ശൃംഗേരിയില്‍ നിന്ന് പോസിറ്റീവ് വൈബ്, ചിത്രം പങ്കുവച്ച് നടി അനുശ്രീ

anusree
SHARE

കർണ്ണാടകയിലെ ചിക്കമഗളൂർ ജില്ലയില്‍  ചരിത്രവുമായും ഇഴചേര്‍ന്നുകിടക്കുന്ന തീർത്ഥാടനകേന്ദ്രമാണ് ശൃംഗേരി. കർണാടകയിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന അഗുംബെ മഴക്കാടുകൾക്കടുത്തുള്ള ചെറിയ പട്ടണം.  അതിമനോഹരമായ ഭൂപ്രകൃതിയും ശൃംഗേരിയുടെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടുന്നു. ഇങ്ങനെ, എണ്ണിയാല്‍ ഒടുങ്ങാത്ത അനേകം കാരണങ്ങള്‍ കൊണ്ടുതന്നെ, സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ശൃംഗേരി. ഇപ്പോഴിതാ ശൃംഗേരിയില്‍ നിന്നുമുള്ള യാത്രാചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി അനുശ്രീ. 

ചുവന്ന കുര്‍ത്തിയണിഞ്ഞ്, ശൃംഗേരിയിലെ  പ്രശസ്തമായ ശ്രീ ശാരദാംബ ക്ഷേത്ര(ശൃംഗേരി ശാരദാംബെ)ത്തില്‍ നിന്നുള്ള ചിത്രമാണ് അനുശ്രീ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യര്‍ സ്ഥാപിച്ച ക്ഷേത്രമാണ് ഇത്. അദ്ദേഹം പാറയില്‍ കൊത്തിയെടുത്ത ഒരു ശ്രീചക്രത്തിന് മുകളിൽ ചന്ദനം കൊണ്ട് നിർമിച്ച ശാരദയുടെ വിഗ്രഹം ആയിരുന്നു ആദ്യപ്രതിഷ്ഠ. പിന്നീട് കാലക്രമേണ, ചന്ദന വിഗ്രഹത്തിന് പകരം നിലവിലെ സ്വർണ്ണ വിഗ്രഹം സ്ഥാപിച്ചു. കേരള ശൈലിയിൽ തടിയും ടൈൽ മേഞ്ഞ മേൽക്കൂരയും ഉള്ള ഒരു ക്ഷേത്രമായി ഇതു മാറി.

ഉഭയഭാരതിയായി ഭൂമിയിൽ വന്ന സരസ്വതി ദേവിയുടെ അവതാരമാണ് ഇവിടുത്തെ പ്രതിഷ്ഠയായ ശാരദാംബിക എന്നാണ് വിശ്വാസം. ദേവിയെ ആരാധിക്കുന്നതിലൂടെ, പാർവതി, ലക്ഷ്മി, സരസ്വതി എന്നിവരോടൊപ്പം ബ്രഹ്മാവിന്‍റെയും ശിവന്‍റെയും വിഷ്ണുവിന്‍റെയും അനുഗ്രഹം ലഭിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഇവിടെയുള്ള എഴുത്തിനിരുത്തല്‍ ചടങ്ങും വളരെ പവിത്രമായാണ് കരുതുന്നത്. 

പരമശിവൻ ശങ്കരാചാര്യര്‍ക്ക് നല്‍കിയതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ചന്ദ്രമൗലീശ്വര ലിംഗമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന്‍റെ ഭാഗമായ മഹാമണ്ഡപത്തിൽ ദുർഗ്ഗ, രാജ രാജേശ്വരി, ദ്വാരപാലകർ, ദേവി തുടങ്ങിയ ദേവതകൾ കൊത്തിയ വലിയ കൽത്തൂണുകൾ ഉണ്ട്, അവയെല്ലാം തമിഴ്‌നാട്ടിൽ അനുഷ്ഠിക്കുന്ന ശിൽപ ശാസ്ത്രങ്ങൾക്കനുസൃതമായി നിര്‍മ്മിച്ചിരിക്കുന്നു. 127 അടി ഉയരമുള്ള രാജഗോപുര കവാടത്തിന്‍റെ നിർമാണം 2014- ലാണ് പൂർത്തിയാക്കിയത്. 

ശ്രീ ശാരദാംബ ക്ഷേത്രം കൂടാതെ, ശ്രീ തോരണ ഗണപതി, ശ്രീ ആദിശങ്കരാചാര്യ, ശ്രീ ശക്തി ഗണപതി, ശ്രീ കോദണ്ഡരാമസ്വാമി, ശ്രീ മലയാള ബ്രഹ്മ, ശ്രീ സുരേശ്വരാചാര്യ, ശ്രീ വാഗീശ്വരി വിദ്യാരണ്യ, ശ്രീ ജനാർദ്ദനസ്വാമി, ശ്രീ ആഞ്ജനേയൻ, ശ്രീ ഗരുഡൻ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളും ഈ ക്ഷേത്ര സമുച്ചയത്തിലുണ്ട്.

നാല്‍പ്പതിലധികം ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ ശൃംഗേരിയിലുണ്ട്. ദ്രാവിഡ ശൈലിയില്‍ നിര്‍മിച്ച മലഹാനികരേശ്വര ക്ഷേത്രം, സ്തംഭ ഗണപതി (തൂണിലെ ഗണപതി) ക്ഷേത്ര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നായ ശ്രീ വിദ്യാശങ്കര ക്ഷേത്രം, നരസിംഹ വനത്തിലെ മുൻകാല ജഗദ്ഗുരുക്കളുടെ ബൃന്ദാവനം, കാലഭൈരവ ക്ഷേത്രം, ശൃംഗേരിയുടെ വടക്ക് ഭാഗത്തുള്ള കാളി ക്ഷേത്രം എന്നിവയും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

വിദ്യാശങ്കര ക്ഷേത്രത്തിന്റെ ചുറ്റിനും നടക്കണം. ബേലൂരിലെ ഹൊയ്സാല ക്ഷേത്രങ്ങളോടു വളരെയേറെ സാമ്യമുള്ള വാസ്തുവിദ്യയാണ് വിദ്യാശങ്കരക്ഷേത്രത്തിന്. ഉള്ളിൽ കയറുന്നതിനു മുൻപ്ചുറ്റും ഒന്നു നടന്നു വരണം. ശിൽപ്പങ്ങളുടെ ബാഹുല്യം കാരണം നിങ്ങൾക്കു ചുവരുകളിൽ നിന്നു കണ്ണെടുക്കാനേ തോന്നുകയില്ല. 

English Summary: anusree shares beautiful pictures from Sringeri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS