ADVERTISEMENT

ന്യൂഡൽഹി ∙ മോഹിപ്പിക്കുന്നൊരു യാത്രയിലാണ് കൊച്ചി സ്വദേശികളായ കെ.ആർ. സലിലും രാജേഷ് ജി. തയ്യിലും. 28 സംസ്ഥാനങ്ങളും  6 കേന്ദ്രഭരണ പ്രദേശങ്ങളും കണ്ട്, ഇന്ത്യയുടെ സംസ്കാരവും  വൈവിധ്യവുമെല്ലാം ആസ്വദിച്ചുള്ള 4 മാസത്തിലേറെ നീണ്ട യാത്ര. സെപ്റ്റംബർ ഒന്നിനാരംഭിച്ച യാത്രയിൽ 12 സംസ്ഥാനങ്ങളും 13,000 കിലോമീറ്ററിലേറെ  ദൂരവും പിന്നിട്ടു. കാഴ്ചയും യാത്രയും നൽകുന്ന ഹരമൊന്നു വേറെയെന്ന് ഡൽഹിയിൽ നിന്ന് ഇരുവരും പറയുന്നു.

വിനോദസഞ്ചാര മേഖലയിലാണു സലിലിന്റെ പ്രവർത്തനം. ഗൾഫിൽ നിന്നു മടങ്ങിയെത്തിയ രാജേഷിനും യാത്ര ഏറെ ഹരം. ഇന്ത്യ മുഴുവൻ കാണണമെന്ന സ്വപ്നം ഏറെക്കാലമായുണ്ട്. അങ്ങനെയാണു കാറിൽ യാത്രയുടെ തുടക്കം. കന്യാകുമാരിയിൽ നിന്നാരംഭിച്ച യാത്രയിൽ രാജ്യത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിക്കാനാണ് പദ്ധതി. തമിഴ്നാട്, കർണാടക, ഗോവയിൽ നിന്നു നേരെ ലഡാക്കിലേക്കെത്തിയ സംഘം  അവിടെ 1 ദിവസത്തിലേറെയാണു യാത്ര ചെയ്തത്. വെറും യാത്രയല്ല, ഓരോ സംസ്ഥാനത്തെയും വൈവിധ്യം അറിയാനുള്ള ശ്രമമുണ്ട്. വാക്സീൻ എടുക്കേണ്ടതിന്റെ ആവശ്യകതയും പരിസ്ഥിതി, വനസംരക്ഷണത്തിന്റെ സാഹചര്യവും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനും ശ്രമിക്കുന്നു. ഓരോ നാടും തങ്ങളെ ഇരുകയ്യും നീട്ടി വരവേറ്റതിന്റെ കഥകളും ഇവർക്കു പറയാനുണ്ട്.

പഞ്ചാബിൽ ഒരു ഗ്രാമത്തിൽ രാത്രിയുറങ്ങാൻ ടെന്റടിച്ച് ഭക്ഷണം തയാറാക്കുമ്പോഴാണു ഒരാൾ കാറിലെത്തി തന്റെ വീട്ടിലേക്കു ക്ഷണിച്ചത്. അൽപ്പമൊന്നു മടിച്ചെങ്കിലും നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി. ഭക്ഷണം നൽകി അവിടെ കിടക്കാൻ ആവശ്യപ്പെട്ടു. ടെന്റും മറ്റും തയാറാക്കിയിരുന്നതിനാൽ ഇരുവരും മടങ്ങി. പിറ്റേന്നു രാവിലെ ഇവരെത്തേടി വീണ്ടുമെത്തി റാവു മേഹ്‌രാജ് എന്നയാൾ. ഇവരുടെ കഥകൾ കേൾക്കാൻ ബന്ധുക്കളെയും മറ്റും വീട്ടിലേക്ക് ക്ഷണിച്ചു. ഗ്രാമവും പരിസരവുമെല്ലാം കാട്ടി തന്റെ അതിഥിയായി താമസിപ്പിച്ച ശേഷമാണ് ഇരുവരെയും അയച്ചത്. രാജസ്ഥാനിൽ 3 ദിവസത്തെ വിവാഹ ആഘോഷത്തിൽ പങ്കെടുത്തതും മറ്റൊരു രസകരമായ ഓർമ.

പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും യാത്രയ്ക്കു തടസ്സമുണ്ടായില്ലെന്ന് ഇവർ പറയുന്നു. ഭക്ഷണം തയാറാക്കാനും താമസിക്കാനുമുള്ള സംവിധാനങ്ങളുമെല്ലാം വാഹനത്തിലുണ്ട്.  ഉത്തരാഖണ്ഡിലേക്കാണ് അടുത്ത യാത്ര. ശേഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്. പല രാജ്യങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇന്ത്യ നൽകുന്ന വൈവിധ്യം മറ്റെവിടെയുണ്ടെന്ന് ഇവരുടെ വാക്കുകൾ.

English Summary: All India Road Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com