ADVERTISEMENT

രാജസ്ഥാനിലെ രത്തംബോർ നാഷണല്‍ പാര്‍ക്കില്‍ നിന്നും മകള്‍ നിതാരക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. കുടുംബത്തോടൊപ്പം രാജസ്ഥാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടന്‍ ഇപ്പോള്‍. 

മകള്‍ക്കൊപ്പം ചേര്‍ന്ന് പശുവിനു തീറ്റ കൊടുക്കുന്ന വിഡിയോ ആണ് അക്ഷയ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മകള്‍ പേടിച്ച് മാറുന്നതും അക്ഷയ് പശുക്കളെ തലോടുന്നതും കാണാം. 

"മണ്ണിന്‍റെ ഗന്ധം, പശുവിന് തീറ്റ കൊടുക്കൽ, മരങ്ങളുടെ തണുത്ത കാറ്റ്... ഇതെല്ലാം കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കുന്നതിൽ ഒരു പ്രത്യേക സന്തോഷമുണ്ട്. ഇനി നാളെ കാട്ടിൽ കടുവയെ കൂടി കണ്ടാൽ അത് ഇതിലും മികച്ചതാകും!" വിഡിയോക്കൊപ്പം അക്ഷയ് കുറിച്ചിട്ടുണ്ട്. ഇത്രയും മനോഹരമായ സ്ഥലങ്ങള്‍ ഭൂമിയില്‍ ഉള്ളതിന് എല്ലാ ദിവസവും ദൈവത്തോട് നന്ദി പറയണമെന്നും നടന്‍ പറയുന്നുണ്ട്. ആദ്യ വിഡിയോയിൽ കുറിച്ചിരിക്കുന്ന പോലെ രത്തംബോറിൽ ആ കാഴ്ച കാണാൻ സാധിച്ചുവെന്നും നടൻ പറയുന്നുണ്ട്. രത്തംബോറിൽ ഗാംഭീര്യമുള്ള കടുവയെ കാണാൻ കഴിഞ്ഞ സന്തോഷവും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ബോളിവുഡ് നടീനടന്മാരുടെ ഇഷ്ടപ്പെട്ട ഇടമായി മാറുകയാണ്, സാവോയ് മധോപൂർ ജില്ലയിലുള്ള  രത്തംബോർ ദേശീയോദ്യാനം. ആരവല്ലി പര്‍വതനിരകളോട് ചേര്‍ന്ന്, 392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന രത്തംബോർ ദേശീയോദ്യാനം വന്യജീവി ഫോട്ടോഗ്രാഫർമാരുടെയും പക്ഷിനിരീക്ഷകരുടെയും ടൂറിസ്റ്റുകളുടെയും പറുദീസയാണ്. ഇന്ത്യയില്‍ കടുവകളെ ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന ദേശീയോദ്യാനമാണ് രത്തംബോർ. വടക്ക് ബനാസ് നദിയും തെക്ക് ചമ്പൽ നദിയും അതിരിടുന്നു.

ഒരുകാലത്ത് രാജസ്ഥാനിലെ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്ന സ്ഥലത്ത്, 1980-ലാണ് രത്തംബോർ ദേശീയോദ്യാനം സ്ഥാപിക്കുന്നത്. 1955- ൽ സംരക്ഷിത മേഖലയാക്കിയ ഇവിടം 1973- ല്‍ പ്രൊജക്റ്റ്‌ ടൈഗർ പദ്ധതിയുടെ ഭാഗമാക്കി. പിന്നീട്  1980- ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു. സഞ്ചാരികള്‍ക്ക് ജീപ്പുകളിലും മറ്റു വാഹനങ്ങളിലുമായി കാടിനകത്തേക്ക് സഞ്ചരിക്കാം.

ഹന്മാൻ ലംഗൂര്‍, സംഭാർ, ചിങ്കാര, പെരുമ്പാമ്പ്, മൂർഖൻ, മുതല,  256 ഇനങ്ങളിൽപ്പെട്ട പക്ഷികള്‍, തുടങ്ങി നിരവധി അപൂര്‍വ ജീവജാലങ്ങളെ ഇവിടെ കാണാം. പാർക്കിനുള്ളില്‍ സ്ഥിതിചെയ്യുന്ന നിരവധി തടാകങ്ങളിൽ ഏറ്റവും വലുതാണ് പദം തലാവോ. തടാകത്തിന്‍റെ അരികിലായി ചുവന്ന മണൽക്കല്ലില്‍ നിര്‍മ്മിച്ച  ജോഗി മഹൽ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആൽമരം എന്നിവയുമുണ്ട്.

വനത്തിനകത്ത് രജപുത്രന്മാരുടെ കാലത്ത് നിർമിച്ച രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള രത്തംബോർ കോട്ടയാണ് മറ്റൊരു ആകർഷണം. ഇതിന്‍റെ പേരിലാണ് ദേശീയോദ്യാനം അറിയപ്പെടുന്നത്. കോട്ടയ്ക്കുള്ളിൽ ഗണേഷ് , ശിവൻ , രാംലാലാജി എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന മൂന്ന് ശിലാക്ഷേത്രങ്ങളുണ്ട്. സുമതിനാഥിന്‍റെയും സംഭവനാഥിന്‍റെയും ദിഗംബർ ജൈന ക്ഷേത്രവുമുണ്ട്. 12-ഉം 13-ഉം നൂറ്റാണ്ടുകളിലാണ് ക്ഷേത്രങ്ങൾ നിർമ്മിച്ചത്. ചരിത്രപ്രസിദ്ധമായ ഈ കോട്ട 2013ൽ ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തി.

English Summary: Akshay Kumar Shares Beautiful Pictures from Ranthambore National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com