കാഞ്ചി കൈലാസ നാഥർ ക്ഷേത്രത്തിൽ വിനീത് ശ്രീനിവാസൻ; ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ലെന്ന് വിശ്വാസം

Kanchi-Kailasanathar-Temple
SHARE

തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചിപുരത്ത് നിലകൊള്ളുന്ന കാഞ്ചി കൈലാസ നാഥർ ക്ഷേത്രം. കാഴ്ചയിലും വിശ്വാസത്തിലും ഏറെ പ്രത്യേകതകൾ നിറ‍ഞ്ഞ ക്ഷേത്രമാണിത്. കല്ലിലെ കൊത്തുപ്പണികളാണ് ഇവിടുത്തെ ആകർഷണം. വിനീത് ശ്രീനിവാസനും കുടുംബവും കൈലാസ നാഥർ ക്ഷേത്രത്തിലെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

കുട്ടികളുമായാണ് ഇവിടെ എത്തിയിരിക്കുന്നത്. സംഗീതവും എഴുത്തും സംവിധാനവും അഭിനയവും നിർമാണവും തുടങ്ങി വിനീത് കൈവയ്ക്കാത്ത മേഖലകളില്ല. വിനീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയം റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. വീണുകിട്ടിയ അവസരത്തിൽ കുടുംബവുമൊത്ത് യാത്രയിലാണ് താരം.

കൗതുകമായി നിർമാണം

ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം. ‌ഇൗ പുണ്യഭൂമിയിലേക്ക് വിശ്വാസികളടക്കം നാനാഭാഗത്തു നിന്നു നിരവധിപേരാണ് എത്തിച്ചേരുന്നത്. ശിവനായി സമര്‍പ്പിച്ചിരിക്കുന്ന പുരാതനമായ ക്ഷേത്രമാണ് കാഞ്ചി കൈലാസ നാഥര്‍ ക്ഷേത്രം. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്  സ്ഥിതിചെയ്യുന്നു വേദാവതി നദിയുടെ തീരത്തായാണ് ഈ ക്ഷേത്രം. പല്ലവ നിര്‍മാണ രീതിയുടെ ആദ്യകാല മാതൃകയാണ് ഇവി‌ടെ കാണുവാൻ സാധിക്കുന്നത്. ചരിത്രപ്രേമികൾക്കും പ്രിയപ്പെട്ടയിടമാണിത്.

ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ല

വിശ്വാസപരമായി ഏറെ പ്രത്യേകതകളുള്ള ക്ഷേത്രം കൂടിയാണിവിടം. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ല എന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിന് വലംവയ്ക്കുന്നതിലും പ്രത്യേകതകളുണ്ട്. ഇവിടുത്തെ ശിവലിംഗത്തിന്റെ വലത് ഭാഗത്തുള്ള ഉയരം കുറഞ്ഞ ചെറിയ വഴിയിലൂടെയാണ് ശിവലിംഗത്തിന് വലംവയ്ക്കേണ്ടത്.

പുറത്തേക്കുള്ള വഴിയും ഇതുപോലെ ചെറുതാണ്. അകത്തേക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തുകയില്ലെന്ന് ഭക്തർ വിശ്വസിക്കുന്നു.

ചരിത്രത്തിലേക്ക്

പല്ലവരാജാവായിരുന്ന നരസിംഹന്റെ ഉത്തരവു പ്രകാരം നിർമിച്ച കൈലാസനാഥ ക്ഷേത്രത്തിൽ കാഞ്ചീപുരത്തിന്റെ പുരാതന കഥയും രൂപവും തെളിഞ്ഞു നിൽക്കുന്നുണ്ട്. കൈലാസ നാഥനായ പരമശിവന്റെ ഭക്തനായിരുന്ന നരസിംഹന്റെ കാലത്ത് ആരംഭിച്ച ക്ഷേത്ര നിർമാണം പൂർത്തിയാക്കിയത് മഹേന്ദ്രവർമനാണ്. രണ്ടു നൂറ്റാണ്ടുകളുടെ പരിശ്രമ ഫലമായി നിർമിച്ചുയർത്തിയ ക്ഷേത്രത്തിൽ ശിൽപ്പങ്ങളാണ് ആകർഷണം. 

ചുറ്റുമതിലിന്റെ ചുമരുകളിലും ശ്രീകോവിലിലും പാർശ്വങ്ങളിലും ശിൽപ്പങ്ങളാണ്. പിരമിഡിന്റെ ആകൃതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ക്ഷേത്രം ദ്രാവിഡ വാസ്തു ശൈലിയിലാണ് നിർമിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ കൊത്തിവച്ചിട്ടുള്ള ശിൽപ്പങ്ങൾ തമ്മിൽ വാതിലിനോളം വിടവുണ്ട്. കൽപ്പടവുകളിൽ നിന്നു ക്ഷേത്രമുറ്റത്തേക്കു നീളുന്ന നടപ്പാതയും നന്ദിവിഗ്രഹവും മികച്ചു നിൽക്കുന്നതാണ്.

English Summary: Vineeth Sreenivasan and Family Visit Kanchi Kailasanathar Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA