ADVERTISEMENT

ഉത്തരേന്ത്യന്‍ സഞ്ചാരം കുറേ നാളായി മനസ്സിലിട്ടുനടക്കുന്ന ആഗ്രഹമായിരുന്നു. സാംസ്‌കാരിക പൈതൃകങ്ങളുടെ സംഗമഭൂമിയായ ഭാരതത്തിന്റെ ഒരറ്റത്ത് അധിവസിക്കുന്ന കേരളീയനെ സംബന്ധിച്ച്, അവന്റെ ചിന്താമണ്ഡലം വിശാലമാകണമെങ്കില്‍ ഇത്തരം യാത്രകള്‍ അനിവാര്യമാണുതാനും. ഔദ്യോഗിക ജീവിതത്തിനിടെ ലഭിക്കാറുള്ള അവധികള്‍ വര്‍ഷാന്ത്യത്തില്‍ കൂട്ടിക്കിഴിച്ചുകൊണ്ട് അങ്ങനെയിരിക്കെയാണ് കാശി വിശ്വനാഥക്ഷേത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ ഉത്തരേന്ത്യയില്‍ എവിടേക്കു പോകണമെന്ന കാര്യത്തില്‍ സംശയമേതുമില്ലാതായി.

വന്ദേ ഭാരത് എക്‌സ്പ്രസ്: ഒരു നവ അനുഭവം

ന്യൂഡല്‍ഹിയില്‍നിന്നു വാരാണസി റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള 769 കിലോമീറ്റര്‍ ദൂരം എട്ടു മണിക്കൂര്‍ കൊണ്ട് താണ്ടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിലായിരുന്നു ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നു രാവിലെ ആറ് മണിക്കുള്ള യാത്ര. 

varanasi4
Image From Shutterstock

ഡിസംബര്‍ മാസത്തിലെ അവസാന വാരത്തില്‍ തണുത്ത പ്രഭാതത്തിലെ അന്തരീക്ഷത്തിന് പുലര്‍ച്ചെ നാലു മണി സമയത്തിന്റെ പ്രതീതിയായിരുന്നു. എങ്കിലും ഇന്ദ്രപ്രസ്ഥത്തിലെ വിശാലമായ രാജവീഥികള്‍ ഒഴികെ സ്‌റ്റേഷനും പരിസരവും ശബ്ദമുഖരിതമായിരുന്നു. വന്ദേ ഭാരത് ട്രെയിനിനും വിശേഷങ്ങള്‍ ഏറെയാണ്. സമയകൃത്യതയും വൃത്തിയും ഒരു വിമാനത്തിനുള്ളിലെന്നപോലെയുള്ള ആതിഥ്യമര്യാദയുമെല്ലാം നമ്മള്‍ ഇന്ത്യയില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ട്രെയിന്‍ യാത്രാ അനുഭവമാണ് നല്‍കുന്നത്. മനസ്സിനെ സ്പര്‍ശിക്കുന്ന സ്വാദാണ് പൂര്‍ണമായും വെജിറ്റേറിയനായ പ്രഭാത, ഉച്ച ഭക്ഷണങ്ങള്‍ക്കുള്ളത്. ട്രെയിന്‍ 18 എന്നും അറിയപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച സെമി ഹൈസ്പീഡ് ട്രെയിന്‍ ആണ്. 

varanasi3
Image From Shutterstock

പരമാവധി വേഗം മണിക്കൂറില്‍ ഇരുനൂറ് കിലോമീറ്റര്‍ ആണെങ്കിലും സ്‌ക്രീനില്‍ മണിക്കൂറില്‍ 132 കിലോമീറ്റര്‍ വരെ വേഗം ദൃശ്യമായിരുന്നു. സ്‌ക്രീനില്‍ തെളിയുന്ന വേഗപരിധിക്കൊത്ത് പുറത്തേക്ക് നോക്കുമ്പോള്‍ കണ്ണില്‍ക്കൂടി ഒരു 'ഗോസ്റ്റ്' പ്രതീതി! ന്യൂഡല്‍ഹിക്കും വാരാണസിക്കുമിടയില്‍ കാണ്‍പുര്‍, പ്രയാഗ്‌രാജ് എന്നിങ്ങനെ രണ്ട് സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി കൃത്യം ഉച്ചയ്ക്ക് രണ്ടു മണിയോടെ യാത്ര അവസാനിപ്പിച്ചു. ഇതേ വേഗത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 574 കിലോമീറ്റര്‍ ദൂരം നാലു മണിക്കൂറിനകം താണ്ടാന്‍ ഈ ഒരു ട്രെയിന്‍ മതിയാവും.

varanasi2
Image From Shutterstock

വിശ്വനാഥന്റെ ധാമത്തില്‍

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം ആലേഖനം ചെയ്ത വാരാണസി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന ഓരോ തീര്‍ഥാടകനെയും ഒരു ഇരയെ കിട്ടിയപോലെ റാഞ്ചാന്‍ ഓട്ടോ-ടാക്‌സിക്കാരുടെ സംഘടിതമായ ശ്രമം, ഏത് വന്‍ നഗരങ്ങളിലുമെന്നപോലെ! സ്‌റ്റേഷനില്‍നിന്നു കാശിയിലേക്കുള്ള നാലഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചോദിച്ച 250 രൂപ, അവരുടെ ഭാഷയില്‍ 'പഠേ ലിഖേ ആദ്മി' ആയതിനാല്‍ നൂറു രൂപയ്ക്ക് എനിക്ക് വാദിച്ചു ജയിച്ചു പോകാന്‍ തുണയായി. 'ക്യാ, ഹം തുമേം ലൂട്ടേംഗാ?' എന്ന് അൽപം പരിഭവത്തോടെ പറഞ്ഞുകൊണ്ട് ഓട്ടോയെടുത്ത ഡ്രൈവര്‍ ഏതൊക്കെയോ റോഡുകള്‍ പിന്നിട്ട് ഉറുമ്പരിക്കുന്നപോലെ ജനത്തിരക്കേറിയ ഒരു സ്ഥലത്ത് ഇറക്കി. അതിനപ്പുറത്തേക്ക് ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. റോസ് ആണോ കാവിയാണോ എന്ന് ഉറപ്പിച്ചുപറയാന്‍പറ്റാത്ത ഒരുതരം ചായം പൂശിയ കെട്ടിടങ്ങളായിരുന്നു ചുറ്റിലും.

Varanasi-travel8

നിറയെ പൊലീസുകാര്‍, നിറയെ ആളുകള്‍... അതേ, കാശിയില്‍ എത്തിയിരിക്കുന്നു… വിശ്വനാഥന്റെ ധാമത്തില്‍. പല രൂപത്തിലും ഭാവത്തിലും ഭാഷയിലുമുള്ള, ഇടമുറിയാത്ത ജനപ്രവാഹം. തലയ്ക്കുചുറ്റും വണ്ടുകളെന്നപോലെ റോഡിലെങ്ങും ട്രോളിബാഗുകളുടെ നിലയ്ക്കാത്ത മുരളല്‍. കച്ചവടക്കാരുടെ ആരവം. നായകള്‍, പശുക്കള്‍, കാളകള്‍... അതിനിടയിലൂടെ റിക്ഷാവാലകള്‍ നിറയെ പെട്ടികളും ആളുകളുമായി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. ഇടയ്ക്ക് ആ റിക്ഷകളുടെ ഹാന്‍ഡിലുകള്‍ കൂട്ടിയിടിക്കുന്നു. നടക്കുന്നവരുടെ കാലില്‍ ആ റിക്ഷകളുടെ വലിയ സൈക്കിള്‍ വീലുകള്‍ മുട്ടുന്നു. റോഡിലൂടെ, കാശി കാണാനെത്തിയ യാത്രികരെപ്പോലെ ഉരുളുന്ന ട്രോളിബാഗുകളിലും പലപ്പോഴും റിക്ഷാവാലകളുടെ ചക്രങ്ങള്‍ തട്ടിനില്‍ക്കുന്നു. ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല! റിസര്‍വ് ചെയ്ത് വച്ചിരുന്ന മുറിതേടി ആ ഉത്സവത്തിരക്കില്‍ ഞാന്‍ കാഴ്ചകള്‍ ആസ്വദിച്ച് മെല്ലെ നടന്നു.

Varanasi-travel5

‘മഹാരാജ്, ബച്ചേ കേ ലിയേ ദൂത്ത്’

തിരക്കിനിടയില്‍നിന്നു പെട്ടെന്ന് ഒരു സ്ത്രീ മുഷിഞ്ഞ വസ്ത്രവുമണിഞ്ഞ് മുഷിഞ്ഞൊരു പഴന്തുണിപോലെ തോന്നുംവിധമൊരു കുഞ്ഞിനെയും മാറത്തൊതുക്കി ‘മഹാരാജ്, ബച്ചേ കേ ലിയേ ദൂത്ത്’ എന്നു പറഞ്ഞ് ഒരു പാല്‍ക്കുപ്പിയുമായി എന്റെ പിന്നാലെ കൂടി. ഇത്തരം ദൃശ്യങ്ങളില്‍ പൊതുവേ മനസ്സലിയാറുള്ള ഞാന്‍ ഉടനെതന്നെ അവര്‍ വിളിച്ച വഴിയിലേക്കു ചെന്നു. അടുത്തുള്ള ചായക്കടയില്‍നിന്ന് ആ കുപ്പി നിറയെ പാല്‍ വാങ്ങിക്കൊടുക്കാമെന്ന ചിന്തയിലായിരുന്നു ഞാന്‍. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ ഒരു ഇംഗ്ലിഷ് മരുന്നുകടയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. കടക്കാരന്‍ ലാക്ടൊജന്റെ വലിയ ഒരു ബോക്‌സ് മുന്നോട്ടു നീട്ടി. എന്തു ചെയ്യണമെന്നറിയാതെ അതിന്റെ കാശുംകൊടുത്ത് ഞാന്‍ തിരികെ നടന്നു. കുഞ്ഞിനു പാല് കൊടുക്കാനാണെങ്കില്‍ നന്ന്, ഇനിയിത് മെഡിക്കല്‍ സ്റ്റോറുകാരും ഭിക്ഷക്കാരും തമ്മിലുള്ള തട്ടിപ്പിന്റെ തിരക്കഥയാകുമോ എന്ന ചിന്തിക്കാതെയുമിരുന്നില്ല.

Varanasi-travel6

ഹിന്ദിയുടെ മണ്ണില്‍ ‘ഗംഗാദര്‍ശനം’

പിന്നെ, കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള നിരവധി വിശ്രമകേന്ദ്രങ്ങളിലൊന്നായ ഗംഗാദര്‍ശനം ലോഡ്ജ് തേടി. ഒരു ദിവസത്തേക്ക് ആയിരത്തി മൂന്നുറു രൂപ നിരക്കില്‍ മുന്‍കൂട്ടി ഓണ്‍ലൈനായി മുറി റിസര്‍വ് ചെയ്തുവച്ചിരിക്കുകയായിരുന്നു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് രണ്ടു ദിവസത്തേക്കാണ് അവിടെ മുറികിട്ടിയത്. അതും വിശ്വനാഥന്റെ അനുഗ്രഹം. അത്രയ്ക്ക് തിരക്കാണ് അവിടെയിപ്പോള്‍. ദിവസവും നാലഞ്ചു ലക്ഷം പേര്‍ വന്നുപോകുന്നു! പല കടകളിലെയും ബോര്‍ഡിനു താഴെ ദശാശ്വമേധ ഘട്ട് എന്ന സ്ഥലപ്പേര് കണ്ടപ്പോള്‍ മുന്നോട്ടു നടന്നു. അനവധി ലോഡ്ജുകള്‍ കടന്നുപോയെങ്കിലും ഒടുവില്‍ ഗംഗാദര്‍ശന്‍ എന്ന ബോര്‍ഡ് കണ്ണില്‍പ്പെട്ടു. നേരേ നടന്നു കയറി. ബുക്കിങ് രസീത് നീട്ടി. ‘‘യേ ഗംഗാദര്‍ശന്‍ ഹേ. ആപ്പ് കാ ജോ ഗംഗാദര്‍ശനം. വോ ഇസ് കേ പാസ് കി ഗലി മേം ഹേ.’’ ബുക്കിങ് രസീതില്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അതേ എനിക്ക് തെറ്റി, അക്ഷരമല്ല, ചിഹ്നം! മനസ്സില്‍ 'ഗംഗാദര്‍ശന്‍' മാത്രമായിരുന്നു. ഹിന്ദിയുടെ മണ്ണില്‍ 'ഗംഗാദര്‍ശനം' എന്ന പദമോ!

Varanasi-travel4

അടുത്തുള്ള തെരുവിലേക്ക് ആ അദ്ഭുത ലോകത്തിലൂടെ നടക്കുമ്പോള്‍ തറയില്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. തെരുവിലേക്ക് കയറുന്നിടത്തുവച്ച് ഷൂസുകളൊന്നു വഴുതി. ഛെ! ചാണകത്തില്‍ ചവിട്ടി! മനസ്സിലെ നിരാശയെ മായ്ച്ചുകളയാതെ അവിടുത്തെ മണ്ണില്‍ തേച്ചുരച്ച് ഷൂസില്‍ പറ്റിപ്പിടിച്ചിരുന്ന ചാണകം ഒഴിവാക്കി മുന്നോട്ടു നീങ്ങി. ശേഷിക്കുന്ന ചാണകം ഗംഗാദര്‍ശനം ലോഡ്ജിന്റെ പടിവാതില്‍ക്കലില്‍ ഇട്ടിരുന്ന നിരവധി ചവിട്ടികളിലൊന്നില്‍ തേച്ചുരച്ചു കളഞ്ഞു.

Varanasi-travel2

ഗംഗാമാതാവിന്റെ അടുക്കലേക്ക്...

വന്ദേഭാരതിലെ മനോരമ്യവും സുഭിക്ഷവുമായ ഭക്ഷണത്താല്‍, ആ ദീര്‍ഘമായ യാത്രയ്‌ക്കൊടുവില്‍ വൈകുന്നേരം നാലു മണിയായിട്ടും വിശപ്പുണ്ടായിരുന്നില്ല. മുറിയിലെ കുളിക്കും ഒരൽപനേരത്തെ വിശ്രമത്തിനും ശേഷം താമസസ്ഥലത്തുനിന്നു പുറത്തേക്കിറങ്ങി. ആ വഴികളിലെങ്ങും ഇരുവശത്തും വെണ്ണ, പലഹാരം, ചായ, വിവിധയിനം ഭക്ഷണപദാര്‍ഥങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം വില്‍ക്കുന്ന ചെറിയ കടകളും തെരുവ് കച്ചവടക്കാരെയും കൊണ്ട് പാര്‍ശ്വഭിത്തി തീര്‍ത്തതുപോലെയായിരുന്നു. അതിനിടയില്‍ അവിടവിടെയായി ചില ക്ഷേത്രങ്ങളും ആശ്രമങ്ങളും കാണാം. ഗലികളില്‍നിന്നു പുറത്തേക്കിറങ്ങുന്ന ചെറിയൊരു കവലയിലേക്ക് ഒരു പശു വഴി തടസ്സപ്പെടുത്തി കുറുകേ കിടക്കുന്നു. മൂന്നു പേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം ഒരു ബൈക്കില്‍ മുന്നോട്ടു നീങ്ങാനാകാതെ പശുവിനു മുന്നില്‍. ‘അരേ ഗായ്, രാസ്താ ഛോടോ’ എന്ന് പറഞ്ഞ് ഉച്ചത്തില്‍ ഹോണടിച്ച് ഒച്ചയുണ്ടാക്കിയതല്ലാതെ അതിലാരുംതന്നെ ആ പശുവിനെ തല്ലുകയോ വിരട്ടി ഓടിക്കാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല! ഗലികളിലൂടെ നടന്ന് ഒരു നൂറ് മീറ്റര്‍ ആ പുരുഷാരത്തിനിടയിലൂടെ നീങ്ങുമ്പോള്‍ മുന്നില്‍ വിശാലമായ ആകാശം... താഴേക്ക് ചവിട്ടുപടികള്‍ ഒരു പത്തിരുപതെണ്ണം... ഗംഗാമാതാവിന്റെ അടുക്കലേക്ക്, തലോടലുകള്‍ ഏറ്റുവാങ്ങാനായി ഒരു കാന്തികാകര്‍ഷണത്താലെന്നപോലെ എന്റെ ആത്മാവ് ചലിക്കുകയായി! അതിശയോക്തിയൊന്നുമില്ല അങ്ങനെ പറയുന്നതില്‍.

Varanasi-travel2

എന്റെ ശരീരത്തെ ഞാന്‍ അറിഞ്ഞതേയില്ല! ആറേഴ് മണിക്കൂറുകളോളം. ദശാശ്വമേധ ഘട്ടിലേക്കാണ് ആദ്യമെത്തിയത്. ഓരോ നിമിഷവും അദ്ഭുതകരം... ഓരോ കാഴ്ചയും അതിലേറെ അദ്ഭുതകരം... വിസ്തൃതമായ ഗംഗയുടെ തീരം കല്ലുകള്‍ പാകി മനോഹരവും വൃത്തിയും വെടിപ്പുമുള്ളതാക്കിയിരിക്കുന്നു. അതിനെത്തന്നെ പലരീതിയില്‍ പകുത്തുകൊണ്ട് പലവിധം കര്‍മങ്ങള്‍ നടക്കുന്ന നിരവധി ഇടസ്ഥലങ്ങള്‍. ഒരിടത്ത് കണ്ണുടക്കി. ദശാശ്വമേധ ഘട്ട് എന്ന് ഇരുമ്പുപാളിയില്‍ ലേസര്‍ കട്ടിങ്ങിലൂടെ ഇംഗ്ലിഷിലും ഹിന്ദിയിലും അതിനെക്കുറിച്ചുള്ള വിവരണം. ഗംഗാതീരത്തെ ഘട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു അവിടെ ആരംഭിച്ചത്. കുറെയേറെപ്പേര്‍ ഗംഗയില്‍ സ്‌നാനം ചെയ്യുന്നു. നുറുകണക്കിനു യാനങ്ങളില്‍ സഞ്ചാരികള്‍ സ്വച്ഛന്ദമായ ഗംഗാമാതാവിന്റെ മടിത്തട്ടില്‍ താരാട്ടുകേട്ടിട്ടെന്നപോലെ മതിമറന്ന് ഒഴുകുന്നു. ഒരാള്‍ക്ക് അമ്പതു രൂപ നിരക്കില്‍ ഗംഗയുടെ അക്കരെയിക്കരെ പോയ്‌വരാം. അക്കരെ വിശാലമായ പൂഴിയില്‍ നഗ്നപാദരായി നടന്ന് കാഴ്ചകള്‍ കണ്ട് അരമണിക്കൂര്‍ ചെലവഴിക്കാനുമാകും. ഇരുനൂറു രൂപ നല്‍കിയാല്‍ ഘട്ടുകളില്‍ നിന്നു ഘട്ടുകളിലേക്ക് യാനപര്യടനം നടത്താം, നിലത്തിറങ്ങാതെ.

Varanasi-travel1

ചെയ്ത പാപങ്ങള്‍ സ്‌നാനഘട്ടങ്ങളില്‍ കഴുകിക്കളഞ്ഞ് പുണ്യം നേടിയ പ്രതീതിയിലായവര്‍, ശാസ്ത്രികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പിതൃതര്‍പ്പണം ചെയ്യുന്നവര്‍, വിശ്വാസികള്‍ക്ക് തല മുണ്ഡനം ചെയ്തുകൊടുക്കുന്ന ക്ഷുരകന്‍മാര്‍, ഭിക്ഷാടകരായ സംന്യാസിമാര്‍, കനലുകള്‍ നിറഞ്ഞ അടുപ്പും ചായക്കലവും ചേര്‍ത്ത് കൈയില്‍പ്പിടിച്ച് ചായവില്‍ക്കുന്നവര്‍, ക്രിക്കറ്റും ബാഡ്മിന്റണുമൊക്കെ കളിക്കുന്ന സമീപവാസികളായ കുട്ടികള്‍, എണ്ണംകൊണ്ട് അദ്ഭുതപ്പെടുത്തുന്നവിധം നായകളുടെ സാന്നിധ്യം.... 

Varanasi-Travel4

ദൂരെ സംഗീതം കേള്‍ക്കുകയായി... അടുത്തേക്ക് ചെല്ലുന്തോറും വലിയ സൗണ്ട് ബോക്‌സില്‍നിന്ന് അതിലെ വരികള്‍ മെല്ലെ കേള്‍ക്കുകയായി... ഓം ജയ ഗംഗേ മാതാ, ശ്രീ ജയ ഗംഗേ മാതാ... ജോ നര് തുഝ്‌കോ ധ്യാതാ, മന്‍ വഞ്ചിത് ഫല്‍ പാതാ... ഓം ജയ് ഗംഗേ മാതാ... അത്യധികം ഭക്ത്യാദരങ്ങള്‍ വഴിഞ്ഞൊഴുകുന്ന സുഭഗമായ ആലാപനം ആയിരുന്നു കേട്ടത്. ഗംഗാനദിക്ക് അഭിമുഖമായി പടിക്കെട്ടുകളെ കടന്ന് താത്കാലികമായ തട്ടുകള്‍.... എങ്ങും വൈദ്യുതി വിളക്കുകളാല്‍ പ്രകാശപൂരിതം.

ഗംഗാ ആരതി

ചുറ്റിലും ഭക്തിയിലാറാടിയ ജനതതി. ആ തട്ടുകളില്‍ കുങ്കുമ നിറത്തിലുള്ള തുണിവിരിച്ചിരിക്കുന്നു. നിറയെ ഇളം മഞ്ഞയും കടുംമഞ്ഞയും ഇടകലര്‍ന്ന ജമന്തിപ്പൂവിതളുകള്‍ ചിതറിക്കിടന്നിരുന്നു. വശങ്ങളിലെ ഈറക്കൂടയിലും പിച്ചളത്തട്ടത്തിലും ജമന്തിപ്പൂവിതളുകള്‍ നിറയെ ഒരുക്കിവച്ചിരിക്കുന്നു. പിച്ചളത്തട്ടത്തില്‍ ഒരു വലിയ ശംഖും. ഒരുവശത്ത് നീളന്‍ കൈപിടിയുള്ള പ്രത്യേക താലത്തില്‍ നിന്ന് ധൂപം ഉയര്‍ന്നുകൊണ്ടിരുന്നു. ഒരേപോലെ സജ്ജീകരിച്ച നാല് തട്ടുകളിലായി കൈയില്‍ ഒരു വലിയ കൈവിളക്കുമായി ഗംഗാമാതാവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഏകതാനതയോടെ ആരതിയുഴിയുന്ന ശാസ്ത്രിമാര്‍.

വിവിധ കീര്‍ത്തനങ്ങളും ശിവതാണ്ഡവ സ്‌തോത്രം ഉള്‍പ്പെടെയുള്ള സ്‌തോത്രങ്ങളും അടങ്ങിയ ഏകദേശം ഒന്നുരണ്ടു മണിക്കൂര്‍ നീളുന്ന ആരാധനയ്ക്കുശേഷം ഭക്തര്‍ ആ ആരാധനാ മണ്ഡപത്തെ പ്രദക്ഷിണം വച്ച് ഗംഗാ മാതാവിനെ സ്തുതിച്ച് ശാസ്ത്രികളില്‍നിന്നു പുണ്യാഹവും കുറച്ച് ജമന്തിപ്പൂക്കളും കാപ്പിക്കുരുവലുപ്പത്തിലുള്ള പഞ്ചസാര ഉരുളയും ചേര്‍ന്ന പ്രസാദവും വാങ്ങി നിര്‍വൃതിയോടെ മടങ്ങുന്നു. ഗംഗയുടെ തീരത്തുള്ള ഏകദേശം എണ്‍പത്തിയഞ്ചോളം ഘട്ടുകളില്‍ മധ്യത്തായി വരും ദശാശ്വമേധഘട്ടിന്റെ സ്ഥാനം. ഗംഗാ ആരതി പ്രധാനമായും ഇവിടെ നടക്കുന്നതിനാലാകാം ഏറ്റവും തിരക്കേറിയ ഘട്ടും ഇവിടെയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. രാവിലെ ബലിതര്‍പ്പണവും വൈകുന്നേരം ഗംഗാ ആരതിയുമാണ് ഈ ഘട്ടില്‍ നടക്കുന്നത്.

രാത്രിയില്‍ ഗംഗയുടെ ഓളത്തിന് കാളിമയാണ്. അതിലൂടെ അക്കരയിലേക്ക് കണ്ണോടിച്ചാല്‍ ഇരുണ്ട വിശാലമായ ഇടം കാണം. ആകാശമാണോ ഭൂമിയാണോ എന്ന് തിരിച്ചറിയനാകാത്ത അവിടം ഒരുവേള ഭയാനകമായ ദൃശ്യമാണ്. അവിടെ അകലെ ഒന്നോ രണ്ടോ തേജഃപുഞ്ജങ്ങള്‍ കാണാം. എവിടെയൊക്കെയോ വായിച്ചറിഞ്ഞിട്ടുള്ള അഘോരികളോ മറ്റ് താന്ത്രികോപാസകരോ അവരുടെ കര്‍മങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തയാറാക്കുന്ന അഗ്നികുണ്ഡങ്ങളില്‍ നിന്നാകാം ആ തേജഃപുഞ്ജങ്ങള്‍ അവിടെ ദൃശ്യമാകുന്നത്. പ്രഭാതത്തില്‍ അവിടം മനോഹരമായ ഗംഗയുടെ തീരമായി പ്രത്യക്ഷമാകും. മറുകരയിലെ ഗംഗയുടെ വിശാലമായ പുളിനങ്ങളിലൂടെ ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമായി സഞ്ചരിച്ചാലും എത്താത്തത്രയും അകലേക്ക് ഗംഗ വ്യാപിച്ചുകിടക്കുന്നു.

ഹരിശ്ചന്ദ്ര ഘട്ട്

ഘട്ടുകള്‍ നോക്കി നടക്കുമ്പോള്‍ ദൂരെ എന്തോ കത്തുന്നതുകണ്ടു. ഒറ്റ നോട്ടത്തില്‍ അതൊരു പട്ടടയാണെന്നു മനസ്സിലാകും. മറ്റെവിടെയും നോക്കാതെ നേരേ അവിടേക്ക് നടന്നു. വിറകിനിടയില്‍നിന്ന് ഒരു പുണ്യശിരസ്സ് തലയോടായി കത്തിയമരുന്ന ദൃശ്യമാണ് ആദ്യം കണ്ടത്. അധികനേരം ആ കാഴ്ച കാണാതെ മെല്ലെ എതിര്‍ ദിശയിലേക്ക് നോക്കി. മഞ്ഞ വെളിച്ചത്തില്‍ ആ ഫലകം കണ്ടു, ‘ഹരിശ്ചന്ദ്ര ഘട്ട്.’

ഘട്ടുകളില്‍നിന്നു ഘട്ടുകളിലേക്ക് നടക്കുമ്പോള്‍ അറിയാതെ ആത്മജ്ഞാനത്തിന്റെ ചെറിയൊരു ചെപ്പ് എന്നിലേക്കു തുറക്കുകയായി. വളരെ ചെറിയൊരു ചെപ്പാണത്. നൂറ്റാണ്ടുകളായി ഉപാസകര്‍, സാധകന്‍മാര്‍ കൈവരിച്ചതിന്റേയും എത്രയോ തുച്ഛമാണ് അതെന്ന് ഞാന്‍ തിരിച്ചറിയുന്നു. ദശാശ്വമേധ ഘട്ടില്‍ നിന്നു ഘട്ടുകള്‍ പിന്നിട്ട് അസ്സീ ഘട്ടിലെത്തിയപ്പോള്‍ 'ലോക് രംഗ്' ഉത്സവത്തിന്റെ മേളക്കൊഴുപ്പായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കലാകാരര്‍ അവതരിപ്പിക്കുന്ന പരിപാടികളായിരുന്നു അവിടെ. അന്നത്തെ ദിവസത്തെ സഞ്ചാരം അവസാനിപ്പിച്ച് തിരികെ നടന്നു.

കുല്‍ഹട് ചായ്

താമസസ്ഥലത്തെത്താറായപ്പോള്‍ ചെറിയ മണ്‍കോപ്പകളില്‍ ചായ കൊടുക്കുന്നതു കണ്ടു. ഒരെണ്ണം വാങ്ങിക്കുടിച്ചു. ഇഞ്ചിയും മറ്റെന്തൊക്കെയോ ഇട്ട് ചതച്ച നല്ല ചൂടന്‍ ചായ മണ്‍കോപ്പയില്‍ കഴിക്കുമ്പോള്‍ എന്റെ അന്നനാളത്തിലൂടെ വിശപ്പിന്റെ ചൂട് നിര്‍ഗമിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് ഒരു ശരീരമുണ്ടായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്. ആദ്യാനുഭവത്തില്‍ തികച്ചും എന്റെ ആത്മാവിന്റെ സഞ്ചാരമായിരുന്നു ആ പുണ്യസ്ഥലത്തെ ഘട്ടുകളിലൂടെ.

Candles used in performance of religious Ganga Aarti ritual fire puja at Dashashwamedh Ghat in Varanasi, Uttar Pradesh, India.
Candles used in performance of religious Ganga Aarti ritual fire puja at Dashashwamedh Ghat in Varanasi, Uttar Pradesh, India.

അഞ്ച് ദിവസം തങ്ങിയതിനിടയില്‍പ്പിന്നെ എത്ര 'കുല്‍ഹട് ചായ്' കഴിച്ചെന്നതിന് ഒരു കണക്കുമില്ല. ഓരോ സ്ഥലത്തെയും ചായയ്ക്കും വ്യത്യസ്ത കണക്കുമായിരുന്നു. വിശ്വനാഥ ക്ഷേത്ര പരിസരത്ത് ഏഴു രൂപയ്ക്കും പതിനഞ്ച് രൂപയ്ക്കും, മറ്റു ചിലയിടത്ത് ഇരുപത് രൂപയ്ക്ക്, ഗംഗയുടെ മറുകരയില്‍ ഇരുപത്തിയഞ്ച് രൂപയും! അതായിരുന്നു 'കുല്‍ഹട് ചായ'യുടെ വിലയുടെ ഗ്രാഫ്.

കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക്...

പിറ്റേന്ന് ഏതാണ്ട് ഉച്ചയോടെ ഗലികളായ ഗലികളിലൂടെ വിശ്വനാഥ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. ദശാശ്വമേധ ഘട്ടില്‍നിന്ന് ഏകദേശം ഇരുനൂറ് മീറ്റര്‍ നടന്നാല്‍ കാശി വിശ്വനാഥ ക്ഷേത്രകവാടത്തിലെത്താം. ഇരുവശത്തും വളരെ വിലക്കുറവില്‍ ലഭിക്കുന്ന പച്ചക്കറികള്‍ വില്‍ക്കുന്ന തെരുവുകച്ചവടക്കാര്‍ നിറഞ്ഞ വീഥിയിലൂടെയാണ് സഞ്ചാരം. (ആ വഴിയൊന്നുമാത്രമല്ല, അനവധി ഗലികളിലൂടെ അവിടേക്ക് വന്നുചേരാം.) അപ്പോഴാണ് നിശ്ചയിച്ചുറപ്പിച്ചെന്നതുപോലെ ഒരു 'ശാസ്ത്രി' വന്ന് പിടികൂടിയത്. 'ആപ്പ് കോ മന്ദിര്‍ ജാനാ, ചലിയേ മേരേ സാഥ്...' ഗലികള്‍ക്കുള്ളിലൂടെ കിലോമീറ്ററുകളോളം റോഡിലേക്ക് നീണ്ട ആ വരിയില്‍ നിന്നു നൂറുകണക്കിന് പൊലീസിനെയൊന്നും കൂസാതെ എന്നെയും കൊണ്ട് ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങുന്ന ആ മഹാനു പിന്നാലെ ഞാനും നടന്നു. ഒരു കടയില്‍ ചെരുപ്പും മൊബൈലും പഴ്‌സും അടക്കമുള്ള ബാഗും സൂക്ഷിക്കാനേല്‍പ്പിച്ചു. സൗജന്യ ലോക്കര്‍ എന്ന് അവര്‍ പറയുമെങ്കിലും അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി അഞ്ഞൂറ് രൂപയെങ്കിലും അവിടെ മുടക്കാതെ നമുക്ക് ചലിക്കാന്‍ കഴിയില്ല. 

Varanasi-Travel2

കടക്കാരന്‍ നാനൂറ് രൂപയുടെ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ ഒരു ബോക്‌സ് നല്‍കി! ബാക്കി നല്‍കാതെ അടുത്ത കടയില്‍നിന്ന് അന്‍പത് രൂപയുടെ രണ്ട് കപ്പ് പാലും നല്‍കി. ഇതു മാത്രമല്ല, ഭാംഗ്, എരിക്കിന്‍പൂവ്, നമ്മുടെ നാട്ടില്‍ വിഷമെന്ന് കരുതുന്ന ഉമ്മത്തിന്‍കായ തുടങ്ങിയവയെല്ലാം പ്രത്യേകം പ്രത്യേകം ഇട്ടിട്ടുള്ള പാലും അവിടെ അഭിഷേകത്തിന് ലഭ്യമാണ്. ശിവന്‍ കാളകൂട വിഷം വിഴുങ്ങിയ നീലകണ്ഠന്‍ ആയതുകൊണ്ടാകാം ഉമ്മത്തിന്‍കായയിട്ട പാല് അഭിഷേകത്തിന് ഉപയോഗിക്കുന്നത് എന്ന് ഞാനൂഹിച്ചു.

ഭാംഗോ ഉമ്മത്തിന്‍കായയോ ഇടാത്ത പാല്‍ മാത്രം കൈയില്‍പ്പിടിച്ച്, വന്‍മതില്‍പോലെ നീണ്ട നിരയെ കൂസാതെ ആ ഇടുങ്ങിയ വഴികളിലൂടെ കടന്ന് വിശ്വനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഒപ്പം ശാസ്ത്രിയും ഉണ്ടായിരുന്നു. പാല്‍ക്കടല്‍ത്തിരയടിച്ചതുപോലെ വെണ്‍മയാര്‍ന്ന മാര്‍ബിള്‍ തറയില്‍ നിന്നുമുള്ള വെളിച്ചം മനസ്സിനെ കൂടുതല്‍ സന്തോഷഭരിതമാക്കി. ക്ഷേത്രത്തിനകത്ത് ഏറെ ചാരുതയോടെ തീര്‍ത്ത മൂന്നു ഗോപുരങ്ങളില്‍ മധ്യഭാഗത്ത സ്വര്‍ണം പൂശിയ രണ്ട് ഗോപുരത്തിന് ചുവടെയുള്ള ശ്രീകോവിലില്‍ ആയിരുന്നു ശിവലിംഗ പ്രതിഷ്ഠ. അതിലേക്കാണ് ഭാംഗും ഉമ്മത്തിന്‍കായയുമൊക്കെയിട്ട പാല് അഭിഷേകം ചെയ്യുന്നത്. ക്ഷേത്രത്തിനോടു ചേര്‍ന്ന് ഗ്യാന്‍വാപി പള്ളിയുടെ താഴികക്കുടവും കാണാം.

Varanasi-Travel3

ശിവലിംഗ പ്രതിഷ്ഠയുടെ ഒരു ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയിട്ട് ശാസ്ത്രി ഗോത്രമേതാണെന്ന് ചോദിച്ചു. വിശ്വാമിത്ര ഗോത്രമെന്ന് പറഞ്ഞു. ഉടനെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് എന്തൊക്കെയോ മന്ത്രിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്ത് ഒരു അമ്പത് മീറ്ററിനകത്താണ് ശ്രീ കാശി വിശ്വേശ്വര അന്നപൂര്‍ണാ ദേവി ക്ഷേത്രവും. അന്നപൂര്‍ണാ ദേവി അഥവാ സാക്ഷാല്‍ പാര്‍വതീ ദേവി കാശി വിശ്വനാഥന് അഥവാ ശ്രീപരമേശ്വരന് സ്വന്തം കൈകൊണ്ട് അന്നം വച്ചുവിളമ്പിയ ഇടമാണ് അന്നപൂര്‍ണാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നാണ് വിശ്വാസം. അന്നപൂര്‍ണാദേവിയെയും തൊഴുത് പ്രസാദവും വാങ്ങി അന്നപൂര്‍ണാ ഭോജനാലയത്തില്‍നിന്നു പ്രസാദച്ചോറും കഴിച്ച് മടങ്ങി. ന്യൂസ്‌പേപ്പറിനു മുകളില്‍ മന്ദാരത്തിന്റെ ഇല തുന്നിച്ചേര്‍ത്ത പരിസ്ഥിതി സൗഹൃദവും വൃത്തിയുള്ളതുമായ പ്രത്യേക പാത്രത്തില്‍ ഒരു ദിവസത്തെ വിശപ്പ് ആറ്റുന്ന തരത്തിലുള്ളത്രയും ചോറും കറികളും ലഭിച്ചു. അന്നം തേടി അവിടെയെത്തുന്ന ഭക്തര്‍ സംതൃപ്തിയോടെ മടങ്ങുന്നു. 

കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വിശ്വനാഥ ഗലിയിലേക്ക് കയറുന്നിടത്തെ ഗോപുരത്തിനുമുകളില്‍ കാലടിയിലെ ആദിശങ്കരന്‍ ധ്യാനനിദ്രയിലിരിക്കുന്ന പ്രതിമ കാണാം. അതിനു തൊട്ടടുത്ത് തന്നെയാണ് ബൃഹസ്പതിയുടെ ക്ഷേത്രവും. അന്നേ ദിവസം രാത്രി മുറിയിലെത്തിയപ്പോള്‍ അഭിഷേകത്തിന് ഉപയോഗിക്കുന്ന ഭാംഗും ഉമ്മത്തിന്‍കായയും എരിക്കിന്‍പൂവുമൊക്കെയായിരുന്നു മനസ്സില്‍, പിന്നെ അന്ന് ചോദിച്ചും കേട്ടുമൊക്കെ അറിഞ്ഞ കാര്യങ്ങളും. പുലര്‍ച്ചയിലെപ്പൊഴോ ശ്മശാനഭസ്മം കൊണ്ടുള്ള അഭിഷേകവും അവിടെ ഉണ്ടത്രേ! മറ്റൊന്നുകൂടി, രാവിലെ വിശേഷമായ ഒരു ആരതി ഉണ്ട്. അതിന് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യേണ്ടതുണ്ട്. അത് വളരെ നല്ലൊരു അനുഭവമാണെന്ന് രുദ്രാക്ഷം വില്‍ക്കുന്ന കടയുടമ പറഞ്ഞതാണ്. അന്വേഷണത്തില്‍ അതിന് ഒരാള്‍ക്ക് മുന്നൂറ് രൂപയാകും എന്നാണ് അറിഞ്ഞത്. മാത്രവുമല്ല, പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആ വിശേഷ ആരതി എന്നും കേട്ടു. ആഗ്രഹമുണ്ടായിരുന്നിട്ടും അന്നത്തെ തണുപ്പിന്റെ തീവ്രതയില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള എന്റെ ഉറച്ച ബോധം അൽപം നിരാശയോടെയാണെങ്കിലും ആ ഉദ്യമത്തില്‍നിന്നു പിന്തിരിയാന്‍ എന്നെ നിര്‍ബന്ധിതനാക്കി. എന്നാല്‍, പിറ്റേ ദിവസം മൊബൈല്‍, പേന, ചെരുപ്പ് എന്നിവയുള്‍പ്പെടെയുടെ സര്‍വസാമഗ്രികളും മുറിയില്‍ വച്ചിട്ട് നഗ്നപാദനായി അഞ്ചു പൈസയുടെ ചെലവില്ലാതെ വിശ്വനാഥ ദര്‍ശനം നേടി.

Varanasi-Travel5

ഘട്ടുകള്‍...

പരമ്പരാഗത കാശീ നഗരത്തിന്റെ തെക്കേ അറ്റമായ അസീഘട്ടില്‍ നിന്നാണ് ഘട്ടുകള്‍ ആരംഭിക്കുന്നത്. ഈ സ്ഥലത്ത് ഉണ്ടായിരുന്ന അസീ നദി ഗംഗയിലേക്ക് വന്നുചേരുകയാണെന്ന് പഴയ ലിഖിതങ്ങളില്‍ പറയുന്നു. മുന്‍ ബനാറസ് മഹാരാജാവിന്റെ പേരിലുള്ള ഗംഗാമഹല്‍ ഘട്ട്, ഭക്തകവി തുളസീദാസ് സ്ഥാപിച്ച ആശ്രമമുള്ള തുളസീഘട്ട്, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അഭയകേന്ദ്രമായിരുന്ന മാതാ ആനന്ദാമി സ്ഥാപിച്ച ആനന്ദമയീ ഘട്ട്, നദീതീരത്ത് വളരുന്ന ഒരുതരം അത്തിമരത്തിന്റെ പേരുള്ള ഗുലാര്‍ ഘട്ട്, പതിനെട്ടാം നൂറ്റാണ്ടില്‍ ഭക്തകവി തുളസീദാസ് നിര്‍മിച്ച, കാലഭൈരവന്റെ വാഹനമായ നായയായ 'രൂരൂ'വിന്റെ ക്ഷേത്രമുള്ള രാമേശ്വരം ഘട്ട് (ഇപ്പോള്‍ ഹനുമാന്‍ ഘട്ട്), കര്‍ണാടക സര്‍ക്കാരിന്റെ ഗെസ്റ്റ്ഹൗസ് ഉള്ള കര്‍ണാടക സ്റ്റേറ്റ് ഘട്ട്, കാശിയിലെ ശ്മശാനത്തില്‍ ശവം ദഹിപ്പിക്കാന്‍ നിന്ന ഹരിശ്ചന്ദ്ര മഹാരാജാവിന്റെ പേരിലുള്ള ഹരിശ്ചന്ദ്ര ഘട്ട്, വലിയൊരു ബോധിവൃക്ഷത്തണലുള്ള ബുദ്ധരുടെ ഘട്ട് എന്നും അറിയപ്പെടുന്ന ചൗക്കീ ഘട്ട്, ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന മാനസരോവര്‍ തടാകത്തിന്റെ പേരിലുള്ള ഘട്ട്, ബനാറസ്സിലെ പ്രശസ്ത ഗുസ്തിക്കാരന്‍ ബാബുവ പാണ്ഡേ സ്ഥാപിച്ച പാണ്ഡേ ഘട്ട്, നാഗ്പൂരിലെ ധനകാര്യമന്ത്രിയായിരുന്ന ശ്രീധര്‍ നാരായണ മുന്‍സിയുടെ പേരിലുള്ള മുന്‍സി ഘട്ട്, ഒരു ചെറിയ വാനനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മന്‍ മന്ദിര്‍ ഘട്ട്, ശവശരീരങ്ങള്‍ ദഹിപ്പിക്കുന്നതിന് മുമ്പ് ആചാരപരമായി ഗംഗയിലേക്ക് ഇട്ട് കുളിപ്പിച്ചെടുക്കുന്ന ചടങ്ങ് നടക്കുന്ന ജലാശയീ ഘട്ട്, ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇടതടവില്ലാതെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചുകൊണ്ടിരിക്കുന്ന മണികര്‍ണിക ഘട്ട്, തുടങ്ങി വിവിധ രാജാക്കന്‍മാരുടെ പേരിലുള്ളവയടക്കം എണ്‍പത്തിയഞ്ചോളം ഘട്ടുകളാണ് ഇവിടെയുള്ളത്. 

ഘട്ടുകളിലെ പഴയ കൊട്ടാരങ്ങളില്‍ പലതും നക്ഷത്ര ഹോട്ടലുകളായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. പല ഘട്ടുകളുടെയും പടിക്കെട്ടുകളിലൂടെ മുകളിലേക്ക് നടന്നാല്‍ ഓരോ ഗലികളിലേക്കുള്ള വഴികള്‍ തെളിയുകയായി. ചിലയിടങ്ങളില്‍ ചുമരുകളില്‍ഉടനീളം ചിത്രം വരച്ച് മനോഹരമാക്കിയ ഗലികളിലൂടെയുള്ള പാതയിലെ ചപ്പുചവറുകള്‍ ദിവസവും തൊഴിലാളികള്‍ വൃത്തിയാക്കുന്നതും കാണാമായിരുന്നു.

Varanasi-Travel4

അഹല്യ ഘട്ടില്‍ ആളുകളുടെ സഞ്ചാരപാതയ്ക്ക് അൽപം മുകളിലായി ഏതോ ഒരു ഗലിയിലേക്ക് നീളുന്ന പടവുകളിലൊരിടത്ത് കാശിയില്‍ ധാരാളം കാണുന്ന ദര്‍ഭയോ പനമ്പോ കൊണ്ടുള്ള ഒരു തടുക്ക് ചില ഇഷ്ടികകള്‍ ചേര്‍ത്ത് മറിയാതെ മറതീര്‍ത്തിരിക്കുന്നതുകണ്ട് വളരെ കൗതുകത്തോടെ അതിനപ്പുറത്തെന്ത് എന്നായി എന്റെ അന്വേഷണം. പ്രസവിച്ച് അല്പനാള്‍ കഴിഞ്ഞ ഒരു പെണ്‍പട്ടി ഈ മറയ്ക്കപ്പുറത്ത് ആരോ വിരിച്ചുകൊടുത്ത ഉണക്കപ്പുല്ലിനുമുകളില്‍ കിടക്കുന്നു. അതിന്റെ കുഞ്ഞുങ്ങള്‍ ആ അമ്മയുടെ പാല്‍ നുണഞ്ഞുകൊണ്ടിരിക്കുന്നു. ധാരാളം നായകള്‍ ഉള്ള കാശിയില്‍ നായകളുടെ ആക്രമണത്തില്‍നിന്ന് സംരക്ഷണം നല്‍കാന്‍ വേണ്ടി ഏതോ മനുഷ്യന്‍ ചെയ്തതാണ് അതെന്ന് വ്യക്തം. നായകള്‍ കാശിക്ക് അന്യമല്ലല്ലോ. കാശി കാലഭൈരവന്റേതാണ്, നായകള്‍ അവന്റെ വാഹനവും.

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ ഘട്ടുകള്‍ വാരാണസീ നഗരത്തിന്റെ ആത്മീയ, സാംസ്‌കാരിക കേന്ദ്രമായി വര്‍ത്തിക്കുന്നു. ഗംഗയുടെ പടിക്കെട്ടുകളില്‍നിന്നു തിരിഞ്ഞു ചുറ്റിലും നോക്കുമ്പോള്‍ തീര്‍ത്തും വൈവിധ്യമാര്‍ന്ന പരിദര്‍ശനം ദൃശ്യമാകും.

Varanasi-Travel7

മനുഷ്യായുസ്സുകൊണ്ട് ഒപ്പിയെടുക്കാന്‍ കഴിയാത്ത കാഴ്ചകൾ

ഒരു ക്യാമറയിലെന്നപോലെ അത് കണ്ണിലും മനസ്സിലും പതിയും. പക്ഷേ, ഒരു മനുഷ്യായുസ്സുകൊണ്ട് ഒപ്പിയെടുക്കാന്‍ കഴിയാത്തത്ര വിപുലമാണ് ഗംഗയുടെ തീരത്തെ ഓരോ കാഴ്ചയും, ഗംഗാമാതാവിനോളം ആഴവും പരപ്പും ഉള്ളതാണ് ആ പൈതൃകവും എന്നു സാരം. ഇങ്ങനെയോരോന്നു വിചാരിച്ചു മുറിയിലിരിക്കുമ്പോള്‍ മൊബൈലില്‍ മണിയൊച്ച മുഴങ്ങി. മടക്കയാത്രയ്ക്കുള്ള ഓര്‍മമണിയായിരുന്നു അത്. അഞ്ച് ദിവസങ്ങള്‍... നിശബ്ദതയുടെ അഞ്ച് നൂറ്റാണ്ടുകള്‍ അജ്ഞാതകേന്ദ്രത്തിലെവിടെയോ ചെലവഴിച്ച പ്രതീതി. ബനാറസിന്റെ തനത് ചിഹ്നങ്ങളായ പട്ടുസാരി, സാളഗ്രാമം പൂജിക്കുന്ന പ്രത്യേക രൂപകൽപനയിലുള്ള പിച്ചളപ്പെട്ടി, സാമ്പ്രാണി പുകയ്ക്കുന്ന പിച്ചള സ്തൂപം, തുളസിമാല തുടങ്ങിയവയുള്‍പ്പെടെ പായ്ക്ക് ചെയ്തുവച്ചിരുന്ന ചെറിയൊരു ബാഗുമായി താമസസ്ഥലത്തെ ജീവനക്കാരോട് പുതുവര്‍ഷത്തിന്റെ ശുഭകാമ്‌നകള്‍ നേര്‍ന്ന് മെല്ലെ പുറത്തേക്കിറങ്ങി. അപ്പോഴൊരു സംശയം തീവണ്ടിയുടെ സമയത്തിന്റെ കാര്യത്തില്‍. എങ്കിലും നടത്തം ധിറുതിയിലാക്കി.

ഏകദേശം അരകിലോമീറ്റര്‍ നടന്ന് നന്ദികേശന്റെ സ്തൂപമുള്ള ജംഗ്ഷനില്‍ ചെന്നാലേ ഓട്ടോറിക്ഷകള്‍ ലഭിക്കൂ. ‘‘റെയില്‍വേ സ്‌റ്റേഷന്‍ ജാനാ ഹേ, സരാ ജല്‍ദി, മേരെ ഗാഡി സാഠേ ചാര്‍ ബചേ സേ രവാനഗീ ഹേ.’’ എന്റെ വെപ്രാളം കണ്ടിട്ട് വാച്ചില്‍ നോക്കിക്കൊണ്ട്, യുവാവായ ആ സാരഥി അമ്പരന്നു, ‘‘സാഠേ ചാര്‍! അരേ ക്യാ ഹേ... അഭീ ചാര്‍ ബജേ!’’ പിന്നെയൊന്നും നോക്കാതെ കളിപ്പെട്ടിയില്‍ ചക്രങ്ങള്‍ ഘടിപ്പിച്ചതുപോലിരിക്കുന്ന, കഷ്ടിച്ച് നാലടി വീതിവരുന്ന ആ ചെറിയ ഓട്ടോറിക്ഷയില്‍ (സാധാരണ ഓട്ടോറിക്ഷയെക്കാള്‍ വീതി കുറവും നീളം അൽപം കൂടിയതുമായ ചെറിയ ഓട്ടോകള്‍ കാശിയിലെ മറ്റൊരു കൗതുകമാണ്) അവന്‍ പാഞ്ഞു. തിരക്കുള്ള മുഖ്യ പാതയിലെ തടസത്തില്‍പ്പെട്ട് എന്റെ തീവണ്ടി പൊയ്‌പ്പോകാതിരിക്കാന്‍ തീവണ്ടിവേഗത്തില്‍ പായണമെന്ന് അവന് ആഗ്രഹമുണ്ട്. ഇടറോഡുകളില്‍നിന്നു മുഖ്യറോഡിലേക്ക്, വീണ്ടും ഇടറോഡിലേക്ക്, പിന്നെ മുഖ്യറോഡിലേക്ക്, പിന്നെയും ഇടറോഡും മുഖ്യറോഡും കയറിയിറങ്ങിയായിരുന്നു അവന്റെ സഞ്ചാരം. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിലും അവന്‍ ആപ്പ് നോക്കി ഏത് പ്ലാറ്റ്‌ഫോമിലാണ് എനിക്കുള്ള വണ്ടി വരുന്നതെന്ന് മനസ്സിലാക്കി അത് പറഞ്ഞുതന്നു. അവിടേക്കുള്ള പ്രവേശനകവാടത്തില്‍ എന്നെ സുരക്ഷിതമായി ഇറക്കിയതും വണ്ടി വരാനുള്ള അനൗണ്‍സ്‌മെന്റ് കേള്‍ക്കുകയായി.

Varanasi-Travel

കേവലം അരമണിക്കൂറിനുള്ളില്‍ കാശി പോലൊരു തിരക്കേറിയ സ്ഥലത്തുനിന്നു നാലഞ്ച് കിലോമീറ്റര്‍ ദൂരം താണ്ടിയ ആ ചെറുപ്പക്കാരന്റെ ചുറുചുറുക്കിലും ആത്മാര്‍ഥതയിലും സംപ്രീതനായ ഞാന്‍ അവന്‍ ചോദിച്ച നൂറ്റിയന്‍പത് രൂപയ്ക്ക് പുറമേ അന്‍പതു രൂപ കൂടി നല്‍കി നന്ദി പറഞ്ഞു പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞു. വാരാണസീ തീവണ്ടിയാപ്പീസില്‍ അവന്‍ എന്നെക്കൊണ്ടിറക്കിയപ്പോള്‍ ബാറ്ററികൊണ്ട് ഓടുന്ന ആ കുഞ്ഞന്‍ ഓട്ടോറിക്ഷ അവന്റെ മനസ്സിന്റെ വേഗത്തിനൊത്ത് സഞ്ചരിച്ചതുപോലെ തോന്നി. ഏതകലത്തില്‍ നിന്നും നോക്കിയാലും വ്യക്തമായി കാണാന്‍ കഴിയും വിധത്തില്‍ വലിയ രൂപത്തിലുള്ള സന്യാസിമാരുടെയും വിവിധ ഘട്ടുകളുടെയുമൊക്കെ ചിത്രം ആലേഖനം ചെയ്ത ആ തീവണ്ടിയാപ്പീസിന്റെ അകത്തെ മേല്‍ നടപ്പാതയിലൂടെ പതിനെട്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് ഞാന്‍ നടന്നെത്തിയതും അവിടെ വന്ന ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ തീവണ്ടിയില്‍ കയറി ഞാന്‍ മടക്കയാത്രയായി. എന്റെ ധാമത്തിലേക്ക്... എന്റെ ധര്‍മത്തിലേക്ക്...

English Summary: Varanasi Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com