ADVERTISEMENT

സുന്ദരകാഴ്ചകൾ കൊണ്ടും അതിശയിപ്പിക്കുന്ന നാടാണ് കശ്മീർ. സഞ്ചാരികളെ കാത്ത് നിരവധിയിടങ്ങൾ ഇൗ സുന്ദരഭൂമിയിലുണ്ട്. സീസണ്‍ ഏതായാലും സൗന്ദര്യം അല്‍പം പോലും ചോര്‍ന്നു പോകാത്ത മനോഹര ഭൂമിയാണ്‌ കശ്മീരിലെ അനന്ത് നാഗ് ജില്ലയിലുള്ള പഹല്‍ഗാം. ഇവിടെ എത്തിയാൽ കശ്മീരിന്റെ ഗ്രാമഭംഗി മുഴുവനായും ആസ്വദിക്കാം. സുഹൃത്തുക്കൾ ഒരുമിച്ചും കുടുംബമായും ഹണിമൂൺ ആഘോഷത്തിനും ഇവിടേക്ക് യാത്ര തിരിക്കുന്നവർ കുറവല്ല. ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്.

കടുകു പാടങ്ങളും കുങ്കുമപ്പൂക്കളും

മഞ്ഞ പരവതാനി വിരിച്ച കടുകു പാടങ്ങളും കുങ്കുമപ്പൂക്കള്‍ നിറഞ്ഞ പച്ചപ്പാടങ്ങളുമാണ് സഞ്ചാരികളെ എതിരേല്‍ക്കുക. റോഡിനു ഇരുവശവും കൃഷിസ്ഥലങ്ങളാണ്. മഞ്ഞപൂക്കൾ നിറഞ്ഞ കടുകുപാടങ്ങളുടെ പശ്ഛാത്തലത്തിൽ ചിത്രങ്ങൾ എടുക്കുക പതിവാണ്. കാഴ്ചയിൽ അതിമനോഹരമാണ്. ഇന്ത്യയിൽ കുങ്കുമപ്പൂവ് കൃഷിചെയ്യുന്ന പ്രദേശം കൂടിയാണിവിടം. ഒാഗസ്റ്റ് മാസമാണ് കുങ്കുമം കൃഷിചെയ്ത് തുടങ്ങുക. ഒക്ടോബർ  - നവംബർ മാസങ്ങളാണതിന്റെ വിളവെടുപ്പുകാലം.

Image From Shutterstock
Image From Shutterstock

ട്രെക്കിങ് നടത്താം

മീന്‍ പിടിക്കാനും ട്രെക്കിങ്ങിനുമൊക്കെ പോകാന്‍ നിരവധി സ്ഥലങ്ങളുണ്ട് ഈ പര്‍വത പ്രദേശത്ത്. മഞ്ഞത്ത് ഗോള്‍ഫ് കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനും ഇവിടെ സൗകര്യമുണ്ട്. ഇവിടുത്തെ ഏറ്റവും ജനപ്രിയ വിനോദമാണ്‌ സാഹസിക ട്രെക്കിങ്. അരു എന്ന മനോഹരമായ ഗ്രാമത്തിലൂടെ കൊലഹോയ്‌ ഹിമാനികള്‍ക്ക് മുകളിലൂടെ ട്രെക്കിങ് യാത്ര ചെയ്യാം. കുറച്ച് ഉയരത്തിലേക്ക് പോയാല്‍ ആൽപൈൻ സ്കീയിങ് പോലുള്ളവ ചെയ്യാം. ക്യാമ്പിങ്, സ്കീയിങ് ഉപകരണങ്ങള്‍ ഇവിടെ എല്ലായ്പ്പോഴും ലഭ്യമാണ്. 

pahalgam-travel1
Image From Shutterstock

മാർച്ച് മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് പഹൽഗാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വേനൽക്കാലത്ത് അമർനാഥ് ഗുഹകളിലേക്കുള്ള വിശുദ്ധ യാത്ര നടക്കുന്നതിനാല്‍ ഇവിടെ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. അരു വാലി, ബേതാബ് വാലി, ചന്ദന്‍വാരി, മാമലേശ്വര ക്ഷേത്രം മുതലായവയാണ് സന്ദര്‍ശിക്കാന്‍ പറ്റുന്ന മറ്റു പ്രധാന സ്ഥലങ്ങള്‍.

English Summary: Pahalgam Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com