ADVERTISEMENT

അസ്ഥികളില്‍ കുളിരു പടര്‍ന്നു കയറുന്ന കടുത്ത തണുപ്പുകാലത്ത് പോലും ചൂടുവെള്ളമൊഴുകുന്ന നീരുറവകളും ആകാശത്തെ ധ്യാനിച്ച്‌ നില്‍ക്കുന്ന മഞ്ഞുതൊപ്പിയിട്ട പര്‍വതനിരകളും എവിടെ നോക്കിയാലും  ഇടതൂര്‍ന്ന പൈൻ, ദേവദാരു മരങ്ങളും ശാന്തമായി ഒഴുകുന്ന പാര്‍വതീനദിയുടെ കാഴ്ചയുമെല്ലാമായി സ്വപ്നസമാനമായ ഒരു ഭൂമികയാണ് ഹിമാചലിലെ മണികരണ്‍. ഹിമാചല്‍ യാത്ര ചെയ്യുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ട കാഴ്ചകള്‍ക്ക് പുറമേ മറ്റു നിരവധി പ്രത്യേകതകളും മണികരണിനുണ്ട്. അവിശ്വസനീയമായ കാഴ്ചകളും അപൂര്‍വതകളും നിറഞ്ഞ മണികരണിലൂടെ ഒരു യാത്ര...

എവിടെയാണ് മണികരണ്‍?

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ഭുന്തറിന് വടക്കുകിഴക്കായി പാർവതി നദിക്കരയിലുള്ള പാർവതി താഴ്‌വരയിലാണ് മണികരണ്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നു 1760 മീറ്റർ ഉയരത്തിലുള്ള മണികരണിലേക്ക് കസോളിൽ നിന്ന് 4 കിലോമീറ്ററും കുളുവിൽ നിന്ന് 45 കിലോമീറ്ററും ഭുന്തറിൽ നിന്ന് 35 കിലോമീറ്ററുമാണ് ദൂരം. കുളുവും മണാലിയും സന്ദര്‍ശിക്കാന്‍ എത്തുന്ന സഞ്ചാരികളില്‍ മിക്കവരും ഇവിടേക്ക് എത്താറുണ്ട്.

ഹിന്ദുക്കളുടെയും സിഖുക്കാരുടെയും പുണ്യകേന്ദ്രം

ഹിന്ദുക്കളുടെയും സിഖുക്കാരുടെയും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണ് മണികരൺ. പണ്ടുകാലത്ത് ഇവിടെ ഒരു വെള്ളപ്പൊക്കമുണ്ടായി എല്ലാം നശിച്ചു പോയെന്നും പിന്നീട് മനുവാണ് ഇവിടെ മനുഷ്യജീവിതം പുനഃസൃഷ്ടിച്ചതെന്നും അവര്‍ വിശ്വസിക്കുന്നു.

manikaran-1
Image From Shutterstock

ഹിന്ദു ദൈവങ്ങളായ രാമൻ, കൃഷ്ണൻ, വിഷ്ണു എന്നിവരുടെ ക്ഷേത്രങ്ങളുമുണ്ട് ഇവിടെ. 17 ആം നൂറ്റാണ്ടില്‍ രാജാ ജഗത്ത്സിംഗ് മണികരണില്‍ പുനര്‍നിര്‍മിച്ച ശ്രീരാമക്ഷേത്രം ഇന്ന് സഞ്ചാരികളുടേയും തീര്‍ത്ഥാടകരുടേയും പ്രധാന താവളങ്ങളിലൊന്നാണ്. ശ്രീരാമന്‍ അയോധ്യയില്‍ നിന്നും മണികരണിലേക്ക് മാറ്റി സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

മൂന്നാം ഉദസി സമയത്ത് സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് തന്‍റെ അഞ്ച് ശിഷ്യന്‍മാര്‍ക്കൊപ്പം മണികരണില്‍ സന്ദര്‍ശനം നടത്തിയെന്ന വിശ്വാസമാണ് ഇവിടേക്ക് സിഖ് മതസ്ഥരെ ആകര്‍ഷിക്കുന്നത്. ഇവിടെ ഒരു ഗുരുദ്വാരയുമുണ്ട്. മണികരൺ സാഹിബ് ഗുരുദ്വാര എന്നു പേരുള്ള ഈ തീര്‍ഥാടനകേന്ദ്രം രാവിലെ 5.00 മുതൽ 12 വരെയും വൈകിട്ട് 4.00 മുതൽ 9.00 വരെയും സഞ്ചാരികള്‍ക്കായി തുറന്നിരിക്കും.

ചൂടുവെള്ളം നിറഞ്ഞ പുണ്യ ഉറവകള്‍

മണികരൺ സാഹിബ് ഗുരുദ്വാരയ്ക്ക് അടുത്തായി പ്രകൃതിദത്തമായ ഒരു ചൂടുനീരുറവയുണ്ട്. യുറേനിയം, സൾഫർ തുടങ്ങി പലമൂലകങ്ങളും അടങ്ങിയ ഈ വെള്ളം രോഗങ്ങള്‍ ശമിപ്പിക്കാന്‍ സഹായിക്കുമെന്നും ഒരു വിശ്വാസമുണ്ട്. ഇതുകൂടാതെ മണികരണ്‍ ശിവക്ഷേത്രത്തിലും ഒരു ചുടുനീരുറവയുണ്ട്. 

manikaran-2
Image From Shutterstock

ഇവിടെ എത്തുന്ന സഞ്ചാരികളും വിശ്വാസികളും മസ്ലിൻ തുണിയില്‍ പൊതിഞ്ഞ് അരിയും മറ്റും ഈ ചൂടുനീരുറവയിൽ വച്ച് വേവിച്ചെടുക്കാറുണ്ട്. ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് അനുഗ്രഹമാണെന്ന് അവര്‍ കരുതുന്നു.

ചുറ്റുമുള്ള മനോഹരഗ്രാമങ്ങള്‍ കാണാം

മണികരണിനടുത്തായി വേറെയും ധാരാളം കാഴ്ചകളുണ്ട്. മനോഹരമായ മലാന ഗ്രാമവും കാള്‍ഗയും ചലാല്‍ ഗ്രാമവും ഖീര്‍ ഗംഗയും ഹരീന്ദര്‍ പര്‍വതനിരകളും പാര്‍വതീനദിയോരത്തെ കാഴ്ചകളുമെല്ലാം കാണാം. കസോൾ, കുളു, മണാലി എന്നിവയും അധികദൂരമില്ല. മണികരണില്‍ നിന്നും ഇവിടേക്ക് ബസ് സൗകര്യം ലഭ്യമാണ്. ട്രെക്കിങ് നടത്താന്‍ ഒട്ടനേകം റൂട്ടുകള്‍ ഈ പ്രദേശത്തുണ്ട്.

മണികരൺ സന്ദർശിക്കാന്‍ മികച്ച സമയം

മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് മണികരണ്‍ യാത്രക്ക് ഏറ്റവും മികച്ചത്. അധികം ചൂടോ തണുപ്പോ ഒന്നുമില്ലാതെ, മികച്ച കാലാവസ്ഥയാണ് ഈ സമയത്ത്. 

മണികരണിലെത്താൻ

ഹിമാചലിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും മണികരണിലേക്ക് ബസുകളുണ്ട്. ഡല്‍ഹി, ജയ്പൂർ, ചണ്ഡിഗഡ്, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ജോഗീന്ദർ നഗറാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്നും മണികരണിലേക്ക് 148 കിലോമീറ്ററാണ് ദൂരം.

English Summary: The Hotwater Spring in Manikiran, Himachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com