ADVERTISEMENT

ജീവിതത്തിനു നിറം മങ്ങുന്നിടത്ത് ശരണം തേടി പുറപ്പെടുന്ന പദയാത്ര മാത്രമല്ല തീർഥാടനം. മോഹഭംഗങ്ങൾക്കു മുൻപേ മനസ്സിനെ പാകപ്പെടുത്താനുള്ള പ്രയാണവുമാണ് ക്ഷേത്രനഗരികളിലേക്കുള്ള സഞ്ചാരം. നൂറ്റാണ്ടു പിന്നിട്ട എല്ലാ ക്ഷേത്രങ്ങളുടെ മുറ്റത്തും ജീവിതത്തിന്റെ നെയ്ത്തിരി കത്തിയെരിയുന്നതു കാണാം. പ്രദക്ഷിണവീഥിയിൽ പതിഞ്ഞ അനുഭവങ്ങളുടെ കാൽപ്പാടുകളിലും കാലം കരിപടർത്തിയ കൽവിളക്കിലും യാത്രികന്റെ മനസ്സ് പുതുവഴി തിരയുന്നു; അവിടെയാണ് തീർഥാടനം ആരംഭിക്കുന്നത്.

തെങ്കാശിയിൽ നിന്ന് അംബാസമുദ്രത്തിലേക്കു യാത്ര ചെയ്യുന്ന സഞ്ചാരിയുടെ മനസ്സ് തീർഥാടകന്റെ പുതപ്പണിഞ്ഞ് കാഴ്ചകളുടെ തൊടുകുറിയണിയുന്നു. മുരുകനും കാളിയമ്മയും വാഴുന്ന തിരുമലൈകോവിലും താമ്രപർണിക നദിക്കരയിലെ പാപനാശം ക്ഷേത്രവും സഹ്യാദ്രിമല ധ്യാനപീഠമാക്കിയ അഗസ്ത്യമുനിയുടെ പർണശാലയുമാണ് ഈ യാത്രയിലെ പുരാണവീഥി.

അഗസ്ത്യാർകൂടത്തിന്റെ ആത്മാവാണ് ‘താമരപരണി’യെന്നു തമിഴ്നാട്ടുകാർ പറയുന്ന താമ്രപർണികാനദി. മരണാനന്തര ചടങ്ങുകൾക്കു വിശിഷ്ടമെന്നു കരുതപ്പെടുന്ന ‘പാപനാശം’ തീർഥകടവാണ് താമ്രപർണികയുടെ പ്രശസ്തി.

ambasamudram2

പുനലൂരിൽ നിന്നു ചെങ്കോട്ട വഴി തിരുനെൽവേലി റൂട്ടിൽ അംബാസമുദ്രം പട്ടണത്തിലാണ് പാപനാശത്തേക്കുള്ള റോഡിന്റെ തുടക്കം. അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചിൽ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് പാപനാശനാഥന്റെ ക്ഷേത്രം. കിഴക്ക് ദർശനമാക്കിയ ഗോപുരത്തിനു മുന്നിലെ മണ്ഡപത്തിന്റെ കൽപ്പടവുകൾ അവസാനിക്കുന്നതു താമ്രപർണികയിലാണ്. ഉരുളൻപാറകളിലൂടെ ഒഴുകിയിറങ്ങുന്ന താമ്രപർണികയുടെ തീരത്തു ശിവക്ഷേത്രം ഉണ്ടായത് അഗസ്ത്യമുനിയുടെ തപസ്സിന്റെ ഫലമെന്ന് ഐതിഹ്യം.

‘‘സ്വർഗത്തിലെ മണ്ഡപത്തിൽ ശിവപാർവതീ വിവാഹം നേരിൽ കാണാൻ അഗസ്ത്യമുനി ആഗ്രഹിച്ചു. അഗസ്ത്യന്റെ തപസ്സിൽ സംതൃപ്തനായ ശിവൻ കല്ല്യാണ ചേലയുടുത്ത് പാർവതിയോടൊപ്പം താമ്രപർണികയുടെ തീരത്തു പ്രത്യക്ഷപ്പെട്ടു. പുഴയുടെ തീരത്തു വിഗ്രഹം സ്ഥാപിച്ച് പാപനാശനാഥനായി തന്നെ പൂജിക്കാൻ അഗസ്ത്യമുനിക്ക് അനുഗ്രഹം നൽകി.’’

താമ്രപർണിക

സമുദ്രം പോലെ വിസ്തൃതമായ കൃഷിഭൂമിയാണ് അംബാസമുദ്രം. പട്ടണത്തിലെ മൊത്തം കടകൾ എണ്ണി നോക്കിയാൽ എണ്ണപ്പലഹാരങ്ങളും ചായയും വിൽക്കുന്ന ഒറ്റമുറി ടീ ഷോപ്പുകളുടെ പട്ടണം. തെങ്കാശി പട്ടണത്തിലെ ഇടുങ്ങിയ റോഡ് താണ്ടിയാൽ അംബാസമുദ്രം വരെ ദേശീയ പാതയുടെ ഇരുവശത്തും ചോളവും കരിമ്പും പരുത്തിയും വിളയുന്നു. വലിയ പുളിമരങ്ങൾ തണലിട്ടു നിൽക്കുന്ന ഹൈവേ, ഡ്രൈവിങ്ങിൽ താൽപര്യമുള്ളവർക്കു ഹരം പകരും. അതേസമയം, പാപനാശം റോഡിലേക്ക് തിരിഞ്ഞാൽ റോഡിന്റെ വീതി കുറഞ്ഞ് കാനനപാതയായി മാറുന്നു. തിരുനെൽവേലി ജില്ലയിൽ ഏറ്റവുമധി വെള്ളച്ചാട്ടങ്ങളുള്ള അംബസമുദ്രത്തിന്റെ തെക്കു പടിഞ്ഞാറാണ് പാപനാശം ക്ഷേത്രം.

ambasamudram

തിരുനെൽവേലിയുടെ ഹൃദയഭൂമിയിലൂടെ മന്നാർ സമുദ്രത്തിൽ (ഇന്ത്യൻ മഹാസമുദ്രം) ലയിക്കുന്ന താമ്രപർണികയുടെ കരയിലാണ് അംബാസമുദ്രം, തിരുനെൽവേലി, ശ്രീവൈകുണ്ഠം, തിരുച്ചെന്തൂർ പട്ടണങ്ങൾ. അഗസ്ത്യാർകൂടത്തിൽ ഉദ്ഭവിച്ച് ക്ഷേത്രത്തിന്റെ സമീപത്ത് എത്തുന്നതുവരെ താമ്രപർണികയിൽ അഞ്ച് വെള്ളച്ചാട്ടങ്ങളുണ്ട്. ഇരുമ്പിന്റെ അംശമുള്ള ജലം എന്ന് അർഥമാക്കിയാണ് ‘താമ്ര’ പർണികയെന്നു നദിക്കു പേരു വന്നതെന്ന് കഥ. പേയാർ, പമ്പാർ, ഉൾതാർ, കൊറിയാർ, സർവയ്യാർ എന്നീ പോഷകനദികൾ ഒരുമിച്ചാണ് താമ്രപർണിക ഇരുകരതൊട്ടൊഴുകുന്നത്.

പാപനാശനാഥനായ പരമശിവനും പാർവതിയുമാണ് പാപനാശം ക്ഷേത്രത്തിൽ പ്രതിഷ്ഠ. പന്തീരടി പൊക്കമുള്ള മതിലും കോട്ടവാതിലിനോളം വലുപ്പമുള്ള കവാടവും ഗോപുരവും ചോളരാജാക്കാന്മാരുടെ കാലത്ത് നിർമിച്ചതെന്ന് കരുതപ്പെടുന്നു. കരിങ്കൽപാളികൾ കൊത്തി മിനുക്കി കെട്ടിപൊക്കിയ ക്ഷേത്രം പുരാതന ക്ഷേത്രസങ്കൽപ്പത്തിന്റെ സമ്പൂർണതയാണ്. ക്ഷേത്രഗോപുരത്തിനു മുന്നിലെ ആൽത്തറയും നദിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവുമാണു സന്ദർശകരുടെ വിശ്രമസ്ഥലം. ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകൾക്കു വരുന്നവർ അർച്ചന ചെയ്ത് മുങ്ങി നിവർന്നു സമർപ്പിക്കുന്ന മാലകൾ താമരഭരണിയുടെ ഓളങ്ങൾ തഴുകി ഓർമപ്പൂക്കളായി ഒഴുകുന്നു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com