വിലക്കുകളുടെ പൂട്ടുകളഴിയുന്നൊരു തെയ്യക്കാലത്തിനായി...

theyyam3
SHARE

എന്തൊരു കാത്തിരിപ്പായിരുന്നു അത്. ഏതാണ്ട് രണ്ടു വർഷം മുൻപ് സീസണിന്റെ അത്യുച്ചാവസ്ഥയിലാണ് കോവിഡിനെ തുടർന്നുവന്ന ലോക്ഡൗണെന്ന വിചിത്രകാലത്തിന്റെ പരിമിതികളിലേക്ക് തെയ്യങ്ങൾ മുഖത്തെഴുത്ത് മായ്ച്ച് കാവുകൾ വിട്ടിറങ്ങിയത്. പിന്നെ വരുന്ന ഓരോ ഇളവുകളിലും ഭക്തരും തെയ്യപ്രേമികളും കാതോർത്തു, കാവുകളിലെ ചിലമ്പനക്കങ്ങൾക്കായി. വിലക്കുകളുടെ പൂട്ടുകളഴിയുന്നൊരു തെയ്യക്കാലത്തിനായി കാത്തിരിപ്പിലായിരുന്നു ഓരോ തെയ്യക്കാരനും ഭക്തനും തെയ്യപ്രേമിയും. ഈ വർഷത്തെ തുലാപ്പത്ത് അണഞ്ഞതോടെ ഉത്തര കേരളത്തിലെ കോരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെ നീണ്ടുകിടക്കുന്ന പ്രദേശത്തെ തെയ്യക്കാവുകളിൽ വീണ്ടും കളിയാട്ടങ്ങൾ ഉണർന്നു. ചൂട്ടുകറ്റകളുടെയും കുത്തുവിളക്കുകളുടെയും സുവർണ പ്രഭയിൽ കാവകപ്പച്ചയിൽ തെയ്യങ്ങൾ ചോന്നുതുടുക്കുകയാണ്. ‘ഗുണം വരുത്തണേ...’ എന്ന ദൈവവാക്ക് ഭക്തഹൃദയത്തിലെ മേലേരിയെ തണുപ്പിച്ച് പെയ്തിറങ്ങുകയാണ്. 

രണ്ടു വർഷങ്ങളിൽ കാര്യമായ കാൽപ്പെരുമാറ്റമില്ലാതിരുന്നതിനാലാകണം കാവുകൾ പൂർവാധികം തിടം വച്ച് തഴച്ചിട്ടുണ്ട്. നാട്ടരയാലുകളുടെ വേരുകൾ പടരുന്ന വഴികളിലെല്ലാം പച്ചപ്പിന്റെ സമൃദ്ധി. ജൈവവൈവിധ്യത്തിന്റെ ഈ തിരുശേഷിപ്പുകളിലാണ് തുലാമഴയ്ക്കൊപ്പമെത്തിയ തെയ്യങ്ങൾ ഉറഞ്ഞുണരുന്നത്. കോലധാരികൾക്ക് അങ്ങേയറ്റത്തെ വറുതിയുടെ കാലമായിരുന്നു പോയ രണ്ടു സീസണുകൾ. പാതിയിൽ കൊടിയിറങ്ങിപ്പോയ ആദ്യ സീസണും കൊടിയ നിയന്ത്രണങ്ങളിൽ പേരിനു മാത്രം നടന്ന കളിയാട്ടങ്ങളുടെ പോയ സീസണും അവർക്ക് ഗുണം ചെയ്തതേയില്ല. കുടുംബത്തെ പട്ടിണിയാക്കാതിരിക്കാൻ കിട്ടുന്ന പണികൾ ചെയ്യാൻ അവരെല്ലാം നെട്ടോട്ടമോടി. പക്ഷേ, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അപ്പോഴും പാടുപെടേണ്ടി വന്നു. പൂട്ടഴിഞ്ഞ കാലത്ത് കാവുകൾ ഉണരുമ്പോൾ കണ്ടുമുട്ടുന്ന ഓരോ തെയ്യക്കാരന്റെയും മുഖത്ത് പ്രതീക്ഷയുടെ തിളക്കം.

theyyam2

ഗ്രാമവഴികളിലെ ഓരോ തിരിവിലും കളിയാട്ടക്കാവുകളിലേക്കു ദിശാസൂചികയായി കുരുത്തോല അലങ്കാരങ്ങൾ കാണാനുണ്ട്. ചമയങ്ങളെത്ര വന്നിട്ടും ഇന്നും ചായില്യവും മനേലയും മഞ്ഞളും അരിച്ചാന്തും തേച്ചൊരുങ്ങുന്ന, കാട്ടുചെക്കിപ്പൂ ചൂടുന്ന തെയ്യങ്ങൾക്ക് പ്രകൃതിയിൽ നിന്ന് വേറിട്ടൊരു നിലനിൽപ്പില്ല. പല തെയ്യങ്ങളുടെയും മുഖത്തെഴുത്തിൽ വിരിയുന്നത് പുലിയും പുള്ളും നാഗവും പ്രാവുമെല്ലാമാണ്. പുലിത്തെയ്യങ്ങളും മുതലത്തെയ്യങ്ങളുമെല്ലാം പ്രകൃത്യാരാധനയുടെ വിവിധരൂപങ്ങളായി ഇവിടെക്കാണാം. തെയ്യത്തിൽ അഗ്നിക്കും ഏറെ പ്രധാന്യമുണ്ട്. തീവെട്ടിയുടെയോ ചൂട്ടുകറ്റകളുടെയോ വെളിച്ചത്തിലാണ് മിക്കവാറും തെയ്യങ്ങൾ അരങ്ങേറുന്നത്. കാർഷിക സമൃദ്ധിയുടെ കാവൽക്കാർ കൂടിയാണ് കൂടിയാണ് തെയ്യങ്ങൾ. വിത്തു വിതയ്ക്കുന്നതിനും പരിപാലിക്കുന്നതിനും നല്ല വിളവിനും ഈ നാടിന് ആശ്രയം തെയ്യങ്ങളാണ്. വയലുകളുടെ കാവൽക്കാരനായ തേയത്തുകാരിയും കാലികളുടെ സംരക്ഷകനായ കാലിച്ചാൻ തെയ്യവും ദയരമംഗലത്തിന്റെ കൃഷിപ്പെരുമയുടെ കാവൽക്കാരിയായ മുച്ചിലോട്ടമ്മയും കതനൂരെ മണ്ണിൽ പൊന്നുവിളയിച്ച കതിവനൂർ വീരനും മല കരിച്ചു പുനംകൃഷി നടത്തിയ കണ്ടനാർ കേളനുമെല്ലാം കാഴ്ചക്കാരനെ ഓർമയുടെ ഏതോ പച്ചഞരമ്പിലൂടെ പിൻനടത്തത്തിനു പ്രേരിപ്പിക്കുന്നു. 

ചെമ്പകപ്പൂക്കൾ പൊഴിഞ്ഞ മുറ്റത്തെ ചാണകം മെഴുകിയ വെറും നിലത്ത് ഈ നാട്ടുദൈവങ്ങൾ തോറ്റം കേട്ട് ഉറയുകയാണ്. ‘‘ആലവാതുക്കലും കരക്കവാതുക്കലും കോവിൽവാതുക്കലും കോട്ടവാതുക്കലും കോണിക്കു തായന്നും മീത്തന്നും അടിക്കും മുറ്റം പൊടിക്കളമാക്കിയിട്ടും... പൈങ്കുറ്റി വാങ്ങി അനുഭവിക്കും ഞാൻ’’ മുത്തപ്പൻ തെയ്യത്തിന്റെ വാചാലാണിത്. ഭക്തൻ വിളിക്കുന്നിടത്ത് എത്തുന്ന ദൈവം നമ്മുടെ ക്ലാസിക്കൽ ദൈവ സങ്കൽപങ്ങളെ തകിടം മറിക്കുകയാണ്. അല്ലെങ്കിൽ തന്നെ, പടയിൽ തോറ്റവനും അപവാദത്തീയിൽ എരിഞ്ഞ് അഗ്നിശുദ്ധി വരുത്തിയ കന്നിപ്പെണ്ണും ചതിപ്പോരിൽ ജീവൻ വെടിഞ്ഞവനും കാട്ടുതീയിൽ പൊലിഞ്ഞവനുമൊക്കെ ദൈവമാകുന്നത് മറ്റെവിടെയാണ് കാണാൻ കഴിയുക... ജീവിതത്തിൽ പരാജയപ്പെട്ടവൻ ദൈവമായി ഉയിർത്ത് തോറ്റുപോയവന്റെ കണ്ണീരൊപ്പുകയാണ്. 

ഭക്തന്റെ കൈപിടിച്ച് ആശ്വാസവാക്ക് പറയുന്ന ദൈവം, മഞ്ഞൾക്കുറിയിൽ അനുഗ്രഹം ചൊരിയുമ്പോൾ ആധിവ്യാധികൾ പൊറുപ്പിക്കുന്ന ഭിഷഗ്വരനായും ഗൃഹസന്ദർശനങ്ങളിൽ അകന്നുപോയവരുടെ കരങ്ങൾ വീണ്ടും കോർത്തുപിടിച്ച് ‘വേർപെട്ടുപോകല്ലേ’ എന്ന് നെ​ഞ്ചുപൊട്ടി പറയുമ്പോൾ കുടുംബക്കാരണവരായ ‘തൊണ്ടച്ചനായും’ ദേശത്തും കുടുംബത്തും ഉണ്ടാകുന്ന തർക്കങ്ങളിൽ അപ്പീൽ വേണ്ടാത്ത വിധി പറയുന്ന ന്യായാധിപനായും ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാൻ കഴിയുന്ന വിപ്ലവകാരിയായും നമുക്കൊപ്പമുണ്ടാകട്ടെ എന്നും. ഇടവത്തിൽ മഴ വീഴും നാൾ വരെ ‘അന്തിത്തിരിയുള്ള കാവിലെല്ലാം മനേല ചാലിച്ച്, ചായില്യം തേച്ച്, കോത്തിരി മിന്നിച്ച്, പള്ളിവാൾ പൊന്തിച്ച്, ഉടയോല ചാർത്തി’ തെയ്യമുണരട്ടെ... 

theyyam

English Summary: Theyyam - Ritual Art forms of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA