കച്ച് മരുഭൂമിയിലെ നിഗൂഢ നക്ഷത്ര രാത്രി; അഞ്ചു പെണ്ണുങ്ങളുടെ അനുഭവം

kutch-trip
കച്ചിലെത്തിയ വനിതാസംഘം
SHARE

ചിതറിത്തെറിച്ച രത്നങ്ങൾ പോലെ കച്ചിന്റെ ആകാശത്തു മിന്നി നിൽക്കുകയാണ് നക്ഷത്രങ്ങൾ. ആകാശച്ചെരുവിൽ അങ്ങിങ്ങായി ഇടയ്ക്കിടെ വാൽനക്ഷത്രങ്ങളുടെ (Shooting Stars) പരൽമീൻ തുളളാട്ടം. പരന്നൊഴുകിയ നിലാവിൽ സമതലത്തിലെ ഉപ്പുതരികൾ വൈഢൂര്യമായി. ദൂരെ എവിടെയോനിന്നു കേൾക്കുന്ന പേരറിയാത്ത മരുപ്പക്ഷിയുടെ പാട്ടൊഴിച്ചാൽ ചുറ്റും തണുത്തുറഞ്ഞ നിശബ്ദത. സമയം അർധരാത്രിയോടടുത്തു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉപ്പുമരുഭൂമിയിൽ നിലാവൊരുക്കിയ വിസ്മയ പ്രപഞ്ചത്തിൽ, ആകാശച്ചോട്ടിൽ നക്ഷത്രങ്ങളെ കൺകുളിർക്കെ കണ്ടുകിടക്കുകയാണ് അഞ്ചു പെണ്ണുങ്ങൾ. 

kutch-travel12

ഇടയ്ക്കിടെ എത്തുന്ന തണുത്ത പിശറൻ കാറ്റിന് ഉപ്പുരസമുണ്ട്. ഹൈടെക് ക്യാമറക്കണ്ണുകൾക്കു പകര്‍ത്താൻ കഴിയാത്ത കാഴചകൾ ഇപ്പോഴും നമുക്ക് ചുറ്റിലുമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് കച്ചിലെ നക്ഷത്രരാത്രി. ജീവിതത്തിരക്കുകളിൽനിന്നു ദിവസങ്ങളുടെ ഇടവേളയെടുത്ത് സമാധാനത്തിലേക്ക് ഊളിയിട്ടവർക്ക് കച്ച് കാത്തുവച്ചത് വിസ്മയക്കാഴ്ചകളാണ്.

ബാന്ദ്നിയുടെ വർണപ്പൊലിമയിൽ ലാൽദർവാസ

ഗുജറാത്തിന്റെ വരണ്ട മണ്ണിനെ തഴുകിയെത്തിയ പൊടിക്കാറ്റ് ലാൽ ദർവാസയെ ചുംബിച്ചു, തെരുവിൽ വർണ പ്രപഞ്ചം തീർത്ത ബാന്ദ്നിയിൽ ഇക്കിളികൂട്ടി കടന്നു പോയി. ലാൽ ദർവാസയിലേക്ക് കയറുന്നതിനു മുൻപു തന്നെ പ്രവേശന കവാടത്തിലെ കച്ചവടക്കാർ പോക്കറ്റടി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. പാൻമസാലയുടെ രൂക്ഷ ഗന്ധമുള്ള തെരുവ്. പൗരാണിക പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്ന ലാൽ ദർവാസയുടെ പ്രവേശന കവാടം കിഴക്കേ കോട്ടയെയും പരിസര പ്രദേശങ്ങളെയും ഓർമിപ്പിച്ചു. മൂന്ന് പ്രവേശന കവാടങ്ങളുണ്ട് ലാൽ ദർവാസയ്ക്ക്. അകത്തുകയറിയപ്പോൾ സൂചികുത്താൻ ഇടമില്ലാത്ത തിരക്ക്.

kutch-travel3

കോവിഡും ഒമിക്രോണുമൊന്നും ഇവിടെ എത്തിയവർ അറിഞ്ഞ മട്ടില്ല. എവിടെത്തൊട്ടാലും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചും സുരക്ഷിതമായ മാസ്കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചുമൊക്കെ ലാൽ ദർവാസയിൽ എത്തിയ ഞങ്ങൾ അന്തംവിട്ട് പരസ്പരം ചോദിച്ചു: ‘‘എവിടെ മാസ്ക്? എവിടെ സാനിറ്റൈസർ? എവിടെ സാമൂഹിക അകലം?’’

kutch-travel6
അഹമ്മദാബാദിലെ ലാൽ ദർവാസയിൽ നിന്നുള്ള ബാന്ദ്നി തുണിത്തരങ്ങൾ

ജനസാഗരമാണ് ലാൽ ദർവാസയിൽ കണ്ടത്. ഉപ്പു തൊട്ടു കർപ്പൂരം വരെ എല്ലാം കിട്ടുന്ന അഹമ്മദാബാദിലെ പുരാതന തെരുവിൽ ആവശ്യക്കാരേറെയുള്ളത് ബാന്ദ്നി തുണിത്തരങ്ങൾക്കും തനതു ഗുജറാത്തി വസ്ത്രമായ ചാനിയ ചോളിക്കുമാണ്. പകിട്ടാർന്ന നിറങ്ങളിൽ വിരിയുന്ന തുണിത്തരങ്ങൾ തെരുവിൽ വർണ വിസ്മയം തീർത്തു. 150 രൂപ മുതൽ തുടങ്ങുന്നു വില. ഇന്ത്യയില്‍ത്തന്നെ ഏറ്റവും വിലക്കുറവിൽ വസ്തുക്കൾ ലഭിക്കുന്ന സ്ഥലമാണ് ലാൽ ദർവാസ.

ശാന്തം സുന്ദരം സബർമതി

ലാൽ ദർവാസയിലെ ബഹളങ്ങളിൽനിന്ന് ഒരുവിധത്തിൽ തലയൂരി ഞങ്ങൾ എത്തിയത് സബര്‍മതി ആശ്രമത്തിലാണ്. അഹമ്മദാബാദ് നഗരത്തിന്റെ അലയൊലികളെ വകവയ്ക്കാതെ ശാന്തമായി ഒഴുകുകയാണ് സബർമതി. നദിക്കരയിൽ സ്വച്ഛന്ദ സുന്ദരമായ അന്തരീക്ഷത്തിൽ ശിരസ്സു കുനിച്ചു നിൽക്കുകയാണ് ഗാന്ധിഭവനം. ഗുജറാത്തിന്റെ പൗരാണികതയുടെ പ്രതാപമോ തലയെടുപ്പോ ഇല്ല. മറിച്ച്, ഒരു ജീവിതം മുഴുവൻ ലളിതമായി, വിനയാന്വിതനായി ജീവിച്ചു തീർത്ത മഹാത്മാവിനെപ്പോലെ അതിഥികളെ ശിരസ്സു കുനിച്ച് സ്വാഗതം ചെയ്യുകയാണ് സബർമതി. എത്ര ലളിതമായിരുന്നിരിക്കണം ഗാന്ധിജിയുടെയും സഹധർമിണിയുടെയും ജീവിതമെന്ന് ആ ഭവനത്തിന്റെ അകത്തളങ്ങൾ നമ്മെ ഓർമിപ്പിക്കും. എത്രയെത്ര ചരിത്ര തീരുമാനങ്ങൾക്കു ചെവിയോർത്ത ചുവരുകളായിരിക്കും അത്. അകത്തളങ്ങളിലിപ്പോഴും അഹിംസാ മന്ത്രങ്ങൾ അലയടിക്കുന്നുണ്ട്. പ്രഭാതവും പ്രദോഷവും സബർമതി ഭവനത്തെ കൂടുതൽ മനോഹരിയാക്കുന്നു. ഇന്നത്തെ കർമം തീർത്ത് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് മറയുമ്പോൾ സബർമതിയിൽ കിളികളുടെ കളകളാരവമാണ്. 

kutch-travel7
സബർമതി ആശ്രമം

മണൽവിരിച്ച മുറ്റത്തെ മരങ്ങളിൽ ചേക്കേറാനുള്ള ബഹളം. സായാഹ്നങ്ങളിൽ കുട്ടികൾക്ക് ഗാന്ധിചിന്തകൾ പകർന്ന് നൽകുന്നുണ്ട്. ആശ്രമത്തിന്റെ പടിക്കെട്ടിലിരുന്ന്, സബർമതിയുടെ ഓളങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ്, പ്രിയപ്പെട്ടവർക്കായി ഹൃദയത്തിൽനിന്ന് രണ്ടു വരി കടലാസിൽ പകർത്താം. ശേഷം സബർമതി ആശ്രമം നൽകുന്ന പ്രത്യേക കവറിൽ നാട്ടിലെ പ്രിയപ്പെട്ടവർക്ക് ഒരു കത്ത്. ഗാന്ധി മ്യൂസിയവും കണ്ട് പുറത്തിറങ്ങുമ്പോൾ പ്രവേശന കവാടത്തിൽ ഒരു പോസ്റ്റ്ബോക്സ് നമ്മളെ നോക്കിനിൽക്കുന്നുണ്ടാകും. കത്തുകൾ പോസ്റ്റ് ചെയ്ത് തിരിഞ്ഞു നോക്കിയപ്പോൾ അഹമ്മദാബാദിന്റെ വഴിയോരങ്ങളിൽ ഇരുട്ടു പരക്കാന്‍ തുടങ്ങിയിരിക്കുന്നു;അരിച്ചിറങ്ങുന്ന തണുപ്പും. രാത്രിഭക്ഷണത്തിനു ശേഷം നേരേ കച്ചിലേക്കുള്ള ബസ് പിടിച്ചു.

മായക്കാഴ്ചകളുടെ കച്ച്

രാവിലെ 5.30 ഓടെ ഭുജിൽ ബസിറങ്ങുമ്പോൾ ജാക്കറ്റിനുള്ളില്‍ ശരീരം കിടുകിടെ വിറിച്ചു. സാമാന്യം ഭേദപ്പെട്ട രീതിയിൽ തണുപ്പ് അനുഭവപ്പെടുന്നു. ഒരു ചായ കിട്ടിയെങ്കിൽ എന്ന ചിന്തയിലാണ് ബസിറങ്ങുന്നതുതന്നെ. തൊട്ടടുത്ത ചായക്കടയായിരുന്നു ലക്ഷ്യം. കയ്യിലെ ബാഗ് ചായക്കടയിലെ ബഞ്ചില്‍ ഇറക്കി വച്ചു. ചായ കൊണ്ടുവന്ന ഗ്ലാസ് നാട്ടിലെ ഔൺസ്ഗ്ലാസുകളെ ഓർമിപ്പിച്ചു. ഇതിപ്പോൾ തൊണ്ട നനയ്ക്കാൻ തികയില്ലല്ലോ എന്നാലോചിച്ച് ആദ്യ സിപ്പ് എടുത്തു.

kutch-travel9
സഞ്ചാരികൾക്കു താമസൗകര്യം ഒരുക്കിയിരിക്കുന്ന കച്ചിലെ ടെന്റ്

ഒറ്റസിപ്പിൽത്തന്നെ ഉറക്കച്ചടവ് പോയി എല്ലാവരും ഉഷാർ. കട്ടിയുള്ള പാലിൽ കടുപ്പമുള്ള മസാലച്ചായ. അപ്പോഴാണ് ആ ഗ്ലാസിനു പിന്നിലെ ഗുട്ടൻസ് പിടികിട്ടിയത്. നാട്ടിലെ ഗ്ലാസിന്റെ അളവിൽ ഗുജറാത്തി ചായ കുടിച്ചാല്‍ ചിലപ്പോൾ മത്തുപിടിച്ചു വീണു പോകും. ചായകുടി തീർന്നപ്പോഴേക്കും കച്ചിലേക്കുള്ള വാഹനം എത്തി. ഭുജിൽനിന്നു കച്ചിലേക്ക് രണ്ടു മണിക്കൂർ ദൂരം. ഡ്രൈവർ കരൺ. വരുംദിനങ്ങളിൽ കച്ചിലെ കാഴ്ചകൾ കാണിക്കാൻ ഞങ്ങളുടെ സാരഥിയാണ് കരൺ. 

kutch-travel8

കച്ചിലെ കൂടാരത്തിലെത്തുമ്പോൾ നേരം പുലർന്നു തുടങ്ങുന്നതേയുള്ളൂ. സുഖകരമായ തണുപ്പ്. മഞ്ഞിന്റെ മൂടുപടം മെല്ലെ മാറ്റി സൂര്യൻ എത്തി നോക്കുന്നു. ശാന്തസുന്ദരമായ ഗുജറാത്തി ഗ്രാമം മറ്റൊരു പുലരിയിലേക്ക് കണ്‍തുറക്കുകയാണ്. കടുപ്പത്തിലുള്ള ചായ നൽകിയാണ് അവർ ഞങ്ങളെ സ്വീകരിച്ചത്. ശേഷം പോഹ, കിച്ച്ടി, റൊട്ടി, ബ്രഡ് റോസ്റ്റ്, പഴം, സാലഡ്... പോഷക സമൃദ്ധമായ പ്രാതൽ. കൂടെ സ്പെഷൽ ചാസ് (സംഭാരം). 

kutchnew1

കൈകളിൽ വിരിയുന്ന വിസ്മയം ഭൂംഗയും ‘കറുത്ത കുന്നും’

പ്രാതലിനു ശേഷം നേരെ പോയത് ഹൂഡ്ക എന്ന തനതു ഗുജറാത്തി ഗ്രാമത്തിലേക്കാണ്. താമസ സ്ഥലത്തുനിന്ന് പത്തു മിനിറ്റ് ദൂരം മാത്രം. വേണമെങ്കിൽ വാഹനത്തിൽ പോകാം. വേണ്ട, കാൽനട മതിയെന്ന് ഞങ്ങൾ തീരുമാനിച്ചു. പൊരിവെയിലിൽ പൊടിപാറുന്ന ഭൂമിയിൽ ചവിട്ടി പതുക്കെ നടന്നു. അതു തരിശുഭൂമിയാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ അല്ല. വയലാണ്. കച്ചിലെ പ്രത്യേക കാലാവസ്ഥയിൽ മഴ വളരെ കുറവാണ്. വർഷത്തിൽ ഒരിക്കല്‍മാത്രം ബാജ്‌റ കൃഷി ചെയ്യും. 

ജലം കിട്ടാക്കനിയാണെന്ന് ഗ്രാമത്തിലേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടു പോയ ടെന്റുടമ പറഞ്ഞു. പറഞ്ഞു വന്നപ്പോൾ കക്ഷി പ്രദേശത്തെ തരക്കേടില്ലാത്ത ഭൂവുടമയാണ്. എന്നാൽ വേഷവും നടപ്പുമെല്ലാം സാധാരണക്കാരനായ ഒരു ഉത്തരേന്ത്യൻ കർഷകന്റേതും. ഹൂഡ്കയിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. പരമ്പരാഗതമായ ഗുജറാത്തി ഭവനമായിരുന്നു അത്. ചാണകം മെഴുകിയ മുറ്റം. 

കളിമണ്ണു കൊണ്ടുള്ള ചുമരുകളിൽ കണ്ണാടിച്ചില്ലുകൾ പതിച്ചിരിക്കുന്നു. ഭംഗിയിൽ വൈക്കോൽ മേഞ്ഞതാണ് മേല്‍ക്കൂര. ഭൂംഗ എന്നാണ് ഇത്തരം ഭവനങ്ങളെ പറയുന്നത്. ഒരു വിളക്കു കത്തിച്ചാൽ ചുവരിലെ കണ്ണാടിയിൽ തട്ടി പ്രതിഫലിച്ച് അകമാകെ പ്രഭ ചൊരിയും. അങ്ങനെയാണ് ഭൂംഗ നിർമിച്ചിരിക്കുന്നത്. കടൽ കടന്നു പോയിട്ടുണ്ട് ഭൂംഗയുടെ പ്രശസ്തി എന്നാണവർ പറയുന്നത്. ജപ്പാനിലെ മ്യൂസിയത്തിൽ ഭൂംഗ നിർമിച്ചതിനെ കുറിച്ചും അദ്ദേഹം വാചാലനായി. 

kutch-travel1 - Copy

വസ്ത്രങ്ങളിൽ പുതിയ ഡിസൈനുകൾ തുന്നിച്ചേർക്കുകയാണ് അമ്മയും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം. ചൂര വളകൾ അണിഞ്ഞ കൈകള്‍ വസ്ത്രങ്ങളിൽ വിസ്മയം തീർക്കുകയാണ്. അവരുടെ മൂക്കുത്തി പണ്ടു കേരളത്തിലെ സ്ത്രീകൾ കാതിൽ അണിഞ്ഞിരുന്ന തോടയെ ഓർമിപ്പിച്ചു. അത്ര വലിയ മൂക്കുത്തികൾ. ചിലർ വള പോലെയുള്ള  മൂക്കുത്തികളാണ് അണിഞ്ഞിരിക്കുന്നത്. മുറ്റത്തെ പൊരിവെയിലിൽ ഇരുന്നു കളിക്കുന്ന ഒന്നര വയസ്സുകാരിയുടെ മൂക്കിൽ വരെയുണ്ട് മൂക്കുത്തി. സ്ത്രീകൾ മൂക്കു കുത്തുന്നത് സമുദായ പാരമ്പര്യത്തിന്റെ ഭാഗമായാണ്. ഹോഡ്കയിൽനിന്ന് ഉച്ചഭക്ഷണത്തിനു ശേഷം നേരേ പോകുന്നത് കാലോ ദംഗറി (കറുത്ത കുന്ന്) ലേക്കാണ്. 

ഉച്ചവെയിൽ കച്ചിന്റെ വരണ്ട ഭൂമിയെ പിന്നെയും പൊള്ളിക്കുകയാണ്. റോഡിലവിടവിടെയായി വെള്ളക്കെട്ടുകൾ ദൃശ്യമാകുന്നു. അടുത്തെത്തുമ്പോൾ അദൃശ്യമാകുന്നു. അപ്പോഴാണ് കച്ച് ഒരു മരുഭൂമിയാണെന്നും മുന്നില്‍ കാണുന്നത് മരുഭൂമിയുടെ അദ്ഭുത പ്രതിഭാസമാണെന്നും (മരീചിക) വ്യക്തമായത്. കാലോദംഗറിലേക്കു കയറുന്നതിനു മുൻപ് ഡ്രൈവർ കരൺ ഒരു മാജിക് കാണിച്ചു. ന്യൂട്രലിൽ ഇട്ടിരിക്കുന്ന വാഹനം കെട്ടിവലിക്കുന്നതു പോലെ പിന്നിലേക്ക് നീങ്ങുന്നു. ‘മാഗ്നറ്റിക് പോയിന്റ്’ എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ മേഖലയാണെന്നത് സഞ്ചാരികളുടെ പക്ഷം.എന്നാൽ കച്ചിൽ എവിടെയും അത് തെളിയിക്കപ്പെട്ടിട്ടില്ല. 

kutch-travel4

നാലുമണിക്കും കാലോ ദംഗറിലെ വെയിലിന് നട്ടുച്ചയുടെ പ്രതീതി. കുന്നിൻ മുകളിലേക്ക് കയറുമ്പോൾ വഴിയുടെ ഇരുവശവും കച്ചവടക്കാരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. പകിട്ടാർന്ന വസ്ത്രങ്ങൾ, ബാഗുകൾ, ചെരിപ്പുകൾ എന്നിങ്ങനെ വഴിയുടെ ഇരുവശവും വര്‍ണ ശബളം. കുന്നിന്മുകളിലേക്ക് ഒട്ടക സവാരി ചെയ്ത് പോകാമെന്നു പറഞ്ഞ് ഒട്ടകവുമായി ചുറ്റിലും കൂടുന്നവരുടെ ബഹളം. വഴിയരികിലെ മരത്തണലിലും കുന്നിന്‍ മുകളിലേക്കുള്ള പടികളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ചിലർ പാട്ടുപാടുന്നുണ്ട്. ഒരു ജീവിതത്തിന്റെ മുഴുവൻ ഭാരവും അവരുടെ ശബ്ദത്തിൽ ഘനീഭവിച്ചു കിടക്കുന്നു. പാടി കിട്ടുന്ന പണമാണ് ഉപജീവനമാർഗം. ഗുജറാത്തിന്റെ പാരമ്പര്യത്തിലും സംസ്കാരത്തിലും ഊന്നിയ നാടോടി ഗാനങ്ങളാൽ മുഖരിതമാണ് അവിടം. കുന്നിന്മുകളിലെ ദത്താത്രേയ ക്ഷേത്രം പ്രശസ്തമാണ്. 400 വർഷത്തിലധികം പഴക്കമുണ്ട് ക്ഷേത്രത്തിന്. 

kutch-travel5

‌കച്ചിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് കാലോ ദംഗർ. ഗ്രേറ്റ് റാന്‍ ഓഫ് കച്ചിന്റെ പനോരമിക് വ്യൂവാണ് ഇവിടെ നിന്നുള്ള മനോഹരമായ കാഴ്ച. കുന്നിന്മുകളിൽനിന്നും‌ നോക്കുമ്പോൾ കടലാണെന്നു തോന്നുംവിധമാണ് ഉപ്പുമരുഭൂമിയുടെ മായക്കാഴ്ച. പാക്കിസ്ഥാന്‍ അതിർത്തിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശമായതിനാൽ സൈനിക ചെക്പോസ്റ്റുണ്ട്. കുന്നിന്മുകളിൽനിന്നു ടെലസ്കോപ്പിലൂടെ നോക്കിയാൽ പാക്ക് അതിർത്തി കാണാം. 

മരുഭൂമിയിലെ സൂര്യാസ്തമയവും നക്ഷത്രരാത്രിയും

അസ്തമയ സൂര്യന്‍ മരുഭൂമിയിലെ ഉപ്പുതരികളിലേക്ക് പൊന്നുരുക്കി ഒഴിച്ചു. ബങ്ക്റ മേളത്തിന്റെ അകമ്പടിയോടെ എത്തുന്ന ഗുജറാത്തി നാടോടി ഗാനങ്ങൾക്ക് സഞ്ചാരികൾ ചുവടുവയ്ക്കുന്നു. ഗ്രേറ്റ് റാനിൽ ഉത്സവത്തിന്റെ നാളുകളാണ്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് മരുഭൂമിയിലെ ഉത്സവകാലം. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നും സഞ്ചാരികൾ കച്ചിലേക്ക് ഒഴുകിയെത്തും. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി റാൻ ഉത്സവിന് പഴയ പ്രൗഢിയില്ല. 

kutchnew2

മഹാമാരി എല്ലാം അലങ്കോലമാക്കി. എങ്കിലും ദീപങ്ങളാൽ അലങ്കരിച്ചും വഴിയോരങ്ങൾ മോടി പിടിപ്പിച്ചും ഈ മഹാമാരിക്കാലത്തും ഉത്സവകാലം വർണാഭമാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. മരുഭുമിയിലെ വൈകുന്നേരങ്ങളിലെ ഒട്ടകസവാരി ആകർഷണീയമാണ്. 5.30 യോടെ മരുഭൂമിയുടെ പടിഞ്ഞാറൻ ചക്രവാളത്തിൽ സ്വർണമേഘങ്ങൾ സഞ്ചരിച്ചു തുടങ്ങി. സൂര്യൻ ഭൂമിയോടു യാത്രപറയാൻ ഒരുങ്ങുകയാണ്. യാത്രപറച്ചിലുകൾ പലപ്പോഴും വേദനയാണ് സമ്മാനിക്കുന്നത്. എന്നാൽ ഇത്രയും ഭംഗിയുള്ള യാത്ര പറച്ചിൽ മുൻപു കണ്ടിട്ടില്ല. കാഴ്ചക്കാരന്റെ മനസ്സിൽ സന്തോഷം നിറച്ച് പുതിയ പുലരിയിലേക്കുള്ള പ്രതീക്ഷകൾ ബാക്കി വച്ചാണ് സൂര്യൻ പോകുന്നത്. ഉദയാസ്തമയങ്ങൾ ഇത്രയും മനോഹരമാകുന്നത് കടൽതീരത്തും മരുഭൂമിയിലുമത്രേ. സൂര്യൻ പതുക്കെ താഴ്ന്നു തുടങ്ങിയപ്പോൾ കിഴക്കൻ ചക്രവാളത്തിൽ ഭൂമിയെ നോക്കി ചന്ദ്രൻ പാൽനിലാ പുഞ്ചിരി പൊഴിക്കാൻ തുടങ്ങി. 

കച്ചിന്റെ ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും നിറഞ്ഞു. ആകാശച്ചെരുവിൽ ഇടയ്ക്കിടെ വാൽനക്ഷത്രങ്ങൾ പറക്കുന്നുണ്ട്. സമയം അർധരാത്രിയോടടുത്തപ്പോൾ മരുഭൂമിയിലെ മായക്കാഴ്ച കാണാനായി ഞങ്ങൾ പോയി. അഞ്ചു പെണ്ണുങ്ങൾ. വഴികാട്ടിയായി പ്രഭു ഭയ്യയും ഞങ്ങളുടെ ഡ്രൈവർ കരണും. ഞങ്ങളെയും കൊണ്ടുള്ള വാഹനം മരുഭൂമിയിലൂടെ അൽപ ദൂരം സഞ്ചരിച്ചു. പ്രഭുഭയ്യ പെട്ടെന്നു വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ഇനിയും സഞ്ചരിച്ചാൽ മരുഭൂമിയിൽ വഴിയറിയാതെ നട്ടംതിരിയും. വാഹനത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പ്. മരുത്തട്ടിൽ ആകാശം നോക്കി കിടന്നപ്പോൾ ഭൂമിയിലോ സ്വർഗത്തിലോ എന്നായിരുന്നു സംശയം. കയ്യെത്തി പിടിക്കാവുന്ന ദൂരത്തിൽ നക്ഷത്രങ്ങൾ. കുറച്ചുനേരം കൂടുതൽ കിടക്കുമ്പോൾ മഞ്ഞു പതുക്കെ ചുറ്റിലും പുകമറ തീർക്കുന്നു. മരുഭൂമിയിൽ അകപ്പെട്ടാൽ നക്ഷത്രങ്ങളെ നോക്കിയാണത്രേ ഇവിടത്തുകാർ ദിശ അറിയുന്നത്. എത്രനേരം അങ്ങനെ ആകാശം നോക്കി കിടന്നെന്നു വ്യക്തമല്ല. പാൽനിലാവൊഴുകിയ നക്ഷത്ര രാത്രിയുടെ നിർവൃതിയിൽ ‘ആയേഹൊ മേരി സിന്ദഗി മേ...’യുടെ താളത്തിൽ ഞങ്ങൾ വീണ്ടും കൂടാരത്തിലേക്ക് മടങ്ങി. 

നിരോണയിലെ മണിമുഴക്കം, ലഘ്പത് കോട്ടയുടെ രഹസ്യം

തൂങ്ങിക്കിടക്കുന്ന അദ്ഭുത മണികൾ കാറ്റിൽ സപ്തസ്വരങ്ങൾ പാടുന്നു. അതിശയത്തോടെയാണ് ആ വീടിന്റെ അകത്തളത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്. അവിടെ 70 വയസ്സിനടുത്തു പ്രായമുള്ള ഹുസൈനും അദ്ദേഹത്തിന്റെ മകനും മണികൾ നിർമിക്കുന്ന തിരക്കിലാണ്. യന്ത്രസഹായമില്ലാതെ കൈ ഉപയോഗിച്ചു മാത്രമാണ് ഈ ലോഹമണികൾ നിർമിക്കുന്നതും യോജിപ്പിക്കുന്നതും. കൈകളിൽ നിർമിച്ചെടുത്ത, സപ്തസ്വരം മുഴങ്ങുന്ന മണികൾ ആരെയും അദ്ഭുതപ്പെടുത്തും. പരസ്പരം ബന്ധിച്ചിരിക്കുന്ന മണികൾ കാറ്റില്‍‍ സ്വരമഴ പൊഴിക്കുന്നു. ഞങ്ങളുടെ മുന്നിലിരുന്ന് അതിവേഗത്തിൽ അവർ കൈകൾ കൊണ്ട് മണികൾ നിർമിച്ചു നൽകി.

kutchnew

പുറംനാടുകളിൽനിന്നു പോലും ഈ അദ്ഭുത മണികൾക്ക് ആവശ്യക്കാരുണ്ട്. 650 രൂപ മുതലാണ് വില. മണികളുടെ വലുപ്പത്തിനും ശബ്ദത്തിനും അനുസരിച്ച് ആയിരങ്ങൾ വരെ വിലവരും. ഹുസൈന്റെ വീടിനു സമീപം തന്നെയാണ് പണിപ്പുരയും. സന്ദർശകരുടെ പേരുവിവരങ്ങൾ സൂക്ഷിക്കുന്ന പതിവ് ഈ പ്രായത്തിലും അദ്ദേഹത്തിനുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം സന്ദർശക ഡയറിയിൽ ഇംഗ്ലിഷിലും മലയാളത്തിലും പേരുകൾ കുറിച്ചു. എപ്പോഴെങ്കിലും മലയാളികൾ ഇതുവഴി വരുമ്പോൾ ഇങ്ങനെ ചിലർ ഇവിടെ വന്നിരുന്നതായി അവരോടു പറയണമെന്ന് അദ്ദേഹത്തോടു പറഞ്ഞാണ് അവിടെനിന്നിറങ്ങിയത്. 

ഉച്ചവെയിൽ ഉച്ചിയിലെത്തി നിൽക്കുമ്പോഴാണ് ലഘ്പത് കോട്ടയിൽ കാലുകുത്തുന്നത്. ചുട്ടുപൊള്ളുന്ന ഭൂമി. പതിറ്റാണ്ടുകൾക്കു മുൻപ്, സമ്പന്നരായ വ്യാപാരികൾ തിങ്ങിപ്പാർത്തിരുന്ന സ്ഥലമായിരുന്നു ഇവിടം. പതിനെട്ടാം നൂറ്റാണ്ടിലെ പ്രധാന തീരദേശ വ്യാപാര കേന്ദ്രമായിരുന്നു ലഘ്പത് കോട്ട. പതിമൂന്നാം നൂറ്റാണ്ടിൽ സിന്ധ് ഭരിച്ചിരുന്ന റാവു ലഘയുടെ സ്മരണാർഥമാണ് കോട്ടയ്ക്ക് ഈ പേര് നൽകിയത്. 1800 ൽ ഫത്തേ മുഹമ്മദ് കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ പലരും ഇവിടെനിന്നു പലായനം ചെയ്തു. ഇതോടൊപ്പം ലഘ്പത്തിന്റെ സമ്പന്ന കാലവും അസ്തമിച്ചു.

പഴയ പ്രൗഢിയുടെ തിരുശേഷിപ്പുകൾ ഇന്നും കോട്ടമതിലിൽ ദൃശ്യമാണ്. കോട്ടയുടെ മുകളിൽനിന്നു നോക്കിയാൽ താഴെ കടലാണെന്നു ധരിക്കും. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉപ്പുസമതലമാണ്. മരുഭൂമിയുടെ മറ്റൊരു മായിക കാഴ്ചയാണ് അത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ലഘ്പത്. ലഘ്പത്തിൽനിന്നു തിരിച്ചിറങ്ങിയപ്പോൾ റോഡിനിരുവശവും മണ്ണിനൊപ്പം കറുത്ത ചെറിയ കരിക്കട്ടകൾ കാണുന്നു. കല്ലല്ല, കൽക്കരിയാണോ എന്നായിരുന്നു സംശയം. അതിന് അടുത്തൊന്നും കൽക്കരി ഖനികളെ കുറിച്ചു കേട്ടിട്ടുമില്ല. എന്നാൽ പിന്നെ അടുത്ത വഴി ഗൂഗിളിനോട് ചോദിക്കുകയാണല്ലോ? ഗൂഗിൾ പറയുന്നു, ഗുജറാത്തിലെ കച്ച് ജില്ലയിൽ കൽക്കരിയുടെ സാന്നിധ്യം ഉണ്ട്. അത് കൽക്കരി തന്നെയാണ്. എന്നാൽ ഉപയോഗയോഗ്യമല്ലാത്തതാണെന്നു മാത്രം. 

