ആന്‍ഡമാനിലേക്ക് ആളുകള്‍ പോകുന്നതിന്‍റെ കാരണങ്ങള്‍ ഇവയാണ്!

img-006
Image From Shutterstock
SHARE

കിടിലന്‍ ബീച്ചുകളും അതിമനോഹരമായ പവിഴപ്പുറ്റുകളും കടലിനടിയിലെ കൗതുകകരമായ ആവാസവ്യവസ്ഥയുടെ വിസ്മയക്കാഴ്ച്ചകളുമെല്ലാമൊരുക്കി എക്കാലത്തും സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഏകദേശം 572 ദ്വീപുകളുള്ള ഈ ദ്വീപസമൂഹത്തിലെ 36 എണ്ണം മാത്രമാണ് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്നത്. ദക്ഷിണേന്ത്യൻ, തെക്കുകിഴക്കൻ ഏഷ്യൻ കുടിയേറ്റക്കാരും ചിലയിടങ്ങളില്‍ നെഗ്രിറ്റോ വംശീയ വിഭാഗങ്ങളുമാണ് ഇവിടുത്തെ താമസക്കാര്‍. 

ലോകപ്രസിദ്ധമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹം. ലോകസഞ്ചാരികളായ ടോളമിയും മാർക്കോ പോളോയും ഈ ദ്വീപുകളെ ക്രൂരമായ മനുഷ്യവേട്ടക്കാരുടെ ആവാസകേന്ദ്രമായി രേഖപ്പെടുത്തി. ജീൻ-ജാക്ക് കൂസ്‌റ്റോ, 'ഇൻവിസിബിൾ ഐലൻഡ്‌സ്' എന്ന പേരിൽ ദ്വീപുകളെക്കുറിച്ച് ഒരു സിനിമയെടുത്തു. ആൻഡമാൻ നിക്കോബാറിന്‍റെ മനംമയക്കുന്ന മനോഹാരിതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും, ആര്‍ക്കുമറിയാത്ത ഒട്ടനവധി നിഗൂഢതകള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. ആൻഡമാൻ നിക്കോബാറിനെക്കുറിച്ച്, അവിശ്വസനീയവും രസകരമായ ഏതാനും വസ്തുതകൾ ഇതാ.

'ആൻഡമാൻ', 'നിക്കോബാർ' എന്നീ പേരുകൾ വന്നതിങ്ങനെ

മലയ് ഭാഷയില്‍ നിന്നാണ് 'ആൻഡമാൻ' എന്ന പേര് വന്നത് എന്നു പറയപ്പെടുന്നു. അവര്‍ക്കിടയില്‍ 'ഹണ്ടുമാൻ എന്നറിയപ്പെട്ടിരുന്ന ഹനുമാനിൽ നിന്നാണ് ആൻഡമാൻ എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് അനുമാനം. എഡി 1050-ലെ തഞ്ചാവൂർ ലിഖിതത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിക്കോബാർ എന്ന പേര് ദക്ഷിണേന്ത്യൻ പദമായ 'നക്കവാരം' (നഗ്നരുടെ നാട്) എന്നതില്‍ നിന്നും വന്നതാണ് എന്നും പറയപ്പെടുന്നു.

img-007
Image From Shutterstock

ദ്വീപുകളിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ആൻഡമാനീസ്, നിക്കോബാറീസ് എന്നിവയല്ല*

ബംഗാളിയാണ് ദ്വീപുകളിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളും സംസാരിച്ചുവരുന്നു. ആൻഡമാൻ ക്രിയോൾ ഹിന്ദി ഒരു വ്യാപാര ഭാഷയായി ഇവിടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ കടലാമകൾ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൂന്ന് ഇനം കടലാമകൾ ഉണ്ട്. ഹോക്സ്ബിൽ, ടര്‍ട്ടില്‍ , ലോകത്തിലെ ഏറ്റവും വലിയ കടലാമയായ ലെതർബാക്ക് (ഡെർമോചെലീസ് കോറിയേഷ്യ) എന്നീ ഇനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഇൻഡോ-പസഫിക്കില്‍ 1,000- ലധികം ലെതർബാക്ക് കടലാമകള്‍ കൂടുകൂട്ടുന്ന ചുരുക്കം ചില കോളനികളിൽ ഒന്നാണ് നിക്കോബാറിലുള്ളത് എന്നതിനാല്‍ ഈ പ്രദേശത്തിന് ആഗോള പ്രാധാന്യമുണ്ട്.

വാണിജ്യ മത്സ്യബന്ധനം പാടില്ല

നാലു പതിറ്റാണ്ടിലേറെയായി ആൻഡമാൻ ദ്വീപുകൾക്ക് ചുറ്റുമുള്ള കടല്‍ഭാഗങ്ങളില്‍ വാണിജ്യ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ ഭാഗത്തുള്ള വെള്ളത്തിൽ മത്സ്യങ്ങൾ പ്രായാധിക്യത്താൽ ചത്തുപൊങ്ങുന്നതായി വിശ്വസിക്കപ്പെടുന്നു. ദ്വീപിന് ചുറ്റുമുള്ള ജലത്തിൽ ഡോൾഫിനുകൾ, തിമിംഗലങ്ങൾ, ഡുഗോങ്ങുകൾ, കടലാമകൾ, സെയിൽഫിഷ്, സീ അനിമോണുകൾ, മറ്റ് സമുദ്രജീവികൾ എന്നിവ ധാരാളമുണ്ട്.

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം

ഇന്ത്യയിലെ എന്നുമാത്രമല്ല, ദക്ഷിണേഷ്യയിലെ തന്നെ ഏക സജീവ അഗ്നിപർവതമാണ് ബാരൻ ദ്വീപ്. പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്  3 കിലോമീറ്റർ വീതിയുണ്ട്. സമുദ്രനിരപ്പിൽ നിന്നും 354 മീറ്റർ ഉയരമുള്ള ഈ ദ്വീപ്, സമുദ്രത്തിന്‍റെ  അടിത്തട്ടിലെ, 2250 മീറ്റർ ഉയരമുള്ള ഒരു സമുദ്രാന്തര അഗ്നിപർവതത്തിന്‍റെ മുകൾഭാഗമാണ്. 

img-008
Image From Shutterstock

ഈ അഗ്നിപർവ്വതത്തിന് 18 ലക്ഷം (1.8 മില്യൺ) വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്, ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ഈ ദ്വീപിലേക്ക് എത്തിച്ചേരാൻ അനുവാദമുള്ളത്. പോർട്ട് ബ്ലെയറിൽ നിന്നും പ്രത്യേകം ചാർട്ടു ചെയ്ത ബോട്ടുകൾ വഴി ബാരെൻ ദ്വീപിൽ എത്തിച്ചേരാമെങ്കിലും ഇന്ത്യൻ വനം വകുപ്പിന്‍റെ പ്രത്യേക അനുമതി വേണം. 

തേങ്ങാക്കള്ളൻ ഞണ്ട്!

ലോകത്ത്, കരയിൽ ജീവിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ ആർത്രോപോഡായ കോക്കനട്ട് ക്രാബ് ആന്‍ഡമാനിലാണ് ഉള്ളത്. ബിർഗസ് ലാട്രോ, റോബർ ക്രാബ് എന്നെല്ലാം ഇതിനു പേരുണ്ട്. ഇവ സാധാരണയായി കരയിലാണ് താമസിക്കുന്നത്. രാത്രികളിൽ തെങ്ങുകളിൽ കയറി, ഇളനീരുകളില്‍ ദ്വാരമിട്ട് അതിനുള്ളിലെ മാംസളമായ ഭാഗം കഴിക്കുന്നതിനാല്‍ ഇവയെ തേങ്ങാക്കള്ളന്‍ ഞണ്ട് എന്നു വിളിക്കുന്നു. ദക്ഷിണേഷ്യയിൽ, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലാണ് ഈ കൂറ്റൻ ഞണ്ടുകളുടെ ഏറ്റവും കൂടുതൽ എണ്ണം കാണപ്പെടുന്നത്. സൗത്ത് സെന്റിനൽ ദ്വീപിലും നിക്കോബാറിലെ ചില ദ്വീപുകളിലും ഇവയെ കാണാം.

കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്ക് ചെയ്ത് കടലിലെത്താം

ഹാവ്‌ലോക്ക് ദ്വീപിലെ, ഇടതൂര്‍ന്ന കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിംഗ് സാഹസിക സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അതിമനോഹരമായ അനുഭവമാണ്. ചെമ്മീൻ, ആൽഗകൾ, മുത്തുച്ചിപ്പികൾ, സ്‌പോഞ്ച്‌കൾ, ചെളി ലോബ്‌സ്റ്ററുകൾ, കണ്ടൽ ഞണ്ടുകൾ എന്നിങ്ങനെ നിരവധി ജീവജാലങ്ങൾക്ക് ആതിഥ്യമരുളുന്ന ഇടങ്ങളാണ് ഈ കണ്ടല്‍വനങ്ങള്‍. ഇവയിലൂടെ യാത്ര ചെയ്ത് പോയാല്‍ എത്തുന്നത് കടലിലേക്കാണ്.

English Summary: Facts that make the Andamans a fascinating destination

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA