കോണ്ടസ ചതിക്കില്ലാശാനേ!’, തോക്കിൻ മുനയിൽ നിന്ന നിമിഷം; മറക്കാനാവില്ല ആ യാത്ര

contessa-car-trip
SHARE

പഴയ കോണ്ടസ കാറുമായി മലപ്പുറത്തുകാരായ നാലു ചെറുപ്പക്കാർ ഒരു യാത്ര പുറപ്പെട്ടു. അടുത്തേക്കെങ്ങുമല്ല, ഇന്ത്യ മുഴുവനും കറങ്ങി അങ്ങ് നേപ്പാളിലേക്ക്. ആ പ്രയാണത്തിൽ രാജസ്ഥാനും ഗുജറാത്തും പിന്നിട്ട് രാജ്യത്തിന്റെ തലതൊട്ടു. കശ്മീരും കടന്ന് വാഗ അതിർത്തിയും കണ്ട് ആ വാഹനം ചെന്നുനിന്നത് നേപ്പാളിലായിരുന്നു. ആ നാൽവർ സംഘത്തിന്റെ കോണ്ടസാ യാത്രാവിശേഷങ്ങളിലേക്ക്. 

സാഹസിക യാത്രയുടെ തുടക്കം 

23 ദിവസങ്ങൾ, 10000 കിലോമീറ്റർ, 15 സംസ്ഥാനങ്ങൾക്കു പുറമേ നേപ്പാളും. ഡിസംബർ എട്ടാം തീയതി മലപ്പുറം മൊറയൂരിൽനിന്ന് ആരംഭിച്ച ഈ സാഹസിക യാത്ര നേപ്പാളും കണ്ടിറങ്ങി ഡിസംബർ 26 ന് അവസാനിച്ചു. ഏറ്റവും പുതിയ മോഡൽ വാഹനങ്ങൾ കൊണ്ടുപോലും ദീർഘയാത്രകൾ പോകാൻ മടിക്കുന്നവരായിരിക്കും പലരും. ആ സ്ഥാനത്താണ് 98 മോഡൽ കോണ്ടസ വിന്റേജ് കാറുമായി നാലുപേർ ഇന്ത്യ കാണാനിറങ്ങിയത്. 

contessa-car88

മലപ്പുറംകാരനായ ജാബിറിന്റെ സ്വന്തം പടക്കുതിരയാണ് ഈ കോണ്ടസ കാർ. പഴയ കാറുകളോടുള്ള കമ്പമാണ് തന്നെ ഈ വാഹനത്തിൽ എത്തിച്ചതെന്ന് ജാബിർ പറയുന്നു. നേപ്പാൾ സന്ദർശിക്കണമെന്നത് കുറേനാളായുള്ള ആഗ്രഹമായിരുന്നു. അത് ഈ കോണ്ടസ കാറിൽത്തന്നെ ആവണം എന്നും ഒരു ചെറിയ വാശി മനസ്സിലുണ്ടായിരുന്നെന്ന് ജാബിർ. ഇങ്ങനെ ഒരു ആഗ്രഹം അറിയിച്ചപ്പോൾ പലരും എതിർത്തു ആദ്യം. പുതിയ വാഹനങ്ങൾ കൊണ്ടുപോലും ഇത്രയും ദൂരം സഞ്ചരിക്കാൻ പലർക്കും മനസ്സു വരില്ല, ധൈര്യവുമില്ല. അപ്പോഴാണ് 23 വർഷം പഴക്കമുള്ള കാറുമായി യാത്ര പോകാനൊരുങ്ങുന്നത്. പക്ഷേ തന്റെ ആഗ്രഹത്തിന്റെ കാറ്റഴിച്ചുവിടാൻ ജാബിറിനു മനസ്സ് വന്നില്ല.

contessa-car2

ഒരേ മനസ്സുള്ളവർ എങ്ങനെയാണെങ്കിലും തിരിച്ചറിയും എന്നു പറയുന്നത് വെറുതെയല്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ മൂന്നു പേർ കൂടി ജാബിറിനൊപ്പം ഈ അവിസ്മരണീയ യാത്രയിൽ പങ്കാളികളാകാൻ മുന്നോട്ടു വന്നതോടെ സീൻ തന്നെ മാറി. പിന്നെ എല്ലാം തകൃതിയായി നടന്നു. വാഹനത്തിനു വേണ്ട അത്യാവശ്യം മിനുക്കുപണികളൊക്കെ നടത്തി. ലഗേജ് സൂക്ഷിക്കാനായി ഒരു കാരിയറും കാറിന് മുകളിൽ ഘടിപ്പിച്ചു. നിയാസ്, യൂനുസ്,അമീൻ എന്നിവരാണ് നാൽവർ സംഘത്തിലെ മറ്റുള്ളവർ. ട്രിപ്പ് പ്ലാനിങ് സെറ്റായതോടെ കൂട്ടത്തിൽ ഒരാളുടെ നിക്കാഹ് വരെ മാറ്റി വച്ചായിരുന്നു യാത്ര. ഇന്ത്യ മുഴുവനും കണ്ടിട്ടു മതി കല്യാണം എന്ന് തീരുമാനിച്ചത് തെറ്റാണോ എന്നാണ് ഇവർ ചോദിക്കുന്നത്. 

contessa-car6

നാട്ടിൽ പലയിടത്തേക്കും ബെംഗളൂരുവിലേക്കും നടത്തിയ ചെറിയ യാത്രകളുടെ ബലത്തിലാണ് ഇത്ര വലിയ ഒരു സഞ്ചാരത്തിന് ഇവർ പുറപ്പെട്ടത്. 20 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തിനെതിരെ സേവ് വിന്റേജ് കാർ എന്ന ബാനർ പതിച്ചായിരുന്നു ഇവരുടെ യാത്ര. കോണ്ടസ കാർ ഉടമകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ സി സി ഐ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവർ നാലുപേരും. 

സാഹസിക യാത്രയ്ക്ക് പ്രായം ഒരു പ്രശ്നമല്ല. അതിപ്പോൾ കാറായാലും അങ്ങനെ തന്നെയാണെന്ന് തെളിയിച്ചു ഇവരുടെ കോണ്ടസ. പതിനായിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചിട്ടും ഒരിക്കൽ പോലും കാർ പണി തന്നില്ലെന്ന് ജാബിർ. 15 സംസ്ഥാനങ്ങളിലൂടെയാണ് നാലുപേരെയും കൊണ്ട് കോണ്ടസ കടന്നു പോയത്. പല സംസ്ഥാനങ്ങളിലൂടെയുള്ള തങ്ങളുടെ സഞ്ചാരം അവിസ്മരണീയമായിരുന്നു എന്ന് നാലുപേരും പറയുന്നു. ഓൾ ഇന്ത്യ കോണ്ടസ ഗ്രൂപ്പായ കോണ്ടി ക്ലബ് ഇന്ത്യയാണ് ഇവർക്ക് മിക്കയിടങ്ങളിലും വേണ്ട സഹായങ്ങളും താമസവും മറ്റും ഒരുക്കിയത്. ഇവരുടെ യാത്രാവിവരങ്ങൾ ഗ്രൂപ്പിൽ എന്നും നൽകും. യാത്രയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും മറ്റ് അംഗങ്ങളുമായുള്ള ആശയവിനിമയവും കോഓർഡിനേഷനുമെല്ലാം ഗ്രൂപ്പ് അഡ്മിനായ വിജുവേട്ടനാണ് ചെയ്തതെന്നും അദ്ദേഹത്തോടുള്ള നന്ദി എത്ര പറഞ്ഞാലും അവസാനിക്കില്ലെന്നും ജാബിർ പറയുന്നു. 

contessa-car5

മൊറയൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ബെംഗളൂരു വഴി പുണെ, മുംബൈ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളും കടന്ന് കശ്മീരിൽ ചെന്ന് അവിടെനിന്നു പഞ്ചാബിൽ എത്തിയ ശേഷം നേപ്പാളിലേക്കു പോകുകയായിരുന്നു. കൂടുതലും ദേശീയ പാതകളിലൂടെയുള്ള യാത്രയായിരുന്നുവെങ്കിലും ചിലയിടങ്ങളിൽ  വഴിയറിയാതെ പോയെന്നും അവർ പറഞ്ഞു. തങ്ങൾ പോകുന്ന റൂട്ട് മാപ്പ് കാറിൽ വരച്ചു വച്ചിട്ടുണ്ടായിരുന്നു. വാഹനം പഴയതാണെങ്കിലും അതിന്റെ പെർഫോമൻസ് കിടിലനാണെന്ന് തങ്ങളുടെ യാത്ര കൊണ്ടുതന്നെ തെളിഞ്ഞു കഴിഞ്ഞുവെന്നും ജാബിർ.

ഹിന്ദി അറിയാതെ ഇന്ത്യ കറങ്ങി

മുറി ഹിന്ദിയും ബാക്കി ഇംഗ്ലിഷുമായി ഇന്ത്യ കറങ്ങാൻ ഇറങ്ങിയവരാണ് തങ്ങളെന്ന് നാലുപേരും പറഞ്ഞു. ‘‘ഞങ്ങൾ നാലു പേർക്കും കാര്യമായി ഹിന്ദി അറിയില്ല. കിലുക്കം സിനിമയിൽ ജഗതി ചേട്ടന്റെ അനുഭവം പലയിടത്തും ഉണ്ടായെങ്കിലും അതൊക്കെ തരണം ചെയ്തു. കേരളവും തമിഴ്നാടും കഴിഞ്ഞാൽ പിന്നെ മലയാളം കൊണ്ട് ഒരു പ്രയോജനവും ഇല്ലല്ലോ. ഹിന്ദി തന്നെയാണ് ശരണം. ആ ഹിന്ദി അറിഞ്ഞില്ലെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ദേശീയ പാതയിലൂടെയുള്ള പോക്കായിരുന്നുവെങ്കിലും പലസ്ഥലങ്ങളിലും ചെല്ലുമ്പോൾ പ്രാദേശിക ഭാഷകളിലാണല്ലോ ആളുകൾ സംസാരിക്കുക. വഴിയും മറ്റും ചോദിച്ചറിയാൻ ഏറെ ബുദ്ധിമുട്ടി. പക്ഷേ അദ്ഭുതം എന്ന് തന്നെ പറയാം , ഞങ്ങൾ പറയുന്നത് അവർക്കും അവർ പറയുന്നത് ഞങ്ങൾക്കും മനസ്സിലാക്കാൻ പറ്റി. എല്ലാ ഇന്ത്യക്കാരും നമ്മുടെ സഹോദരീസഹോദരന്മാർ ആയതുകൊണ്ടാകാം ചിലപ്പോൾ  ഇങ്ങനെ സംഭവിച്ചത്’’ എന്ന് ആശ്വസിക്കുകയാണ് നാലുപേരും.

contessa-car7

നേപ്പാൾ ആയിരുന്നു ലക്ഷ്യമെങ്കിലും അവിടെ എത്തുന്നതു വരെയുള്ള യാത്ര ഗംഭീരമായിരുന്നുവെന്ന് ജാബിർ. ‘‘ഇന്ത്യയുടെ പല വഴികളിലൂടെ കടന്നു പോകാനും പല നാടുകളും സംസ്കാരങ്ങളും ജീവിതങ്ങളും അടുത്തറിയാനും സാധിച്ചു. ട്രെയിനിലും വിമാനത്തിലുമൊക്കെ യാത്ര ചെയ്താൽ ചിലപ്പോൾ നമുക്ക് ഇതൊന്നും അനുഭവിക്കാനാവില്ല. ചില കാര്യങ്ങൾ അനുഭവിച്ചറിയണമെങ്കിൽ നമ്മൾ സ്വയം ഇറങ്ങിച്ചെല്ലുക തന്നെ വേണം. സ്വന്തം വണ്ടിയിലെ യാത്ര എന്ന് പറയുന്നത് ഇത്തരം ചില അനുഭവസമ്പത്ത് കൂടിയാണ്.’’

കോണ്ടസ കാറായതു കൊണ്ട് എല്ലായിടത്തും ശ്രദ്ധിക്കപ്പെട്ടുവെന്ന് ജാബിർ. ‘‘സാധാരണ കാർ പോലെയല്ലല്ലോ, കുറച്ച് മോഡിഫൈ ചെയ്ത പഴയ കാർ ആയതുകൊണ്ട് കടന്നുപോകുന്ന വഴിയിലൊക്കെ ആളുകൾ ആശ്ചര്യത്തോടുകൂടി നോക്കുന്നതും വണ്ടി നിർത്തുമ്പോൾ അടുത്തുവന്ന് വിവരങ്ങൾ ആരായുന്നതും പുതിയ അനുഭവമായിരുന്നു. വണ്ടി ഓടുന്നതിനിടയിൽ അടുത്ത വാഹനത്തിലുള്ളവർ പോലും ചോദിച്ചിട്ടുണ്ട് നമ്മുടെ വണ്ടിയുടെ വിശേഷങ്ങൾ. അതൊക്കെ മറക്കാനാവാത്ത എക്സ്പീരിയൻസ് ആയിരുന്നു.’’

കശ്മീരിന്റെ മണ്ണിൽ, തോക്കിൻ മുനയിൽ

യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം കാശ്മീരിൽ വച്ചാണ് ഉണ്ടായതെന്ന് നാൽവർസംഘം. ‘‘-15 ഡിഗ്രി സെൽഷ്യസ് തണുപ്പുള്ള സമയത്താണ് ഞങ്ങൾ കശ്മീരിൽ എത്തുന്നത്. ജീവിതത്തിൽ ആദ്യമായി കൊടുംതണുപ്പ് അനുഭവിക്കുന്നതിന്റെ ത്രില്ലിലായിരുന്നു. ഞങ്ങൾ അവിടെയെത്തുന്ന സമയത്ത് ശ്രീനഗറിൽ തീവ്രവാദികൾ ബസ്സ് ആക്രമിച്ചതിനുശേഷമുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. അതൊന്നും ഞങ്ങൾക്ക് അറിവില്ലായിരുന്നു. ഈ കാഴ്ചകളൊക്കെ കണ്ടു കാർ പലയിടത്തും നിർത്തി ഫോട്ടോയൊക്കെ എടുത്താണ് ഞങ്ങളുടെ യാത്ര. അങ്ങനെ ഒരു സ്ഥലത്ത് നിർത്തി ചിത്രം പകർത്താം എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ഒരു ജിപ്സിയിൽ 3 പട്ടാളക്കാർ വന്നിറങ്ങി. തോക്കു ചൂണ്ടിയാണ് നമ്മുടെ മുന്നിലേക്ക് അവർ വരുന്നതുപോലും. വന്ന ഉടനെ അവർ ഹിന്ദിയിൽ ഉച്ചത്തിൽ സംസാരിക്കാനും ദേഷ്യപ്പെടാനുമൊക്കെ തുടങ്ങി. കടുത്ത നിയന്ത്രണങ്ങളുള്ള സ്ഥലത്താണ് ഞങ്ങൾ വണ്ടി നിർത്തിയിരിക്കുന്നത്. പോരാത്തതിന് അധികം എവിടെയും കാണാത്ത ഒരു കാറും. 

contessa-car9

‘‘ഞങ്ങൾ അറിയാവുന്ന ഇംഗ്ലിഷിൽ കാര്യം പറഞ്ഞു. അവർ വേഗം കാറെടുത്ത് അവിടെനിന്നു പോകാൻ ആവശ്യപ്പെട്ടു. ചാടി വണ്ടിയിൽ കയറി ഡോർ അടക്കാൻ നോക്കിയപ്പോൾ പിന്നെയും പണി. പലപ്രാവശ്യം ശ്രമിച്ചിട്ടും ഡോർ അടയുന്നില്ല. തിരിച്ചുപോകാൻ നിന്ന പട്ടാളക്കാർ വീണ്ടും തോക്കുമായി രംഗത്ത്. അടുത്ത സെക്കൻഡിൽ അവർ വെടിവെക്കുമോ എന്ന് പേടിച്ച് ഞങ്ങൾ ഡോർ അടയ്ക്കാതെ തന്നെ വണ്ടിയെടുത്തു മുൻപോട്ടു നീങ്ങി. പക്ഷേ പണി വീണ്ടും ഇന്ധനത്തിന്റെ രൂപത്തിൽ കിട്ടി. ഒരു പത്ത് മീറ്റർ മുന്നോട്ട് ഓടിയില്ല, കാർ വീണ്ടും നിന്നു. ഇന്ധനം തീർന്നു.

contessa-car77

‘‘കണ്ണടച്ചു തുറക്കും മുമ്പ് ദാ വരുന്നു വീണ്ടും ഒരു ജീപ്പിൽ പട്ടാളക്കാർ. തോക്കു ചൂണ്ടിയാണ് അവരുടെ വരവും. ദീർഘദൂര യാത്രയായതിനാൽ വാഹനത്തിൽ എപ്പോഴും ഇന്ധനം കരുതുന്നുണ്ടായിരുന്നു. അത് ഒഴിക്കാൻ പുറത്തിറങ്ങിയ ഞങ്ങളോട് തോക്കുചൂണ്ടി വേഗം അവിടെ നിന്ന് വിട്ടോളാൻ അവർ പറഞ്ഞു. കാറിന്റെ മട്ടും ഭാവവുമൊക്കെ കണ്ടിട്ടാവണം അതിനെക്കുറിച്ചും നമ്മൾ എവിടെനിന്നു വരുന്നു എന്നുമെല്ലാം അവർ ചോദിച്ചറിഞ്ഞു. കേരളത്തിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ തൊട്ടടുത്ത മിലിറ്ററി ക്യാമ്പിൽ ഒരു മലയാളി ഉണ്ടെന്ന് പറഞ്ഞ പട്ടാളക്കാർ പത്തു കിലോമീറ്റർ അകലെയുള്ള പമ്പിൽനിന്ന് ഇന്ധനം നിറച്ചിട്ട് പോയാൽ മതി എന്നുകൂടി പറഞ്ഞപ്പോഴാണ് മഞ്ഞിൽ ഉറച്ചുപോയ ഞങ്ങളുടെ ശ്വാസം ഉരുകി തിരികെ വന്നത്.’’

സുവർണ നിമിഷങ്ങൾ, അവിസ്മരണീയ യാത്ര

പതിനായിരത്തിലധികം കിലോമീറ്റർ ദൂരമുള്ള യാത്രക്കിടയിൽ വഴി തെറ്റിയത് ഗുജറാത്തിൽ മാത്രം. രാജസ്ഥാനിൽ മരുഭൂമിക്ക് നടുക്ക് താമസിക്കാൻ കിട്ടിയ അവസരം ഈ സഞ്ചാരത്തിന്റെ സുവർണനിമിഷങ്ങളിൽ ഒന്നാണെന്ന് അവർ പറഞ്ഞു. ‘‘ഞങ്ങൾ താമസിച്ച സ്ഥലത്ത് നിന്നും 100 കിലോമീറ്റർ മാത്രം അകലെയാണ് പാക്കിസ്ഥാൻ അതിർത്തി. മരുഭൂമിയുടെ നടുക്ക് അങ്ങനെ താമസിക്കുക എന്ന് പറയുമ്പോൾത്തന്നെ ആശ്ചര്യമാണ്. അതുപോലെ പഞ്ചാബിലെ സുവർണ ക്ഷേത്രവും സന്ദർശിച്ചു. പക്ഷേ ഏറ്റവും അവിസ്മരണീയമായ നിമിഷം വാഗാ ബോർഡർ സന്ദർശനമായിരുന്നു’’. 

contessa-car3

ഏതൊരു ഇന്ത്യക്കാരനും ഒരിക്കലെങ്കിലും അവിടുത്തെ പതാക താഴ്ത്തൽ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഇവർ പറയുന്നു. ഇന്ത്യയിലെ അമൃത്‌സറിന്റെയും പാക്കിസ്ഥാനിലെ ലഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗ അതിർത്തിയിൽ എല്ലാ ദിവസവും പാതാക താഴ്ത്തൽ ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിർത്തിയിൽ ഇന്ത്യയുടെ അതിർത്തിരക്ഷാ സേനയുടേയും പാക്കിസ്ഥാന്റെ പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റേയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകൾ നടക്കാറുണ്ട്. പട്ടാളക്കാരുടെ അത്യുച്ചത്തിലുളള ജയ് വിളികൾ കേൾക്കുമ്പോൾ നമ്മളറിയാതെ തന്നെ എഴുന്നേറ്റ് നിൽക്കുകയും ഉള്ളിൽ നിന്ന് ഒരു ജയ് വിളി നാക്കിൻ തുമ്പിലെത്തുകയും ചെയ്യുമെന്ന് ജാബിർ പറഞ്ഞു. 

contessa-car1

ഈ യാത്ര നൽകിയ ഊർജം പുതിയ യാത്രകളിലേക്കുള്ള വെളിച്ചമാണെന്ന് ജാബിർ പറയുമ്പോൾ അടുത്ത ഒരു കിടിലൻ ട്രിപ്പിനുള്ള കോപ്പുകൂട്ടൽ അണിയറയിൽ നടക്കുന്നുണ്ടെന്ന് നമുക്ക് പ്രതീക്ഷിക്കാം.

English Summary: Kerala youth Drive HM Contessa Car to Himalayas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA