ADVERTISEMENT

സൂര്യപ്രകാശമുള്ള സമയത്തും മഞ്ഞു പെയ്യുന്നത് ആസ്വദിക്കണമെങ്കിൽ ലഡാക്കിന്റെ മണ്ണിൽ കാലു കുത്തണം. യാത്ര ചെയ്യാനിഷ്ടപ്പെടുന്ന എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റില്‍ സ്ഥിരമായി ഉണ്ടാകുന്ന പേരാണ് ലേ ലഡാക്ക്. മനോഹരമായ പ്രകൃതിയും മാനത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാലയവും അഭൗമസുന്ദരാനുഭവം ഒരുക്കുന്ന കാലാവസ്ഥയുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ വിചാരിക്കുന്നത്ര എളുപ്പമല്ല ഇവിടേക്കുള്ള യാത്ര.

ആരോഗ്യസ്ഥിതിയും വേണ്ട മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുമെല്ലാം വേണം ഇവിടേക്കുള്ള യാത്രക്ക് തയാറെടുക്കാന്‍.  ലഡാക്കിലേക്ക് യാത്ര നടത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് മലയാളികൾക്ക് പ്രിയങ്കരനായ ഷിയാസ് കരീം. കൃത്യമായ പ്ലാനിങ്ങോടും സജ്ജീകരണങ്ങളോടും കൂടി മാത്രമേ യാത്ര പൂർത്തിയാക്കാനാകുവെന്നാണ് സ്വന്തം അനുഭവത്തിൽ നിന്ന് ഷിയാസ് പറയുന്നത്. 

shiyas-travel

ഒരിക്കലും മറക്കാനാവാത്ത യാത്രയാണ് ലേ ലഡാക്ക്. ലഡാക്ക് യാത്ര എളുപ്പമാണ് എന്നാണ് പലരും വിചാരിക്കുന്നത്. ആ യാത്രയെ മനോഹരമാക്കണമെങ്കിൽ നമ്മൾ കുറച്ചു കഷ്ടപ്പെടേണ്ടിവരും. വ്യക്തമായി പ്ലാൻ ചെയ്തു മാത്രമേ യാത്ര തിരിക്കാവൂ. പലർക്കും അവിടെയെത്തിക്കഴിഞ്ഞ് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. 

യാത്രയ്ക്കു മുമ്പ് അവിടുത്തെ കാലാവസ്ഥയെക്കുറിച്ചു പഠിക്കണം. അതിശക്തമായ തണുപ്പാണവിടെ. അതിനുള്ള ജാക്കറ്റും മറ്റും കരുതണം. താമസസ്ഥലത്ത് മുറിയില്‍ ഹീറ്റർ ഉണ്ടെന്ന് ഉറപ്പുവരുത്തണം. എന്റെ യാത്രയിൽ ഞാന്‍ അൽപം ബുദ്ധിമുട്ടി. ചൂടുവെള്ളം മാത്രം കിട്ടുന്ന മുറിയാണ് തിരഞ്ഞെടുത്തത്. അവിടുത്തെ തണുപ്പ് സഹിക്കാൻ പറ്റുന്നതല്ലായിരുന്നു.

ഒരിക്കലെങ്കിലും പേകണം ഇൗ സ്വർഗഭൂമിയിൽ

ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു യാത്രയിലുടനീളം. യൂറോപ്യൻ രാജ്യങ്ങളിലടക്കം ഞാൻ യാത്ര നടത്തിയിട്ടുണ്ട് , എന്നാൽ ലഡാക്ക് പോലെ സ്വർഗതുല്യമായ ഇടം വല്ലാത്തൊരു അനുഭൂതിയാണ്. എല്ലാവരും ഒരിക്കലെങ്കിലും ലഡാക്കിൽ പോകണം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു എന്റെ യാത്ര. ആദ്യം ഡൽഹിയിൽ എത്തി അവിടെ ഒന്നു കറങ്ങി. താജ്മഹലും മറ്റും കണ്ടു. ലഡാക്കിലേക്കു വിമാനത്തിലാണ് പോയത്. എല്ലാവർക്കും ഇഷ്ടം അങ്ങോട്ടേക്ക് ബൈക്കിൽ യാത്ര ചെയ്യാനാണ്. അത് വേറൊരു അനുഭവം തന്നെയാണ്. വിമാനയാത്രയും അടിപൊളിയാണ്. വിൻഡോ സീറ്റിലാണ് ഞാനിരുന്നത്. അവിടിരുന്നുള്ള കാഴ്ച വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റില്ല. മേഘങ്ങൾക്ക് ഉള്ളിലൂടെ മഞ്ഞുമലകൾ കണ്ടുള്ള സഞ്ചാരം. 

