വരൂ... ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം, മോഹിപ്പിക്കുന്ന കാഴ്ചകൾ കാണാം

village-trip2
Image From Shutterstock
SHARE

ഉടുത്തൊരുങ്ങി നിൽക്കുന്ന കന്യകയെ പോലെയാണ് നമ്മുടെ ഗ്രാമങ്ങൾ. പച്ചയുടെ പട്ടുടുത്തു അഴകൊഴുകുന്ന കാഴ്ചകളുമായി അവരങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ കാണുന്നവരുടെ മനസു നിറയും. ഗ്രാമങ്ങളെ ഇഷ്ടപ്പെടുന്ന യാത്രികർ നിരവധിയാണ്. നാട്ടിൻപുറങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനായി മാത്രം യാത്രകൾ പോകുന്നവർ ഒരിക്കലെങ്കിലും ഈ ഗ്രാമങ്ങളിലൂടെ കടന്നുപോകണം. സന്ദർശകരുടെ ഹൃദയത്തിൽ ഈ നാടുകൾ സ്ഥാനം പിടിക്കുക തന്നെ ചെയ്യും. 

കുട്ടനാട്, കേരളം

കേരളത്തിന്റെ നെല്ലറ എന്നറിപ്പെടുന്ന നാടാണ് കുട്ടനാട്. കായലുകളും വയലേലകളുമാണ് ആ നാടിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. വേമ്പനാട്ടു കായലിന്റെ ഹൃദയ ഭാഗത്തായാണ് കുട്ടനാടിന്റെ സ്ഥാനം.   കേരളത്തിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ വിദേശത്തു നിന്നടക്കം ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്. 

ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ഭൂഭാഗങ്ങളിൽ ഒന്നായ കുട്ടനാട് മൽസ്യ സമ്പത്തു കൊണ്ടും അനുഗ്രഹീതമാണ്. ഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ മോഹിക്കുന്നവർക്കു കുട്ടനാട് സന്ദർശിക്കുന്നതു അവിസ്മരണീയമായ അനുഭവമായിരിക്കും.

മജുലി, അസം 

കാണുന്നവരുടെ ഹൃദയം കവരുന്ന മായിക  സൗന്ദര്യമുള്ള നാടാണ് മജുലി. കെട്ടുകഥകളും ചരിത്രവും അഴകും ഒത്തുചേർന്നു കിടക്കുന്ന ഈ നാട് ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്. അസമിലെ ബ്രഹ്മപുത്ര നദിയിലാണിതിന്റെ സ്ഥാനം. ധാരാളം സുന്ദര കാഴ്ചകൾ സ്വന്തമായുള്ള ഈ ദ്വീപിൻറെ വിസ്തീർണ്ണം മണ്ണൊലിപ്പ് മൂലം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപ് കൂടിയാണിത്. 

ടാകി, പശ്ചിമ ബംഗാൾ 

ഇച്ചാമതി നദിയുടെ തീരത്തായാണ് ടാകി എന്നുപേരുള്ള  സുന്ദര ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജോലിതിരക്കുകളിൽ ഒന്നൊഴിഞ്ഞു ആഴ്ചാവസാനം ചെലവഴിക്കാൻ ഇതിലും മികച്ചയിടങ്ങൾ കുറവായിരിക്കും. കൊട്ടാരങ്ങൾക്കു സമാനമായ നിരവധി കെട്ടിടങ്ങളും മുന്നൂറ് വർഷത്തിനു മുകളിൽ പഴക്കമുള്ള ജോറ ശിവ മന്ദിറുമൊക്കെയാണ് ടാകിയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. ഫോട്ടോഗ്രാഫർമാർക്കും വിനോദസഞ്ചാരികൾക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരിടം കൂടിയാണിവിടം.

village-trip

മുൻസിയാരി, ഉത്തരാഖണ്ഡ്

ഹിമാലയ പർവ്വതനിരകൾ അതിരിടുന്ന താഴ്‍‍വരയാണ് മുൻസിയാരിയുടെ സൗന്ദര്യം. ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മലമുകളിലെ സൂര്യോദയവും അസ്തമയവും കാണാമെന്നതാണ് മുൻസിയാരി സന്ദർശനത്തിലെ പ്രധാന കാഴ്ച. 

ട്രെക്കിങ്ങുകാരുടെ സ്വർഗം എന്നറിയപ്പെടുന്ന ഇവിടെ നിന്നുമാണ് ചെറുതും വലുതുമായ ഓരോ ട്രെക്കിങ്ങും ആരംഭിക്കുന്നത്. സാഹസിക പ്രിയരായ സഞ്ചാരികൾ ഒരിക്കലെങ്കിലും മുൻസിയാരി സന്ദർശിക്കേണ്ടതാണ്, ഹിമാലയ താഴ്വരയിലെ  ഈ ഗ്രാമം ആരെയും ഒരിക്കലും നിരാശപ്പെടുത്തുകയില്ല.

അരക്കു താഴ്‍‍വര, ആന്ധ്രപ്രദേശ് 

സമുദ്രനിരപ്പിൽ നിന്നും 911 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിശാഖപട്ടണം ജില്ലയിലെ അതിസുന്ദരമായ ഒരു ഹിൽസ്റ്റേഷൻ ആണ് അരക്ക്. പശ്ചിമഘട്ടമാണ് ഈ പ്രദേശത്തിനെ മനോഹരമാക്കുന്നത്. ''ആന്ധ്രാപ്രദേശിന്റെ ഊട്ടി''  എന്നാണ് അരക്കു താഴ്‍‍വര അറിയപ്പെടുന്നത്. 

arakku

സമ്പന്നമായ ഗോത്ര സംസ്കാരവും കാപ്പി തോട്ടങ്ങളും പച്ചപ്പിന്റെ പകിട്ടും ഈ നാടിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. വിശാഖപട്ടണത്തു നിന്നും 120 കിലോമീറ്റർ അകലെ നഗരാന്തരീക്ഷത്തിൽ നിന്നും മാറിയാണ് അരക്കു സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒരിടമായതു കൊണ്ടുതന്നെ ഇവിടം സന്ദർശിക്കാൻ ഒട്ടും മടിക്കേണ്ടതില്ല.

ടൗകി നദി, മേഘാലയ 

അതിസുന്ദരമായ നാടുകളിൽ ഒന്നാണ് മേഘാലയ. ശീതകാലത്തു മേഘാലയയ്ക്കു സൗന്ദര്യമേറും. ഈ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നദിയാണ് ടൗകി. അടിത്തട്ട് വരെ കൃത്യമായി കാണാൻ കഴിയുന്ന തെളിഞ്ഞ ജലം നിറഞ്ഞ നദീ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുഹൃത്തുക്കളുമൊത്തോ കുടുംബാംഗങ്ങളുമൊത്തോ ഒരു ദിനം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കു തെരെഞ്ഞെടുക്കാവുന്ന മനോഹരയിടങ്ങളിൽ ഒന്നാണിത്. ടൗകി നദിയിലൂടെയുള്ള ബോട്ടിങ് സഞ്ചാരികൾക്കു മറക്കാനാകാത്ത അനുഭവം തന്നെയായിരിക്കും. 

village-trip1

കാരൈക്കുടി, തമിഴ്നാട്

തമിഴ് നാട്ടിലെ ശിവഗംഗൈ ജില്ലയിലാണ് കാരൈക്കുടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെട്ടിനാടിന്റെ ഭാഗമാണിത്. ചുണ്ണാമ്പുകല്ലുകൾ കൊണ്ട് നിർമിച്ചിട്ടുള്ള ഭവനങ്ങളാണ് ഈ ഗ്രാമത്തിന്റെ ശോഭ വർധിപ്പിക്കുന്നത്. 

തമിഴ്‌നാട്ടിലെ  മറ്റു ഗ്രാമങ്ങൾ പോലെ തന്നെ ധാരാളം ക്ഷേത്രങ്ങൾ ഇവിടെ കാണാവുന്നതാണ്. ചുറ്റിലും അതിരിടുന്ന മലനിരകളും തെന്നാർ നദിയുമൊക്കെയാണ് കാരൈക്കുടിയിലെ പ്രധാന കാഴ്ചകൾ. തമിഴ്നാട്ടിലെ ഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കണമെന്നുള്ളവർക്കു മടിക്കാതെ ഈ ഗ്രാമം തെരഞ്ഞെടുക്കാം.

യാന, കർണാടകം

ധാരാളം സഞ്ചാരികളെത്തുന്ന കർണാടകത്തിലെ ഗ്രാമമാണ് യാന. പച്ചപ്പട്ടിൽ പൊതിഞ്ഞ കാഴ്ചകളാണ് യാനയുടെ സൗന്ദര്യം. മലനിരകളിലേക്കുള്ള ഹൈക്കിങ്ങും വെള്ളച്ചാട്ടങ്ങളും പക്ഷിനിരീക്ഷണവും തുടങ്ങി സന്ദർശകരുടെ മനം കവരുന്ന വിനോദങ്ങളും കാഴ്ചകളും ഇവിടെ ധാരാളമുണ്ട്. പശ്ചിമ ഘട്ടത്തിലെ സഹ്യാദ്രി  മലനിരകളാണ് ഗ്രാമത്തിനു അതിരിടുന്നത്. കർണാടകയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന സവിശേഷതയും യാനയ്ക്കുണ്ട്.

English Summary: The best rural destinations to visit in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA