ADVERTISEMENT

കോവിഡ് മഹാമാരിയെ വകഞ്ഞുമാറ്റി രാജ്യം പുതിയ തുടക്കമിടുമ്പോൾ വിനോദയാത്രാലോകത്തും ശ്രദ്ധേയമായ ചില ചലനങ്ങൾ. മഹാമാരിയുടെ പിടി വിടുവിച്ച് രാജ്യാന്തര വിനോദസഞ്ചാരം പഴയതോതിലേയ്ക്കു തിരിച്ചെത്താൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് ആഭ്യന്തര വിനോദസഞ്ചാരത്തിൽ ശ്രദ്ധയൂന്നുകയാണ് ടൂറിസം മേഖല. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കാൻ കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും വിവിധ പദ്ധതികൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നു.

യാത്ര സംവിധാനമെന്ന ലേബലിൽനിന്നും വിനോദ സഞ്ചാര മാധ്യമെന്ന നിലയിലേയ്ക്കു ചുവടുമാറ്റുകയാണ് ഇന്ത്യൻ റെയിൽവേ. കൂടാതെ കുറഞ്ഞ ചെലവിൽ താമസ സൗകര്യമൊരുക്കാൻ പോഡ് ഹോട്ടൽ സങ്കൽപവും അവതരിപ്പിച്ചു.

women-trip

കേരളത്തിൽ ആഭ്യന്തര വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. റെയിൽവേയുടെ മാതൃകയിൽ വിനോദസഞ്ചാര മേഖലയുമായി കോർത്തിണക്കി ലാഭകരമായ പുതിയ ബിസിനസ് മോഡൽ കണ്ടെത്താൻ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷ‌ൻ (കെഎസ്ആർടിസി)  സജീവമായി രംഗത്തുണ്ട്. സർക്കാർ ഗസ്റ്റ് ഹൗസുകളെ ജനങ്ങൾക്കായി തുറന്ന് പല വിനോദസഞ്ചാര മേഖലകളിലും കുറഞ്ഞ ചെലവിൽ താമസ സൗകര്യവും സംസ്ഥാന  സർക്കാർ ലഭ്യമാക്കുന്നു.

പോഡ് ഹോട്ടൽ

മുംബൈ മഹാനഗരത്തിൽ 799  രൂപയ്ക്ക് നക്ഷത്ര സൗകര്യമുള്ള താമസ സൗകര്യം ചിന്തിക്കാനാകുമോ. മുംബൈ സെൻട്രൽ റെയിൽവേ  സ്റ്റേഷനിലേക്കു വരൂ. ഇവിടെയാണ് ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ പോഡ് ഹോട്ടൽ സജ്ജമാക്കിയിരിക്കുന്നത്. ഒരു കിടക്ക ഇടാവുന്ന വലുപ്പത്തിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളുമായി ചെറുമുറികൾ അടങ്ങുന്ന സംവിധാനമാണ് പോഡ് ഹോട്ടൽ. ഒരാൾക്ക് കിടന്നുറങ്ങാനുള്ള സൗകര്യം. 12 ണിക്കൂർ നേരത്തേക്ക് 799 രൂപയാണ് നിരക്ക്. വനിതകൾക്കു മാത്രമായി വിഭാഗവുമുണ്ട്. 24 മണിക്കൂറിന് നിരക്ക് 1199 രൂപയേ വരൂ.

എസി, വൈഫൈ, ചാർജിങ് പോയിന്റ്, കണ്ണാടി, ചെറിയ ലോക്കർ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശുചിമുറി സൗകര്യം പൊതുവായാണ്. ട്രെയിൻ യാത്രക്കാർക്കും പുറത്തുനിന്നുള്ളവർക്കും സൗകര്യം ഉപയോഗിക്കാം. നേരത്തെ ബുക്ക് ചെയ്താൽ യാത്രകളിൽ ഈ ചെലവുകുറഞ്ഞ താമസ സൗകര്യം ഫലപ്രദമായി ഉപയോഗിച്ച് യാത്രകളിലെ ചെലവ് കുറയ്കക്കാം.

munnar-trip

വിദേശ രാജ്യങ്ങളിൽ പോഡ് ഹോട്ടലുകൾ നേരത്തെ ഉണ്ടെങ്കിലും ഇന്ത്യയിൽ ആദ്യം. ജപ്പാനാണ് ആദ്യമായി പോഡ് ഹോട്ടൽ സങ്കൽപം അവതരിപ്പിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: https://www.hotel.irctctourism.com

ട്രെയിൻ ടൂറിസം

ഇന്ത്യയുടെ തെക്കു വടക്ക് 12 ദിവസത്തെ യാത്ര. അതും 13500 രൂപ മാത്രം മുടക്കിൽ. റെയിൽവേയുടെ ഭാഗമായ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണ് (ഐആർസിടിസി) കേരളത്തിൽനിന്ന് കശ്മീർ വരെ യാത്രയ്ക്കും അനുബന്ധ സൗകര്യങ്ങൾക്കുമാണ് ഒരാൾക്ക് ഈ നിരക്ക്.

Train-Representational-Image-new

കുറഞ്ഞ ചെലവിൽ രാജ്യത്തെ വിവിധ തീർഥാടന– വിനോദസഞ്ചാര കേന്രങ്ങളെ ബന്ധിപ്പിച്ച് ഭാരത് ദർശൻ എന്ന പേരിൽ  ട്രെയിനുകൾ അവതരിപ്പിക്കുന്നു ഐആർസിടിസി. ജമ്മു വൈഷ്ണോദേവി ക്ഷേത്രത്തിലേക്കായിരുന്നു കശ്മീർ തീർഥാടന യാത്ര. ജയ്‌പുർ, ചണ്ഡിഗഡ് , ആഗ്ര തുടങ്ങിയ സ്ഥലങ്ങളും പാക്കേജിൽ ഉണ്ടായിരുന്നു. ഭക്ഷണം, താമസം എല്ലാം അടക്കമാണ് നിരക്ക്. മിക്കവാറും രാത്രി ട്രെയിനിൽ  യാത്രയിലാകും. കോവിഡ് അനന്തരകാലത്ത് പാക്കേജ് ടൂറിസം രംഗത്ത് പ്രവർത്തനം വിപുലമാക്കാനുള്ള നീക്കത്തിലാണ് ഐആർസിടിസി.

കൂടുതൽ വിവരങ്ങൾക്ക്: https://www.hotel.irctctourism.com

കേരളം കാണാം, കെഎസ്ആർടിസിയിൽ

കോവിഡിൽ ഗതാഗത പ്രവർത്തനം താറുമാറാകുകയും, സാമ്പത്തികനില കൂടുതൽ പരുങ്ങലിലാകുകുയും ചെയ്ത സാഹചര്യത്തിൽ വിനോദസഞ്ചാര സാധ്യതകളിലൂടെ പിടിവള്ളി തേടുകയാണ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ(കെഎസ്ആർടിസി). മുമ്പുതന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും പ്രാദേശിക വിനോദസഞ്ചാരം പരമാവധി പ്രോൽസാഹിപ്പിക്കാൻ  പുതിയ റൂട്ടുകളും സേവനങ്ങളും അവതരിപ്പിച്ചു. 

thrissur news

വിവിധ ഡിപ്പോകളിൽനിന്ന് മൂന്നാർ, ഗവി, മലക്കപ്പാറ വിനോദ സഞ്ചാര മേഖലകളിലേക്കു നടത്തുന്ന സർവീസുകൾ വിജയമായി. കാട്ടിലേക്കുള്ള ഈ യാത്രകൾ ഹിറ്റായതോടെ കടലിലേക്ക് യാത്ര എന്ന ആശയം ഉയർന്നു. ഇതോടെ വിവിധ ബീച്ചുകൾ കേന്ദീകരിച്ചുള്ള സർവീസുകൾക്കും തുടക്കമിട്ടു. മുസിരിസ് ടൂറിസവും ഇതിന്റെ ഭാഗമാണ്. ബജറ്റ് ടൂറിസം സെല്ലിനു കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വിനോദസഞ്ചാരികൾക്ക് മൂന്നാറിലും മറ്റും ചുരുങ്ങിയ ചെലവിൽ താമസ സൗകര്യമൊരുക്കാൻ ഓട്ടക്കാലാവധി കഴിഞ്ഞ ബസുകൾ പരിഷ്കരിച്ച് താമസ സംവിധാനം ഒരുക്കി. ഇവയെ പുതിയൊരു വരുമാന മേഖലയാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഒപ്പം  ചുരുങ്ങിയ ചെലവിൽ താമസ സൗകര്യം വേണ്ടവർക്ക് അതിനുള്ള  അവസരവുമാകും. 

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകളിൽ ട്രെയിനിലേതു പോലെ ബെർത്തുകൾ ക്രമീകരിച്ചാണ് ബസ് സ്റ്റേകളാക്കിയത്. 16 ബെർത്തുകളാണ് ഒരു ബസിൽ. ഇത്തരം 6 ബസുകൾ മൂന്നാറിൽ ഉണ്ട്. ഒരെണ്ണത്തിൽ കുടുംബമായി എത്തുന്നവർക്കുള്ള മുറികളാണ്. എസി ബസുകളാണ് ഇങ്ങനെ മാറ്റയെടുക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റേഷനിലാണ് പാർക്കിങ്. ഇവിടുത്തെ ശുചിമുറി സൗകര്യം ഉപയോഗിക്കാം. ഒരു രാത്രിക്ക് 100 രൂപ നിരക്ക്. വൈകിട്ട് 6 മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 10 വരെ ഉപയോഗിക്കാം. വാടകയ്ക്കു തുല്യമായ തുക കരുതൽധനമായി നൽകണം. mnr@kerala.gov.in മെയിൽ ഐഡി വഴിയും https://www.online.keralartc.com എന്ന വെബ്സൈറ്റിലൂടെയും ബുക്കിങ് നടത്താം.

കെഎസ്ആർടിസി കൺട്രോൾ റൂം: 0471 2463799, 9447071021. 

ടെന്റ് ക്യാംപിങ്

മൂന്നാറിൽ സഞ്ചാരികൾക്കായി കെഎസ്ആർടിസി ടെന്റ് ക്യാംപിങ്ങും ആരംഭിച്ചു. പഴയ മൂന്നാറിൽ കെഎസ്ആർടിസി ഡിപ്പോക്ക്‌ സമീപം മുതിരപ്പുഴയാറിനും ദേശീയ പാതയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി വക മൂന്നര ഏക്കർ സ്ഥലത്താണ് ടെന്റ് ക്യാംപിങ്.

മുറിയെടുക്കാം പൊതുമരാമത്ത് അതിഥി മന്ദിരത്തിൽ

ചെലവു കുറഞ്ഞ വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാനും സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് കേരള സർക്കാർ, പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള അതിഥി മന്ദിരങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു. ഇനി പൊതുജനങ്ങൾക്ക് ഇവിടെ മുറിയെടുക്കാം. ഡബിൾ എസി മുറികൾക്കു 750 രൂപയും നോൺ എസി ഡബിൾ മുറികൾക്ക് 400 രൂപയുമാണു ദിവസ വാടക. വിനോദസഞ്ചാര കേന്ദ്രങ്ങളോടു ചേർന്നുള്ള അതിഥി മന്ദിരങ്ങളിൽ വിനോദസഞ്ചാരികൾക്ക് മുൻഗണന നൽകും. 

tent-camp2

4 ഇൻസ്പെക്‌ഷൻ ബംഗ്ലാവ്(ഐബി) ഉൾപ്പെടെ 153 റെസ്റ്റ് ഹൗസുകളാണു മരാമത്തു വകുപ്പിനു കീഴിലുള്ളത്.  resthouse.pwd.kerala.gov.in എന്ന സൈറ്റ് വഴിയോ നേരിട്ടോ മുറികൾ ബുക്കു ചെയ്യാം. 

കാരവൻ ടൂറിസം

കായൽ വഞ്ചി വീടുകൾക്കു സമാനമായി കേരളത്തിൽ കാരവൻ ടൂറിസത്തിന് അടുത്തയിടെ സർക്കാർ പ്രോൽസാഹനം നൽകി വരികയാണ്. ഇതിനു വേണ്ട മാർഗ നിർദേശങ്ങളും പുറത്തിറക്കി. പകൽ സഞ്ചാരവും രാത്രി താമസവും എന്നതാണ് കാരവൻ ടൂറിസത്തിന്റെ സങ്കൽപം. നിർമാണ നിയന്ത്രണമുള്ള പരിസ്ഥിതി ലോല മേഖലകൾക്കും ഇതുവഴി ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താം.  സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ടൂറിസം കാരവനും കാരവൻ പാർക്കുകളും ഒരുക്കാം. കാരവൻ ഓപ്പറേറ്റർമാർക്ക് സർക്കാർ സബ്‌സിഡി നൽകും.

caravan

കാർ ക്യാംപ്

കോവിഡ് അനനന്തര കാലത്ത് പ്രചാരത്തിലായതാണ് കാർ ക്യാംപ്. സ്വന്തം വാഹനത്തിൽത്തന്നെ രാത്രി താമസം എന്നതാണ് സങ്കൽപം. വിദേശങ്ങളിൽ നേരത്തെതന്നെ പ്രചാരത്തിലുണ്ടെങ്കിലും കോവി‍ഡോടുകൂടിയാണ് ഇത് കേരളത്തിൽ സ്വീകാര്യമായത്. സുരക്ഷിതമായ സ്ഥലത്ത് കാർ പാർക്ക് ചെയ്ത്, നിവർത്തിയിടാവുന്ന സീറ്റിൽ ഉറങ്ങുക. പ്രഥമിക കൃത്യങ്ങൾക്ക് പൊതു ശുചിമുറികൾ ഉപയോഗിക്കുക. ഇത്തരത്തിൽ ചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഇത്തരം സൗകര്യംകൂടി മുന്നിൽകണ്ടാണ് വാഹന നിർമാതാക്കൾ ചില മോഡലുകൾ പുറത്തിറക്കുന്നത്.

English Summary: How to Plan Budget Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com