ADVERTISEMENT

പത്തു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന്‍റെ സന്തോഷം പങ്കിടാന്‍ രാജസ്ഥാനില്‍ എത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടായ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിലാണ് എത്തിയത്. ഇവിടെ നിന്നുള്ള മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‍റെ ഷോര്‍ട്ട് വിഡിയോയും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്. 

ഈയിടെ ലോകമൊന്നാകെ ഉറ്റുനോക്കിയ ടൂറിസ്റ്റ് റിസോര്‍ട്ടാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9- ന്, ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശാലും വിവാഹിതരായത് ഇവിടെ വച്ചായിരുന്നു. വിവാഹത്തിനെത്തിയ വമ്പന്‍ താരനിരയും ആഡംബരം വഴിഞ്ഞൊഴുകുന്ന ആഘോഷപരിപാടികളുമെല്ലാമായി ഈ റിസോര്‍ട്ടിനും വന്‍ മാധ്യമശ്രദ്ധ നേടാനായി.

സിക്സ് സെൻസസ് ഫോർട്ട് ബർവാര റിസോര്‍ട്ട്

രാജസ്ഥാനിലെ സവായ് മധോപൂരിലാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര റിസോര്‍ട്ട്. ഇവിടം ഭരിച്ചിരുന്ന രാജകുടുംബത്തിന് വേണ്ടി പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച  പുരാതനമായ ഒരു കോട്ടയാണ് പിന്നീട് റിസോര്‍ട്ടാക്കി മാറ്റിയത്. 700 വർഷം മുന്‍പത്തെ വാസ്തുവിദ്യയുടെ പ്രൌഢിയും ഗാംഭീര്യവും ഇപ്പോഴും ഒട്ടും ചോര്‍ന്നുപോകാതെ നിലനിര്‍ത്തിയിട്ടുണ്ട്. 

753 ചതുരശ്ര അടി മുതൽ 3,014 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള 48 സ്യൂട്ടുകളാണ് റിസോര്‍ട്ടിലുള്ളത്. പഴമയും പാരമ്പര്യവും നിലനിര്‍ത്തികൊണ്ടുതന്നെ, രാജസ്ഥാനി ശൈലിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മുറികളില്‍ അത്യാധുനിക സൗകര്യങ്ങളുമുണ്ട്. 

പൂളും സിക്സ് സെൻസ് സ്പായും സ്പാ ഗാലറിയും ഫിറ്റ്നസ് സെന്ററും ബോട്ടിക്കും പോലെയുള്ള അധികസൗകര്യങ്ങളും ഇവിടുത്തെ താമസത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, രൺതംഭോർ നാഷണൽ പാർക്ക്, അടുത്തുള്ള മനോഹര ഗ്രാമങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് സഫാരിയും ഒരുക്കിയിട്ടുണ്ട്.

രാജസ്ഥാനിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ജയ്പൂരില്‍ നിന്നും മൂന്നുമണിക്കൂര്‍ ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലാണ് റിസോര്‍ട്ട്. കൂടാതെ, രൺതംഭോർ നാഷണൽ പാർക്കിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം. അര മണിക്കൂര്‍ അകലെയുള്ള സവായ് മധോപൂര്‍ ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

ഉത്തരേന്ത്യയില്‍ ശൈത്യകാലം തുടങ്ങുന്ന ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയവും മെയ് മുതൽ സെപ്തംബർ വരെയുള്ള വേനല്‍ക്കാലവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

English Summary: Dulquer Salman Celebrates Vacation with Amaal in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com