ലേ–മണാലി പാതയിലെ പ്രേതം

leh-ladakh-trip
SHARE

‘ഗാട്ടാ ലൂപ്‌സിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ?’ അവിചാരിതമായിട്ടാണ് ജിഗ്‌മിത്തിന്റെ ആ ചോദ്യം വന്നത്.. അതിശൈത്യത്തിന്റെ ഇരുട്ടിൽ കാറ്റുപിടിച്ചുലച്ച പായ്‌വഞ്ചിപോലെ കടലിൽ ചുറ്റിത്തിരിയുന്ന ജലസഞ്ചാരിയുടെ ഭീതിയും കൗതുകവുമായിരുന്നു അപ്പോൾ മുന്നിൽ. ഇരുട്ടിനെ കാറ്റ് ചുറ്റിപ്പിഴിയുമ്പോൾ ഡൈനിങ് ഹാളായി പരിണമിച്ച വലിയ ടെന്റിന്റെ വാതിൽപ്പഴുതിലൂടെ തണുപ്പിന്റെ നുഴഞ്ഞുകേറ്റം. ആവിപൊന്തുന്ന വെജിറ്റബിൾ സൂപ്പിലേക്ക് ചെറിയ പെപ്പർക്യാനിൽ നിന്നും പൊടി തട്ടിയിടാൻ ശ്രമിക്കുകയായിരുന്നു ഞാനപ്പോൾ.

ladkah

ഗാട്ടാ ലൂപ്സ്:പുസ്തകങ്ങളിൽ കാണാത്ത പേര്

‘Do you know about Gata loops...?’ ജിഗ്‌മിത് സെഫൽ ചോദ്യമാവർത്തിച്ചു. ഗാട്ടാ ലൂപ്‌സോ.. എന്താണത്? സത്യത്തിൽ ഞാനപ്പോൾ കണ്ണുമിഴിച്ചു. ലഡാക്ക് യാത്ര എന്ന സ്വപ്നം ഉള്ളിലേക്ക് തീ പോലെ പടർന്നുകയറിയിട്ട് ഇതിപ്പോൾ വർഷം പലതായി. ഇതിനകം എത്രയെത്ര പുസ്തകങ്ങൾ..! എത്രയെത്ര വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞിരുന്നു. അതിലൊന്നും ഇങ്ങനെയൊരു പേര് കേട്ടിരുന്നില്ല. പ്രവചനാതീതം എന്നൊക്കെ പറയാവുന്ന ഹിമാലയൻ കാലാവസ്ഥ തന്നെയായിരുന്നു അതിൽ എപ്പോഴും വില്ലൻ. വെയിൽ ചുട്ടെടുക്കുന്ന മലമുടികളിൽ നിന്നും ഉരുകിയൊലിക്കുന്ന മഞ്ഞുപാളികൾ തകർത്തുകളയുന്ന സഞ്ചാരപഥങ്ങൾ, മഞ്ഞുകാറ്റിന്റെ മലയിറക്കങ്ങൾ, അടർന്നുവീഴുന്ന മണൽകൂനകൾ, കണ്ണുമൂടുന്ന പൊടിക്കാറ്റ്, അപകടങ്ങൾ ഒളിപ്പിച്ചുവച്ച ചുരങ്ങളുടെ ചതിക്കുഴികൾ അങ്ങനെ എന്തൊക്കെ... എല്ലാം കാലാവസ്ഥയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. യാത്രയ്ക്കായി ഏറ്റവും സുരക്ഷിതമായ സമയം തിരഞ്ഞെടുക്കുക എന്നത് ലഡാക്കിലേക്ക് യാത്രചെയ്യുന്ന ഓരോ സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം അല്പം വെല്ലുവിളി തന്നെയാണ്...

യാത്ര ചെയ്യാൻ കഴിയുന്ന ആറുമാസക്കാലത്തുതന്നെ എപ്പോൾ വേണമെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മഞ്ഞുപാളികളെ കീറിമുറിച്ച് തുറന്നെടുക്കുന്ന പാതയിലേക്ക് ഉരുകിയൊലിച്ചെത്തുന്ന ജലം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളാണ് മെയ്-ജൂൺ മാസങ്ങളിൽ ഉണ്ടാകുന്നതെങ്കിൽ, ജൂലായ്-ആഗസ്റ്റ് മാസങ്ങളിലെ മൺസൂണിൽ ഉണ്ടാകാവുന്ന മണ്ണിടിച്ചിലാണ് മറ്റൊന്ന്. അപ്രതീക്ഷിതമായ കാലവസ്ഥാ വ്യതിയാനങ്ങൾകൊണ്ട് ഹിമഗിരികൾ നമ്മെ അമ്പരപ്പിച്ചുകളയും. പലപ്പോഴും പാതകളിൽ കുടുങ്ങിക്കിടക്കേണ്ടി വന്നേക്കാം. ഇരുട്ടുംമുമ്പ് സുരക്ഷിതമായ ഇടങ്ങളിലേക്ക് ഓടിയെത്തുക എന്നത് തന്നെയാണ് ഒരു യാത്രികൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്... അതിനായി മുന്നൊരുക്കങ്ങൾ നടത്തുന്നതും നന്നായിരിക്കും.. 

ladkah1

"ആ വഴിയിൽ ഒരു പ്രേതമുണ്ട്..."

കാലിയായ സൂപ്പിന്റെ കോപ്പ കമിഴ്ത്തി ജിഗ്‌മിത്ത് ടെന്റിൽ നിന്നും പുറത്തേക്കിറങ്ങിനടന്നു. പിന്നാലെ ഞാനും. ഇരുട്ടിൽ കിതയ്ക്കുന്ന ശ്വാസവേഗങ്ങളിലേക്ക് പ്രാണവായുവിനെ വലിച്ചെടുത്ത് അൽപനേരം നിശ്ചലനായി നിന്നു. തികച്ചും അപരിചിതമായ മലനിരകൾക്കിടയിലെ ആ വലിയ താഴ്‌വരയിൽ നിറഞ്ഞുനിൽക്കുന്ന കൂടാരങ്ങളിൽ ചിലതിൽ വെളിച്ചം കെട്ടുപോയിരുന്നില്ല. അനന്തമായ കടൽരാത്രികളിൽ ഉലഞ്ഞുപോകുന്ന പായ്‌വഞ്ചിപോലെയത് കാറ്റിനൊപ്പം എങ്ങോട്ടോ സഞ്ചരിക്കുന്നതുപോലെ...!!!

ചുറ്റിലും പടർന്നുകയറിയ ഇരുട്ട് ആകാശത്തേക്ക് വളർന്ന വടവൃക്ഷംപോലെ ശാഖകൾ നീട്ടി നിശബ്ദനായി. അതിനുമുകളിൽ ചിതറിനിൽക്കുന്ന നക്ഷത്രങ്ങൾ ശിഖരങ്ങളിലേക്ക് ഇറങ്ങിവരുന്നതുപോലെ.... ഇരുട്ട് പൂത്തുലയുന്നു...!!! ‘ജിഗ്‌മിത്ത്. നിങ്ങൾ ഗാട്ടാ ലൂപ്‌സിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ..?’ ഞാൻ ഇടയിലുള്ള മൗനത്തെ ഉടച്ചുകളഞ്ഞു.. കത്തിച്ചുപിടിച്ചിരുന്ന പുകയിലക്കഷ്ണം വലിച്ചെറിഞ്ഞ് ജിഗ്‌മിത്ത് അടുത്തേക്ക് വന്നു. അയാൾ പറഞ്ഞു തുടങ്ങി...... "ഗാട്ടാ ലൂപ്സ്" 21 ഹെയർപിൻ ബെന്റുകളുള്ള കഠിനമായൊരു പാതയാണത്. ചന്ദ്രാനദിയുടെ കരയിൽ മനോഹരമായ കാഴ്ചകൾ നൽകുന്ന പാത. ഇതിനകം തെക്കേഇന്ത്യയിലെ മനോഹരമായ ഹെയർപിൻ പാതകളിലൂടെ യാത്ര ചെയ്തിട്ടുള്ളതിനാൽ എനിക്കതിൽ വലിയ കൗതുകം തോന്നിയിരുന്നില്ല. എങ്കിലും വിവരണങ്ങൾ കേട്ടിരുന്നു. പക്ഷേ, ജിഗ്‌മിത്ത് പിന്നീട് പറഞ്ഞകാര്യങ്ങൾ എന്നെ അക്ഷരാർത്ഥത്തിൽ നടുക്കിക്കളഞ്ഞു... "ആ വഴിയിൽ ഒരു പ്രേതമുണ്ട്..." ‘ജിഗ്‌മിത്ത് നിങ്ങൾ എന്താണ് പറയുന്നത്...?’ ‘സാബ്.. നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം... വിശ്വസിക്കാതെയുമിരിക്കാം...’ വിജനമായ ഹിമാലയൻ പാതകളിൽ അമാനുഷികതയുടെ ഇത്തരം കഥകൾ നിറഞ്ഞിരിക്കുന്നുണ്ട്...!!

ജിഗ്‌മിത്ത് കഥപറഞ്ഞുതുടങ്ങി.. "വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഒക്ടോബറിന്റെ അവസാനആഴ്ചയിൽ ഒരു ദിവസം മണാലിയിൽ നിന്നും ലേയിലേക്കുള്ള ഒരു ട്രക്ക് റോത്തങ്ങിലെത്തി. നിരത്തിലപ്പോൾ മഞ്ഞുപെയ്തുതുടങ്ങിയിരുന്നു. ഇരുവശങ്ങളിലേക്കും മറ്റുവാഹനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ലേ-മണാലി പാതയിലേക്കുള്ള മറ്റുവഴികൾ എന്നോ അടയ്ക്കപ്പെട്ടിരുന്നു. അനുനിമിഷം മഞ്ഞുവീണുനിറയുന്ന പാതയിലൂടെ പോകരുതെന്ന് മറ്റുള്ളവർ നിർബന്ധിച്ചിട്ടും ഡ്രൈവർ വഴങ്ങിയില്ല. അയാൾക്ക് അടിയന്തിരമായി ലേയിൽ എത്തേണ്ടതുണ്ടായിരുന്നു. ഒടുവിൽ അയാളുടെ നിർബന്ധത്തിനു വഴങ്ങി അവസാനത്തെ ആ വണ്ടിയേയും കടത്തിവിട്ട് ചുരമടച്ചു. വണ്ടിക്കുള്ളിൽ ഡ്രൈവറും ക്ളീനറും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വഴികൾ പിന്നിട്ട്‌ അവരുടെ വണ്ടി ലേയിലേക്ക് കുതിച്ചുപാഞ്ഞു.വളഞ്ഞുപുളഞ്ഞൊഴുകുന്ന സഞ്ചാരപഥങ്ങൾ അവരുടെ ആത്മധൈര്യത്തിനു മുന്നിൽ തലകുനിച്ചു. മഞ്ഞിനെ കീറിമുറിച്ച് ബാരലച്ചയും ജിസ്പയും സർച്ചുവുമൊക്കെ പിന്നിട്ട്‌ ഗാട്ടാ ലൂപ്‌സിലേക്ക് കടന്നു. മുനമ്പുകൾ ഓരോന്നും പിന്നിട്ടുപോകവേ... പെട്ടെന്ന് വണ്ടി നിശ്ചലമായി..

മഞ്ഞുപാളികൾക്കിടയിൽ ഉറച്ചുപോയതുപോലെ... എത്രയൊക്കെ ശ്രമിച്ചിട്ടും വണ്ടി മുന്നോട്ടെടുക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. നിരന്തരമായ യാത്ര അയാളുടെ സഹായിയെ വല്ലാതെ അവശനാക്കിയിരുന്നു. സഹായത്തിനായി ഏറെനേരം കാത്തിരുന്നു... ഒരു വണ്ടിപോലും അതുവഴി കടന്നുവന്നില്ല... കനത്ത മഞ്ഞുവീഴ്ചക്കിടയിൽ ആ മലഞ്ചെരുവിൽ അവരുടെ നിലവിളി കൊരുത്തുകിടന്നു. ഒടുവിൽ സഹായം തേടിയിറങ്ങാൻ ഡ്രൈവർ തീരുമാനിച്ചു. രോഗാതുരനായ സഹായിയെ വണ്ടിയിലിരുത്തി ആ മനുഷ്യൻ മഞ്ഞിലൂടെ നടന്നുതുടങ്ങി... ദിവസങ്ങൾ നീണ്ട നടത്തമായിരുന്നു അത്. ഒടുവിൽ മൈലുകൾക്കകലെ ഒരു ഗ്രാമത്തിന്റെ വെളിച്ചം അയാൾക്കായി കണ്ണുകൾ തുറന്നു. അതിന്റെ ചൂടിലേക്കയാൾ നടന്നുകയറി. സമയം തീരെ പാഴാക്കാനുണ്ടായിരുന്നില്ല. അവശനായ ക്ളീനറുടെ അടുത്തേക്കയാൾക്ക് മടങ്ങി പോകേണ്ടിയിരുന്നു. ഗ്രാമീണരെ കൂട്ടി വണ്ടി ലക്ഷ്യമാക്കി തിരിച്ചുനടന്നു. ഇതിനകം ദിവസങ്ങൾ എത്രയോ കടന്നുപോയിരുന്നു.. ഒടുവിൽ മഞ്ഞുപാളികളിൽ പുതഞ്ഞപോയ ആ വണ്ടിയെ അവർ കണ്ടെത്തി... ക്ളീനറെ പുറത്തേക്കെടുത്തു.... അതിനകം അയാൾ.........!!! ആ മുനമ്പിൽത്തന്നെ അയാളുടെ ശവശരീരത്തെ അവർ അടക്കം ചെയ്തു. മഞ്ഞുപെയ്തുനിറഞ്ഞ ആ മലഞ്ചെരുവിൽ ആരുമില്ലാതെ, തൊണ്ടനനയ്ക്കാതെ, മഞ്ഞിലുറഞ്ഞ് മരിച്ചുപോയ ആ മനുഷ്യനെ ഓർത്ത് അവർ സങ്കടപ്പെട്ടു.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA