറിയപ്പെടുന്ന ഈ കോട്ടയിലാണ് പദ്മാവതിയും തോഴിമാരും ആത്മാഹുതി ചെയ്തത്. നിഗൂഢതകള്‍ ഉറങ്ങുന്ന ഈ കൊട്ടാരം ഇന്ന് സഞ്ചാരികള്‍ക്കിടയില്‍ അതി പ്രശസ്തമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചിറ്റൂർ കൊട്ടാരത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ഭീതിജനകമായ കഥകള്‍ ആയിരുന്നിട്ടു പോലും ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

chittorgarh-fort-3-jpeg

എവിടെയാണ് ഈ കോട്ട?

രാജസ്ഥാനിലെ ബിറാക് നദിയരികില്‍ ഓരത്തായി 180 മീറ്റർ ഉയരത്തിൽ പരന്നുകിടക്കുന്ന മലയിലാണ് ഈ ചരിത്ര സ്മാരകം. കവാടങ്ങൾ, ക്ഷേത്രങ്ങൾ, രണ്ടു പ്രധാന സ്മാരക ഗോപുരങ്ങൾ എന്നിവ അടങ്ങിയതാണ് കോട്ട. മൊത്തം എഴുന്നൂറോളം ഏക്കര്‍ വിസ്തൃതിയുണ്ട് ഇതിന്. രജ്പുത് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് രാജസ്ഥാനിലെ മേവാഡ് പ്രവിശ്യയുടെ തലസ്ഥാനമായി ഈ കോട്ട ഉപയോഗിച്ചിരുന്നു. ഉദയ്പൂരില്‍ നിന്നും രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ ഇവിടെയെത്താം. 

രാജ്ഞിയുടെ ജീവത്യാഗം

മാലിക് മുഹമ്മദ് ജയാസിയുടെ പുസ്തകത്തിലെ വിവരങ്ങള്‍ അനുസരിച്ച്, അതീവ സുന്ദരിയായ ഒരു ശ്രീലങ്കന്‍ രാജകുമാരിയായിരുന്നു പദ്മാവതി അഥവാ പദ്മിനി. അവളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നാനാദേശങ്ങളിലും പരന്നിരുന്നു. അങ്ങനെ ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തൻസെൻ, അവളെ വിവാഹം കഴിച്ച് ചിറ്റൂരിലേക്ക് കൊണ്ടുവന്നു.

അന്നത്തെ ദില്ലി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് പദ്മിനിയോട് ഭ്രമം തോന്നുകയും അവരെ സ്വന്തമാക്കാനായി ചിത്തോർ ആക്രമിക്കുകയും ചെയ്തു. അതേസമയം, രാജ്ഞിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച മറ്റൊരു രാജാവായ, കുംഭൽനെറിലെ ദേവപാലുമായുണ്ടായ പോരാട്ടത്തിൽ രത്തൻ സെൻ കൊല്ലപ്പെട്ടു. അലാവുദ്ദീന്‍ ഖില്‍ജിയുടെ കൂട്ടര്‍ കോട്ടക്കരികില്‍ എത്തും മുന്നേ, സ്വന്തം അഭിമാനം കാക്കുന്നതിനായി രാജ്ഞിയും തോഴിമാരും കൂടി തീയില്‍ ചാടി ആത്മാഹുതി ചെയ്തു എന്നാണു കഥ. 

രാത്രികളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആത്മാക്കള്‍ ‌‌

ചിത്തോർഗഢ് കോട്ടയെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ഒന്നാണ് ദുര്‍മരണം സംഭവിച്ച രാജ്ഞിയുടെയും തോഴിമാരുടെയും ആത്മാക്കള്‍ ഇന്നും ഇവിടെ അലഞ്ഞു നടക്കുന്നുണ്ട് എന്നത്. രാത്രിയായാല്‍ ഇവരുടെ അടക്കിപ്പിടിച്ചുള്ള സംസാരവും ചിരികളുമെല്ലാം കേള്‍ക്കാമത്രെ. അന്തി മയങ്ങിയാല്‍ ഇവിടേക്ക് സാധാരണയായി ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ല.

chittorgarh-fort-1-jpeg

ചരിത്രം തൊട്ടെടുക്കാവുന്ന കാഴ്ചകള്‍ വേറെയും

ചിത്തോർഗഢ് കോട്ടക്കുള്ളില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ നിരവധി കാഴ്ചകള്‍ വേറെയുമുണ്ട്. 12-ഉം 13-ഉം നൂറ്റാണ്ടുകളിലെ കലയുടെ ജീവനുള്ള ഉദാഹരണമായ നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. ജൈനക്ഷേത്രങ്ങൾ, ആഭരണങ്ങൾ പതിച്ച തൂണുകൾ, ഗൗമുഖ് ജലസംഭരണി, മീരാബായി ഭഗവാൻ കൃഷ്ണനെ ആരാധിച്ച ക്ഷേത്രം, കോട്ടയിലെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നായ റാണ കുംഭയുടെ കൊട്ടാരം എന്നിവ കോട്ടയിലെ പ്രധാന ആകർഷണങ്ങളാണ്. 

English Summary: Padmavati Palace In Chittorgarh Fort Whispers Secrets From Centuries Ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com