പോക്കുവെയിൽ മാണ്ഡവിയിലെ വിജയവിലാസ് കൊട്ടാരത്തിനു പൊൻപ്രഭാവലയം തീർക്കുകയാണ്. കൊട്ടാരത്തിന്റെ മിനാരങ്ങൾ സ്വർണനിറത്തിൽ തിളങ്ങി. കച്ച് ഭരിച്ചിരുന്ന ജഡേജ രാജവംശത്തിന്റെ ആസ്ഥാനമന്ദിരമാണ് വിജയ വിലാസ് കൊട്ടാരം. കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നാൽ ദൂരെ മാണ്ഡ്‌വി കടൽത്തീരത്തിന്റെ മനോഹര ദൃശ്യങ്ങൾ കാണാം. 

kutch-travel2

പക്ഷേ, അപ്പോഴും ഭൂകമ്പം കച്ചിന്റെ രാജകീയ പ്രൗഢിക്ക് അല്‍പം മങ്ങലേൽപിച്ചിട്ടുണ്ടെന്ന യാഥാർഥ്യം പലയിടങ്ങളും ഒാർമിപ്പിക്കുന്നുണ്ട്. കച്ചിന്റെ സുവർണകാലത്തെ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു കൊണ്ട് സൂര്യൻ അന്നത്തെ തന്റെ ദൗത്യം പൂർത്തിയാക്കി മാണ്ഡവിയുടെ കടലാഴത്തിലേക്ക് പറഞ്ഞു. ഭുജിൽനിന്ന് അഹമ്മദാബാദിലേക്കുള്ള ബസിലേക്കു കയറുമ്പോൾ കാലോദംഗറിലെ കാന്തിക പ്രഭാവം പോലെ പിറകോട്ടു വലിക്കുന്നുണ്ട് കച്ചിലെ നക്ഷത്ര രാത്രി. സഞ്ചാരത്തിനു കാഴ്ചകളെ കണ്ണിൽ നിന്നല്ലേ മറയ്ക്കാനാകൂ, ഹൃദയത്തിൽനിന്നു കഴിയില്ലല്ലോ

പെൺയാത്രികരുടെ കൂട്ടുകാരിയായി ഇന്ദു

ഇന്ദുവിനെ കുറിച്ചു പറയാതെ ഈ യാത്ര പൂർത്തിയാകില്ല. പലയിടങ്ങളിൽ ചിതറിക്കിടന്ന ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ച ഒരേയൊരു കണ്ണി ഇന്ദുവാണ്; ‘എസ്കേപ് നൗ’ എന്ന പെൺയാത്രാ സംഘത്തെ വർഷങ്ങളായി നയിക്കുന്നയാൾ. ഒരു യാത്രയിൽനിന്ന് അടുത്ത യാത്രയിലക്ക്... എന്താണു യാത്രയുടെ ത്രില്ലെന്നു ചോദിച്ചാൽ ഇന്ദു പറയും: ‘‘പുതിയ മനുഷ്യരെ പരിചയപ്പെടുക, അവർക്കൊപ്പം കുറച്ചു ദിവസം ചെലവഴിക്കുക. അതിലേറെ ത്രിൽ വേറേ എന്താണ്?’’ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കാണ് സാധാരണ യാത്രക്കാർ സഞ്ചരിക്കുന്നതെങ്കിൽ ഇന്ദു സഞ്ചരിക്കുന്നത് ഒരു യാത്രയിൽനിന്നു മറ്റൊരു യാത്രയിലേക്കാണ്. പരമാവധി 20 പേരുള്ള പെൺസംഘങ്ങളുമായാണ് ഇന്ദുവിന്റെ യാത്രകൾ. അതുതന്നെയാണ് ആ യാത്രകളെ മനോഹരമാക്കുന്നത്. 

kutch-travel16
ഇന്ദു കൃഷ്ണ

കുറച്ചു പേരാകുമ്പോൾ പരസ്പരം അടുത്തറിയാൻ എളുപ്പമാണ്. അതുകൊണ്ടാണല്ലോ, തികച്ചും അപരിചിതരായി എത്തുന്നവർ മനോഹരമായ സൗഹൃദത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്കിറങ്ങുന്നത്. സംഘത്തെ നയിക്കുന്ന നേതാവായല്ല ഇന്ദു എത്തുന്നത്. സ്ത്രീകൾക്കായി നിരവധി യാത്രാസംഘങ്ങളുള്ള നാട്ടിൽ വിശ്വസിച്ച് കൂടെവരുന്നവരുടെ കൂട്ടുകാരിയായി അവരിൽ ഒരാളായി മാറുന്നതാണ് ഇന്ദുവിനെയും എസ്കേപ്പ് നൗവിനെയും വ്യത്യസ്തമാക്കുന്നത്. ആസ്വാദന സ്വാതന്ത്ര്യം ആൺകേന്ദ്രീകൃതമല്ലെന്ന് ഉറക്കെ വിളിച്ചു പറയുന്നതാണ് ഇന്ദുവിന്റെ പെൺയാത്രകൾ.

English Summary: Ladies Travel to Kutch Salt Desert

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA