കാഴ്ചകൾ കാണാനായി തീവണ്ടി നിർത്തും; കൊതിപ്പിക്കും ഇൗ ട്രെയിന്‍ യാത്ര!

kalakund-heritage-train
Image from Twitter
SHARE

വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പ് നിറഞ്ഞ പർവതനിരകളുടെയും മനോഹരമായ കാഴ്ച കണ്ടുകൊണ്ട് മധ്യപ്രദേശിലൂടെ ഒരു യാത്ര; അതാണ്‌ പാടൽപാനി- കലാകുണ്ഡ് പൈതൃക തീവണ്ടി സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. ഇന്‍ഡോറിലെ ഡോ. അംബേദ്‌കര്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച്, മനോഹരമായ ഭൂപ്രദേശങ്ങള്‍ താണ്ടി, കലാകുണ്ഡ് സ്റ്റേഷനില്‍ എത്തിച്ചേരുന്ന ട്രെയിന്‍ യാത്ര ഒരുക്കുന്നത് ഇന്ത്യന്‍ റെയില്‍വേയാണ്. ഇതിനായി, ഏകദേശം 150 വർഷം മുമ്പ് ബ്രിട്ടീഷുകാർ നിർമിച്ച മീറ്റർ ഗേജ് ലൈൻ ബ്രോഡ് ഗേജ് ലൈനാക്കി മാറ്റി.

1874-1878 കാലഘട്ടത്തിൽ ഡോ. അംബേദ്കർ നഗർ- ഖാണ്ട്വ മീറ്റർ ഗേജ് സെക്ഷനിൽ നിർമfച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ് പാടൽപാനി. 2008-ൽ, ഈ മീറ്റർഗേജ് ഭാഗം ബ്രോഡ് ഗേജ് വിഭാഗമാക്കി മാറ്റാനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി, തുടർന്ന് ഈ ഭാഗം പൈതൃക റെയിൽവേ വിഭാഗമാക്കി മാറ്റി സംരക്ഷിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. 2012-ൽ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ മുൻ എംഡി അശ്വിനി ലോഹാനി വിഭാവനം ചെയ്തതനസരിച്ചാണ് പൈതൃക ട്രെയിന്‍ യാത്രയ്ക്ക് തുടക്കം കുറിച്ചത്.

2018ലെ ക്രിസ്മസ് ദിനത്തിലായിരുന്നു ട്രെയിന്‍ ആദ്യമായി സര്‍വീസ് നടത്താന്‍ ആരംഭിച്ചത്. ഏകദേശം  15 കിലോമീറ്ററാണ് ട്രെയിന്‍ ഓടുന്നത്. 52965, 52966 എന്നീ രണ്ടു ട്രെയിനുകളാണ് ഈ റൂട്ടില്‍ ഓടുന്നത്. രണ്ടു ചെയര്‍ കാറുകളും മൂന്നു 2S കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് 52965 നമ്പര്‍ ട്രെയിനില്‍ ഉള്ളത്. അംബേദ്‌കര്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച്, കലാകുണ്ഡ് സ്റ്റേഷനില്‍ എത്തുന്ന ട്രെയിന്‍ ആണിത്. രണ്ടര മണിക്കൂറാണ് യാത്ര. വഴിനീളെയുള്ള കാഴ്ചകള്‍ കണ്ടുകണ്ട്, മണിക്കൂറില്‍ വെറും 6 കിലോമീറ്റര്‍ സ്പീഡിലാണ് തീവണ്ടി സഞ്ചരിക്കുന്നത്.  

img11
Image from Shutterstok

കലാകുണ്ഡ് സ്റ്റേഷനില്‍ നിന്നും തിരിച്ചു പോകുന്ന ട്രെയിനാണ് 52966. ഇതില്‍ രണ്ടു ചെയര്‍ കാറുകളും രണ്ടു 2S കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമടക്കം അഞ്ചു കോച്ചുകളാണ് ആകെ ഉള്ളത്. ഒരു മണിക്കൂറിനുള്ളില്‍ അംബേദ്‌കര്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തും.

വെസ്റ്റേൺ സോണൽ റെയിൽവേയുടെ ആദ്യ പൈതൃക വിഭാഗമായ രത്‌ലം ഡിവിഷനിലെ മനോഹരസ്ഥലങ്ങളായ പാടൽപാനി, കലാകുണ്ഡ് എന്നിവയാണ് ഈ യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍. രത്‌ലം ഡിവിഷനിലെ രണ്ട് ഡസനോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതിനായി വികസനം പൂര്‍ത്തിയാക്കി. 4 തുരങ്കങ്ങളിലൂടെയും 24 കൊടും വളവുകളിലൂടെയും 41 പാലങ്ങളിലൂടെയും ട്രെയിന്‍ കടന്നുപോകുന്നു. 

img10
Image from Shutterstok

വിന്ധ്യാചൽ പർവതനിരകളുടെ മനോഹാരിത ഈ യാത്രയിലുടനീളം ആസ്വദിക്കാം.  പാടൽപാനി വെള്ളച്ചാട്ടവും താന്ത്യ ഭീൽ ക്ഷേത്രവും കാണാം. കാഴ്ചകള്‍ കാണാനായി ട്രെയിൻ ആറ് സ്ഥലങ്ങളിൽ നിർത്തും. സെൽഫി പോയിന്‍റ്, വിന്റേജ് ബ്രിഡ്ജ്, കലാകുണ്ഡ് റസ്റ്റ് ഹൗസ് തുടങ്ങിയവയും സന്ദര്‍ശിക്കാം. യാത്രക്കാര്‍ക്ക് കലാകുണ്ഡ് കൊളോണിയൽ കോട്ടേജിൽ ഉച്ചഭക്ഷണം കഴിക്കാം. ചായ/കാപ്പി, ഉച്ചഭക്ഷണം തുടങ്ങിയവ ഈ യാത്രയില്‍ സൗജന്യമായി ലഭിക്കും. യാത്രാ ഇൻഷുറന്‍സ് അടക്കമാണ് പാക്കേജ്. 

English Summary: Dr. Ambedkar Nagar - Kalakund Heritage Train

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS