ADVERTISEMENT

 

വിവാഹം കഴിഞ്ഞാൽ പിന്നെ അടുത്ത ചിന്ത എങ്ങോട്ടാണ് ഒന്നിച്ചൊരു യാത്ര പോകേണ്ടത് എന്നാണല്ലോ! കേരളത്തിന്റെ ഒരതിരിൽ തുടങ്ങി ആ ലിസ്റ്റ് ഇന്ത്യയ്ക്കു പുറത്തേക്കും നീണ്ടേക്കാം. മനോഹരമായ ബീച്ചുകളും വെള്ളച്ചാട്ടങ്ങളും മുതൽ ഹിമാലയം വരെ ഹണിമൂൺ ഡെസ്റ്റിനേഷനുകളുടെ പട്ടികയിലുണ്ട്. ഹണിമൂൺ യാത്രയ്ക്കായിതാ മികച്ച ഇടങ്ങൾ.

ആൻഡമാൻ ദ്വീപുകൾ

honeymoon-trip
Image From Shutterstock

ആൻഡമാൻ ദ്വീപുകളെ മധുവിധുക്കാരുടെ പറുദീസ എന്നു തന്നെ വിളിക്കാം. ബംഗാള്‍ ഉൾക്കടലിൽ വടക്കു കിഴക്കായി കാണപ്പെടുന്ന 550 ലേറെ ദ്വീപുകൾ ചേർന്ന ദ്വീപ് സമൂഹമായ ആൻഡമാൻ നിക്കോബാർ പഞ്ചാരമണൽത്തീരങ്ങളും മഴക്കാടുകളും ഒറ്റപ്പെട്ട ദ്വീപുകളുമെല്ലാം കൊണ്ട് ആരെയും ആകർഷിക്കും. 

‌‌ഇതിൽ 37 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. ഹാവ്‌ലോക്ക് ദ്വീപ്, രാധാനഗർ ബീച്ച്, എലിഫന്റ് ബീച്ച് എന്നിവയാണ് ആൻഡമാനിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകൾ. 

പ്രകൃതിയുടെ മടിത്തട്ടിൽ മനോഹരമായ അവധിക്കാലം ആഘോഷിക്കാൻ മികച്ചതാണ് ഹാവ്‌ലോക്ക് ദ്വീപ്. സ്കൂബ ഡൈവിങ്ങും സ്നോർക്കലിങ്ങുമൊക്കെ നടത്താം. ഹാവ്‌ലോക്ക് ജെട്ടിയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള രാധാനഗർ ബീച്ച് ഇന്ത്യയിലെ മാത്രമല്ല, ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രാധാനഗർ ബീച്ചിലെ സൂര്യാസ്തമയം കാണേണ്ട കാഴ്ചയാണ്. മറ്റൊരു ആകർഷണം എലിഫന്റ് ബീച്ച് ആണ്. ഏകാന്തതയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്.

ഗോവ

honeymoon-trip1
Image From Shutterstock

ഹണിമൂൺ പറുദീസയാണ് ഗോവ. മികച്ച ഭക്ഷണം, ആഡംബരവും ബജറ്റിൽ ഒതുങ്ങുന്നതുമായ താമസസൗകര്യങ്ങൾ, മനോഹരമായ ബീച്ചുകൾ,  മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന ചെറിയ ഗ്രാമങ്ങള്‍...  പല സംസ്കാരങ്ങൾ അടുത്തറിയാനുള്ള അവസരവും ഗോവ ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നു. 

ഒരു റൊമാന്റിക് ഗോവൻ അവധി മിക്കവാറും എല്ലാ ദമ്പതികളുടെയും സ്വപ്നമാണ്. ബീച്ച് സങ്കേതമായ ഗോവയിൽ ദമ്പതികൾക്ക് സന്ദർശിക്കാൻ ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. വിശാലവും പ്രകൃതിരമണീയവുമായ ബീച്ചുകളോ ചരിത്രസ്മാരകങ്ങളോ സജീവമായ നിശാക്ലബ്ബുകളോ എന്തുമാകട്ടെ ഗോവ ഒരു ഫുൾ പാക്ഡ് ഡെസ്റ്റിനേഷനാണ്.ബട്ടർഫ്ലൈ ബീച്ച്, ദൂദ്സാഗർ വെള്ളച്ചാട്ടം, ചപ്പോര ഫോർട്ട്, ഗ്രാൻഡ് ഐലൻഡ്, പെക്വെനോ ദ്വീപ്, സിൻക്വറിം ഫോർട്ട്, വാസ്‌കോ ഡ ഗാമ, തലസ്സ, ഫിയസ്റ്റ, ടസ്കാനി ഗാർഡൻസ് തുടങ്ങി ആഘോഷമാക്കാൻ നിരവധി സ്ഥലങ്ങളുണ്ട് ഇവിടെ.

കശ്മീർ

ഇന്ത്യയുടെ സ്വപ്നതുല്യമായ സ്ഥലങ്ങളിലൊന്നാണ് കശ്മീർ. ഏറ്റവും മനോഹരവും മികച്ചതുമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിലൊന്നിൽ മധുവിധു ആഘോഷിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, കശ്മീര്‍ മികച്ച ചോയ്സാണ്. സന്ദർശിക്കാൻ നിരവധി മനോഹരമായ സ്ഥലങ്ങളുണ്ട്.

gulmurg-snowfall
Image From Shutterstock

കശ്മീരിലെ ഏറ്റവും റൊമാന്റിക് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഗുൽമാർഗ്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരെങ്കിൽ  സ്കീയിങ്, മൗണ്ടൻ ബൈക്കിങ് അങ്ങനെ നിരവധിയുണ്ട് ആസ്വദിക്കാൻ.

കശ്മീരിലെ മറ്റൊരു പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനാണ് പഹൽഗാം. പച്ചപ്പുൽമേടുകളും തണുത്തുറഞ്ഞ അരുവികളും കണ്ട് പരസ്പരം കൈകോർത്ത് നിങ്ങളുടെ പ്രണയ നിമിഷങ്ങൾ പഹൽഗാമിൽ ചെലവഴിക്കാം. ബൈസാരൻ, തുലിയൻ തടാകം, ബേതാബ് വാലി, അരു വാലി, ഷെഷ് എന്നിവ പങ്കാളിയുമായി ഏറ്റവും മികച്ച സമയം ആസ്വദിക്കാനുള്ള ഇവിടുത്തെ ചില ജനപ്രിയ സ്ഥലങ്ങളാണ്.

മനോഹരമായ തഴ്‌വരകളും അതിശയകരമായ തടാകങ്ങളും സോൻമാർഗിനെ കശ്മീരിലെ ഏറ്റവും റൊമാന്റിക് സ്ഥലമാക്കി മാറ്റുന്നു. പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ സാൻസ്കാറിന് ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങൾ, മഞ്ഞുമൂടിയ പർവതങ്ങൾ, സാൻസ്‌കാർ താഴ്‌വര അങ്ങനെ കശ്മീർ മധുവിധു ആഘോഷിക്കുന്നവരുടെ സ്വർഗമായി മാറുന്നു. 

കുമരകം

കേരളത്തിലെ കുമരകം ലോകസഞ്ചാര ഭൂപടത്തിൽ പ്രശസ്തിയാർജിച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളിലൊന്നാണ്. ഹൗസ് ബോട്ട് യാത്ര മുതൽ ആലപ്പുഴയുടെ കായലോരങ്ങളിലൂടെ ഗ്രാമീണജീവിതങ്ങളും ഓളപ്പരപ്പും നെൽപാടങ്ങളും കണ്ട് പങ്കാളിക്കൊപ്പം കുറേ നല്ല നിമിഷങ്ങൾ നെയ്തെടുക്കാം. ഈ ആകർഷകമായ കായൽ ഡെസ്റ്റിനേഷൻ നിരവധി ഒഴിവുസമയ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കായലിലൂടെയുള്ള യാത്രയും മീൻപിടുത്തവും ആഡംബര റിസോർട്ടുകളിലെ താമസവും.. കുമരകം അലസവും പ്രണയാർദ്രവുമായ ഒരവധിക്കാലത്തിന് അനുയോജ്യമാണ്. കുമരകം പക്ഷിസങ്കേതത്തിലെ പക്ഷികളെ കാണാനുള്ള ഏറ്റവും നല്ല മാർഗം ബോട്ട് യാത്രയാണ്.

ഊട്ടി

ഹണിമൂൺ ആയാലും അവധിയാഘോഷമായാലും ഊട്ടിയിലേക്കൊരു ട്രിപ്പ് നമുക്ക് നിർബന്ധമുള്ള കാര്യങ്ങളിൽ ഒന്നാണ്. തമിഴ്നാട്ടിലാണെങ്കിലും കേരളത്തിൽനിന്നു വളരെ പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന ഒരു മികച്ച അവധിക്കാലയിടമാണ് ഊട്ടി. അവിടുത്തെ തണുപ്പും പ്രകൃതിയുടെ സുന്ദരകാഴ്ചകളും പങ്കാളിക്കൊപ്പം ആസ്വദിക്കാം. ഊട്ടിയിലെ ഗാർഡനും ലേക്കിലെ ബോട്ട് യാത്രയും എന്നും ഓർത്തിക്കുന്ന അനുഭവങ്ങളാണ് സമ്മാനിക്കുക. 

 

English Summary: Most Romantic Honeymoon Destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com