shiyas-travel1

വഴിതെറ്റി വേറേ ലോകം കണ്ടപ്പോൾ

വിമാനമിറങ്ങി ഞങ്ങൾ മൂന്നുപേരും ബുള്ളറ്റ് വാടകയ്ക്കെടുത്തു. ലഡാക്കിൽ ചെന്നിട്ട് ബുള്ളറ്റ് ഓടിക്കാതെ എങ്ങനെ മടങ്ങും. അതികഠിന തണുപ്പായിരുന്നു, എന്റെ മൂക്കിൽനിന്നു രക്തം വന്നിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെടാതിരിക്കാൻ മരുന്നുപോലും കഴിക്കേണ്ട അവസ്ഥയായിരുന്നു. ജാക്കറ്റും ഷൂസും തണുപ്പിനെ പ്രതിരോധിക്കാൻ ഉണ്ടായിരുന്നെങ്കിലും എല്ലു തുളച്ചുകയറുന്ന തണുപ്പായിരുന്നു. എനിക്ക് പറ്റിയതാണ് പറ്റ്, ഞാൻ വെറും സ്ലിപ്പറിട്ടാണ് ബൈക്ക് ഓടിച്ചത്. ഷൂ ഇടാതെ വണ്ടി ഓടിക്കരുത് എന്ന് പ്രത്യേകം പറയുന്നുണ്ട്.

അവിടുത്തെ മറ്റൊരു പ്രശ്നം പ്രീപെയ്ഡ് കണക്‌ഷനുകൾക്കൊന്നും റേഞ്ച് ഉണ്ടാവില്ല എന്നതാണ്. പോസ്റ്റ്പെയ്ഡ് നമ്പറുകൾ മാത്രമേ കിട്ടുകയുള്ളൂ. സുഹൃത്തുക്കളുടെ കയ്യിൽ മാത്രമേ അന്ന് ഫോൺ ഉണ്ടായിരുന്നുള്ളൂ. ഒരാവേശത്തിന് ഞാൻ മുമ്പേ വണ്ടിയോടിച്ചു പോയി. അവർ പുറകെയും. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് വഴി തെറ്റി. വിളിച്ചു ചോദിക്കാം എന്നുവച്ചാൽ കയ്യിൽ ഫോണുമില്ല. രണ്ടും കൽപിച്ച് ഞാൻ മുന്നോട്ടു വണ്ടി ഓടിച്ചു. കുറച്ച് പോയപ്പോൾ വഴിയിൽനിന്ന് ഒരാൾ കൈ കാണിച്ചു. അദ്ദേഹം ഒരു മിലിട്ടറി ഓഫിസർ ആയിരുന്നു. ഞാനും അദ്ദേഹവും കൂടിയായി പിന്നീടുള്ള യാത്ര.

Sh-1

കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ കുറെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അദ്ദേഹം ഒരു മാർക്കറ്റിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. വഴി തെറ്റിയെങ്കിലെന്താ, അതിനേക്കാൾ ഇഷ്ടം പോലെ കാര്യങ്ങൾ കാണാനും അറിയാനും എനിക്ക് അന്നു സാധിച്ചു. പിന്നെ അദ്ദേഹത്തിന്റെ ഫോണിലൂടെ സുഹൃത്തിനെ വിളിച്ചു.

കർദുങ്‌ ല പാസിൽ 

Ladakh-trip

5,359 മീറ്റർ ഉയരമുള്ള കർദുങ്‌ല ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനപാതയാണ്. നമ്മൾ സഞ്ചരിക്കുന്നത് ഏറ്റവും ഉയരമുള്ള മോട്ടർ റോഡിലൂടെയാണെന്ന തിരിച്ചറിവ് വല്ലാത്തൊരു അനുഭൂതിയാണ്. ലേയിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ഉയരത്തിലുള്ള പർവത പാതയാണ് കർദുങ്‌ല. ഷിയോക്, നുബ്ര താഴ്‍‍‍‍വരകളിലേക്കുള്ള കവാടമാണിത്. ലഡാക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കർദുങ്‌ ല പാസ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് പരിപാലിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ മുതൽ ഹെവി ട്രക്കുകൾ വരെ ഈ റോഡിലൂടെ പോകും.

ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അത്. കർദുങ്‌ ല പാസിൽ എത്തിച്ചേരാനുള്ള ഭാഗ്യവും ലഭിച്ചു. അവിടെയെത്തി 20 മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറങ്ങണം. അതിൽ കൂടുതൽ അവിടെ നിൽക്കാനാവില്ല. ശ്വാസതടസം മൂലം മരണം വരെ സംഭവിക്കാം. ആരോഗ്യം തൃപ്തികരമല്ലാത്തവർ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. 

Sh-2

കർദുങ്‌ ല പാസിലെ കാഴ്ചകൾ

കർദുങ്‌ ല പാസിൽ  മനോഹരമായ നിരവധി സ്ഥലങ്ങളും കാണാൻ സാധിച്ചു. അറിയാവഴികളിലൂടെ വാഹനം ഓടിച്ചു. ഇന്ത്യ– ചൈന അതിർത്തിയിലെ പാംഗോങ് തടാകക്കാഴ്ചയും മറക്കാനാവില്ല. ആമിർ ഖാന്റെ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ കാണിക്കുന്ന തടാകം. നീല നിറം എന്നു പറഞ്ഞാൽ പോരാ ആകാശത്തിനും തടാകത്തിനും ഒരേ നിറം എന്നു തന്നെ പറയാം. തെളിമയുള്ള ജലം കൊണ്ട് നിറഞ്ഞ മനോഹര തടാകമാണ് പാംഗോങ്. 

ബൈക്കിൽ യാത്ര ചെയ്യുമ്പോഴുള്ള ഗുണം നമുക്ക് ഇഷ്ടമുളളിടത്ത് വണ്ടി നിർത്തി ആവോളം ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ്. നുമ്പ്ര വാലി, മാഗ്നറ്റിക് ഹിൽസ്, ടിബറ്റൻ ബുദ്ധവിഹാരങ്ങൾ തുടങ്ങി കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞതായിരുന്നു എന്റെ ലഡാക്ക് യാത്ര. എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാഴ്ച മാഗ്നറ്റിക് ഹിൽ ആയിരുന്നു. കുന്നിലേക്കു കയറുമ്പോൾ, എൻജിൻ ഓഫ് ആണെങ്കിലും വാഹനം തനിയെ കുന്നുകയറുന്നതായി തോന്നും. ആ പ്രദേശത്തെ ഭൂമിയുടെ കാന്തിക ശക്തികൊണ്ടാണിത് സാധ്യമാകുന്നതെന്നാണ് പറയപ്പെടുന്നത്‌. 

ലഡാക്കിലേക്കാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം 

Ladakh-trip2

ഇന്ത്യൻ പൗരന്മാർക്ക് 2021 ഓഗസ്റ്റ് മുതൽ ലഡാക്കിലെ ഇന്നർലൈൻ ഏരിയകളിൽ യാത്ര ചെയ്യാനായി ഇന്നർലൈൻ പെർമിറ്റുകൾ ആവശ്യമില്ല. എന്നാൽ ലഡാക്ക് സന്ദർശിക്കുന്നവർ ഇപ്പോഴും ഗ്രീൻ ഫീ അല്ലെങ്കിൽ 300 രൂപ പരിസ്ഥിതി ഫീസും 100 രൂപ റെഡ് ക്രോസ് ഫണ്ട് ഫീസും അടയ്‌ക്കേണ്ടി വരും. ഈ ഫീസ് ഓൺലൈനായോ നിങ്ങളുടെ ഹോട്ടൽ വഴിയോ ട്രാവൽ ഏജന്റ് വഴിയോ അടയ്ക്കാം.

∙ ഒക്ടോബർ മുതൽ മേയ് വരെ ഇവിടേക്കുള്ള റോഡ് മഞ്ഞിൽ പൊതിയും. പിന്നെ ലഡാക്കിലേക്ക് എത്താനുള്ള ഏകമാർഗം വിമാനമാണ്. 

∙ താമസിക്കാൻ റൂം ബുക്ക് ചെയ്യുമ്പോൾ ഹീറ്റർ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അതികഠിനമായ തണുപ്പായതിനാൽ ചൂട് അത്യാവശ്യമാണ്. 

Ladakh-trip1

∙ ശ്വാസതടസമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ ആവശ്യമായ മരുന്നുകൾ കരുതണം. സ്വറ്ററുകൾ, കാലുറകൾ, കൈയുറകൾ തുടങ്ങി തണുപ്പിനെ പ്രതിരോധിക്കാനുള്ള കരുതലുകള്‍ വേണം. 

∙ പ്ലാസ്റ്റിക് രഹിത പ്രദേശമാണ് ലഡാക്ക്. നാട്ടുകാരുടെ അനുവാദമില്ലാതെ ചിത്രങ്ങളും എടുക്കരുത്.

∙മോശം കാലാവസ്ഥയും വൈദ്യുതി പ്രശ്‌നങ്ങളും കാരണം ചിലപ്പോൾ എടിഎമ്മുകൾ പ്രവർത്തിക്കണമെന്നില്ല. അത്യാവശ്യം പണം കരുതാം.

∙ശ്രീനഗർ ലേ ഹൈവേയിൽനിന്നും ലേ-മണാലി ഹൈവേയിൽനിന്നും ലഡാക്കിലേക്കുള്ള റോഡുകൾ തുറന്നിരിക്കുന്നതിനാൽ മേയ് അവസാനം മുതൽ ജൂലൈ പകുതി വരെയാണ് ലേ ലഡാക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

∙ സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ വരെയുള്ള സമയവും മികച്ചതാണ്. ലഡാക്കിന്റെ ഏറ്റവും മനോഹരമായ സമയമാണിത്. വിനോദസഞ്ചാരികളുടെ എണ്ണം കുറവായതിനാൽ ഇക്കാലയളവിൽ നല്ല ഓഫറുകൾ ലഭിക്കാനും സാധ്യതയുണ്ട്.

∙‌ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് വരെയുള്ള മഴക്കാലത്ത് ലേ ലഡാക്ക് സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ഈ സമയത്ത് ശ്രീനഗർ ലേ ഹൈവേയും ലേ മണാലി ഹൈവേയും ചെളി നിറഞ്ഞതിനാൽ യാത്ര വളരെ അപകടകരമായിരിക്കും.

English Summary: Celebrity Travel, Shiyas Kareem Ladakh Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com