ADVERTISEMENT

കോവിഡ് കാലത്തിന്റെ ആശങ്ക മാറ്റി നിർത്തി, യാത്രയ്‌ക്കൊരുങ്ങുകയാണ് സഞ്ചാര പ്രിയർ. യാത്രയ്ക്കു തിരഞ്ഞെടുക്കുന്ന പ്രശസ്തമായ സ്ഥലങ്ങളിലെല്ലാം തന്നെ  തിരക്കോടു തിരക്കാണ്. ആൾക്കൂട്ടങ്ങളും ബഹളങ്ങളുമില്ലാത്ത ശാന്തസുന്ദര ഭൂമികളിലേക്കു പോകാൻ ഒരുങ്ങുന്നവർക്കു ഇനി പറയുന്ന സ്ഥലങ്ങൾ മികച്ചയിടങ്ങളാണ്. ബഹളങ്ങളേതുമില്ലാതെ, മനോഹരമായ കാഴ്ചകൾ സ്വന്തമായുള്ള ഈ നാടുകൾ അവധിദിനങ്ങളെ അവിസ്മരണീയമാക്കും.

ഹാഫ്‌ലോങ്, അസം 

അസമിലെ ഒരേയൊരു ഹിൽസ്റ്റേഷൻ ആണ് ഹാഫ്‌ലോങ്. സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം വേനൽക്കാല സന്ദർശനത്തിനു ഉചിതമായൊരിടമാണ്. ''വടക്കു കിഴക്കൻ ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്'' എന്നൊരു പേര് കൂടി ഈ നാടിനുണ്ട്. മഞ്ഞിന്റെ മേലങ്കി അണിഞ്ഞ മലനിരകളും പച്ചപ്പിന്റെ സൗന്ദര്യവും ഹാഫ്‌ലോങിനെ സ്വർഗതുല്യമാക്കുന്നു. അതിസുന്ദരമായ താഴ്വരകൾ ഈ ഭൂമികയുടെ  മാറ്റുകൂട്ടുന്നു. ശാന്തമായ അന്തരീക്ഷം കാംക്ഷിക്കുന്നവർക്കു മടിക്കാതെ സന്ദർശിക്കാവുന്നൊരിടമാണ് ഹാഫ്‌ലോങ്. 

മുൻസിയാരി, ഉത്തരാഖണ്ഡ് 

ഹിമാലയ പർവതനിരകൾ അതിരിടുന്ന താഴ്‌‌വരയാണ് മുൻസിയാരിയുടെ സൗന്ദര്യം. ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മലമുകളിലെ സൂര്യോദയവും അസ്തമയവും കാണാമെന്നതാണ് മുൻസിയാരി സന്ദർശനത്തിലെ പ്രധാന കാഴ്ച. 

munsiyari1
Image From Shutterstock

ട്രെക്കിങ്ങുകാരുടെ സ്വർഗം എന്നറിയപ്പെടുന്ന ഇവിടെ നിന്നുമാണ് ചെറുതും വലുതുമായ ഓരോ ട്രെക്കിങ്ങും ആരംഭിക്കുന്നത്. സാഹസിക പ്രിയരായ സഞ്ചാരികൾ ഒരിക്കലെങ്കിലും മുൻസിയാരി സന്ദർശിക്കേണ്ടതാണ്, ഹിമാലയ താഴ്വരയിലെ  ഈ ഗ്രാമം ആരെയും ഒരിക്കലും നിരാശപ്പെടുത്തുകയില്ല.

അരക്കു താഴ്‌‌വര, ആന്ധ്രപ്രദേശ്   

സമുദ്രനിരപ്പിൽ നിന്നും 911 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിശാഖപട്ടണം ജില്ലയിലെ അതിസുന്ദരമായ ഒരു ഹിൽസ്റ്റേഷൻ ആണ് അരക്കു. പശ്ചിമഘട്ടമാണ് ഈ പ്രദേശത്തിനെ മനോഹരമാക്കുന്നത്. ''ആന്ധ്രാപ്രദേശിന്റെ ഊട്ടി''  എന്നാണ് അരക്ക് അറിയപ്പെടുന്നത്. 

Araku-Valley
Image From Shutterstock

സമ്പന്നമായ ഗോത്ര സംസ്കാരവും കാപ്പി തോട്ടങ്ങളും പച്ചപ്പിന്റെ പകിട്ടും ഈ നാടിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. വിശാഖപട്ടണത്തു നിന്നും 120 കിലോമീറ്റർ അകലെ നഗരാന്തരീക്ഷത്തിൽ നിന്നും മാറിയാണ് അരക്ക് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒരിടമായതു കൊണ്ടുതന്നെ ഇവിടം സന്ദർശിക്കാൻ ഒട്ടും മടിക്കേണ്ടതില്ല.

ചാറ്റ്പൽ, കാശ്മീർ 

കാശ്മീർ സന്ദർശിക്കുന്ന സഞ്ചാരികളിൽ ഭൂരിപക്ഷം പേരും വിട്ടുകളയുന്ന ഒരിടമാണ് ചാറ്റ്പൽ. അതുകൊണ്ടു തന്നെ ജനക്കൂട്ടത്തിന്റെ തിക്കും തിരക്കുമില്ലാത്ത ശാന്തമായ അന്തരീക്ഷമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. 

Image From Shutterstock
Image From Shutterstock

വർണാനാതീതമാണ് ഇവിടുത്തെ കാഴ്ചകൾ. പൈൻ മരങ്ങളും ഹിമാലയത്തിന്റെ വിദൂര ദൃശ്യവും പതഞ്ഞൊഴുകുന്ന നദികളുമൊക്കെ ഈ ഭൂമിയെ അതിസുന്ദരിയാക്കുന്നു. ശ്രീനഗറിൽ നിന്നും 88 കിലോമീറ്റർ അകലെയായാണ് ചാറ്റ്പൽ സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കാൻ ഈ ഭൂമികയ്ക്കു കഴിയും.

നാകോ, ഹിമാചൽപ്രദേശ് 

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ഇൻഡോ-ടിബറ്റൻ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് നാകോ. ഹോട്ടലുകളും റിസോർട്ടുകളും അധികമില്ലാത്ത ഇവിടെ താമസത്തിനായി ഹോം സ്റ്റേകളെ ആശ്രയിക്കാവുന്നതാണ്. മനോഹരമായ താഴ്വരകളും തടാകങ്ങളും ഈ നാടിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്നു. നാകോയിലേക്കുള്ള യാത്രയിൽ മറക്കാതെ സന്ദർശിക്കേണ്ട ഒരിടമാണ് ചിത്കുൽ. സുന്ദരകാഴ്ചകളുടെ പറുദീസ എന്നുതന്നെ ആ ഗ്രാമത്തിനെ വിളിക്കാവുന്നതാണ്.  ‌‌‌

English Summary: Offbeat Places to Visit in India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com